ബോളിവുഡിൽ ചെറിയ റോളുകളിൽ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട താരമാണ് ബോബി ഡാർലിങ്. 'മേനെ ദിൽ തുഛ്‌കോ ദിയാ', 'ജീനാ സിർഫ് മേരെ ലിയെ', 'ചൽത ചൽതെ', 'പേജ് 3' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ബോബി. ബോളിവുഡിലെ ട്രാൻസ്‌ജെൻഡർ നടിമാരിലൊരാൾ കൂടിയാണ് താരം.

ഈയടുത്ത് ബോബിയുടെ ഒരു വീഡിയോ വൈറലായിരുന്നു. വളരെ ബുദ്ധിമുട്ടിയായിരുന്നു ബോബി നടക്കുന്നത്. പാപ്പരാസികൾ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'പ്രശ്‌നമുണ്ടായിരുന്നു. എന്നാലിപ്പോൾ ഏകദേശം ശരിയായി. ബാക്കിയുള്ളതും ഓകെയാവും' എന്നാണ് താരം പറഞ്ഞത്.  എങ്കിലും ആരാധകർ അത് വിശ്വസിച്ച മട്ടില്ല. 2000-ത്തിലെ പോപ് കൾച്ചർ ഐക്കൺ എന്ന നിലയിൽ പ്രശസ്തയായ, ബോബിയുടെ ആരോഗ്യസ്ഥിതിയിൽ ആരാധകർ ഏറെ ആശങ്ക പ്രകടിപ്പിച്ചു.

പങ്കജ് ശർമ എന്ന പേരിൽ ഡൽഹിയിലാണ് അവർ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ തന്റെ ലിംഗ സ്വത്വത്തെക്കുറിച്ച് അവർ മനസ്സിലാക്കി. എന്നാൽ വീട്ടുകാർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതോടെ വീടുവിട്ടിറങ്ങി. തലചായ്ക്കാൻ ഒരുവീട് പോലുമില്ലായിരുന്നു കുറച്ചുകാലം. ഡാൻസ് ബാറുകളിൽ ജോലി കിട്ടിയപ്പോഴാണ് ജീവിക്കാനുള്ള വകയായത്. കുറച്ചുകാലം അവിടെ കഴിഞ്ഞു. പിന്നീട് ബോംബെയിലേക്ക് പോയി. ബോളിവുഡ് എന്ന സ്വപ്‌നത്തിലേക്കെത്തുന്നതും അപ്പോഴാണ്.

2001-ലാണ് സിനിമയിലേക്ക് വരുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'നവരസ' എന്ന തമിഴ് സിനിമയിലെ ബോബിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൊണാക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സഹതാരത്തിനുള്ള പുരസ്‌കാരവും ഇതിലൂടെ ബോബിക്ക് ലഭിച്ചു. ബോബി ഡാർലിങ് എന്ന പേരുവരാൻ കാരണം ഹൃത്വിക് റോഷനാണെന്ന് അവർ പറഞ്ഞിട്ടുണ്ട്.

''നാ തും ജാനോ നാ ഹം' എന്ന സിനിമയുടെ സെറ്റിലായിരുന്നു. ഹൃത്വിക് റോഷനും ഇഷാ ഡിയോളുമാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. പങ്കജ് ശർമ എന്ന പേര് ഞാനപ്പോഴേക്കും ഒഴിവാക്കിയിരുന്നു. എന്റെ സ്വത്വം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാൽ പങ്കജ് എന്ന പേര് വേണ്ടെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചു. അതുകൊണ്ട് ചെറുപ്പത്തിൽ എന്നെ വിളിച്ചിരുന്ന ബോബി എന്ന പേരിലാണ് ബോളിവുഡിൽ അറിയപ്പെട്ടത്. പക്ഷേ ഹൃത്വിക് എന്നെ 'ഡാർലിങ്' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ബോബി ഡാർലിങ് ആയി. എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ് ആ പേര്''.

ബോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡർ താരം എന്നാണ് ബോബി അവകാശപ്പെടുന്നത്. വളരെയധികം പരിഹാസങ്ങൾ നേരിട്ടാണ് അവർ സിനിമയിൽ പിടിച്ചുനിന്നത്. ''ഞാൻ ചെയ്ത കഥാപാത്രങ്ങൾ, വസ്ത്രധാരണരീതി, സംസാരരീതി എന്നിവയുടെ പേരിലെല്ലാം പുരുഷതാരങ്ങൾ എന്നെ പരിഹസിച്ചിരുന്നു അന്നൊക്കെ''.

ആദ്യമൊക്കെ നല്ല അവസരങ്ങൾ ലഭിച്ചുവെങ്കിലും പിന്നീടത് കുറഞ്ഞു. പതുക്കെ സിനിമാലോകം അവരെ മറന്നു. അതിനെക്കുറിച്ച് ബോബി പറയുന്നതിങ്ങനെ, ''ഞാനൊരു ഗേ ആണെന്നാണ് സിനിമയിൽ പലരും വിചാരിക്കുന്നത്. അത്തരത്തിലുള്ള റോളുകളാണ് എന്നെ തേടിയെത്തിയതും. ഒരു സ്ത്രീയാണെന്ന് പലരും അംഗീകരിച്ചിട്ടില്ല. അതാവാം അവസരങ്ങൾ കുറയാൻ കാരണം.''

സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് തുറന്നുസംസാരിച്ചിരുന്നു. അവസരങ്ങൾക്കായി പ്രശസ്തനിർമാതാവായ ഏക്ത കപൂറിനെ വരെ സമീപിച്ചുവെന്നും അവരന്ന് പറഞ്ഞു. താൻ നേരിട്ട സമ്മർദങ്ങളെയും അനിശ്ചിതാവസ്ഥയെയും കുറിച്ചും അവർ വെളിപ്പെടുത്തി.

2010-ൽ ബോബി ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ നടത്തി. 2015-ൽ ബാങ്കോക്കിൽവെച്ച് ലിംഗമാറ്റ ശസ്ത്രക്രിയയും. പിന്നാലെ ഔദ്യോഗികമായി പാഖി ശർമയായി. ആ മാറ്റങ്ങൾ ആധാർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകളിലും വരുത്തി.

അതിനിടയിൽ ചില വെളിപ്പെടുത്തലുകളുടെ പേരിൽ വിവാദങ്ങളിലും കുടുങ്ങി ബോബി. ഒരഭിമുഖത്തിൽ ഒരിന്ത്യൻ ക്രിക്കറ്റ് താരവുമായി വൺനൈറ്റ് സ്റ്റാന്റിലായിരുന്നുവെന്നും പിന്നാലെ മുനാഫ് പട്ടേലാണ് ആ താരമെന്നും അവർ വെളിപ്പെടുത്തി. ''ഒരിക്കൽ പാർട്ടിക്കായി മുനാഫും ഞാനും ഒരുമിച്ചാണ് പോയത്. അന്ന് പലരും ഞങ്ങളെ കാണുകയും ചെയ്തിരുന്നു. ഞങ്ങൾ ഡേറ്റിങ്ങിലാണെന്നാണ് അവർ കരുതിയത്. പക്ഷേ അത് വെറും വൺ നൈറ്റ് സ്റ്റാന്റ് ആയിരുന്നു''. അത് ഏറെ വിവാദമായെങ്കിലും പതുക്കെ എല്ലാം കെട്ടടങ്ങി.

2016-ൽ ഭോപ്പാലിൽനിന്നുള്ള രമണീക് ശർമ എന്ന വ്യവസായിയെ വിവാഹം കഴിച്ചു. തൊട്ടടുത്തവർഷം ബോബി വിവാഹമോചനക്കേസ് ഫയൽ ചെയ്തു. വിശ്വാസ വഞ്ചന, പ്രകൃതിവിരുദ്ധ ലൈംഗികത, ഗാർഹികപീഡനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബോബി കേസ് ഫയൽ ചെയ്തത്. പിന്നാലെ രമണീക് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീടവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ വീഡിയോ പുറത്തുവന്നതോടെ, പഴയ ബോബിയുടെ നിഴൽ മാത്രമാണിതെന്ന് ആളുകൾ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi