താണിക്കുടം എന്ന ചെറുഗ്രാമത്തിൽ നിന്ന് പഠിച്ചുവളർന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും താങ്ങും തണലുമായവൾ. എട്ടുവയസ്സുള്ളപ്പോൾ വെടിമരുന്നപകടത്തിൽ പൊള്ളലേറ്റ് അച്ഛന്റെ മരണം. മൂന്ന് പെണ്ണുങ്ങൾക്കൊപ്പം കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും നടുവിലൂടെയായിരുന്നു ശ്രുതിയുടെ ജീവിതം.
എന്നാലിന്ന്, പ്രതിവർഷം ഒന്നേകാൽ കോടി രൂപ വരുമാനമുള്ള, നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരംഭക കൂടിയാണ് ശ്രുതി. കൂടാതെ, യൂട്യൂബിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും ഹെൽത്ത് ട്രെയിനറും. കടന്നുവന്ന വഴികളും ചുറ്റുപാടുകളുമെല്ലാം ശ്രുതിയുടെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. തന്റെ ബാല്യകാലത്തെക്കുറിച്ചവർ ഓർത്തെടുത്തു.
“മില്ല് തൊഴിലാളി ആയിരുന്നു അമ്മ. ഇടയ്ക്ക് വെച്ച് കമ്പനി പൂട്ടിപ്പോയപ്പോൾ അമ്മയുടെ ജോലി നഷ്ടപ്പെട്ടു. ലോൺ എടുത്തുവച്ച വീടിന്റെ അടവ് മുടങ്ങിയപ്പോൾ അതെല്ലാം വിറ്റ് കടംവീട്ടി, ബാക്കി പൈസയ്ക്ക് പുരയിടം വാങ്ങി വീട് വച്ചു. പിന്നീട് അമ്മ അതൊരു തൊഴിലായി ഏറ്റെടുത്തു. ലോൺ എടുത്ത് വീട് പണിത് കൊടുക്കും. അമ്മയ്ക്കൊപ്പം ഞാനും കൂടി. വീട് പണിയുടെ എല്ലാ ഘട്ടത്തിലും ജോലിക്കാരെ നിർത്താനുള്ള ബുദ്ധിമുട്ടുകാരണം പെയിന്റ് പണിയും മറ്റ് ചില ജോലികളും ഞാനും ഏറ്റെടുത്തു.
അക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതലേ, എനിക്ക് അധ്യാപിക ആകാനായിരുന്നു താല്പര്യം. കഷ്ടപ്പാടുകൾക്കിടയിലും എങ്ങനെയൊക്കെയോ അമ്മ പഠിപ്പിച്ചു. എം എസ് ഡബ്ലിയുയിൽ ബിരുദാനന്തര ബിരുദവും സെറ്റും. ഇതിനിടയിൽ ഡബ്ബിങ് ആർട്ടിസ്റ്റാകാനും ഞാനൊരു ശ്രമം നടത്തി. മോഹൻ സിതാര സാറിന്റെ ഒരു പരസ്യത്തിന്റെ റെക്കോഡിങ്ങിന് പോയതായിരുന്നു തുടക്കം. അതോടെ ആത്മവിശ്വാസം കൈവന്നു. ഒന്ന് രണ്ട് പരസ്യചിത്രത്തിൽ അഭിനയിച്ചു.
ഇതിനിടയിൽ ഡാൻസും പഠിച്ചു. കുട്ടികൾക്ക് വീട്ടിൽ ട്യൂഷനെടുത്തു. എല്ലാത്തിനുമുപരിയായി കൗമാരത്തിലെ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗം എന്നെ പിടികൂടിയിരുന്നു. ആഷ്‌മോട്ടോ ഡിസീസ്. വിറ്റാമിന്റെ കുറവ് വന്നാലും മാനസിക സമ്മർദ്ദം വരുമ്പോഴും ഭക്ഷണം നേരത്തെ കഴിക്കാതെ വന്നാലുമെല്ലാം ഈ വില്ലൻ തലപൊക്കും. അതൊന്നും അന്ന് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
ഒടുവിൽ സ്വപ്ന ജോലിയായ അധ്യാപനം തേടിയെത്തി. എറണാകുളത്ത് ഒരു കോളേജിൽ അധ്യാപികയായി ജോലി കിട്ടി. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. ആദ്യത്തെ കുഞ്ഞ് പിറന്നു. പ്രസവാനന്തര വിഷാദത്തിനൊപ്പം എന്റെ രോഗവും തലപൊക്കി. പ്രതിസന്ധികളെ തരണം ചെയ്ത് വീണ്ടും മുന്നോട്ട് പോയി. കുറച്ചുകാലം ഒരു സ്‌കൂളിൽ സ്റ്റുഡന്റ് കൗൺസിലറായി ജോലി ചെയ്തു. അസുഖവും ബുദ്ധിമുട്ടുകളും കാരണം ജോലിയ്ക്ക് പോകാൻ വയ്യാതായി.
വീട്ടിലിരുന്ന് ആരെയോ പഠിപ്പിക്കുന്നപോലെ ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുറച്ച് വീഡിയോ എടുത്തു. ആരെയും കാണിക്കാനല്ലെങ്കിലും സ്വയം സംതൃപ്തി കിട്ടാനായിരുന്നു അന്ന് അതെല്ലാം ചെയ്തത്. അവസാനം അതൊരു യൂട്യൂബ് പ്ലാറ്റ്‌ഫോമിലെത്തി. കൊറോണക്കാലത്ത് നിരവധി യൂട്യൂബ്ചാനലുകൾ പൊങ്ങിവന്ന സമയത്തായിരുന്നു ഞാനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്.”
‘Sruthysworld’ എന്ന യൂട്യൂബ് ചാനൽ ഉടമയും,’Sruthy's Amma' എന്ന ഹെർബൽ കോസ്മറ്റിക്സ് സ്ഥാപനത്തിന്റെ ഉടമയുമാണ് ശ്രുതി. നാടൻ കണ്മഷിയും ചെമ്പരത്തി ജെല്ലുകളും കുങ്കുമവും നീലയമരിയും കരിഞ്ചീരക എണ്ണയുമെല്ലാം ഇന്ന് ശ്രുതിയുടെ കൈകളിലൂടെ പുറംലോകത്തെത്തുന്നുണ്ട്.
“പ്രസവശേഷം എന്റെ മുടി നന്നായി കൊഴിയാൻ തുടങ്ങി, അന്ന് ഞാൻ ഉപയോഗിച്ച എണ്ണയും കൂട്ടുമെല്ലാം വിശദമായി പറഞ്ഞുകൊണ്ടൊരു വീഡിയോ പോസ്റ്റ് ചെയ്തു. ആ വീഡിയോ ലക്ഷം കാഴ്ചക്കാരെ സമ്മാനിച്ചു. വീണ്ടും വീഡിയോകൾ ചെയ്യാൻ അത് പ്രചോദനമായി.
മോളെ കുളിപ്പിക്കാനായി തയ്യാറാക്കിയ കരിഞ്ചീരക എണ്ണ കൂട്ടാണ് എന്നെ സംരംഭത്തിലേക്കെത്തിച്ചത്. ആ വീഡിയോ പോസ്റ്റ് ചെയ്ത ഉടനെതന്നെ, എണ്ണ ഉണ്ടാക്കിത്തരുമോ എന്ന ആവശ്യവുമായി നിരവധിപ്പേരെത്തി. ആദ്യം വെറും ഒരു ബോട്ടിലിൽ തുടങ്ങിയതാണ് പിന്നെ അത് പത്തായി ഇരുപതായി ഇന്ന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഒരു സംരംഭമാണ് എന്റേത്.”
സംരംഭകയാകാനുള്ള തുടക്കം ശ്രുതിയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. എണ്ണ ഉണ്ടാക്കാനുള്ള ഉരുളിവരെ വാടകയ്‌ക്കെടുത്തായിരുന്നു തുടക്കം. ആവശ്യക്കാരേറുമ്പോഴും സംരംഭം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന വ്യക്തമായ ആസൂത്രണമോ ധാരണകളോ ഒന്നും ശ്രുതിയ്ക്കുണ്ടായിരുന്നില്ല.
“ഒരു ദിവസം തന്നെ ഞാൻ നൂറും ഇരുന്നൂറും ലിറ്റർ എണ്ണ ഉണ്ടാക്കിയിട്ടുണ്ട്. അത് കഴിഞ്ഞ് ഓർഡർ എടുക്കാൻ ഇരിക്കും, വെബ്‌സൈറ്റൊന്നും അന്നില്ല. ആവശ്യക്കാരുടെ അഡ്രസ്സുകൾ ഒരു പേപ്പറിൽ കുറിച്ചെടുക്കും. തുടക്കത്തിൽ എണ്ണ അരിച്ചെടുത്തിരുന്നത് അലക്കിയ തുണിയിലായിരുന്നു. ഒരു ഘട്ടത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവശ്യക്കാരായെത്തി. മുടി ഒരിക്കലും വളരാത്തവരും, ടി ആർ പി ട്രീറ്റ്‌മെന്റുകൾ എടുത്തവരും, അലോപേഷ്യ ഏരിയറ്റ ഉള്ളവർ പോലും എന്റെ എണ്ണ ഉപയോഗിക്കാൻ തുടങ്ങി.
സംരംഭം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ, ഞാൻ ആയുർവേദ ചർമ്മ സംരക്ഷണ കോഴ്സുകൾ പാസ്സായി. മുടി തീരെ കൊഴിഞ്ഞ്, ആത്മവിശ്വാസം ഇല്ലാത്തവർക്ക് ഒരു മാനസിക പിന്തുണ നൽകാനായി ഇതോടൊപ്പം തന്നെ ഞാൻ കൗൺസിലിങ്ങും എടുക്കാൻ തുടങ്ങി. ഇന്ന് 550 സ്‌ക്വയറിലുള്ള ഒരു മനോഹരമായി യൂണിറ്റാണ് എന്റേത്. നൂറുശതമാനം പ്രകൃതിദത്തമായ എണ്ണയുടെ നിർമാണശാല.
പണ്ട് നാളികേരം പറക്കിയിട്ടിരുന്ന ചായ്പ്പിലായിരുന്നു ഞങ്ങളുടെ താമസം. ഇന്ന് അത് ഒരു സംരംഭമായി മാറി. ഇപ്പോൾ ഏകദേശം 5 വർഷമായി. ഇതിനിടയിൽ ഒരുപാട് പേരുടെ പിന്തുണയും സഹായവും ഉണ്ടായിട്ടുണ്ട്. സംരംഭത്തിലൂടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം പോലും സാധ്യമായത്.’’
അധ്യാപകനായ ശ്രീകുമാറായിരുന്നു ശ്രുതിയുടെ കരുത്തുറ്റ തീരുമാനങ്ങൾക്കുപിന്നിലെ ശക്തി. പൂജ്യത്തിൽ നിന്ന് തുടങ്ങിയ സംരംഭത്തിന് കുടുംബത്തിന്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നവർ പറയുന്നു.
“പൂജ്യത്തിൽ നിന്നാണ് ഞങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത്. ഒന്നും അറിയില്ല. സാധനങ്ങൾ എങ്ങനെ പുറത്തെത്തിക്കണം എന്നുപോലും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ, ഞാനും കുട്ടികളും മാഷും(ഭർത്താവ്) കൂടി രാത്രി പല വലിയ ഗോഡൗണുകളിലും പോകും, അവിടെയുള്ള ബാക്കിവന്ന കാർഡ്ബോർഡ് ബോക്സിന്റെ വേസ്റ്റുകൾ മുറിച്ചെടുത്ത് ടേപ്പ് കൊണ്ട് ഒട്ടിച്ച് ബോക്‌സ് രൂപത്തിലാക്കും. അതിലായിരുന്നു ഓർഡറുകൾ അയച്ചുകൊണ്ടിരുന്നത്. ഇന്നിപ്പോൾ, എന്റെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രത്യേക ബോക്‌സ് തയ്യാറാക്കാൻ പോലും ആളുകളുണ്ട്.
ശ്രുതിയുടെ ജീവിതം, സംരംഭകയാകാനൊരുങ്ങുന്ന ഏതൊരു സ്ത്രീയ്ക്കും പ്രചോദനമാണ്. കൃത്യമായ ലക്ഷ്യബോധവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജവവും മാത്രം മതിയെന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Sruthy`s incredible journey from a small village, facing tragedy and hardship, to becoming a successful entrepreneur with 1.25 crore annual revenue and a social media influencer.
Published: 24 Oct 2025, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented