'ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്' സിനിമയുടെ ടീസർ റിലീസായപ്പോൾ മുതൽ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും തുടങ്ങി. സിനിമയിലെ ചൂടൻരംഗങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്. നായകനായ യഷിന്റെ കഥാപാത്രവും മറ്റൊരു താരവും തമ്മിലുള്ള സെക്‌സ് സീനാണ് എല്ലാ ചർച്ചകൾക്കും തുടക്കമിട്ടത്. സ്ത്രീകളെ വിൽപ്പനച്ചരക്കാക്കുന്നുവെന്ന വിമർശനങ്ങളാണ് ടീസറിനു പിന്നാലെയെത്തിയത്.

To advertise here,

യഷിനൊപ്പമുള്ള താരം ആരെന്ന ചോദ്യം ആളുകളെ കൊണ്ടെത്തിച്ചത് ബ്രസീലിയൻ മോഡലും നടിയുമായ ബിയാട്രീസ് ടൗഫെൻബാച്ചിലാണ്. സംവിധായിക ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവരെ ടാഗ് ചെയ്തതോടെ താരത്തിന്റെ പ്രശസ്തി കുതിച്ചുകയറി.

നിരവധി ദേശീയ-അന്തർദേശീയ പരസ്യങ്ങളിലൂടെയാണ് ബിയാട്രീസ് കരിയർ തുടങ്ങുന്നത്. 'ടോക്സിക്' സിനിമയിൽ വളരെ കുറച്ചുസമയമേ അവരുള്ളൂവെങ്കിലും, താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഒറ്റദിവസം കൊണ്ട് പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ബിയാട്രീസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നതാണ് പുതിയ വാർത്തകൾ. ഇന്റിമേറ്റ് രംഗത്തിനെതിരെ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിയാട്രീസ് തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്.

അതിനിടെ ടീസറിനെതിരെ ആം ആദ്മി പാർട്ടിയുടെ കർണാടകയിലെ വിമൻസ് വിങ് സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി. ഇന്റിമേറ്റ് രംഗങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച അവർ, ടീസർ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. തുടർന്ന് ആവശ്യമായ നടപടികളെടുക്കാൻ വനിതാ കമ്മീഷൻ, സെൻസർ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ടീസർ യൂട്യൂബിൽ റിലീസ് ചെയ്യാൻവേണ്ടി മാത്രമുള്ളതാണെന്നും അത് സെൻസർ ബോർഡിന്റെ പരിധിയിൽ വരില്ലെന്നുമാണ് വിവരം. തിയേറ്റർ പ്രദർശനത്തിനായി ഉദ്ദേശിച്ചുള്ള സിനിമകൾക്കും ടീസറുകൾക്കും മാത്രമേ സർട്ടിഫിക്കേഷൻ നിർബന്ധമുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മാർച്ചിലാണ് 'ടോക്‌സിക്' റിലീസാവുക. കിയാര അദ്വാനി, രുക്മിണി വസന്ത്, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ. സിനിമ നിർമിക്കുന്നത് യഷും വെങ്കട് കെ.നാരായണയും ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi