നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ കാരണം കുറച്ചുദിവസങ്ങളായി ചർച്ചാവിഷയമാണ് നടി തൃഷയും അവരുടെ സ്വകാര്യജീവിതവും. 42-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് തൃഷ. വിവാഹനിശ്ചയം വരെയെത്തിയ ബന്ധം, ഒടുവിൽ വേണ്ടെന്ന് വെക്കുകയായിരുന്നു ഒരിക്കൽ താരം.

അതിനിടെ വിവാഹത്തെക്കുറിച്ചുള്ള തൃഷയുടെ മുമ്പത്തെ അഭിപ്രായവും നെറ്റിസൺസ് കുത്തിപ്പൊക്കുകയാണ്. 2016-ലെ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. അന്ന് ഇന്ത്യാ ഗ്ലിറ്റ്‌സുമായുള്ള അഭിമുഖത്തിൽ വിവാഹജീവിതത്തിൽ ഏർപ്പെടാനുള്ള വിമുഖതയും തൃഷ പ്രകടിപ്പിച്ചു. വിവാഹമെന്നത് താൻ നിസ്സാരമായി കാണുന്ന ഒന്നല്ലെന്നും താരം അന്ന് പറഞ്ഞു.

''വിവാഹമോചനത്തിൽ എനിക്ക് വിശ്വാസമില്ല. അതുകൊണ്ടുതന്നെ എന്റെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ കഴിയുന്നയാളാണോ ഈ വ്യക്തി എന്ന് ഞാൻ നോക്കും. അങ്ങനെയാണെന്ന് എനിക്ക് തോന്നണം. വിവാഹിതയായശേഷം വിവാഹമോചനം നേടാൻ ഞാനാഗ്രഹിക്കുന്നില്ല. അതിൽ വിശ്വസിക്കുന്നുമില്ല. അതിനാൽ വിവാഹത്തിന് മുമ്പ് ഞാൻ 100 തവണയെങ്കിലും ചിന്തിക്കും. മറ്റൊരാളെ വേദനിപ്പിക്കാനോ അസന്തുഷ്ടമായ ജീവിതം നയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല,'' തൃഷ കൂട്ടിച്ചേർത്തു.

''സന്തോഷമില്ലാത്ത കുടുംബജീവിതത്തിൽ ഉൾപ്പെടാനും ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ, പ്രണയത്തിലാകാൻ ഞാൻ വല്ലാതെ കൊതിക്കുന്നുണ്ട്. വിവാഹം എന്നെ സംബന്ധിച്ചിടത്തോളം രണ്ടാംസ്ഥാനത്താണ്. പക്ഷേ എന്റെ പങ്കാളിയെ കാണാൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi