പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലോ വരുമാനം നിലച്ചാലോ എന്തു ചെയ്യമെന്ന് ചോദിച്ച സ്ത്രീകള്‍ ഏറെയുണ്ട്. പിഗ്ഗി ബാങ്കിന്റെ കഴിഞ്ഞ ഭാഗത്തിന് ലഭിച്ച പ്രതികരണത്തില്‍ നിന്ന് മനസിലായത് ഒരു പ്ലാന്‍ ബി വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ പ്ലാന്‍ ബി ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്കത് ഒരു ചെറു ബിസിനസ് തടങ്ങുക എന്നാണ് എങ്കില്‍ മറ്റു ചിലര്‍ക്ക് പാര്‍ട്ട് ടൈം ജോലിചെയ്യലാണ്. ഭൂരിഭാഗം പേര്‍ക്കും ബിസിനസ് തുടങ്ങാനാണ് ആഗ്രഹം, പക്ഷേ സ്ത്രീകള്‍ തടങ്ങുന്ന ബിസിനസുകള്‍ പുരുഷന്മാരുടേതിനേക്കാള്‍ കൂടുതല്‍ പരാജയപ്പെടുന്നു എന്നൊരു അവസ്ഥ നമ്മുടെ സമൂഹത്തിലുണ്ട്. അതിന്റെ കാരണങ്ങളറിയാം. 

ബിസിനസിലേക്കിറങ്ങുന്ന 100 പേരില്‍ 95 ശതമാനവും പരാജയപ്പെടുകയാണ്. ഇതു കേരളത്തിലെ മാത്രമോ ഇന്ത്യയിലെ മാത്രമോ ഉള്ള സ്ഥിതിയല്ല. ലോകമൊട്ടാകെ അങ്ങനെയാണ്. ബിസിനസ് എന്നുപറയുന്ന മനുഷ്യരാല്‍ കണ്ടുപിടിക്കപ്പെട്ട തനതുകലയുടെ പ്രത്യേകത കൊണ്ടുതന്നെയാണ് അതങ്ങനെ ആയത്. ബിസിനസ് തുടങ്ങുന്ന 95 ശതമാനം പേരും പരാജയപ്പെടുകയും വെറും അഞ്ച് ശതമാനം പേര്‍മാത്രം വിജയിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയാണ് ബിസിനസ് രംഗത്ത് ഇത്രയേറെ അവസരവും. വിജയസാധ്യത വളരെ കുറവാണ് എന്നതുതന്നെയാണ് ഈ രംഗത്തെ വിജയം അളവറ്റ പണവും സമ്പത്തും പേരും പെരുമയും കൊണ്ടുവരുന്നത്. 

ബിസിനസില്‍ പലരും പരാജയപ്പെടുന്നതിന്റെ ഒരു പ്രധാനകാരണം വിപണി അല്ലെങ്കില്‍ വിപണനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. അല്ലെങ്കില്‍ അതിനെ ഗൗരവത്തോടെ കാണാത്തതാണ്. ഭൂരിഭാഗം പേരും വിചാരിക്കുന്നത് ഉല്‍പ്പന്നം ഉന്നത ഗുണനിലവാരമുള്ളതാണെങ്കില്‍ വില്‍പ്പന അനായാസമാണെന്നാണ്. എന്നാലങ്ങനെയല്ല. ബിസിനസിലെ വിജയത്തെ ഏറ്റവും കൂടുതല്‍ നിര്‍ണയിക്കുന്നത് വിപണനം അഥവാ മാര്‍ക്കറ്റിങ് കൂടിയാണ്.  ഇതിനൊപ്പം ബിസിനസിന്റെ വിജയത്തിന്  നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട്. 

1. ഗുണമേന്മ കുറയരുത്

ഉല്‍പ്പന്നത്തിന്റെ മേന്മ മികച്ച വില്‍പ്പന കിട്ടാന്‍ ഏറെ സഹായിക്കും എന്നതില്‍ തര്‍ക്കമില്ല. സോപ്പുപൊടിയാണ് നിങ്ങള്‍ നിര്‍മിക്കുന്നതെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയവര്‍ ഉപയോഗിക്കുമ്പോള്‍ നന്നായി പതയണം. വസ്ത്രങ്ങളിലെ അഴുക്ക് നന്നായി പോകണം. ഇതുപയോഗിക്കുമ്പോള്‍ കൈക്ക് അലര്‍ജിയൊന്നും ഉണ്ടാകാനും പാടില്ല. ഇതേ ഗുണമേന്മയെല്ലാം ഉള്ളവയാണ് വിപണിയില്‍ നിങ്ങളോട് മല്‍സരിക്കുന്ന നിങ്ങളുടെ എതിര്‍ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം എങ്കില്‍ എന്തുചെയ്യും. എങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന് ഒരു പടികൂടി കടന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതു നല്ലത്. ഇനി കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ബാക്കിയുള്ളവയ്‌ക്കൊപ്പം നില്‍ക്കുന്ന ഗുണമേന്മ നല്‍കാന്‍ കഴിയണം. അവയേക്കാള്‍ ഗുണനിലവാരം താഴ്ന്ന ഉല്‍പ്പന്നമാവരുതെന്ന് മാത്രം. 

2.വിലയ്‌ക്കൊത്ത മേന്മ

ഉല്‍പ്പന്നത്തിന്റെ വില വിപണനത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണ്. വിപണിയിലെ എതിരാളികളായ ഉല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കിയാല്‍ മാത്രം  ഉപഭോക്താക്കളെ ലഭിക്കില്ല. എതിരാളിയുടെ ഉല്‍പ്പത്തിനൊപ്പം ഗുണമേന്മ ഉണ്ടായിരിക്കുകയും വില കുറവുമാണെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെട്ടു എന്നുവരാം. എന്നാല്‍ എതിരാളിയുടെ ഉല്‍പ്പന്നത്തേക്കാള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന് ഗുണമേന്മ കൂടുതലും വില കുറവുമാണെങ്കില്‍ ഉറപ്പായും വിജയം നിങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഗുണമേന്മ എത്ര കൂടുന്നോ അത്രയും വിജയവും കൂടും എന്ന് ചുരുക്കം. ഉല്‍പ്പന്നത്തിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കാം. പക്ഷേ അവര്‍ നല്‍കുന്ന വിലയേക്കാള്‍ കൂടുതല്‍ മൂല്യം ഉല്‍പ്പന്നത്തിന് ഉണ്ടാകണം. 

ഉദാഹരണത്തിന് ദാഹിച്ചിരിക്കുമ്പോള്‍ വഴിയില്‍ കണ്ട ഒരു കൂള്‍ബാറില്‍ നിന്ന് ഒരു ലൈംജ്യൂസ് കുടിച്ചു എന്ന് കരുതുക. 15 രൂപയാണ് അവര്‍ ഈടാക്കിയത്. എന്നാല്‍ പാകത്തിന് മധുരവും ഉപ്പും നല്ല തണുപ്പും വൃത്തിയുള്ള അന്തരീക്ഷവും ഗ്ലാസും എല്ലാം കൂടിച്ചേരുമ്പോള്‍ ആ പതിനഞ്ച് രൂപ നിങ്ങള്‍ക്ക് മുതലായെന്ന തോന്നല്‍ അറിയാതെ വരും. എന്നാല്‍ വൃത്തിയുള്ള ഇടമായിട്ടും മധുരം പാകത്തിനില്ലെങ്കിലോ, കയിപ്പോ ഉപ്പോ തോന്നിയാലോ, അല്ലെങ്കില്‍ നല്ല ലൈംജ്യൂസ് ആണ്, പക്ഷേ ഗ്ലാസിന് വൃത്തിയില്ലെങ്കിലോ.... 15 രൂപ വെറുതേ കളഞ്ഞു എന്ന തോന്നലാവും ഉണ്ടാവുക. പിന്നീട് ആ കടയില്‍ നിങ്ങള്‍ പോവുകയും ഇല്ല. ഇതുപോലെയാണ് ഓരോ ഉത്പന്നവും. അടിമുടി മേന്മയുള്ളതാവണം. 

3. മികച്ച വില്‍പ്പനാനന്തര സേവനം

നല്ല ഗുണമേന്മ. കൊടുക്കുന്ന വിലയേക്കാള്‍ കൂടുതല്‍ മൂല്യം. പക്ഷേ ഉല്‍പ്പന്നത്തിന് എന്തെങ്കിലും കേടുപാടുകളോ മറ്റോ വന്നാല്‍ ടെക്‌നീഷ്യനെ വിളിച്ചാല്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെ സമയത്ത് വരില്ല. വന്നാല്‍ തന്നെ നല്ല സേവനം ലഭിക്കുകയുമില്ല. ഈ ഉല്‍പ്പന്നം വാങ്ങിയത് തന്നെ അബദ്ധമായി. ചില ഉല്‍പ്പന്നം വാങ്ങിയശേഷം ഇത്തരം അനുഭവം നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ. അതുകൊണ്ട് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കരുത്. ഉല്‍പ്പന്നത്തിന്റെ വിജയത്തിന് ഉപഭോക്താക്കളുടെ മൗത്ത് പബ്ലിസിറ്റി അനിവാര്യമാണ്. അതായത് നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താവ് അത് നല്ലതാണ് എന്ന് 10 പേരോടെങ്കിലും പറയണം. ഇനി 10 പേരോട് പറഞ്ഞില്ലെങ്കിലും ഒരാളോടെങ്കിലും പറയണം. ഇനി ആരോടും പറഞ്ഞില്ലെങ്കിലും ആരെങ്കിലും ഈ ഉല്‍പ്പന്നം എങ്ങനെ ഉണ്ട് എന്നു ചോദിച്ചാല്‍ നല്ലതാണ് എന്നെങ്കിലും പറയണം. ഉല്‍പ്പന്നം വിറ്റതിനു ശേഷം അതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചു എന്ന ഒറ്റക്കാരണത്താല്‍ ആരും നിങ്ങളുടെ കമ്പനിയെ വെറുക്കില്ല. ആ തകരാര്‍ എത്രയും വേഗം പരിഹരിച്ചുകൊടുത്താല്‍ മതി. അല്ലെങ്കില്‍ പുതിയതൊരെണ്ണം മാറ്റി നല്‍കിയാല്‍ മതി. ഇത്തരത്തില്‍ ഉല്‍പ്പന്നം വിറ്റുകഴിഞ്ഞാലും ഉപഭോക്താവുമായി നല്ല ഒരു ബന്ധം കാത്തുസൂക്ഷിക്കണം.  

4. കൃത്യമായ വിതരണം

നല്ല ഉല്‍പ്പന്നം, വിലയ്‌ക്കൊത്ത മൂല്യം, മികച്ച വില്‍പ്പനാന്തര സേവനം ഇതൊക്കെ നിങ്ങളുടെ ഉല്‍പ്പന്നത്തിനുണ്ട്. പക്ഷേ ഉല്‍പ്പന്നം എവിടെ എപ്പോള്‍ കിട്ടും എന്ന് ആര്‍ക്കും നിശ്ചയമില്ല. കടകളായ കടകളൊക്കെ തിരക്കി. ഇല്ല എന്നുമറുപടി. ചിലയിടത്ത് ഇന്നലെവരെ ഉണ്ടായിരുന്നു. തീര്‍ന്നുപോയി. ഇനി എന്നുവരും എന്നറിയില്ല. ഇത്തരത്തിലുള്ള ഒരു നല്ല ഉല്‍പ്പന്നത്തിനുവേണ്ടി നിങ്ങള്‍ എത്രനാള്‍ കാത്തിരിക്കും. ഒരു ദിവസം പോലും കാത്തിരുന്നു എന്നുവരില്ല. പകരം അടുത്ത ഉല്‍പ്പന്നം വാങ്ങി നിങ്ങള്‍ വീട്ടില്‍ പോകും. ചിലപ്പോള്‍ നിങ്ങള്‍ നല്‍കുന്ന കമ്മീഷന്‍ കുറവായതുകൊണ്ട് വില്‍പ്പനക്കാരന്‍ കടയില്‍ നിങ്ങളുടെ ഉല്‍പ്പന്നം ഉണ്ടെങ്കിലും ഉപഭോക്താക്കളോട് ഇല്ല എന്നു പറഞ്ഞേക്കാം. കാരണം ഉപഭോക്താവ് പകരം മറ്റൊരു ഉല്‍പ്പന്നം കടയില്‍ നിന്ന് വാങ്ങിയാലോ. അതിന് നിങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മീഷന്‍ കിട്ടിയാലോ. ഇത്തരം ഒരു സ്ഥിതിവിശേഷം നിങ്ങളുടെ ഉല്‍പ്പ്ന്നത്തിന് ഉണ്ടാകാതിരിക്കാന്‍ വിതരണം കൃത്യമാക്കണം. വിതരണക്കാരുമായി അടുത്ത ബന്ധം ഉണ്ടാക്കണം. അവര്‍ക്ക് അര്‍ഹിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുന്ന കമ്മീഷനും മറ്റു ആനുകൂല്യങ്ങളും നല്‍കണം.

5. വാങ്ങിയവരെക്കൊണ്ടുതന്നെ വീണ്ടും  വാങ്ങിപ്പിക്കണം.

നിങ്ങളുടെ ഉല്‍പ്പന്നം ഒരു തവണ ആരെക്കൊണ്ടുവേണമെങ്കിലും വാങ്ങിപ്പിക്കാം. പക്ഷേ അയാളെക്കൊണ്ട് രണ്ടാമതും വാങ്ങിപ്പിക്കുന്നതാണ് സംരംഭത്തിന്റെ വിജയം. മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളും നിങ്ങളെ അതിനു സഹായിക്കും. 

സ്ത്രീകള്‍ സംരംഭത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇവയില്‍ പലകാര്യങ്ങളോടും ഒരു വിട്ടുവീഴച്ചാ മനോഭാവം കാണിക്കുന്നതായി കാണാറുണ്ട്. അവര്‍ക്ക് കുടുംബത്തില്‍ നിന്നുള്ള പിന്തുണയുടെ കുറവ്, വീട്ടുകാര്യങ്ങള്‍ക്കൊപ്പം ബിസിനസും കൊണ്ടുപോകാന്‍ കഴിയാതെ വരുക, സാമ്പത്തികമായ പ്രശ്‌നങ്ങള്‍, അറിവില്ലായ്മ, കൃത്യമായി പഠിക്കാതെ ആരുടെയെങ്കിലും വാക്കുകേട്ട് ബിസിനസ്സിലേക്ക് ഇറങ്ങിത്തിരിക്കുക, പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതിരിക്കുക... എന്നിങ്ങനെ പലതും മുകളില്‍ പറഞ്ഞ അഞ്ച് കാര്യങ്ങളെ ബാധിക്കാറുണ്ട്. ഇത് പുരുഷന്മാരുടേതിനേക്കാള്‍ സ്ത്രീകളുടെ സംരംഭങ്ങളില്‍ ഏറെയാണ് താനും. ഇവയെല്ലാം മറികടന്നാലെ നല്ലൊരു സംരംഭകയാവാന്‍ കഴിയൂ. 

പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)