നാല്പത് കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിതം മന്ദഗതിയിലാകുന്നു എന്ന ധാരണ ഇന്നും പലർക്കുമുണ്ട്. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ്. കുട്ടികൾ വളരുന്നു. കുടുംബച്ചുമതലകൾ കുറയുന്നു. ജീവിത അനുഭവം വർധിക്കുന്നു. ഈ ഘട്ടം എന്തിന്റെയെങ്കിലും അവസാനമല്ല; മറിച്ച് ഒരു പുതിയ തുടക്കമാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ''സെക്കൻഡ് ഇന്നിംഗ്സ്'' ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം തന്നെയാണ് 40+.

 പഠനത്തിന് പ്രായമില്ല

എന്തെങ്കിലുമൊരു സ്‌കിൽ പുതുതായി പഠിക്കാൻ പറഞ്ഞാൽ നാല്പത് കഴിഞ്ഞു ഇനി എന്ത് പഠിക്കാനാ, പഠിച്ചിട്ട് എന്തിനാ എന്ന ധാരണയാണ് പലർക്കും ഇപ്പോഴും ഉണ്ട്. പക്ഷേ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് പഠനത്തിന് പ്രായപരിധിയില്ല, കോളേജിന്റെ മതിലുകളും ആവശ്യമില്ല. ഒരു സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, ദിവസത്തിൽ ഒരു മണിക്കൂർ - ഇത്രയൊക്കെ മതി ഒരു പുതിയ ജീവിതഘട്ടം തുടങ്ങാൻ.

ഏത് സ്‌കിൽ തിരഞ്ഞെടുക്കണം?

സ്‌കിൽ തിരഞ്ഞെടുക്കുമ്പോൾ രണ്ട് കാര്യങ്ങൾ ചിന്തിക്കുക:

ഒന്ന് - നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്ത്?

രണ്ട് - വിപണിയിൽ ഡിമാൻഡ് ഉള്ളത് എന്ത്?

1. ഡിജിറ്റൽ മാർക്കറ്റിംഗ്

ചെറിയ ബിസിനസുകൾ മുതൽ വലിയ സ്ഥാപനങ്ങൾ വരെ സോഷ്യൽ മീഡിയയിൽ സാന്നിധ്യം ശക്തമാക്കാൻ ആളുകളെ തേടുകയാണ്. ഫേസ് ബുക്ക് കൈകാര്യം ചെയ്യൽ, ഇൻസ്റ്റഗ്രാം കണ്ടന്റ് പ്ലാനിംഗ് , ബേസിക് ആഡ് കാംമ്പയിൻ എന്നിവ പഠിച്ചാൽ ചെറിയ സ്ഥാപനങ്ങൾക്ക് സേവനം നൽകാം.

എങ്ങനെ തുടങ്ങണം

ആദ്യമായി സ്വന്തം പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങുക. ഒരു വിഷയത്തിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുക. അത് തന്നെ നിങ്ങളുടെ പ്രാക്ടീസ് ലാബ്.

2. കണ്ടന്റ് റൈറ്റിംഗ്

മലയാളത്തിലും ഇംഗ്ലീഷിലും നന്നായി എഴുതാൻ കഴിവുണ്ടെങ്കിൽ ഇത് മികച്ച അവസരമാണ്. ബ്ലോഗുകൾ, വെബ്സൈറ്റുകൾ, യൂ ടൂബ് സ്‌ക്രിപ്റ്റുകൾ, പ്രോഡക്ട് ഡിസ്‌ക്രിപ്ഷൻസ് - എല്ലായിടത്തും എഴുത്തുകാരെ ആവശ്യമുണ്ട്.

എങ്ങനെ തുടങ്ങണം

സ്വന്തമായി ചെറിയ ബ്ലോഗ് തുടങ്ങുക. അഞ്ച് മികച്ച ലേഖനങ്ങൾ തയ്യാറാക്കി ഒരു പോർട്ട്‌ഫോളിയോ രൂപപ്പെടുത്തുക.

3. ഗ്രാഫിക് ഡിസൈൻ

കാൻവ പോലുള്ള ലളിതമായ ടൂളുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളും പോസ്റ്ററുകളും ഡിസൈൻ ചെയ്യാം. അഡ്വാൻസ്ഡ് സോഫ്റ്റ്‌വെയർ പഠിക്കാതെ തന്നെ ചെറിയ ജോലികൾ ലഭിക്കാം.

എങ്ങനെ തുടങ്ങണം

പരിചയക്കാരായ ബിസിനസുകാരുടെ സ്ഥാപനങ്ങൾ ഇതേവരെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിൽ അവരെ നേരിട്ട് സമീപിക്കുക. സാമ്പിളായി അവരുടെ സ്ഥാപനത്തെക്കുറിച്ച് നിങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകൾ കാണിക്കാം.

4. സോഷ്യൽ മീഡിയ മാനേജ്‌മെന്റ്

ഇത് കണ്ടന്റ് റൈറ്റിങ്, ബേസിക് ഡിസൈനിങ്, ക്ലയിന്റ് റിറ്റെൻഷൻ തുടങ്ങിയവയുടെ സംയോജനം ആണ്. വീട്ടിൽ ഇരുന്ന പാർട്ട് ടൈം ആയി ചെയ്യാൻ പറ്റിയ ജോലി.

എങ്ങനെ തുടങ്ങണം

രണ്ടോ മൂന്നോ ലോക്കൽ ബിസിനസുകൾ കണ്ടെത്തി ''മാസം 5,000-ക്ക് പേജ് മാനേജ് ചെയ്യാം'' എന്ന് പ്രൊപ്പോസൽ നൽകുക.

5. ബേസിക് അക്കൗണ്ടിംഗ് (Tally, GST filing)

ചെറിയ വ്യാപാര സ്ഥാപനങ്ങൾക്ക് പാർട്ട് ടൈം അക്കൗണ്ടിംഗ് സഹായം ആവശ്യമുണ്ട്. മൂന്ന് മുതൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് മതി.

എങ്ങനെ തുടങ്ങണം

സമീപത്തുള്ള ഒരു കടയിലോ സ്ഥാപനത്തിലോ ട്രെയിനി, അപ്രന്റീസ് തുടങ്ങിയ രീതിയിൽ രണ്ടു മാസം പ്രവർത്തിച്ച് പ്രവർത്തന പരിചയം നേടുക.

എങ്ങനെ പഠിക്കണം?

ഇവയെല്ലാം ഇന്ന് ഡിമാൻഡുള്ള ചില തൊഴിൽ മേഖലകളാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇവയ്‌ക്കെല്ലാമുള്ള വിവിധ കോഴ്‌സുകൾ ലഭ്യമാണ്. പക്ഷേ കോഴ്സ് മാത്രം പഠിച്ചിട്ട് കാര്യമില്ല. പഠിച്ചതിന് ശേഷം പ്രാക്ടീസ് നിർബന്ധം.

ഒരു ലളിതമായ പ്ലാൻ തയ്യാറാക്കുക:

  1. ആദ്യ മാസം - അടിസ്ഥാന അറിവ്
  2. രണ്ടാം മാസം - ചെറിയ പ്രോജക്ടുകൾ
  3. മൂന്നാം മാസം - പോർട്ട്‌ഫോളിയോ തയ്യാറാക്കൽ
  4. നാലാം മാസം - ചെറിയ paid assignments തേടൽ
  5. ആറാം മാസം - സ്ഥിര വരുമാന ലക്ഷ്യം

ദിവസവും ഒരു മണിക്കൂർ മാറ്റിവെച്ചാൽ ആറു മാസത്തിനുള്ളിൽ ഒരു പുതിയ കഴിവ് കൈവശമാക്കാം.

ആത്മവിശ്വാസത്തിന്റെ പുനർജനനം

ഓരോരുത്തരുടെയും സ്‌കിൽ അപ്‌ഗ്രേഡ് ചെയ്യുന്നതും പുതിയ സ്‌കിൽ നേടുന്നതും വെറും ജോലി ലഭിക്കാൻ മാത്രം അല്ല. വർഷങ്ങളോളം കുടുംബത്തിന് വേണ്ടി പ്രവർത്തിച്ച സ്ത്രീക്ക് ''ഞാനും കഴിവുള്ളവളാണ്'' എന്ന ബോധം തിരികെ നൽകുന്ന പ്രക്രിയയാണിത്. സ്വന്തം വരുമാനം ഉണ്ടാകുമ്പോൾ സംസാരിക്കുന്ന ശബ്ദത്തിനും ആത്മവിശ്വാസത്തിനും മാറ്റമുണ്ടാകും.

സെക്കൻഡ് ഇന്നിംഗ്സിന്റെ ആദ്യ പടി പണവുമായി തുടങ്ങേണ്ടതില്ല. പുതിയ ഒരു സ്‌കിൽ പഠിക്കാൻ എടുത്ത തീരുമാനം തന്നെയാണ് ആദ്യ നിക്ഷേപം.

പാർട്ട് ടൈം ഇൻകം

പൂർണ്ണ സമയം ശമ്പളമുള്ള ജോലി ചെയ്യാൻ കഴിയാത്തത് പരാജയമല്ല. പല സ്ത്രീകൾക്കും വീട്ടുചുമതല, മുതിർന്നവരുടെ പരിചരണം, ആരോഗ്യപരമായ കാരണങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം സ്ഥിര ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ അതുകൊണ്ട് വരുമാന സാധ്യതകൾ അടയുന്നില്ല. ശരിയായ രീതിയിൽ പദ്ധതിയിട്ടാൽ പാർട്ട് ടൈം വഴികളിലൂടെ മാസത്തിൽ ?10,000 മുതൽ ?25,000 വരെ അധിക വരുമാനം നേടാം.

ആദ്യം ചെയ്യേണ്ടത്: സമയം ഓഡിറ്റ്

ആഴ്ചയിൽ എത്ര മണിക്കൂർ നിങ്ങൾക്ക് ഇതിനായി മാറ്റിവയ്ക്കാം? ദിവസത്തിൽ രണ്ട് മണിക്കൂർ, ആഴ്ചയിൽ അഞ്ച് ദിവസം - അതായത് 10 മണിക്കൂർ. ഈ 10 മണിക്കൂർ എങ്ങനെ വരുമാനമാക്കാം എന്നതാണ് ചിന്തിക്കേണ്ടത്. ''സമയം കിട്ടുമ്പോൾ ചെയ്യും'' എന്ന സമീപനം വിജയകരമല്ല. നിശ്ചിത സമയക്രമം നിർബന്ധമാണ്.

സമയക്രമം പാലിച്ച് ചെയ്യാൻ പറ്റുന്ന ചില സംരംഭങ്ങൾ നോക്കാം

1. ഓൺലൈൻ ട്യൂഷൻ

സ്‌കൂൾ വിഷയങ്ങളിൽ നന്നായി അറിവുണ്ടോ? ഇംഗ്ലീഷ്, ഗണിതം, സയൻസ്, മലയാളം - എന്തായാലും മതി. സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റ് വഴി വീട്ടിൽ നിന്ന് തന്നെ ക്ലാസുകൾ എടുക്കാം.

പ്രായോഗിക മാർഗങ്ങൾ:

  • ആദ്യം പരിചയമുള്ള വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങുക.
  • ഒരു മണിക്കൂറിന് 300-500 രൂപ എന്ന നിരക്ക് നിശ്ചയിക്കാം.
  • നാല് വിദ്യാർത്ഥികൾ, ദിവസത്തിൽ രണ്ട് മണിക്കൂർ - മാസത്തിൽ ഏകദേശം 12,000-16,000 രൂപ ലഭിക്കും
  • വാട്‌സാപ്പ് ഗ്രൂപ്പ് വഴി മാതാപിതാക്കളെ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുക. വിശ്വാസ്യതയാണ് വലിയ മൂലധനം.

2. ഹോം ബേക്കിംഗ് അല്ലെങ്കിൽ കേറ്ററിംഗ്

പാചകത്തിൽ കഴിവുണ്ടെങ്കിൽ അതിനെ വരുമാനമാക്കാം. പ്രത്യേകിച്ച് ബർത്ത്‌ഡേ കേക്ക്, സ്‌നാക് ബോക്‌സ് എന്നിവയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ട്.

പ്രായോഗിക മാർഗങ്ങൾ:

ആദ്യം 10-15 പരിചയക്കാരെ ട്രയൽ കസ്റ്റമേഴ്‌സ് ആക്കി തുടങ്ങുക.

ചെറിയ മെനു മാത്രം ഒരുക്കുക; ഒരേസമയം പല വിഭവങ്ങൾ ശ്രമിക്കരുത്.

ഇൻസ്റ്റഗ്രാം പേജ് തുറന്ന് ഫോട്ടോകൾ പോസ്റ്റ് ചെയ്യുക.

ദിവസം രണ്ട് ഓർഡർ ലഭിച്ചാൽ തന്നെ നല്ല വരുമാനം ലഭിക്കും.

3. ഹാൻഡ്മേഡ് ഉൽപ്പന്നങ്ങൾ ഓൺലൈൻ വിൽപ്പന

ജ്വല്ലറി, കാൻഡിൽ, സോപ്പ്, എംബ്രോയിഡറി, കരകൗശല വസ്തുക്കൾ അങ്ങനെ പലതുമുണ്ട്.

പ്രായോഗിക മാർഗങ്ങൾ:

  • ആദ്യം 20 ഉൽപ്പന്നങ്ങൾ തയ്യാറാക്കി ഫോട്ടോ എടുക്കുക.
  • വാട്‌സാപ്പ് ബിസിനസ് അക്കൗണ്ട് ഉപയോഗിച്ച് കാറ്റലോഗ് തയ്യാറാക്കുക.
  • കാഷ് ഓൺ ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം.
  • ഓരോ ഉൽപ്പന്നത്തിനും കുറഞ്ഞത് 30-40 ശതമാനം മാർജിൻ ഉറപ്പാക്കുക.

4. ഫ്രീലാൻസ് കണ്ടന്റ് / ഡാറ്റ എൻട്രി ജോലികൾ

എഴുത്തിലും ടൈപ്പിംഗിലും താല്പര്യമുണ്ടെങ്കിൽ വീട്ടിൽ നിന്ന് ചെയ്യാവുന്ന ജോലികൾ ലഭ്യമാണ്.

പ്രായോഗിക മാർഗങ്ങൾ:

  • ചെറിയ പോർട്ട് ഫോളിയോ തയ്യാറാക്കുക
  • ലിങ്കഡ് ഇൻ പേജ് സജ്ജമാക്കുക.
  • ചെറിയ പ്രോജക്ടുകൾ കുറഞ്ഞ നിരക്കിൽ തുടങ്ങി പിന്നീട് നിരക്ക് ഉയർത്തുക.
  • പേയ്മെന്റ് മുൻകൂർ 30 ശതമാനം വാങ്ങുന്ന ശീലം വികസിപ്പിക്കുക.

വിജയിക്കാൻ മനോഭാവം മാറ്റണം

''ഇനി വൈകി...' - 40 കഴിഞ്ഞ പല സ്ത്രീകളും ആദ്യം പറയുന്ന വാക്ക് ഇതാണ്. പക്ഷേ യഥാർത്ഥത്തിൽ വൈകിയതൊന്നുമില്ല. ജീവിതത്തിന്റെ ആദ്യ ഇന്നിംഗ്സിൽ നിങ്ങൾ സമ്പാദിച്ചതെന്താണ്? അനുഭവം, സഹനം, മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവ്, കുടുംബം കൈകാര്യം ചെയ്ത പരിചയം - ഇവയൊക്കെയാണ് ഏറ്റവും വലിയ മൂലധനം. 40 കഴിഞ്ഞാൽ പഠിക്കാനോ സമ്പാദിക്കാനോ കഴിയില്ല എന്നത് ഒരു മാനസിക തടസ്സം മാത്രമാണ്. അതിനാൽ ആദ്യം മനസ്സിൽ ഒരു മാറ്റം വേണം.

ഒരു പേപ്പറിൽ നിങ്ങളുടെ കഴിവുകൾ എഴുതുക. പാചകം, അക്കൗണ്ടിംഗ്, സംഘാടനശേഷി, സംസാരശൈലി, എഴുത്ത് - എന്തായാലും. പലർക്കും അവരുടെ കഴിവുകൾ തന്നെ വ്യക്തമായിട്ടില്ല. അവ തിരിച്ചറിയുക എന്നതാണ് ആദ്യ ചുവടുവെപ്പ്.

ആരോഗ്യവും ആത്മവിശ്വാസവും - രണ്ടും സമാനമായി പ്രധാനമാണ്

സെക്കൻഡ് ഇന്നിംഗ്സ് സാമ്പത്തികതിലൊതുങ്ങുന്നില്ല. ആരോഗ്യവും മാനസിക ഉത്സാഹവും നിർണായകം.

പ്രായോഗിക നിർദേശം:

  1. ദിവസവും 30 മിനിറ്റ് വ്യായാമം.
  2. മാസത്തിൽ ഒരു പുസ്തകം വായിക്കൽ.
  3. പുതിയ ആളുകളുമായി നെറ്റ്വർക്കിങ്.
  4. സാമ്പത്തിക വളർച്ചയ്ക്ക് സാമൂഹിക ബന്ധങ്ങളും സഹായകരമാണ്.

ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുക

വലിയ സ്വപ്നങ്ങൾ ഒരുപാട് ഭാരം നൽകാം. ചെറിയ ലക്ഷ്യങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും.

ഉദാഹരണം:

  • മൂന്ന് മാസത്തിനുള്ളിൽ 50,000 രൂപ സേവിംഗ്‌സ്
  • ആറുമാസത്തിനുള്ളിൽ ഒരു സ്‌കിൽ കോഴ്‌സ് പൂർത്തിയാക്കുക.
  • ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ 15000 രൂപയുടെ പാസീവ് ഇൻകം.

ഓരോ ലക്ഷ്യവും കൈവരിക്കുമ്പോൾ നിങ്ങളുടെ മനോഭാവം ശക്തമാകും.

ആ തീരുമാനം തന്നെയാണ് നിങ്ങളുടെ സെക്കൻഡ് ഇന്നിംഗ്സിന്റെ ആദ്യ വിജയമായ റൺ.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi