ഊർജത്തിന്റെ നിറകുടമാണ് കൊളംബിയൻ പോപ് ഗായിക ഷക്കീറ. പ്രായം 49-ലെത്തി നിൽക്കുമ്പോഴും അസാമാന്യമായ ശബ്ദഗാംഭീര്യവും നൃത്തച്ചുവടുകളുമാണ് ഷക്കീറയെ വ്യത്യസ്തയാക്കുന്നത്. ഷക്കീറയുടെ സംഗീതജീവിതം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി, ലോക സംഗീതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന കലാകാരിലൊരാളായി അനുദിനം മുന്നേറുകയാണവർ. കാലം കഴിയുന്തോറും ഗായിക കൂടുതൽ ചെറുപ്പമായി വരുന്നുവെന്നാണ് ആരാധകർക്ക് പറയാനുള്ളത്. 

To advertise here,

ഇത്തവണത്തെ ഫിഫ വേൾഡ്കപ്പിന്റെ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നായിരുന്നു. ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ 'ദായ് ദായ്' ഇരുവരും ചേർന്ന് തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നതെന്നത് മറ്റൊരു പ്രത്യേകത, ഇതിൽ ‘വക്കാ വക്കാ’ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

നിരസിക്കപ്പെടലിന്റെയും കഷ്ടപ്പാടിന്റെയും കാലം മറികടന്നാണ് ഷക്കീറ ഇന്നു കാണുന്ന ഉയരങ്ങളിലേക്കെത്തിയത്. 1977 ഫെബ്രുവരി 2-ന് കൊളംബിയയിലെ ബറാങ്കില്ലയിൽ ജനിച്ച ഷക്കീറ ഇസബെൽ മെബാറക് റിപോൾ, ചെറുപ്പം തൊട്ടേ അസാധാരണമായ സർഗ്ഗാത്മകത പ്രകടിപ്പിച്ചിരുന്നു. അച്ഛൻ വില്യം മെബാറക് ചഡിഡ് ലെബനീസ് പാരമ്പര്യമുള്ളയാളാണ്. അമ്മ നിഡിയ റിപോൾ ടൊറോഡോ കൊളംബിയൻ വംശജയായിരുന്നു. നാലാം വയസ്സിൽ ഷക്കീറ ചെറിയ വാക്കുകൾ കൂട്ടിവെച്ച് കവിതയെഴുതിത്തുടങ്ങി. 

കുടുംബാംഗങ്ങൾക്കു മുമ്പിൽ വളരെ ചെറുപ്പത്തിലേ നൃത്തം ചെയ്തും കവിത വായിച്ചും പെർഫോം ചെയ്യുമായിരുന്നു. ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും പരീക്ഷിക്കുന്ന വെല്ലുവിളികൾ അവരുട ജീവിതത്തിലുണ്ടായി. ഷക്കീറയുടെ കുട്ടിക്കാലത്തെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന് അവരുടെ സ്കൂൾ കാലഘട്ടത്തിലേതാണ്. സ്കൂൾ ഗായകസംഘത്തിൽ ചേരാനും ഗായികയാവാനുമെല്ലാം ഷക്കീറ സ്വപ്നം കണ്ട സമയം. അവരുടെ ശക്തമായ ശബ്ദം പരമ്പരാഗത ഗാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഗായകസംഘത്തിന്റെ ഡയറക്ടർ അവരെ നിരസിച്ചു. വിമർശനം അവിടെ അവസാനിച്ചില്ല. ഷക്കീറയുടെ തനതായ ശബ്ദ ശൈലിയെ ടീച്ചറും സഹപാഠികളും കളിയാക്കി. ആടിന്റെ ശബ്ദം പോലെയുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു. സംഗീതം ജീവിതവഴിയാക്കാൻ ആഗ്രഹിച്ച ഷക്കീറയ്ക്ക് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു ഈ അനുഭവം.

ആത്മവിശ്വാസം നഷ്ടപ്പെടാവുന്ന ഈ സാഹചര്യത്തിലും ഷക്കീറ പിന്മാറിയില്ല, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്റെ ഭാവിയെ നിർവചിക്കാൻ അനുവദിച്ചതുമില്ല. കുടുംബത്തിന്റെ, പ്രത്യേകിച്ചും പിതാവിന്റെ പിന്തുണയോടെ, അവർ പാടുന്നതും ഗാനങ്ങൾ എഴുതുന്നതും തുടർന്നു. അധ്യാപകരും സഹപാഠികളും വിമർശിച്ച അതേ ശബ്ദം കൊണ്ടുതന്നെ ഷക്കീറ പിന്നീട് ലോകത്തെ കീഴടക്കി. ലോകം തിരിച്ചറിയുന്ന, ഏറ്റവും ആഘോഷിക്കപ്പെടുന്ന ശബ്ദങ്ങളിലൊന്നായി അതു മാറി.

കുട്ടിക്കാലത്ത്, അച്ഛന്റെ ബിസിനസ്സിൽ തിരിച്ചടികളുണ്ടായതോടെ ദാരിദ്ര്യത്തിലൂടെയാണ് കുടുംബം കടന്നുപോയത്. ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വളർന്നതുകൊണ്ടുതന്നെ ഷക്കീറയ്ക്ക് മിതമായ ജീവിതശൈലിയിലേക്ക് മാറേണ്ടിവന്നു. ചെറുപ്പത്തിൽത്തന്നെ ഉത്തരവാദിത്തവും അഡ്ജസ്റ്റ്മെന്റുകളുമെല്ലാം ഷക്കീറ പഠിച്ചിരുന്നു.

കൗമാരപ്രായത്തിൽ, പ്രാദേശിക പരിപാടികളിൽ പാടി ഷക്കീറ കഴിവു തെളിയിച്ചു. ഗാനങ്ങൾ എഴുതുന്നത് തുടർന്നു. 13 വയസ്സിൽ തന്നെ ആദ്യത്തെ റെക്കോർഡിങ് കരാർ അവർക്ക് ലഭിച്ചിരുന്നു. അതേസമയം, ആദ്യകാലങ്ങളിൽ ഇറക്കിയ ആൽബങ്ങൾക്ക് വലിയ ശ്രദ്ധയൊന്നും കിട്ടിയിരുന്നില്ല. കടുത്ത മത്സരം നേരിടുന്ന രംഗത്ത് നിരാശകൾ നേരിടേണ്ടിവന്നു. പക്ഷേ അവർ മുന്നോട്ടുപോയി, ചരിത്രത്തിലെ ഏറ്റവും വിജയിച്ച ലാറ്റിൻ കലാകാരികളിൽ ഒരാളായി മാറുകയും ചെയ്തു. സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിൽ ഷക്കീറയ്ക്ക് പ്രാവീണ്യമുണ്ട്.

ഒരിക്കലും വിവാഹിതയായില്ല

ഷക്കീറ ഇതുവരെ വിവാഹിതയായിട്ടില്ല. 23-ാം വയസ്സിലാണ് ഷക്കീറ അഭിഭാഷകനായ അന്റോണിയോ ഡി ലാ റുവയുമായി ഡേറ്റിങ് തുടങ്ങുന്നത്. അർജന്റീനയുടെ മുൻ പ്രസിഡന്റ് ഫെർനാണ്ടോ ഡീ ലാ റുവയുടെ മകനാണദ്ദേഹം. പത്തുവർഷത്തിനുശേഷം 2010-ൽ ബന്ധം പിരിഞ്ഞു. 2011-ൽ സ്പാനിഷ് മുൻ ഫുട്ബോൾ താരം Gerard Pique-മായി പ്രണയത്തിലാണെന്ന് ഷക്കീറ സ്ഥിരീകരിച്ചു. 2010-ലെ ഫിഫ വേൾഡ് കപ്പ് ഒഫിഷ്യൽ സോങ് വക്കാ വക്കാ ചിത്രീകരിക്കുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഈ ബന്ധത്തിൽ രണ്ട് ആൺമക്കൾ പിറന്നു. 13-ഉം 11-ഉം വയസ്സാണ് ഇവരുടെ പ്രായം. മാതൃത്വം തന്റെ ജീവിതത്തെ പൂർണമായും മാറ്റിയെടുത്തുവെന്ന് ഷക്കീറ പറഞ്ഞിട്ടുണ്ട്. അതേസമയം, ഒരു പതിറ്റാണ്ടിലധികം ഒന്നിച്ചു കഴിഞ്ഞശേഷം 2022-ൽ അദ്ദേഹവുമായി പിരിഞ്ഞു. സ്പെയ്നിൽ താമസമാക്കിയിരുന്ന ഷക്കീറ അതിനുശേഷം കുട്ടികളുമായി മയാമിയിലേക്ക് താമസം മാറ്റി.

ഷക്കീറയുടെ കോടിക്കണക്കിന് റെക്കോർഡുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അവർ നേടി. 250 മില്യൺ പൗണ്ടിനും 300 മില്യൺ പൗണ്ടിനുമിടയിലാണ് അവരുടെ ആസ്തിയെന്നാണ് ഏകദേശ കണക്ക്. അതേസമയം, കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യങ്ങൾ പിൽക്കാലത്ത് അവരെ കാരുണ്യപ്രവർത്തനങ്ങളിലും സജീവമാക്കി. മോശം അവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് 1997 മുതൽ അവർ നടത്തുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi