കവിതകളിലൂടെയും മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പതിയാത്ത കാൽപ്പാടുകൾ' എന്ന ആത്മകഥയിലൂടെയും മലയാളികൾക്ക് സുപരിചിതയായ എഴുത്തുകാരിയാണ് രമ്യ തുറവൂർ. ജനിച്ച് നാലാം ദിവസം തന്റെ ഒരു കാൽ, ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്ന രമ്യയ്ക്ക് ജീവിതം ഒരു പോരാട്ടംതന്നെയായിരുന്നു. രമ്യ തുറവൂർ മനസ്സ് തുറക്കുന്നു...

To advertise here,

ഈ ജീവിതത്തിൽ എത്രത്തോളം ജീവിതം അതിൽ എത്രത്തോളം അതിജീവിതം ?
ഇത് രണ്ടും ഒന്നുതന്നെയാണ്, ജീവിതംതന്നെയാണ് എനിക്ക് അതിജീവിതവും. ഇത് വേർതിരിച്ചുകാണുക എന്നത് അത്രത്തോളം സങ്കീർണമായ ഒരു പ്രശ്‌നമാണ്. മനുഷ്യർ ജീവിതത്തെ സാധാരണമായി കാണുമ്പോൾ ഭിന്നശേഷി വ്യക്തിക്ക് അതൊരു പോരാട്ടമാണ്, അവർക്ക് ജീവിതം ഒരു സ്വാഭാവിക പ്രവാഹമല്ല മറിച്ച് അതിജീവിതത്തിന്റെ നിരന്തര അഭ്യാസമാണ്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന സ്വഭാവംതന്നെ അതിജീവനമാണ്. എന്നാൽ ഒരു ഭിന്നശേഷിക്കാരിയുടെ ജീവിതത്തിൽ ഈ സത്യം കൂടുതൽ തെളിഞ്ഞും തീവ്രമായും പ്രത്യക്ഷപ്പെടുന്നു.

അവർ നേരിടുന്ന സാമൂഹിക തടസ്സങ്ങളും ശാരീരിക വെല്ലുവിളികളും മാനസികപ്രശ്‌നങ്ങളും ജീവിതത്തെ അതിജീവനമെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ജീവിതം നമുക്ക് എന്ത് നൽകുന്നു എന്നതല്ല പ്രധാനം, നാം അതിനെ എങ്ങനെ അർത്ഥവത്കരിക്കുന്നു എന്നതാണ്. അതുകൊണ്ട് ഒരു ഭിന്നശേഷി വ്യക്തിയുടെ ജീവിതത്തിൽ ജീവിതവും അതിജീവിതവും വേർതിരിക്കാനാവാത്തതാണ്, അവർ ജീവിക്കുന്നത് തന്നെ ഒരു പൂർണമായ ജീവിതമാണ്.

'പതിയാത്ത കാൽപ്പാടുകൾ' എന്ന താങ്കളുടെ ആത്മകഥയിൽ, വളർത്തുനായയുടെ പാത്രത്തിൽ ഭക്ഷണം കഴിക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം വേദനകൾ എഴുത്തിനെ പാകപ്പെടുത്തിയിട്ടുണ്ടോ?
പാകപ്പെടുത്തിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ വേദനകളെ എഴുത്തിലേയ്ക്ക് പരിവർത്തനപ്പെടുത്തിയിട്ടുണ്ട്. കഠിനമായ ജീവിതാനുഭവങ്ങളും അവഗണനയും വേദനയും കവിതകളാക്കി മാറ്റുമ്പോൾ വേദനകൾ ഉരുകിയിറങ്ങുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ആ ഒരാശ്വാസത്തെ തുടർന്നങ്ങോട്ട് കൂട്ടുപിടിക്കുകയായിരുന്നു. സത്യത്തിൽ വേദന ഒരു രൂപാന്തരപ്രക്രിയയാണ് അത് ഒരേസമയം മനുഷ്യനെ തകർക്കുകയും പുനർസൃഷ്ടിക്കുകയും ചെയ്യും. ഈ പുനർസൃഷ്ടിയുടെ ഭാഗമാണ് എഴുത്ത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

വളർത്തുനായയുടെ പാത്രത്തിൽ ഭക്ഷണം തന്നു എന്നത് എന്നെ തകർത്തെറിഞ്ഞ ഒരു അനുഭവം ആയിരുന്നെങ്കിലും, പിന്നീടത് ഇത് കേവലം ഒരു വ്യക്തിയുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ വികലമായ മനോഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലായി. ആ അനുഭവം എന്നിലെ കവിയെക്കാളും എന്നിലെ മനുഷ്യനെയാണ് സ്വാധീനിച്ചത്. എന്റെ ഉള്ളിലെ മനുഷ്യൻ എന്ന സങ്കൽപ്പത്തെ തന്നെ രൂപപ്പെടുത്താൻ അത് കാരണമായി. ഒരു ഭിന്നശേഷിയായ ഒരു കുട്ടിയെ മനുഷ്യനായി കാണാതെ അതൊരു അവസ്ഥയായിമാത്രം കാണുന്ന ഒരു സമൂഹത്തിൽ ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ അവസ്ഥ.

ഭിന്നശേഷി സ്ത്രീ ജീവിതം അത്രയൊന്നും വിപുലമായ ഒന്നായിരുന്നില്ല അന്നത്തെ കാലത്ത് എന്ന് ആത്മകഥയിൽ പറഞ്ഞിരുന്നു. ഇന്നത് വിപുലമാണെന്നു ചിന്തിക്കുന്നുണ്ടോ?
സമൂഹം പലപ്പോഴും ശരിയായ ശരീരം, നോർമലായ മനുഷ്യർ എന്ന മാനദണ്ഡത്തിലാണ് മനുഷ്യനെ നോക്കിക്കാണുന്നത്. മനുഷ്യ ജീവിതത്തിന്റെ വിപുലത എന്നത് സ്വാതന്ത്ര്യത്തിന്റെ അളവല്ല. അത് സമൂഹം അനുവദിക്കുന്ന സാധ്യതകളുടെ വിസ്തൃതിയാണ്. ഒരു ഭിന്നശേഷി സ്ത്രീയുടെ ജീവിതം ചുരുങ്ങുന്നതിന്റെ പ്രധാനകാരണം അവളെ കാണുന്ന സമൂഹത്തിന്റെ വികലമായ മനോഭാവമാണ്. സമൂഹം അവളെ സഹതാപത്തിന്റെ പേരിൽ മാറ്റി നിർത്തുമ്പോൾ അവളുടെ വ്യക്തിത്വവും അവസരവും മറയുകയാണ് ചെയ്യുന്നത്.

ഈ സമൂഹം ഭിന്നശേഷി ജീവിതത്തിനു ഒട്ടും യോഗ്യമല്ലാത്ത ഒരിടമാണ്. നിലവിൽ ഭിന്നശേഷി വ്യക്തികളുടെ ശാരീരിക വെല്ലുവിളികളെ കൂടുതൽ സങ്കീർണമാക്കുന്ന തരത്തിലാണ് കേരളത്തിന്റെ സാമൂഹികാവസ്ഥ. പൊതു ഇടങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗതാഗത സംവിധാനം ഇവയുടെ ഘടനതന്നെ സാധാരണ ശരീരമുള്ള ഒരാളെ മാത്രം മുൻകൂട്ടി കണക്കാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

യഥാർത്ഥത്തിൽ ഭിന്നശേഷി സൗഹൃദ സമൂഹം ഉണ്ടാകണമെങ്കിൽ കരുണയോ ദാനമോ അല്ല മറിച്ച് മനുഷ്യന്റെ വ്യത്യസ്തതകൾ സ്വാഭാവികമായി അംഗീകരിക്കുന്ന ചിന്തയും സംസ്‌കാരവും ആവശ്യമാണ്. മനുഷ്യ ജീവിതത്തിന്റെ മൂല്യം അവരുടെ ശരീരത്തിന്റെ സമ്പൂർണതയിലോ കഴിവുകളിലോ മാത്രം ആശ്രയിച്ചല്ല, എന്നാൽ എന്നാൽ സമൂഹം പലപ്പോഴും ശാരീരികശേഷിയെ അടിസ്ഥാനമാക്കി വ്യക്തിയുടെ കഴിവും സാധ്യതയും വിലയിരുത്തുന്നു. അതിലൂടെ ഭിന്നശേഷി വ്യക്തിയെ അപൂർണമായ അവൾ/അവൻ എന്ന നിലയിൽ കാണുന്ന ഒരു തെറ്റായ ധാരണ രൂപപ്പെടുന്നു.

ഈ മനോഭാവമാണ് അവരെ മനുഷ്യൻ എന്ന സങ്കൽപ്പത്തിന് പുറത്തുനിർത്തുന്നത്. ഭിന്നശേഷി ജീവിതം വിപുലമാകുക എന്നത് കേവല ബാഹ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് മാത്രമല്ല, അത് മനസ്സുകളിലെ മതിൽ പൊളിച്ചെഴുത്തുന്ന ഒരു സാംസ്‌കാരികമാറ്റവും കൂടിയാണ്. മനുഷ്യന്റെ വൈവിധ്യത്തെ ഒരു പ്രശ്‌നമായി കാണാതെ അതൊരു സ്വാഭാവികതയായി കാണുന്നിടത്തേ സമൂഹം വിപുലമായി എന്നു പൂർണ അർത്ഥത്തിൽ പറയാൻ സാധിക്കൂ.

മാനസികവും ശാരീരികവുമായ ആഘാതങ്ങളെ എങ്ങനെയാണ് അതിജീവിച്ചത് ?
അത് തുടക്കത്തിൽ വായനയിലൂടെയും പിന്നീട് എഴുത്തിലൂടെയുമാണെന്നു പറയാം. വേദനിക്കുമ്പോൾ കരച്ചിലിന്റെ ഭാഷതന്നെയായിരുന്നു ആദ്യം. ശാരീരികവും മാനസികവുമായ ആഘാതങ്ങൾ ഒരു ഭിന്നശേഷി സ്ത്രീയുടെ ജീവിതത്തിൽ വെറും അനുഭവങ്ങൾ മാത്രമല്ല, അവളുടെ സ്വത്വബോധത്തെയും ലോകത്തെ കാണുന്ന രീതിയെത്തന്നെ മാറ്റിമറിക്കുന്ന അനുഭവങ്ങളാണ്. ശരിക്കും അതിജീവനം എന്നത് ആഘാതങ്ങളെ ഇല്ലാതാക്കുന്ന ഒരു പ്രക്രിയയല്ല അവയ്ക്ക് പുതിയ അർഥം നൽകുന്ന ഒന്നാണ്. ഇവിടെ അവനവനോടുള്ള പോരാട്ടങ്ങളെക്കാൾ ഉപരി സമൂഹം നിർമിച്ചുവച്ചിരിക്കുന്ന ശരീരമെന്ന മാനദണ്ഡങ്ങളോടാണല്ലോ പോരാടേണ്ടിവരുന്നത്.

പൂർണത എന്ന ആശയം തന്നെ ശരീരത്തെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ. ഞാൻ അപൂർണയാണെന്നു സമൂഹം നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുമ്പോൾ എനിക്കുള്ളിലെ സംഘർഷം മുറുകിക്കൊണ്ടിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ആ ആശയത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്റെ ശരീരം എന്നത് വ്യത്യസ്തമായ ഒരനുഭവമാണ് എന്നെനിക്ക് തോന്നിത്തുടങ്ങിയത് അന്നുമുതലാണ്.

അതിജീവനം എന്നത് വ്യക്തിപരമായ ഒരു വിജയം മാത്രമല്ല അതൊരു പ്രതിരോധമാണ്. സമൂഹം നിർണയിച്ചുവച്ചിരിക്കുന്ന പ്രതിസന്ധികളെ മറികടന്നു ഞാൻ ഇതിലും കൂടുതലാണ് എന്ന് പറയാനുള്ള ആർജ്ജവമാണ്. മനുഷ്യന്റെ ശക്തി എന്നത് അവരുടെ ശരീരത്തിലല്ല അവരുടെ ബോധത്തിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നീട് എഴുത്തിനെ കൂട്ടുപിടിച്ചപ്പോൾ മറ്റൊരു വിശാലമായ സാധ്യത എന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു.

നമ്മൾ അനുഭവിച്ച ആഘാതങ്ങൾ പറയാനാവാതെ വരുമ്പോൾ അവ ഉള്ളിൽ ഒരു ശബ്ദമായി കിടക്കും. എഴുത്ത് അത്തരം ശബ്ദത്തെ രൂപപ്പെടുത്തുന്ന ഒന്നാണ്. ശാരീരികമായി നേരിടേണ്ടിവന്ന വേദനകളും പല തരത്തിലുള്ള അവഗണനകളും അപമാനങ്ങളും മാറ്റിനിർത്തലുകളും ആത്മാവിനെ മുറിപ്പെടുത്തുമ്പോൾ ഇവയെ രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് എനിക്ക് എഴുത്ത് അനുഭവപ്പെടുന്നത്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി കുട്ടിയമ്മയാണോ? അനുഭവക്കുറിപ്പുകളും ആത്മകഥയും അങ്ങനെ ദ്യോതിപ്പിക്കുന്നു.
അതെ, എന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി കുട്ടിയമ്മ തന്നെയാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടുപോലും അവരുടെ ജീവിതബോധവും കാഴ്ചപ്പാടുകളും എന്നെ അത്ഭുതപ്പെടുത്തി. അവരുടെ കളങ്കമറ്റ സ്‌നേഹവും സമർപ്പണവും ഞാൻ മറ്റാരിലും ഇന്നേവരെ കണ്ടിട്ടില്ല. ഒരുപക്ഷെ അവർ പറഞ്ഞുതന്ന കഥകളാവാം എന്റെ ഉള്ളിലെ സങ്കല്പജീവിയെ, കവിയെ ഉണർത്തിയതെന്നു ഞാൻ കരുതുന്നു. കുട്ടിയമ്മ പറഞ്ഞുതന്ന കഥകളിലെ കഥാപാത്രങ്ങളോടൊപ്പം ഞാൻ സഞ്ചരിക്കുമായിരുന്നു.

വേദനിച്ചു കരയുന്ന രാത്രികളിൽ കുട്ടിയമ്മ പറഞ്ഞുതന്ന കഥകളിൽ ഞാനെന്റെ വലിയ ലോകം തുറന്നിട്ടു. ആ കഥകളിൽ പാട്ടും പൗരാണികതയും ജീവിതബോധവും മനുഷ്യസ്‌നേഹവുമൊക്കെ ഉൾചേർന്നിരുന്നു. കുട്ടിയമ്മയുടെ ഓരോ വാക്കും ഒരു വിത്തുപോലെ എന്റെ ഉള്ളിൽ വീണു. കാലം പോകപ്പോകെ അതവിടെകിടന്നു മുളച്ചു. പല അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ ആത്മസംഘർഷങ്ങൾ വേട്ടയാടിയപ്പോൾ അക്ഷരങ്ങളിലൂടെ അത് പുറത്തുചാടി. എന്റെ എഴുത്തിനെ ഓർമകളുടെ പ്രവാഹങ്ങളായാണ് ഞാൻ കാണുന്നത്. അതെനിക്ക് സ്വയം കണ്ടെത്തലിന്റെ വഴിയാണ്. അവരുടെ ശബ്ദത്തിലൂടെ ഞാൻ എന്റെ ശബ്ദത്തെ തിരിച്ചറിയുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പ്രണയത്തെ കുറിച്ച് ?
മനുഷ്യ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും മനോഹരവുമായ ഒരനുഭവപ്പെടുത്തലാണ് പ്രണയം. അത് മനുഷ്യനെ സ്വതന്ത്രമാക്കുന്ന ഇടമാണ്. ഈ ഒരു അർത്ഥത്തിൽ പ്രണയത്തെ മനസ്സിലാക്കിയെടുക്കാൻ ഞാൻ പ്രണയ പരാജയത്തിലെത്തേണ്ടി വന്നു എന്നതാണ് സത്യം പ്രണയത്തിന്റെ ഭാഷ അനിർവചനീയമാണ്. അത് പരസ്പരം പരിഗണിക്കുന്നതിന്റെ സൂഷ്മമായ ഭാഷയാണ്.

ഒരാളുടെ സ്വത്വത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതാവം ആ ബന്ധം. രണ്ടുപേർ പരസ്പരം ഇഷ്ടത്തോടെ ബഹുമാനത്തോടെ നിൽക്കാനുള്ള ഇടമാവണം പ്രണയത്തിൽ ഉണ്ടായിരിക്കേണ്ടത് പലപ്പോഴും നമ്മൾ പ്രണയത്തെ സന്തോഷത്തിന്റെ പര്യായമായി കാണുന്നു. പ്രണയത്തിൽ നമ്മൾ മറ്റൊരാളെ കണ്ടെത്താൻ ശ്രമിക്കുന്നു.

എന്നാൽ പരാജയം സംഭവിക്കുമ്പോൾ നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നുന്നു ഈ നഷ്ടബോധം തന്നെ ആത്മാന്വേഷണത്തിന്റെ തുടക്കമാണ്. പ്രണയത്തിന്റെ വിജയത്തിൽ നാം മറ്റൊരാളുടെ സാന്നിധ്യത്തിൽ ജീവിക്കുമ്പോൾ പരാജയത്തിൽ നമ്മൾ നമ്മുടെ സ്വന്തം സാന്നിധ്യത്തെത്തനെ തിരിച്ചറിയുന്നു.

വിവർത്തക ആയിട്ടും എന്ത്‌കൊണ്ട് ആ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കുന്നില്ല ?
വളരെ യാദൃശ്ചികമായാണ് ഞാൻ വിവർത്തനത്തിൽ എത്തിപ്പെടുന്നത്. അതിനുള്ളിലേയ്ക്ക് കടന്നപ്പോഴാണ് അതിനെ സങ്കീർണത മനസ്സിലാകുന്നത് വളരെയധികം ശ്രദ്ധയും സമർപ്പണവും ആവശ്യമുള്ള ഒരു മേഖലയാണ് വിവർത്തനം. ഒരു ഭാഷയുടെ പരിധികൾ മറികടന്ന് മനുഷ്യാനുഭവങ്ങളെ പങ്കുവയ്ക്കുന്ന ശക്തമായ ഒരു മാധ്യമമാണത്. എന്നാൽ ഇത് വെറും വാക്കുകളുടെ മാറ്റമല്ല സംസാരം വികാരം ശൈലി അർത്ഥ സൂഷ്മത എന്നിവയുടെ പുനരാവിഷ്‌കാരമാണ്.

ടോൾസ്റ്റോയ്‌യുടെ ചെറുകഥകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തുകൊണ്ടാണ് ഞാൻ വിവർത്തന രംഗത്തേയ്ക്ക് വരുന്നത്. അത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു.

അദ്ദേഹത്തിന്റെ ഭാഷയിലെ ദാർശനികതയും ആത്മീയതയും മറ്റൊരു ഭാഷയിൽ അതേ ശക്തിയോടെ അവതരിപ്പിക്കുന്നത് വിവർത്തകയെന്ന നിലയിൽ ഏറെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങളിലൂടെയാണ് ടോൾസ്റ്റോയ് വലിയ സത്യങ്ങൾ ആവിഷ്‌കരിക്കുന്നത് അതിന്റെ നിഷ്‌കളങ്കതയും സത്യസന്ധതയും നഷ്ടപ്പെടാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു.

അതിനു ശേഷം നിരവധി കവിതകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. കൂടുതലും ആഫ്രിക്കൻ കവിതകൾ ആയിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വിവർത്തനം ചെയ്ത കവിതകൾ ഒരു സമാഹാരമാക്കാനുള്ള ആലോചനയിലാണ്. വിവർത്തനം എന്നത് ഒരു തപസ്യയാണ്, ഭാഷ മാറ്റമല്ല, ഒരു സംസ്‌കാരത്തിൽനിന്നു മറ്റൊരു സംസ്‌കാരത്തിലേയ്ക്കുള്ള ആത്മാവിന്റെ യാത്രയാണ്.

ആണധികാരത്തിന്റെ മതിലുകൾ എങ്ങനെ ഇല്ലാതാക്കാൻ കഴിയും എന്നാണു ചിന്തിക്കുന്നത്?
ആണധികാരമെന്നത് ഒരവബോധത്തിന്റെ നിർമിതിയാണ്. കാണാനാവാത്ത ഒരു മതിൽ പോലെ മനുഷ്യരുടെ ചിന്തകളിലും ഭാഷയിലും അത് ചുറ്റപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ ഈ മതിലുകൾ തകർക്കുക എന്നത് ബാഹ്യമായ ഘടനകളെ മാറ്റുന്നതിലുപരി ഉള്ളിലെ അവബോധത്തെ മാറ്റുകയാണ് വേണ്ടത്. അധികാരം പങ്കുവയ്‌ക്കേണ്ട ഒന്നാണ് അത് അടിച്ചമർത്തലിന്റെ ഉപാധിയല്ല എന്ന തിരിച്ചറിവ് മനുഷ്യാവബോധത്തിൽ വളരേണ്ടതുണ്ട്.

ഞാൻ അധികാരിയാണ് എന്ന സൂഷ്മമായ ധാരണയിലാണ് ആണധികാരം നിലനിൽക്കുന്നത് ഈ ധാരണയെ തകർക്കപ്പെടാതെ സമത്വം സാധ്യമല്ല. ലിംഗം എന്ന ഒറ്റ ഘടകത്തിന്റെ അടിസ്ഥാനത്തിൽ ജീവിതത്തിന്റെ പരിധികൾ നിശ്ചയിക്കുന്നത് സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. യഥാർത്ഥ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നിടത്താണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അങ്ങനെയുള്ളിടത്തെ ആണധികാരം ഇല്ലാതാവുകയുള്ളൂ. ഓരോ മനുഷ്യനും തന്റെ ഉള്ളിലെ അധികാരബോധത്തെ തിരിച്ചറിയുകയും ആത്മപരിശോധന നടത്തുകയും സ്വയം ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമേ ഈ മതിലുകൾ ഒക്കെ തകർക്കപ്പെടുകയുള്ളൂ.

രമ്യയുടെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവ് എഴുത്തിലേയ്ക്ക് എത്തിയതാണോ?
എന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് ഞാൻ ഒന്നിനെയും അടയാളപ്പെടുത്തുന്നില്ല. എഴുത്ത് എനിക്ക് ഒരുതരം രക്ഷപ്പെടൽ മാത്രമായിരുന്നു, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരഭയ സ്ഥാനം. എന്റെ വേദനകളെയും ആത്മസംഘർഷങ്ങളെയുമൊക്കെ ഇറക്കിവയ്ക്കുന്നത് കവിതകളിലായിരുന്നു. വേദനകൾ അത്രമേൽ കാർന്നുതിന്നുന്ന ഒരുവൾ ആയിരുന്നു ഞാൻ.

ജീവിച്ചിരിക്കാനുള്ള ഒരു കാരണവും ബാഹ്യലോകത്ത് എനിക്കില്ലായിരുന്നു. അതിനാൽ സമാന്തരമായ മറ്റൊരു ലോകം നിർമിച്ചു അവിടെ ജീവിക്കാൻ തുടങ്ങി. അതായിരുന്നു എന്റെ ഭാവനയുടെയും സങ്കല്പങ്ങളുടെയും എഴുത്തിന്റെയും ലോകം ഞാൻ എന്നോട് തന്നെ നടത്തിയ ആഴമേറിയ സംഭാഷണങ്ങളായിരുന്നു എന്റെ കവിതകൾ. അതെന്റെ ഉള്ളിലെ കലഹങ്ങളെ ശമിപ്പിച്ചുകൊണ്ടിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi