
''നിനക്കറിയാമോ, ഉറപ്പായും ആദ്യരാത്രിയില്‍ത്തന്നെ ഞാന്‍ എന്റെ ഭാര്യയെ ഡിവോഴ്സ് ചെയ്യും!'', ഇരുപതുവയസ്സുകാരന് ഒട്ടും ചേരാത്ത നിഗൂഢമായൊരു ചിരിയോടെ ബാബു എന്നോടുപറഞ്ഞു. ആലുവയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഡിഗ്രി വിദ്യാര്‍ഥികളായ ഞാനും ബാബുവും. എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സിന് മൂത്തതാണവന്‍. അതുകൊണ്ടുതന്നെ സഹപാഠിയാണെങ്കിലും അവനോട് സ്‌നേഹത്തോടൊപ്പം എനിക്കൊരു ബഹുമാനവും തോന്നിയിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ തത്പരന്‍. എസ്. ജാനകിയുടെ കടുത്ത ആരാധകന്‍. ഞാന്‍ സുശീലയ്ക്കുവേണ്ടി വാദിക്കുമ്പോള്‍ അവന്‍ ജാനകിയമ്മയ്ക്കുവേണ്ടി തൊണ്ടപൊട്ടിക്കും. അത്തരമൊരു വാദപ്രതിവാദത്തിനിടയിലാണ് വിദൂരഭാവിയില്‍ നടക്കാനിരിക്കുന്ന തന്റെ വിവാഹജീവിതത്തിലെ അനുപേക്ഷണീയമായ ആ സന്ദര്‍ഭം സങ്കല്പിച്ചുകൊണ്ട് അവന്‍ ഇങ്ങനെയൊരു ഡയലോഗ് തട്ടിവിടുന്നത്.
''നിന്റെ കല്യാണത്തിനും ജാനകിയമ്മയ്ക്കും തമ്മിലെന്തു ബന്ധം?'', ഞാന്‍ വാ പൊളിച്ചു. ''അതോ,'' അവന്‍ പറഞ്ഞു: ''ഞാന്‍ കെട്ടാന്‍ പോകുന്നത് ഏതു പെണ്ണിനെയാണെങ്കിലും ശരി, ആദ്യരാത്രിയില്‍ ഞാനവളെക്കൊണ്ട് ജാനകിയമ്മയുടെ 'നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍...' എന്ന പാട്ട് പാടിക്കും. ഒരുവിധം സംഗീതബോധമുള്ളതിനെമാത്രമേ ഞാന്‍ കെട്ടൂവെന്ന് നിനക്കറിയാമല്ലോ. അതുകൊണ്ട് ആ പാട്ട് ഒരുവിധം അവള്‍ പാടി ഒപ്പിക്കുമായിരിക്കും. പക്ഷേ, ആ പാട്ടിനിടയ്ക്ക് ഒരു ചിരിയുണ്ടിഷ്ടാ... കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍... എന്ന വരി കഴിഞ്ഞ് ജാനകിയമ്മ ചിരിക്കുന്ന ആ ചിരി! അത് അനുകരിക്കാന്‍ നോക്കുമ്പോള്‍ എന്റെ ഭാവിഭാര്യ കഴുതപ്പുലികളെപ്പോലെ ഒരു ശബ്ദമാകും ഉണ്ടാക്കുക. ഞാനവളുടെ പെരടിക്ക് ഒരടി കൊടുത്ത് ആ രാത്രിതന്നെ പറഞ്ഞുവിടും!''
Also Read

അതും പറഞ്ഞ് ബാബു ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി. എസ്. ജാനകിയുടെ കൊടും ആരാധകരിലൊരാളെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട് നടുങ്ങി. പിന്നീട് ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍വെച്ചും ഞാന്‍ ജാനകിയമ്മയുടെ പലമട്ടിലുള്ള ആരാധകരെ കണ്ടുമുട്ടി. അവരുടെ ബോധ്യങ്ങള്‍ എന്റെ ബോധ്യങ്ങളുമായി മുട്ടിക്കലര്‍ന്നു. 'ജലശംഖുപുഷ്പം ചൂടും' എന്ന ജാനകിപ്പാട്ട് നിലാവുള്ള ഒരേകാന്തരാത്രിയില്‍ കടുങ്ങല്ലൂരിലെ പാടവരമ്പിലൂടെ നടക്കുമ്പോള്‍ ദൂരെനിന്നൊഴുകിവരുന്നതു കേട്ടപ്പോള്‍ ഞാനും ജാനകിയമ്മയിലേക്ക് തെറ്റിയടിച്ചുവീണു. സാധാരണ വരികള്‍. അസാധാരണതകളൊന്നുമില്ലാത്ത സംഗീതം. എന്നാല്‍ അതു പാടുന്ന ആ തൊണ്ട! മറ്റു പെണ്ണുങ്ങള്‍ക്കൊന്നും പുറപ്പെടുവിക്കാനാവാത്ത ഒരു അലൗകിക സ്വനപേടകം ദൈവം ജാനകിയമ്മയുടെ തൊണ്ടയില്‍ ഘടിപ്പിച്ചിരിക്കുന്നു!
സിനിമയില്‍ പാടി പേരെടുത്തിട്ടുള്ള എല്ലാ പാട്ടുകാരും നല്ല പാട്ടുകാര്‍തന്നെ. അതുകൊണ്ടാണല്ലോ കോടാനുകോടി ജനങ്ങള്‍ക്കിടയില്‍നിന്ന് നമ്മെ പാട്ടിനാല്‍ ആനന്ദിപ്പിക്കാന്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അക്കൂട്ടത്തില്‍ രണ്ടുവിഭാഗങ്ങളുണ്ടെന്ന് നമുക്കറിയാം: നല്ല പാട്ടുകാരും മഹാഗായകരും. ജാനകിയമ്മയെ മഹാഗായകരുടെ പട്ടികയില്‍പ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ള ചില മുന്തിയ ഗാനമാത്രകള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയാണ്.
ഒന്നാമതായി ഒരു വിരഹഗാനം. അതെ, പി. ഭാസ്‌കരന്റെയും ബാബുരാജിന്റെയും പ്രതിഭകള്‍തമ്മില്‍ രമിച്ചുണ്ടായ 'താനേ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനംതന്നെ. അതില്‍ അനുപല്ലവിയിലും ചരണത്തിലും -ബാബുരാജിന്റെ നിര്‍ദേശമനുസരിച്ചിട്ടായാലും ശരി- ജാനകിയമ്മ മഹത്ത്വത്തെത്തൊടുന്ന രണ്ടിടങ്ങളുണ്ട്. 'മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമമകരന്ദമഞ്ജരിയേന്തി' എന്നും 'നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ?' എന്നുമുള്ള ഭാഗങ്ങള്‍. ദൈവമേ, അതു ചുമ്മാ മൂളിനോക്കുമ്പോള്‍ പോലും -ജി. കുമാരപിള്ളസാറിന്റെ വാക്കുകള്‍ കടമെടുത്താല്‍- എന്റെ ഹൃദയത്തില്‍ രോമാഞ്ചമുണ്ടാകുന്നു.
ഇനി എം.ജി. രാധാകൃഷ്ണന്‍ സംഗീതംചെയ്ത ആ ഗാനം. 'മൗനമേ നിറയും മൗനമേ...' പൂവച്ചല്‍ ഖാദറിന്റെ ഭേദപ്പെട്ട രചനകളിലൊന്നാണതെങ്കിലും അതെന്നെ കൊതിപ്പിക്കുന്നത് രാധാകൃഷ്ണന്റെ സംഗീതത്താലാണ്. അത് രാത്രിയിരുട്ടില്‍ കേട്ടുകിടക്കുമ്പോള്‍ ജാനകിയമ്മ എന്നെ ഉമ്മവെയ്ക്കും: കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നിവസന്തം പോയി എന്ന ഭാഗമെത്തുമ്പോള്‍. കീഴ്സ്ഥായിയിലേക്ക് മുങ്ങിമറഞ്ഞില്ലാതാകുന്ന ആ 'പോയീ' കേട്ട് ഞാന്‍ എപ്പോഴും കണ്ണീരണിയും, ആനന്ദത്താല്‍.

ഇനിയുള്ള രണ്ടു പാട്ടുകള്‍ ജോണ്‍സണും പി. ഭാസ്‌കരനും ചേര്‍ന്നൊരുക്കിയവയാണ്. രണ്ടും ജാനകിയമ്മയ്ക്കുവേണ്ടിമാത്രം പിറവിയെടുത്തത്. 'സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്‌നംകാണാറുണ്ടോ' എന്ന ഗാനം വിഷാദം നിറഞ്ഞ ഒരു വര്‍ഷകാലസന്ധ്യയുടെ ഭാവദീപ്തി മുഴുവന്‍ ആവാഹിച്ചിട്ടുള്ള ഒരപൂര്‍വഗാനമാണ്. അതില്‍ അനുപല്ലവിയില്‍ വര്‍ഷസന്ധ്യ എന്ന വാക്കുകഴിഞ്ഞ് ആ വാക്കിന്റെ ഭാവതലത്തിലേക്ക് ജോണ്‍സണും ജാനകിയും ഭാസ്‌കരന്‍മാഷിന്റെ കണ്ണുവെട്ടിച്ച് നമ്മെ കൊണ്ടുപോകുന്നു. വെറും ഏഴു സെക്കന്‍ഡ് നീളുന്ന ഒരു ഹമ്മിങ്. ഓ, അതോര്‍ക്കുമ്പോള്‍ ജാനകിയെ ഈ പ്രായത്തിലും കല്യാണംകഴിക്കാന്‍ തോന്നും! ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു പാട്ട് എന്നെ മോഹിപ്പിച്ചിട്ടുള്ളത് 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' എന്നു തുടങ്ങുന്നതാണ്. വിധുരയാമെന്നുടെ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു എന്ന വരിയും അതിനുമുന്നിലുള്ള ഹമ്മിങ്ങും ചേര്‍ത്ത് ജാനകിയമ്മ സൃഷ്ടിക്കുന്ന മാസ്മരികത!
വരിയും സംഗീതവും ആലാപനവും ശരാശരി, എന്നാല്‍ അതുമൂന്നും ചേര്‍ന്ന് സൃഷ്ടിക്കുന്ന അനുഭൂതി അതികേമം എന്നു പറയാവുന്ന ഒരു ജാനകിയമ്മപ്പാട്ടുണ്ട്. ശ്യാമും കാവാലവും ചേര്‍ന്നുണ്ടാക്കിയ 'കാത്തിരിപ്പൂ, കുഞ്ഞരിപ്പൂവ് വെറുംപൂവ്' എന്ന ഗാനമാണത്. കുഞ്ഞരിപ്പാട്ട് വെറും പാട്ട് എന്നുപറഞ്ഞാലും തെറ്റില്ല. പക്ഷേ, 'ആരാണ് ഈ പാവം വയല്‍പ്പൂക്കളെപ്പോലും മണവാട്ടിയെപ്പോലെ അണിയൊച്ചൊരുക്കിയിരിക്കുന്നത്' എന്ന് പണ്ട് യേശു പറഞ്ഞത് ഓര്‍മവരും ഈ കുഞ്ഞുപാട്ട് കേട്ടിരിക്കുമ്പോള്‍. പൊയ്പ്പോയൊരുകാലം മനസ്സില്‍ നിറയുന്നതുകൊണ്ടുകൂടിയാകാം, ഈ ഗാനവും എന്റെ പ്രിയ ജാനകിപ്പാട്ടുകളിലൊന്നാണ്.
എന്റെ പ്രിയ ഗാനരചയിതാവ് ഒ.എന്‍.വി. എഴുതിയതാണ് അടുത്തപാട്ട്. 'പൊന്നുരുകും പൂക്കാലം നിന്നെ കാണാന്‍ വന്നു!' കവിയുടെ ആത്മാവുതന്നെ പെണ്‍സ്വരത്തില്‍ ആ കവിത പാടിത്തിമര്‍ക്കുന്നതുപോലെയാണ് അതില്‍ ജാനകിയമ്മയുടെ ശബ്ദം. ആ പാട്ടില്‍ ആകെ രുചിച്ചറിയാവുന്നതരം ഒരുന്മാദം തുളുമ്പിനില്‍ക്കുന്നു! ഇനിയാണ് ആ അവസാനഗാനം. ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ എന്റെ കാതില്‍ കേള്‍പ്പിച്ചുതരണമെന്ന് ഞാന്‍ മക്കളെ ചട്ടംകെട്ടിയിട്ടുള്ള നൂറു ഗായകരിലുള്‍പ്പെട്ടിട്ടുള്ള ഒരേയൊരു ജാനകീഗാനം. ഒ.എന്‍.വി.യും എം.ബി. ശ്രീനിവാസനും ചേര്‍ന്നുണ്ടാക്കിയ നിറങ്ങളുടെ നൃത്തം!
അന്ന് ഞാനത് വീണ്ടും വീണ്ടും വെയ്ക്കാന്‍ മക്കളോട് പറയും. 'അലിഞ്ഞലിഞ്ഞുപോം അരിയജന്മമാം പവിഴദ്വീപില്‍ നാം ഇരിപ്പതെന്തിനോ' എന്ന് മറ്റാര്‍ക്കും കഴിയാത്ത അലിവോടെ ജാനകിയമ്മ പാടുന്നതുകേട്ടുകൊണ്ട്, മലയാളിയായി ജനിക്കാന്‍ കഴിഞ്ഞതിലുള്ള ഹര്‍ഷബാഷ്പം തൂകിക്കൊണ്ട് ഞാന്‍ കണ്ണുകളടയ്ക്കും. കണ്ണടച്ച് പാട്ടുകേള്‍ക്കുകയാണെന്നേ കാണുന്നവര്‍ക്ക് തോന്നാവൂ!
Content Highlights: writer subhash chandran talking about s janaki
Published: 01 Jul 2023, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented