ആണ്‍കുട്ടിയായി പിറെന്നങ്കിലും പെണ്‍കുട്ടിയുെട മനസ്സും വികാരങ്ങളും ആയിരുന്നു വിനീതിന്. ശരീരവുമായിയോജിക്കുന്നതല്ല മനെസ്സന്ന തിരിച്ചറിവ്. സമൂഹത്തിന്റെ അവഗണനയും കുത്തുവാക്കുകളും കൊണ്ട് മുറിേവറ്റ മനസ്സുമായി അവന്‍ ജീവിതേത്താട് പോരാടി. കുടുംബത്തിന്റെയും അടുപ്പക്കാരുടെയും പതികരണം ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ഒരു ട്രാന്‍സ്-സത്രീയായി ജീവിതം പടുത്തുയര്‍ത്തി. സ്വന്തം കാലില്‍ നില്‍ക്കാനായി പല ജോലികള്‍ ചെയ്ത് ജീവിത നൗക തുഴഞ്ഞു. ആഴം കൂടി വന്നപ്പോഴും ആത്മവിശ്വാസേത്താെടെ തുഴഞ്ഞ് കരയടുത്തു.

വിനീത് എന്ന ആണ്‍കുട്ടിയില്‍ നിന്ന് സീമയിലേക്കെത്താൻ ഏറെ ദൂരം സഞ്ചരിച്ചു. കളിയാക്കലുകളെ കരുത്താക്കി വിധിമാറ്റിയെഴുതി. സമൂഹത്തിന് മുന്നില്‍ പകച്ചുനിന്ന ആ നിമിഷങ്ങളാണ് സീമയുടെ ജീവിതത്തെ നിര്‍ണയിച്ചത്. ആ പോരാട്ടത്തില്‍ സീമാ വിനീത് എന്ന ഉറപ്പുള്ള മേല്‍വിലാസം അവര്‍ സ്വന്തമാക്കി. അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സംരംഭകയുമായുള്ള വളര്‍ച്ചയില്‍ മറികന്ന കടമ്പകളെപ്പറ്റി, തണലേകിയ കരുതലുകളെപ്പറ്റി അവര്‍ സംസാരിക്കുകയാണ്...

സ്വത്വം തിരിച്ചറിഞ്ഞത് എപ്പോഴാണ്?

എന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. അച്ഛനും അമ്മയും തമ്മിലുളള വഴക്കും വീട്ടിലെ സാഹചര്യങ്ങളും എല്ലാം വേദനിപ്പിക്കുന്നതായിരുന്നു. ഒറ്റപ്പെട്ട ജീവിതമായിരുന്നു എന്റേത്. ആണ്‍കുട്ടികളെപ്പോലെ ജീവിക്കാനോ അവരോടൊപ്പം കളിക്കാനോ സാധിച്ചിരുന്നില്ല. വീട്ടിലൊതുങ്ങിയിരിക്കാനും വീട്ടുകാര്യങ്ങള്‍ ചെയ്യാനുമായിരുന്നു താല്‍പര്യം. കൗമാരക്കാലത്താണ് ഒരു പെണ്ണായിരിക്കാനാണു മനസ്സുകൊതിക്കുന്നതെന്നു മനസ്സിലാക്കുന്നത്. പെണ്‍ക്കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിച്ചിരുന്നു. പെണ്‍ക്കുട്ടികളായിരുന്നു കൂട്ട്. സംസാരരീതി, നടത്തമൊക്കെ പറഞ്ഞ് കുട്ടുകാരുടെയും ആധ്യാപകരുടെയും കളിയാക്കലുകള്‍ കാരണം സ്‌കുളില്‍ പോവുന്നതും ഇഷ്ടമല്ലാതായി. ആളുകളെ അഭിമുഖീകരിക്കാന്‍ പേടിയായിരുന്നു. വീട്ടില്‍ നിന്നും ചേര്‍ത്തുപിടിക്കലുകള്‍ ഉണ്ടായില്ല. ശാരീരികവും മാനസികവുമായ ചൂഷണങ്ങള്‍ ഏറെ അനുഭവിച്ചിരുന്നു.സമൂഹത്തില്‍ നിന്നുണ്ടായ മോശം കമന്റുകളും കളിയാക്കലുകളും എങ്ങനെ അതിജീവിക്കാം എന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

അഭിനയ രംഗത്തേക്കെത്തുന്നത് ഏങ്ങനെയായിരുന്നു?
സ്വന്തം കാലില്‍ നില്‍ക്കാനായി ചെറുപ്പത്തിലേ ചെറിയ ജോലികള്‍ ചെയ്തുതുടങ്ങി. പെട്രോൾ പമ്പിലും മില്ലിലുമൊക്കെ ജോലിചെയ്തു. രോഗീപരിചരണം ഏറ്റെടുത്തു. രോഗികെള പരിചരിക്കുന്ന ജോലിക്കിടെ ആശുപ്രതിയില്‍വച്ച് പരിചയപ്പെട്ട ഒരാള്‍ വഴി അഭിനയിക്കാന്‍ അവസരം കിട്ടി. അങ്ങനെ സ്വകാര്യ ചാനലുളിലെ ഹാസ്യപരിപാടികളിൽ പങ്കെടുത്തു. അതിലൂടെ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. അഭിനയം ഇഷ്ടമായിരുന്നു. കുറേ വേദികളും തേടിയെത്തി. പക്ഷേ, അതൊരു ശാശ്വതമായ തൊഴിലായി തോന്നിയിരുന്നില്ല.

മേക്കപ്പ് മേഖലയായിരുന്നോ താല്പ്ര്യം?

ഒരു സ്ഥിരവരുമാനം വേണമെന്ന ആഗ്രഹമാണ് ബ്യുട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പ്രേരിപ്പിച്ചത്. മേക്കപ്പിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. തിരിച്ചറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാവാന്‍ നാലു വര്‍ഷത്തോളമെടുത്തു. കൂടുതലും ബ്രൈഡല്‍ വര്‍ക്കുകളാണ് ചെയ്യുന്നത്. സ്ഥിരം വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് ആദ്യമായി ചെയ്തത് സ്വന്തമായി വീട് വാങ്ങുകയായിരുന്നു. ചെറുപ്പം മുതലെ ഉളള എന്റ ആഗ്രഹമാണത്. അപ്പോഴും ഒരു സ്ത്രീയായി മാറണമെന്ന അതിയായ ആഹ്രഹം മനസ്സിലുണ്ടായിരുന്നു. പിന്നീട് സ്വന്തമായി ബിസിനസ്സ് തുടങ്ങി.സംസ്ഥാന സര്‍ക്കാരിന്റെ 2022-ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരവും ലഭിച്ചു.

സര്‍ജറി ചെയ്യാമെന്നു തീരുമാനമെടുക്കുന്നത് എപ്പോഴാണ്?

പാകമാകാത്തൊരു കുപ്പായത്തിനുളളിലെന്നപോലെ വീര്‍പ്പുമുട്ടി ജീവിക്കുകയായിരുന്നു. സ്വന്തമായൊരു വീടും സ്വന്തം കാലില്‍ നില്‍ക്കാനുളള പ്രാപ്തിയാവുന്ന സമയത്തു മാത്രമേ സര്‍ജറി ചെയ്യൂ എന്നു നേരത്തെ തീരുമാനിച്ചിരുന്നു. മറ്റെവിടെയെങ്കിലും പോയി എന്റെ ഐഡന്റിറ്റിയില്‍ ജീവിക്കാന്‍ അല്ല എന്റെ നാട്ടില്‍ തന്നെ ഞാനായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം. സര്‍ജറി ചെയ്യുക എന്നത് ഒറ്റദിവസത്തെ തോന്നലുമല്ല. വര്‍ഷങ്ങളായി അതേക്കുറിച്ച് ചിന്തിച്ച്, പഠനം നടത്തിയാണ് ഞാന്‍ അങ്ങനൊരു തീരുമാനത്തിലേക്കെത്തിയത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീയാകുന്നതിനുള്ള ആദ്യ ശസ്ത്രക്രിയ ചെയ്യുന്നത്. അതിനും മാസങ്ങള്‍ക്കു മുന്‍പുതന്നെ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു. കൊച്ചി അമൃതയിലും റിനൈ മെഡിസിറ്റിയിലുമായിരുന്നു ശസ്ത്രക്രിയകള്‍. ഇപ്പോള്‍ ഞാന്‍ ജീവിതം ആസ്വദിക്കുന്നു.

വിവാഹത്തെപ്പറ്റി?

ഇക്കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു വിവാഹം. കോട്ടയം സ്വദേശി നിഷാന്താണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയ വഴിയുളള പരിചയമായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇരുവര്‍ക്കും പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നു മനസ്സിലായി. അങ്ങനെ വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മാത്രമെ വിവാഹം കഴിക്കൂ എന്നു നിര്‍ബന്ധമുണ്ടായിരുന്നു. കുറച്ചു കാത്തിരിക്കേണ്ടിവന്നു, എങ്കിലും ആഗ്രഹിച്ച പോലെ അവരുടെ സാന്നിധ്യത്തില്‍ തന്നെ വിവാഹം മംഗളമായി. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സന്തോഷത്തിലാണ്. തിരുവനന്തപുരം പുളിയറക്കോണത്താണ് എന്റെ വീട്. കോട്ടയത്തേക്കും പോകാറുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാണ്.

നെഗറ്റീവ് പറയുന്നവരോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

പോസിറ്റീവ് ആയിരിക്കാനാണ് എനിക്കിഷ്ടം. നെഗറ്റീവ് പറയുന്നവരെ ഞാന്‍ ജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്താറുണ്ട്. ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുകയും അടുത്തുവന്നു സംസാരിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

സ്വപ്‌നങ്ങള്‍
ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് തെരുവില്‍ കഴിയുന്നവര്‍ക്ക് ആഹാരം കൊടുക്കാനായി 10 പൊതിച്ചോറുകൊണ്ട് തുടങ്ങിയ 'സ്‌നേഹപ്പൊതി' എന്ന കൂട്ടായ്മ ഇന്നു 120 പൊതിയിലേക്ക് എത്തിക്കാന്‍ സാധിച്ചു. ആ പൊതി കയ്യില്‍ കിട്ടുമ്പോഴുളള മനുഷ്യരുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ട്. വിശന്നുവരുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്ന ഒരിടം ഉണ്ടാക്കണം എന്നുളളതാണ് ഏറ്റവും വലിയ സ്വപ്നം. ആഹാരത്തിനു വകയില്ലാത്തവര്‍ക്ക് 24 മണിക്കൂറും ഫ്രീയായി ഭക്ഷണം കിട്ടുന്നൊരിടം. ഭക്ഷണത്തിന്റെ വില എനിക്ക് നന്നായി അറിയാം. ഒരു നേരത്ത് ആഹാരത്തിന് വകയില്ലാത്ത എത്ര മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവര്‍ക്ക് എന്നാല്‍ കഴിയും വിധം ആഹാരം കൊടുക്കുന്നു.

ട്രാന്‍സ് സമൂഹത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമെന്താണ്?
എല്ലാ മനുഷ്യരും ഇന്‍ഡിപ്പെന്‍ഡായിരിക്കണം. പഠനവും തൊഴിലും കൈമുതലാവണം. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കാനുളള സാഹചര്യം ഇന്നുണ്ട്. പൊതുവെ ട്രാന്‍സ് സമൂഹത്തോടുളള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. സ്വയം മാറി നില്‍ക്കാതെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുക. നമ്മള്‍ മറ്റുളളവരോടു നന്നായി പെരുമാറുമ്പോള്‍ അവരും നമ്മളെ അംഗീകരിക്കും. നമ്മളാല്‍ കഴിയുന്ന സഹായം മറ്റുളളവര്‍ക്ക് ചെയ്തു കൊടുക്കുക, ആരെയും ഉപദ്രവിക്കാതിരിക്കുക എന്നതൊക്കെയാണ് എന്റെ പോളിസി.

ട്രാന്‍സ് വ്യക്തികളില്‍ ആത്മഹത്യ പ്രവണത കൂടുതലാണോ, അവരുടെ ജീവിതം സുരക്ഷിതമല്ലെന്നു തോന്നാറുണ്ടോ?

നമ്മളെ കേള്‍ക്കാനോ, ചേര്‍ത്ത് പിടിക്കാനോ ആരും ഇല്ലാതാകുന്ന അവസ്ഥ ദയനീയമാണ്. ജീവിതത്തില്‍ നമ്മളെ നമ്മളായി അംഗീകരിക്കുന്ന ഇടങ്ങളുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ഒറ്റപ്പെട്ടുപോകുമ്പോഴാണ് അത്തരം ചിന്തകള്‍ വേട്ടയാടുന്നത്. നമ്മള്‍ നമ്മളെത്തന്നെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. എപ്പോഴും സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. സന്തോഷമുണ്ടാക്കുന്ന ആളുകളോടൊപ്പം സമയം ചെലവഴിക്കുക. അത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ സമൂഹം ചേര്‍ത്തുപിടിക്കേണ്ടതുണ്ട്.

സ്വപ്നങ്ങളോരോന്നായി നേടിയെടുത്ത നിറവിലാണ് സീമ. അകറ്റി നിര്‍ത്തിയവരോടും, ആക്ഷേപിച്ചവരോടും വിജയങ്ങള്‍കൊണ്ട് മറുപടി പറയുന്നു. പോരാട്ടത്തിന്റെ വിജയ സീമയും കടന്ന് അവര്‍ യാത്ര തുടരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi