കോവിഡ് മഹാമാരി എല്ലാവരെയും ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട കാലം. കോയമ്പത്തൂരില്‍ ആര്‍ക്കിടെക്ചര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു പാലക്കാട്ടുകാരി രേവതി. കോവിഡ് രേവതിയെയും വീട്ടിലടച്ചു. വീടിനുള്ളിലെ ഇരിപ്പ്, മടുപ്പ്, ഏകാന്തത... ആഭരണപ്രിയയായ രേവതിക്കുമുന്നില്‍ ഒരു വഴി തെളിഞ്ഞു. അവള്‍ തന്റെ  സംരംഭത്തിന് തുടക്കിമിട്ടു. 
ഇമിറ്റേഷന്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്ന സൃഷ്ടി ജൂവല്‍സ് എന്ന സംരംഭം. മൂന്നുകോടിയോളം വിറ്റുവരവുള്ള ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയായി രേവതി. 

To advertise here,

പൊന്നെന്തിനാ ഇനി
''ഒരു ചെറിയ വെബ്സൈറ്റില്‍നിന്നാണ് സംരംഭം ഉണ്ടായത്.'' രേവതി 'സൃഷ്ടി'യെ സൃഷ്ടിച്ച കഥ പറഞ്ഞുതുടങ്ങി. ''ആഭരണങ്ങളോട് പണ്ടേ താത്പര്യമുണ്ടായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ ആഭരണങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അവ സ്‌കൂളില്‍ കൊണ്ടുപോയി കാണിച്ചു. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കളിമണ്ണ് ഉപയോഗിക്കാം എന്ന ആശയം പങ്കുവച്ചത് ഒരു അധ്യാപികയാണ്.  പിന്നെ കളിമണ്ണിലായി പരീക്ഷണങ്ങള്‍. അങ്ങനെ ടീച്ചറുടെ സഹോദരി നടത്തുന്ന കരകൗശലവസ്തുക്കളുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ചെറിയലാഭം മാത്രമാണ് അന്ന് കിട്ടിയത്. 
പിന്നീട് ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തി.  പഠനത്തിരക്കുകളായതോടെ ആഭരണ നിര്‍മാണത്തിന് ഇടവേള വന്നു.

അടച്ചുപൂട്ടലിനിടയില്‍
ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുമ്പോഴാണ് ആഭരണങ്ങളെന്ന ചിന്ത വീണ്ടും മനസ്സിലുടക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍  'സൃഷ്ടി ജൂവല്‍സ്' എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി. പാദസരങ്ങള്‍ നിര്‍മിച്ചുകൊണ്ട് തുടക്കം. കറുത്തചരടില്‍ മുത്തുകളും സില്‍വര്‍ ചാംസും കൊരുത്ത പാദസരങ്ങള്‍. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തു. വെബ്‌സൈറ്റ് തുടങ്ങി. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി. ധാരാളം ഓര്‍ഡറുകള്‍ കിട്ടി. അതില്‍നിന്നാണ് ഇമിറ്റേഷന്‍ ഗോള്‍ഡിലേക്ക് എത്തുന്നത്. 

നിര്‍മാണവും പാക്കിങ്ങും വില്പനയും ഉള്‍പ്പെടെ എല്ലാം സ്വയം ചെയ്യാം എന്നായിരുന്നു തീരുമാനം. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഒരു ഷോറൂം തുറന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഏകദേശം രണ്ടുലക്ഷം കസ്റ്റമേഴ്സ് ഉണ്ട്. രണ്ട് യൂണിറ്റുകളായാണ് സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംരംഭമേഖലയിലെ മികവിന് 'ഷീ ഇന്ത്യ' എന്ന പ്രസിദ്ധീകരണത്തിന്റെ 'ട്രസ്റ്റഡ് ജൂവലറി ബ്രാന്‍ഡ്' അവാര്‍ഡ് ലഭിച്ചു. 'സംരംഭം'മാസികയുടെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയ്ക്കുള്ള പുരസ്‌കാരവും കിട്ടി.''
 
പഠിച്ചത് പാഴാക്കാതെ
പഠനത്തില്‍ ലഭിച്ച പരിശീലനങ്ങള്‍ രേവതിയെ തന്റെ സംരംഭത്തിലും സഹായിച്ചു. വ്യത്യസ്തമായ ഡിസൈനുകള്‍ പിറന്നു. ''അച്ഛന്‍  നിര്‍മാണമേഖലയിലാണ്. അതുകൊണ്ടാണ് ഞാന്‍ ആര്‍ക്കിടെക്ചര്‍ പഠിച്ചത്. കോഴ്‌സിന്റെ അവസാനവര്‍ഷമായിരുന്നു കോവിഡ് വ്യാപനം. പഠനം തത്കാലത്തേക്ക് നിര്‍ത്തി വീട്ടിലേക്ക് പോരേണ്ടി വന്നു.  പതിയെ സംരംഭം വിജയം കണ്ടുതുടങ്ങി. പഠനവും മുന്നോട്ടുപോയി.ബിരുദമെടുത്തു. ''

placeholder
രേവതി കുടുംബത്തോടൊപ്പം


വിശ്വാസം അതായിരുന്നു എല്ലാം
 സംരംഭത്തിന്റെ മൂലധനം ഉപഭോക്താക്കളുടെ വിശ്വാസം മാത്രമായിരുന്നു എന്ന് രേവതി. ''പ്രധാന വെല്ലുവിളി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക തന്നെയായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടമായതിനാല്‍ ആവശ്യക്കാരെ നേരിട്ട് കാണുന്നില്ല. ആരെന്നുപോലും അറിയാത്തവരുടെ വിശ്വാസം നേടിയെടുക്കുക ശ്രമകരമായിരുന്നു. 

ആളുകളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി എത്രയും പെട്ടെന്ന് ഉത്പന്നം അവരുടെ കയ്യില്‍ എത്തിക്കുകയായിരുന്നു ആദ്യലക്ഷ്യം. കുറഞ്ഞ വിലയും ഉയര്‍ന്ന ഗുണമേന്മയും ഉറപ്പാക്കി. തുടക്കത്തില്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ആദ്യം മാസത്തില്‍ പത്തോ ഇരുപതോപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.'' ലുവര്‍ഷം മുന്‍പ് പൂജ്യത്തില്‍ തുടങ്ങിയ സൃഷ്ടി ജൂവല്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇന്ന് പത്തുലക്ഷം ഫോളോവേഴ്സ് ഉണ്ട്. 

''ഓരോ ഉത്പന്നവും ഉപഭോക്താക്കളുടെ പക്കല്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ മെസേജുകളയക്കും, ഒരുപാട് ഇഷ്ടമായി, ഹാപ്പിയായി എന്നെല്ലാം. ഏറെക്കാലമായി ഉപയോഗിക്കുന്നു, ഇപ്പോഴും കേടുപാടുകളില്ല, എന്നിങ്ങനെയുള്ള റിവ്യൂകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം.  സൃഷ്ടിയുടെ ഷോപ്പില്‍ നിന്ന് നേരിട്ട് ആഭരണങ്ങള്‍ വാങ്ങാന്‍  പലയിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്.  ഇതില്‍നിന്നൊക്കെയുള്ള വരുമാനംകൊണ്ടാണ് 25-ാം വയസ്സില്‍ ഞാനൊരു മിനികൂപ്പര്‍ കാര്‍ വാങ്ങിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. 

placeholder
''ഒരിക്കല്‍ വിവാഹ ആഭരണങ്ങളെടുക്കാന്‍ ഊട്ടിയില്‍നിന്ന് ഒരുകൂട്ടരെത്തി.  അവര്‍ എന്നെ വിളിച്ചുവരുത്തി അടച്ച ഷോപ്പ് തുറപ്പിച്ച് ആഭരണങ്ങളും വാങ്ങി സന്തോഷത്തോടെ മടങ്ങി. തേടിപ്പിടിച്ചെത്തുന്ന ഇത്തരം ആവശ്യക്കാരെ കാണുമ്പോള്‍ ഇരട്ടി സന്തോഷം.   ബ്രൈഡല്‍ ജൂവലറി സെറ്റുകളുടെയും എല്ലാ അവസരങ്ങളിലും അണിയാനാവുന്ന ആഭരണങ്ങളുടെയും ശേഖരമുണ്ട്.  ഭാവിയില്‍ ബ്രൈഡല്‍ സാരികള്‍കൂടി സംരംഭത്തിന്റെ ഭാഗമാക്കുന്നതിനായി മിതമായ നിരക്കിലുള്ള സാരികളുടെ കളക്ഷനും സൃഷ്ടിയില്‍ തുടങ്ങിയിട്ടുണ്ട്. കീശയ്ക്ക് പാകമായ സാരികള്‍.'' സംരംഭകരാവാന്‍ പ്രായം ഒരു ഘടകമല്ലെന്നാണ് രേവതിയുടെ അഭിപ്രായം. ''ഒരു സംരംഭം ആരംഭിക്കാന്‍ പാഷനാണ് പ്രധാനം. എന്റെ 22-ാമത്തെ വയസ്സിലാണ് സംരംഭം തുടങ്ങുന്നത്. എനിക്ക് വലിയ മുതല്‍മുടക്കും ഉണ്ടായിട്ടില്ല. ഭീമമായൊരു തുക നിക്ഷേപിക്കുന്നതിലല്ല കാര്യം. പ്രാരംഭഘട്ടത്തില്‍ ആവശ്യമായൊരു സംഖ്യ മുടക്കാം. എന്റെ സമയമായിരുന്നു ഞാന്‍ ഈ സംരംഭത്തിന് വേി മാറ്റിവെച്ചത്. ഇടതടവില്ലാതെ ജോലിചെയ്തു.'' 

കുടുംബം
''അച്ഛന്‍ നന്ദകുമാര്‍, അമ്മ രാജി. അനിയത്തി ദേവി സിവില്‍ എന്‍ജിനീയറിങ് പഠിക്കുന്നു. ഭര്‍ത്താവ് ആദിത് ശിവയ്ക്കും ബിസിനസ്സാണ്. കുടുംബത്തിന്റെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. എല്ലാ തീരുമാനങ്ങള്‍ക്കും കൂടെയുണ്ടായിരുന്നത് കുടുംബമാണ്. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ വീട്ടുകാരാണ് ഓരോ ഓര്‍ഡറും പാക്ക് ചെയ്യുന്നതിനും കൊറിയര്‍ ചെയ്യുന്നതിനുമെല്ലാം സഹായിച്ചത്. ഇന്ന് സൃഷ്ടിക്ക് 20 ജീവനക്കാരുണ്ട്.