
പ്രതീകാത്മകചിത്രം(AI Generated)
സ്വന്തം കാലില്‍ നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കാനും ബിസിനസ്, സംരംഭക രംഗത്തേക്ക് വരുന്ന സ്ത്രികളുടെ എണ്ണം കേരളത്തില്‍ അനുദിനം വര്‍ധിക്കുകയാണ്. സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വളരെയേറെ ലഘുവാക്കിയതും കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാകുന്നതും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന തീവ്രമായ ആഗ്രഹവും വീട്ടമ്മമാരെയും യുവതികളെയും സ്വന്തം സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ വലുതായി പ്രേരിപ്പിക്കുകയാണ്. .
പലപ്പോഴും നടപടിക്രമങ്ങള്‍ പാലിക്കാനുള്ള നെട്ടോട്ടവും മുതല്‍ മുടക്കാനുള്ള പണം സംഘടിപ്പിക്കാനുള്ള അലച്ചിലും മൂലം പല സരംഭകര്‍ക്കും അവരുടെ ഉല്‍പ്പന്നം വിറ്റഴിക്കുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബിസിനസ് തുടങ്ങുക എന്നത് താരതമ്യേന എളുപ്പമായ സ്ഥിതിക്ക് വിപണന കാര്യങ്ങളില്‍ കൂടി ശ്രദ്ധ കൂട്ടിയാല്‍ വിജയം എളുപ്പമാക്കാം. പ്രത്യേകിച്ച് ഈ രംഗത്ത് കാര്യമായ അനുഭവസമ്പത്തില്ലാതെ കടന്നുവരുന്ന വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍. ബിസിനസില്‍ വിജയം വരിച്ചവര്‍ തുടക്കത്തില്‍ പിന്തുടര്‍ന്നിരുന്ന ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രാരംഭ കാലത്തെ തിരിച്ചടികള്‍ ഒഴിവാക്കാം.
1. ഒറ്റരാത്രി കൊണ്ട് ഒരു സംരംഭവും ക്ലിക്ക് ആകില്ല. ഒരു ചെടി നട്ടാല്‍ അത് വളര്‍ന്ന് വലുതാകാന്‍ ആവശ്യത്തിന് സമയവും സാവകാശവും വേണമെന്ന് പറയുന്നതു പോലെയാണ് സംരംഭങ്ങളുടെ കാര്യവും. ക്ഷമയോടെയുള്ള കാത്തിരിപ്പ് അനിവാര്യമാണ്
2. വില്‍പ്പന ഉദേശിച്ച രീതിയില്‍ മുന്നോട്ടു പോയില്ലെങ്കില്‍ പലരും ആദ്യം ചെയ്യുന്നത് വലിയ ഡിസ്‌കൗണ്ടും വിലക്കുറവും ഓഫറുകളും പ്രഖ്യാപിക്കും. കന്നി സംരംഭകര്‍ ഈ വഴി തിരഞ്ഞെടുക്കുന്നത് ആശാസ്യമല്ല. വില കുറച്ചുകൊടുത്തതു കൊണ്ട് മാത്രം ഉപഭോക്താക്കള്‍ അതില്‍ വീഴുമെന്ന് കരുതരുത്. വില കുറവാണെങ്കില്‍ ആദ്യം ആളുകള്‍ നിങ്ങളുടെ ഉല്‍പ്പങ്ങള്‍ വാങ്ങിയേക്കാം. പക്ഷേ വിലയ്ക്കൊത്ത മൂല്യം ഉണ്ടങ്കിലേ വീണ്ടും ഉല്‍പ്പങ്ങള്‍ വാങ്ങൂ.
3. വലിയ രീതിയില്‍ പരസ്യമില്ല എങ്കില്‍ ഉല്‍പ്പന്നം വിറ്റഴിയില്ല എന്നു കരുതുന്നവരുണ്ട്. പരസ്യം ആവശ്യമാണ്. എന്നാല്‍ തുടക്കത്തില്‍ വലിയ ബജറ്റ് ഇതിനായി ചില വഴിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കണം. ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വ്ളോഗര്‍ , യൂട്യൂബേഴ്‌സ് തുടങ്ങിയവരെ ഉപയോഗിച്ചും വിപണി വികസിപ്പിക്കാം.
4. സമാന ഉല്‍പ്പന്ന നിര്‍മാതാക്കളുടെ തന്ത്രങ്ങളെ അതേപടി അന്ധമായി അനുകരിക്കരുത്. അവര്‍ ചെയ്യുന്ന പുതിയ കാര്യങ്ങളെ വിലയിരുത്തുക. അവ അതിനേക്കാള്‍ മികച്ച രീതിയില്‍ എങ്ങനെ ചെയ്യാമെന്ന് പഠിക്കുക.
5. റീറ്റെയ്ലേഴ്സിനെ അവഗണിക്കരുത്. കച്ചവടക്കാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. നിങ്ങളുടെ ഉല്‍പ്പന്നം മികച്ച നിലവാരം ഉള്ളതായിരിക്കാം. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരവുമാകാം. അതുകൊണ്ട് വില്‍പ്പനക്കാര്‍ നിങ്ങളുടെ വരുതിയില്‍ എപ്പോഴും നിന്നുവെന്നു വരില്ല.അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കരുത്. വില്‍പ്പന കുടുമ്പോള്‍ കമ്മീഷന്‍ ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നതു പോലുള്ള നടപടികള്‍ സ്വീകരിക്കരുത്.
6. ഉല്‍പ്പന്നത്തിന്റെ പാക്കിങ്, വില്‍പ്പനാനന്തര സേവനം തുടങ്ങിയവയും മികച്ചതാക്കണം. ഉല്‍പ്പന്നം നല്ലതായതുകൊണ്ട് മാത്രം പുതിയ കസ്റ്റമേഴ്സിനെ കിട്ടിക്കൊണ്ടിരിക്കും എന്നു കരുതരുത്. എപ്പോഴും വിപണി വളര്‍ത്താന്‍ സഹായിക്കുക പുതിയ ഉപഭോക്താക്കള്‍ നിങ്ങളെ തേടിവരുമ്പോഴാണ് സംരംഭം വിജയിക്കുന്നതും വളരുന്നതും.
7. പുതിയ ആശയങ്ങള്‍ സ്വീകരിക്കാം, പരീക്ഷിക്കാം. സ്വന്തം സ്ഥാപനത്തിനുള്ളില്‍ പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. മികച്ച ഐഡിയ കൊണ്ടുവരുന്ന ജീവനക്കാരെ , അവരെത്ര ചെറിയവരായാലും പ്രോല്‍സാഹിപ്പിക്കുക
8. ഒരു ഉപഭോക്താവിനെപ്പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ചോദിച്ചപ്പോള്‍ ഉല്‍പ്പന്നം കിട്ടാതിരുന്നതു കൊണ്ടോ, പരാതിക്ക് മറുപടി കിട്ടാത്തതുകൊണ്ടോ, കേടുപാടുള്ള സാധനം കടയില്‍ കൊണ്ടുവന്നപ്പോള്‍ മാറ്റിത്തരാന്‍ പറ്റില്ലെന്ന് കടക്കാരന്‍ പറഞ്ഞതുകൊണ്ടോ ഉപഭോക്താക്കള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തെ ഉപേക്ഷിച്ചു പോകാന്‍ ഇടവരുത്തരുത്. കസ്റ്റമര്‍ സര്‍വീസ് മികച്ചതായിരിക്കണമെന്ന് ചുരുക്കം.
9. എതിരാളികളുടെ ഉല്‍പ്പന്നവും നിങ്ങളുടെ ബ്രാന്‍ഡും തമ്മില്‍ ഗുണമേന്മയിലും വിലയിലും മറ്റും വലിയ അന്തരമില്ലെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നം കിട്ടിയില്ലെങ്കില്‍ എതിരാളിയുടേത് ഉപഭോക്താവ് വാങ്ങിയെന്നിരിക്കും. ഇങ്ങനെ പലതവണ വാങ്ങേണ്ടിവന്നാല്‍ ഉപഭോക്താവ് നമ്മുടെ പ്രോഡക്ടിനെ ശ്രദ്ധിക്കണമെന്നില്ല. അതുകൊണ്ട് സപ്ലൈ എപ്പോഴും കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. വില്‍പ്പനയെ സംബന്ധിച്ച് കൃത്യമായ ഫോളോ അപ്പ് ഓരോ കടക്കാരനുമായും നടത്തിക്കൊണ്ടിരിക്കണം.
10. ഉപഭോക്താക്കളുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം നല്‍കണം. ഫോണ്‍നമ്പരും വിലാസവും നിങ്ങളുടെ ഉല്‍പ്പത്തിന്റെ പാക്കറ്റില്‍ വ്യക്തമായി ഉണ്ടാകണം. ആരു വിളിച്ചാലും കോള്‍ എടുക്കണം. കത്തുകള്‍ക്ക് മറുപടിയും അയയ്ക്കണം. പരാതികളുടെ ന്യയാന്യായങ്ങളിലേക്ക് ആദ്യം കടക്കണം എന്നില്ല. ഉപഭോക്താക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യരുത്. മുടക്കിയ പണം നഷ്ടമായല്ലോ എന്ന മനോവിഷമത്തിലാകും ചിലപ്പോള്‍ ഉപഭോക്താക്കള്‍ വിളിക്കുകയോ കത്തെഴുതുകയോ ചെയ്യുക. അവരെ കൂടുതല്‍ പ്രകോപിപ്പിക്കരുത്. ഒന്നോ രണ്ടോ പാക്കറ്റ് മറുപടിക്കൊപ്പം സൗജന്യമായി നല്‍കിയാലും തെറ്റില്ല.
( ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍. jayakumarkk8@gmail.com)
Content Highlights: Learn key strategies for women-owned businesses to thrive. From marketing to customer service, these tips will help you succeed.
Published: 13 Sept 2025, 03:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented