
അനുനിമിഷം വളരുന്ന കൊച്ചിനഗരം. അതിന്റെ ഹൃദയത്തിലൂടെ കാറ്റിന്റെ വേഗത്തില്‍ ഒരു ഓട്ടോ പറന്നുവന്നു. ഡ്രൈവിങ് സീറ്റില്‍ ചെറുപുഞ്ചിരിയണിഞ്ഞ മുഖം.''ഓട്ടം പോകാനാണോ?'' അന്ന ചോദിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഓട്ടോഡ്രൈവര്‍ അന്ന രാജു തന്റെ പൊള്ളുന്ന ജീവിതം താണ്ടുന്നത് സാധാരണക്കാരന്റെ ഈ പ്രിയവാഹനത്തിനൊപ്പമാണ്. സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരില്‍ വീടും വീട്ടുകാരും ഒറ്റപ്പെടുത്തിയ അന്നയ്ക്ക് ഇന്ന് ചങ്ങാതിയും ജീവനോപാധിയും അന്നയെന്നു പേരുള്ള ഈ ഓട്ടോയാണ്. ഏലൂര്‍ പാലത്തിന്റെ അരികിലിരുന്ന് പേമാരിയിലെ പുഴപോലെ കലങ്ങിമറിഞ്ഞ ജീവിതത്തെപ്പറ്റി അന്ന മനസ്സുതുറന്നു.
ഒരാളും മറ്റൊരാളും
എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് അന്ന ജനിച്ചത്. ഹൈസ്‌കൂള്‍കാലത്തുതന്നെ തന്റെയുള്ളിലെ മറ്റൊരാളെ അന്ന തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, ഉള്ളുതുറക്കാന്‍ ഭയം പ്രതിസന്ധിയായി.
''ചെറുപ്പംമുതലേ യഥാര്‍ഥ വ്യക്തിത്വം എന്റെയുള്ളില്‍നിന്ന് പുറത്തേക്കുവരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അന്നതിന് അനുകൂലമായ സാഹചര്യമില്ലായിരുന്നു. ലിംഗമാറ്റശസ്ത്രക്രിയയെക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. ഞാന്‍ മാത്രമായിരിക്കുമോ ഇങ്ങനെ എന്ന് ടെന്‍ഷനടിച്ചിരുന്നു. സ്മിജോ രാജു എന്നായിരുന്നു പഴയ പേര്. പഠനശേഷം ജോലിസംബന്ധമായി എറണാകുളം നഗരത്തിലേക്ക് എത്തിയപ്പോഴാണ് പുതിയൊരു ലോകം മുന്നില്‍ തുറന്നത്. എന്നെപ്പോലെ ഒരുപാടുപേര്‍ ചുറ്റുമുണ്ടെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. അത് വലിയ ആത്മവിശ്വാസം നല്‍കി. സ്മിജോ എന്ന പേര് ഉപേക്ഷിച്ച് അന്നയായി. ട്രാന്‍സ് കമ്യൂണിറ്റിയുമായി ബന്ധപ്പെടാനും അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. അതിനിടെയാണ് എന്നെപ്പറ്റിയൊരു പത്രവാര്‍ത്ത വരുന്നത്. അതോടെ നാട്ടിലെല്ലാവരും അറിഞ്ഞു. വീട്ടില്‍ നിന്ന് പുറത്തായി.
വലിയ എതിര്‍പ്പായിരുന്നു. അവിടേക്ക് പോകാന്‍പറ്റാത്ത സ്ഥിതിയായി. ട്രാന്‍സ് മനുഷ്യര്‍ മോശം ആള്‍ക്കാരാണെന്നാണ് പൊതുബോധം. അന്നുവരെ നാട്ടിലെയും കുടുംബത്തിലെയും എല്ലാ പരിപാടികള്‍ക്കും മുന്നില്‍ നിന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ വ്യക്തിത്വം വെളിപ്പെട്ടതോടെ മാറ്റിനിര്‍ത്തപ്പെട്ടു. അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എതിര്‍ത്തവര്‍ പലരും അനുകൂലിച്ചുതുടങ്ങി. ചുരുക്കം ചിലരുടെ മനോഭാവം ഇന്നും മാറിയിട്ടില്ല.''
സ്മിജോ അന്നയായി
സ്വത്വം വെളിപ്പെടുത്തി ഉശിരോടെ ജീവിക്കാന്‍ തുടങ്ങിയ കാലത്താണ് അന്ന ലിംഗമാറ്റശസ്ത്രക്രിയയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ദീര്‍ഘകാലത്തെ മുന്നൊരുക്കത്തിനുശേഷം വലിയ സാമ്പത്തികബാധ്യതയുള്ള ചികിത്സയ്ക്ക് അവര്‍ വിധേയയായി. മനസ്സുകൊണ്ടുമാത്രമല്ല ശരീരംകൊണ്ടും പെണ്ണായി.
''മൂന്നരവര്‍ഷത്തെ ഹോര്‍മോണ്‍ചികിത്സ പൂര്‍ത്തീകരിച്ചശേഷം സര്‍ജറിയിലേക്ക് കടന്നു. ഡൗണ്‍ സര്‍ജറി കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. ബ്രെസ്റ്റ് സര്‍ജറി കഴിഞ്ഞിട്ട് ഒരുവര്‍ഷവും. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ കാലമായിരുന്നു. സഹിക്കാന്‍പറ്റാത്ത വേദനയായിരിക്കും പലപ്പോഴും. ജീവിതം അവസാനിപ്പിക്കാം എന്ന് ചിന്തിച്ചിട്ടുപോലുമുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധികളും. എങ്ങനെ മുന്നോട്ടുപോകും. ഇതൊന്നും സ്വപ്‌നത്തില്‍പ്പോലും വിചാരിച്ച കാര്യങ്ങളായിരുന്നില്ല.
ഐഡന്റിറ്റി പുറത്തുപറയേണ്ടിയിരുന്നില്ല എന്നുതോന്നി. രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൗണ്‍സിലിങ്ങിലൂടെയൊക്കെയാണ് ജീവിതം തിരിച്ചുപിടിച്ചത്. പിന്നെ വിഷാദരോഗത്തിന്റെ പിടിയിലായി. അതിനുള്ള ചികിത്സയ്ക്കിടെ ഡോക്ടര്‍ നല്‍കിയ ഉപദേശം ജീവിതത്തെ മാറ്റിമറിച്ചു. ''ഒറ്റയ്ക്കിരുന്ന് ഓരോന്ന് ആലോചിക്കുന്നതാണ് അന്നയുടെ പ്രശ്‌നം. കൂട്ടിന് ഒരു പൂച്ചയെയോ നായയെയോ വാങ്ങൂ. എല്ലാ പ്രശ്‌നവും മാറും.'' അങ്ങനെ ഒരു പൂച്ചയെ വാങ്ങി. ഇന്ന് പത്ത് പൂച്ചകളും രണ്ട് നായ്ക്കളും കുറേ കിളികളുമുണ്ട്. ഇവരെല്ലാം ഇന്നെന്റെ ജീവനും ജീവിതവുമാണ്. ഒന്നിന്റെയും പേരില്‍ അവര്‍ നമ്മളെ മാറ്റിനിര്‍ത്തില്ലല്ലോ.''
അന്തസ്സുള്ള ജോലി
നല്ലൊരു ജോലിചെയ്ത് ജീവിതം മുന്നോട്ടുപോകണമെന്ന ആഗ്രഹമാണ് അന്നയെ ആദ്യ ട്രാന്‍സ് വുമണ്‍ ഓട്ടോ ഡ്രൈവറാക്കിയത്.
''ഓട്ടോ ഓടിക്കാന്‍ മുമ്പേ പഠിച്ചിരുന്നു. ലിംഗമാറ്റശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ജീവിതം മുന്നോട്ടുപോകാന്‍ തൊഴില്‍ വേണമെന്ന് തോന്നി. അങ്ങനെ ഓട്ടോ ഓടിക്കാമെന്ന് തീരുമാനിച്ചു. ലൈസന്‍സിന്റെ കാര്യത്തില്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ടായി. എന്റെ പഴയപേരില്‍ പുരുഷ കാറ്റഗറിയിലായിരുന്നു ലൈസന്‍സ്. ആ പ്രതിസന്ധി മറികടക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സഹായിച്ചു. രണ്ടുദിവസംകൊണ്ടുതന്നെ ലൈസന്‍സ് ഫീമെയില്‍ കാറ്റഗറിയിലേക്ക് പുതിയപേരില്‍ മാറ്റിത്തന്നു. ഔദ്യോഗിക രേഖയില്‍ വ്യക്തിത്വം അടയാളപ്പെടുത്തിയത് വലിയ സന്തോഷം നല്‍കി. സ്വന്തംപേരില്‍ത്തന്നെ ഓട്ടോ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒരു സുഹൃത്താണ് വായ്പയെടുത്ത് ഓട്ടോ വാങ്ങിത്തന്നത്.
നാലുമാസമായി ഓട്ടോ ഓടിക്കുന്നു. ആദ്യമൊന്നും ആരും തിരിച്ചറിഞ്ഞിരുന്നില്ല. വാര്‍ത്തകളൊക്കെ വന്നതോടെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി. ഓട്ടോയില്‍ കയറുന്നവരെല്ലാം സ്ഥലമെത്തുമ്പോള്‍ സന്തോഷം നിറഞ്ഞ ചിരി സമ്മാനിച്ചാണ് ഇറങ്ങുക. ഓട്ടോസ്റ്റാന്‍ഡിലും ആരും മാറ്റിനിര്‍
ത്താറില്ല. സഹോദരിയോടും സുഹൃത്തിനോടും എന്നപോലെ സംസാരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. പണ്ട് മാറ്റിനിര്‍ത്തപ്പെട്ട സ്ഥലങ്ങളില്‍ നമ്മളെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ വലിയ സന്തോഷമാണ്.''
വീടെന്ന സ്വപ്‌നം
എറണാകുളം ഏലൂരിലെ വാടകവീട്ടിലാണ് അന്ന ഇപ്പോള്‍ താമസിക്കുന്നത്. സമൂഹത്തിന് ട്രാന്‍സ് മനുഷ്യരോടുള്ള പെരുമാറ്റത്തില്‍ വലിയ മാറ്റംവന്നിട്ടുണ്ടെന്ന് അന്ന. ട്രാന്‍സ് വിഭാഗത്തിന് അന്തസ്സോടെ ജീവിക്കാന്‍ നല്ലൊരു പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അന്ന പറയുന്നു.
''അധ്വാനിക്കുന്നതിന്റെ വലിയൊരു ശതമാനവും വാടകയിനത്തില്‍ പോകും. ട്രാന്‍സ് മനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരു പദ്ധതിയുണ്ടാക്കി രണ്ടുസെന്റ് സ്ഥലവും ഒരു വീടും തന്നാല്‍ വലിയ ആശ്വാസമാകും. സമൂഹത്തിനുമുന്നിലേക്ക് വരാന്‍ ചെറിയൊരു കൈത്താങ്ങാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സ്വന്തമായൊരു തൊഴിലും കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടും ഇല്ലാത്തവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. വീട്ടുകാരും ബന്ധുക്കളും എത്ര ചേര്‍ത്തുനിര്‍ത്തിയാലും ഒരു ഘട്ടം കഴിഞ്ഞാല്‍ അവഗണനയും കുറ്റപ്പെടുത്തലും അഭിമുഖീകരിക്കേണ്ടിവരും. ഞങ്ങള്‍ക്ക് തൊഴില്‍, പാര്‍പ്പിടസാഹചര്യം ഒരുക്കാന്‍ സര്‍ക്കാരിനായാല്‍ രാത്രി തെരുവുകളില്‍ ട്രാന്‍സ് മനുഷ്യരെ കാണാനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.''
ഒരിക്കല്‍ മുഴുവന്‍ ലോകവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന മോഹത്തോടെ പ്രതീക്ഷയുടെ ദൂരങ്ങളിലേക്ക് അന്നയുടെ ഓട്ടോ കുതിച്ചു.
Content Highlights: സൂരജ് സുകുമാരന്‍
Published: 01 Sept 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented