
ഇത്തവണ ഓണം തൂക്കിയിരിക്കുന്നത് ബെത്‌ലഹേം കുടുംബയൂണിറ്റിലെ പിള്ളേരാണ്. 'പ്രേമലു'വിന് ശേഷം മമിത ബൈജുവിനെയും നിവിൻ പോളിയെയും നായികാനായകന്മാരാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്‌ലഹേം കുടുംബയൂണിറ്റ്' മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസിലും മുന്നേറ്റം തുടരുകയാണ്. നിവിൻ പോളിയുടെയും മമിതയുടെയും സുരേഷ് കൃഷ്ണയുടെയുമെല്ലാം പ്രകടനങ്ങൾക്കൊപ്പം കേൾക്കുന്ന മറ്റൊരു പേരാണ് ശ്യാം മോഹന്റേത്. 'പ്രേമലു'വിലെ 'ജസ്റ്റ് കിഡ്ഡിങ്' കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം മോഹൻ, കുടുംബയൂണിറ്റിലെ അല്പം പിശക് തോന്നുന്ന ഹരി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകമനസ്സിൽ ഇടംനേടിയിരിക്കുകയാണ്. ശ്യാം മോഹനെ സംബന്ധിച്ചിടത്തോളം ഈ ഓണം ഏറെ സന്തോഷം നിറഞ്ഞതും വളരെ സ്‌പെഷ്യലുമാണ്.
ബെത്‌ലഹേമിലെ ഹരി
ഹരി ചാക്യാർ ഈ നിമിഷം എന്ത് ചെയ്യുമെന്ന് പ്രവചിക്കാനാവാത്ത ഒരു കഥാപാത്രമാണ്. ഹരിയെ കാണുമ്പോൾ തന്നെ അയാളുടെ പെരുമാറ്റത്തിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നും. എന്നാൽ പുറത്തുള്ള കാര്യങ്ങളിലോ മറ്റുള്ളവരോട് സംസാരിക്കുമ്പോഴോ അങ്ങനെയൊരു പ്രശ്‌നം അയാൾക്കില്ല. എവിടെയൊക്കെയോ ചില പ്രശ്നങ്ങളുള്ളതുപോലെ തോന്നിക്കുന്ന ഒരാളാണ് ഹരി. അനിയത്തിക്കും അമ്മയ്ക്കുമൊപ്പമാണ് ഹരി താമസിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയിലാണ് ഈ കഥാപാത്രം എത്തുന്നത്. അതിനുമുമ്പ് കാസർഗോഡുള്ള ഒരു അമ്പലത്തിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും ചില കുടുംബപ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നതിലൂടെയാണ് ഹരി കഥയുടെ ഭാഗമാകുന്നത്.
Also Read
ജീവിതം മാറ്റിമറിച്ച സംവിധായകൻ
'ബെത്‌ലഹേം കുടുംബയൂണിറ്റ്' എന്ന സിനിമ അനൗൺസ് ചെയ്ത് ടൈറ്റിൽ പുറത്തുവന്നതിന് ശേഷമാണ് ഗിരീഷിന്റെ കോൾ വരുന്നത്. 'എടാ, ഒരു ക്യാരക്ടറുണ്ട്. ഹരി എന്നാണ് പേര്. ചാക്യാർകൂത്തും മറ്റും ചെയ്യുന്ന ഒരാളാണ്. കുറച്ച് പ്രത്യേകതകളുള്ള കഥാപാത്രമാണ്' എന്നൊക്കെ പറഞ്ഞാണ് വിളിച്ചത്. അദ്ദേഹത്തിന്റെ വിളി വന്നപ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷവും ത്രില്ലുമായിരുന്നു. കാരണം, വീണ്ടും ഗിരീഷിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയുന്നു എന്നത് വലിയ സന്തോഷമായിരുന്നു. ഗിരീഷിന്റെ ‘പ്രേമലു’വാണ് നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമയിൽ ഒരു പാസിങ് ഷോട്ട് മാത്രമാണെങ്കിൽപ്പോലും ഏത് സമയത്തും പോയി ചെയ്യാൻ തയ്യാറാണ്. 'വെറുതെ പുറകിൽ നിൽക്കുന്ന ഒരു സീനാണ്' എന്ന് പറഞ്ഞാലും സന്തോഷത്തോടെ പോയി ചെയ്യും. അത്രത്തോളം ഇഷ്ടമുള്ള ഒരു സംവിധായകനാണ് ഗിരീഷ്. വ്യക്തിപരമായും അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്. അപ്പോൾ അടുത്ത സിനിമയിലും രസകരമായൊരു കഥാപാത്രത്തിനായി വിളിച്ചപ്പോൾ ഒന്നും നോക്കാനില്ലല്ലോ, സന്തോഷത്തോടെ ചെയ്തു.
ഗിരീഷിനൊപ്പം, ഭാവന സ്റ്റുഡിയോസിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണിത്. ഭാവന സ്റ്റുഡിയോസിന്റെ ഒരു സിനിമയിൽ വർക്ക് ചെയ്യാനായിരുന്നെങ്കിൽ, ഗിരീഷിന്റെ ഒരു സിനിമയിൽ അഭിനയിക്കാനായിരുന്നെങ്കിൽ എന്നൊക്കെ യൂട്യൂബ് വീഡിയോകളൊക്കെ കണ്ട് നടന്നിരുന്ന കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ അവരോടൊപ്പം ഒന്നിന് പിന്നാലെ ഒന്നായി സിനിമകൾ ചെയ്യാനും അതും ഇത്രയും ഹിറ്റായ രണ്ട് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ശരിക്കും പറഞ്ഞാൽ, ഇപ്പോഴത് ഒരു കുടുംബം പോലെയാണ്. ഗിരീഷിന്റെ ടീമും ഭാവന സ്റ്റുഡിയോസുമൊക്കെ നമുക്ക് ഒരു ഹോം കമിങ് പോലെയാണ്. വേറെ എവിടെയെങ്കിലും പോയി സിനിമ ചെയ്തിട്ട് തിരിച്ച് ഇവിടെ വരുമ്പോൾ തന്നെ വളരെ റിലാക്സ്ഡ് ആവും. അത്രത്തോളം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ ഒരു ഫീലാണ് ഇവിടെയുള്ളത്.
താരങ്ങൾക്കുനടുവിൽ…
ഒപ്പം അഭിനയിച്ചവരിൽ പലരെയും നേരത്തെ അറിയാമായിരുന്നു. സംഗീത്, മമിതയൊക്കെ നമ്മുടെ പിള്ളേരാണ്. വളരെ ഫേവറേറ്റായ ഫ്രണ്ട്സും ഫാമിലിപോലെ തോന്നുന്നവരുമാണ്. 'പ്രേമലു'വിലുണ്ടായിരുന്ന മീനാക്ഷിയും ഷമീർ ഖാനും ഈ സിനിമയിലുമുണ്ടായിരുന്നു. വിനയ് ചേട്ടനുമായി 'പെറ്റ് ഡിറ്റക്ടീവ്' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അതിൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നില്ല. അത് ഈ സിനിമയിലൂടെ നടന്നു.
ഏറ്റവും ത്രില്ലിങ്ങായിരുന്നത് നിവിൻ ചേട്ടനൊപ്പം അഭിനയിക്കാനായതാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. 'പ്രേമം' ഇറങ്ങിയ സമയത്ത് നിവിൻ പോളിയെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചുനടന്നവരാണ് നമ്മളൊക്കെ. അങ്ങനെയുള്ള ഒരാളുടെ കൂടെ നേരിട്ട് അഭിനയിക്കാനും അതും നല്ല കോമ്പിനേഷൻ സീനുകളൊക്കെ ചെയ്യാനും പറ്റിയത് എനിക്ക് വലിയ ആവേശമായിരുന്നു. സുരേഷേട്ടൻ(സുരേഷ് കൃഷ്ണ) ഉൾപ്പെടെയുള്ള സീനിയർ ആക്ടേഴ്സൊക്കെ ഉള്ള ലൊക്കേഷനാണല്ലോ എന്നോർത്തപ്പോൾ ആദ്യം ചെറിയൊരു ടെൻഷനുണ്ടായിരുന്നു. എങ്ങനെയായിരിക്കും, നമ്മളോട് എങ്ങനെയായിരിക്കും ഇടപെടുക എന്നൊക്കെയുള്ള ചിന്തകളായിരുന്നു. പക്ഷേ അങ്ങനെ ഒരു വ്യത്യാസവും തോന്നിയില്ല. എല്ലാവരും നമ്മളോട് വല്ലാതെ ബ്ലെൻഡ് ആയി. സീനിയോറിറ്റി കാണിക്കുകയോ ഒരു ഗൗരവം സൂക്ഷിക്കുകയോ ഒന്നും ചെയ്തില്ല. എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും തമാശ പറയുകയുമൊക്കെയായിരുന്നു. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. മൊത്തത്തിൽ വളരെ രസകരമായിരുന്നു ഷൂട്ട്.
ചാക്യാരുടെ തയ്യാറെടുപ്പുകൾ
ചാക്യാർകൂത്ത് ചെയ്യണമെന്ന് പറഞ്ഞപ്പോൾ കുറച്ച് ടെൻഷനടിച്ചിരുന്നു. കാരണം, ഒരു കലാരൂപം ഒറ്റ ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ പഠിച്ചെടുക്കാൻ പറ്റില്ലല്ലോ. വർഷങ്ങളോളം പരിശീലിച്ചെടുക്കുന്ന ഒന്നാണത്. പക്ഷേ, നമ്മൾ അത് സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ പരമാവധി കൺവിൻസിങ്ങായി തോന്നിക്കണം എന്നൊരു വെല്ലുവിളിയുണ്ടായിരുന്നു. ഗിരീഷിന് ഇക്കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ എന്നെ സഹായിക്കാനായി കലാമണ്ഡലം അഭിമന്യു എന്ന കലാകാരനും കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് എന്റെ പുറകിലിരുന്ന് മിഴാവ് വായിക്കുന്നത്. അങ്ങനെ, പെർഫോം ചെയ്യുമ്പോൾ തന്നെ അദ്ദേഹം പുറകിൽനിന്ന് എന്നെ സഹായിക്കുന്നുണ്ടായിരുന്നു. ബിജു എന്ന മറ്റൊരു കലാകാരനാണ് ചാക്യാർകൂത്തിലെ വാക്കുകളും മറ്റും എനിക്ക് അയച്ചുതന്നത്. അതിന്റെ ടോൺ എങ്ങനെയായിരിക്കണം, എങ്ങനെയാണ് പറയേണ്ടത് എന്നൊക്കെ ഓഡിയോ നോട്ടായും അയച്ചുതന്നിരുന്നു. അങ്ങനെ ഈ രണ്ടുപേരും വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിമന്യു എപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. ഞാൻ ഓരോന്നും ചെയ്തിട്ട് 'എടാ, ഓക്കെയാണോ?' എന്ന് ചോദിക്കും. ഗിരീഷിനും ചാക്യാർകൂത്തിന്റെ കാര്യങ്ങളൊക്കെ കൃത്യമായി അറിയാം. അതുകൊണ്ട് ഗിരീഷ് ഓക്കെ പറഞ്ഞാൽ പിന്നെ ഞാനും ഓക്കെയാണ് എന്നുള്ള രീതിയായിരുന്നു.
എല്ലാ കാര്യത്തിലും ഗിരീഷിന് കൃത്യമായ ഒരു കൺവിക്ഷനുണ്ട്. ചാക്യാർകൂത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഹരിയുടെ ബാക്കിയുള്ള പെർഫോമൻസിലും, പ്രത്യേകിച്ച് ക്ലൈമാക്സിലെ കുറച്ച് പ്രത്യേകതകളുള്ള ഒരു സീനിലെ ട്രാൻസ്ഫോർമേഷനിലും ഗിരീഷ് കൃത്യമായി എന്താണ് വേണ്ടതെന്ന് പറഞ്ഞുതന്നിരുന്നു. അതിനൊപ്പം എന്റേതായിട്ടുള്ള ചില കാര്യങ്ങൾ കൂടി ചേർക്കുമ്പോൾ അത് ഓക്കെയാണെങ്കിൽ ഗിരീഷ് 'ഓക്കെ' പറയും. അല്ലെങ്കിൽ 'എടാ, അത് വേണ്ട, നമുക്ക് വേറെ എന്തെങ്കിലും പിടിക്കാം' എന്ന് പറയും. അത്രയും സപ്പോർട്ടീവായ, കാര്യങ്ങൾ കൃത്യമായി അറിയുന്ന ഒരു സംവിധായകൻ കൂടെയുണ്ടാകുമ്പോൾ ഒരു നടന് കാര്യങ്ങൾ വളരെ എളുപ്പമാണ്. എന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത് എന്നൊക്കെ കൃത്യമായി പറഞ്ഞുതരാൻ സംവിധായകന് കഴിഞ്ഞാൽ, നമുക്ക് അതനുസരിച്ച് പെർഫോം ചെയ്യാനും കൂടുതൽ ആത്മവിശ്വാസം നേടാനും കഴിയും.
പോസിറ്റീവ് വൈബ് ഓൺലി
'പ്രേമലു'വിന് ലഭിച്ച അതേ തരത്തിലുള്ള, അല്ലെങ്കിൽ അതിനുമുകളിൽ നിൽക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാമത്, ഗിരീഷ് എ.ഡി- നിവിൻ പോളി എന്ന പേരുകൾ തന്നെ ആളുകളെ തിയേറ്ററിലെത്തിക്കാൻ പോന്നതാണ്. ആളുകൾക്ക് അത്രയും പ്രിയപ്പെട്ടവരാണവർ. പിന്നെ, സിനിമ എല്ലാവർക്കും, പ്രത്യേകിച്ച് ഫാമിലി ഓഡിയൻസിന്, ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരുപാട് തമാശകളും നല്ല നിമിഷങ്ങളും ഉൾപ്പെട്ടതാണ്. ചിരിപ്പിക്കുന്ന രംഗങ്ങളാണെങ്കിലും സ്ലാപ്സ്റ്റിക് ഹ്യൂമറാണെങ്കിലും സിറ്റുവേഷണൽ ഹ്യൂമറാണെങ്കിലും എല്ലാം സിനിമയിലുണ്ട്. നല്ല പശ്ചാത്തലസംഗീതവും പാട്ടുകളും അതോടൊപ്പം എല്ലാവരുടെയും പെർഫോമൻസും, മൊത്തത്തിൽ രസമാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു കഥാപാത്രവും വെറുതെ വന്ന് പോകുന്നില്ല എന്നതാണ്. നായകന്റെ സുഹൃത്തായോ നായികയുടെ ഫ്രണ്ടായോ മാത്രം നിൽക്കുന്ന കഥാപാത്രങ്ങളില്ല. എല്ലാവർക്കും കൃത്യമായ സ്പേസുണ്ട്. പല കഥാപാത്രങ്ങളുടെയും ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും വരാൻ തുടങ്ങിയിട്ടുണ്ട്. അവ സിഗ്നേച്ചർ ഡയലോഗുകൾ പോലെയായി മാറിക്കഴിഞ്ഞു. അത് സംവിധായകന്റെയും എഴുത്തുകാരന്റെയും ബ്രില്ല്യൻസ് തന്നെയാണ്. ഗിരീഷും കിരൺ ജോസും ചേർന്ന് സൃഷ്ടിച്ചെടുത്ത ഒരു ലോകമാണത്. ആ ലോകത്തേക്ക് ഓരോ കഥാപാത്രത്തിനും കൃത്യമായ ഇടം നൽകാൻ കഴിഞ്ഞതാണ് സിനിമയുടെ പ്രധാന വിജയങ്ങളിലൊന്ന്.
ഇടവേള വന്നത് മനപ്പൂർവമല്ല
'ബ്രൊമാൻസി'നുശേഷം 'പെറ്റ് ഡിറ്റക്ടീവ്' എന്ന സിനിമ ചെയ്തിരുന്നു. പക്ഷേ, അതിൽ എന്റെ കഥാപാത്രം അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ശരിക്കും പറഞ്ഞാൽ, 'പ്രേമലു'വിന് ശേഷം അങ്ങനെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയേണ്ടിവരും. അതിൽ ചെറിയൊരു വിഷമമുണ്ട്, ഇല്ലെന്ന് പറയാനാവില്ല.
പക്ഷേ, ആ സമയത്ത് ഞാൻ രണ്ട് തെലുങ്ക് സിനിമകളുടെ ഷൂട്ടിലായിരുന്നു. അതുകൊണ്ട് മലയാളത്തിൽ വന്ന കുറച്ച് സിനിമകൾ എനിക്ക് മിസ് ആയി. അങ്ങനെയാണ് ഒരു ഗ്യാപ്പ് വന്നത്. അതിനിടയിൽ തമിഴിൽ ‘അമരൻ’ എന്ന സിനിമയിലും അഭിനയിക്കാനായി. പക്ഷേ, ഇപ്പോൾ 'ബെത്‌ലഹേം കുടുംബയൂണിറ്റ്' വന്നതോടെ ആ ഗ്യാപ്പ് മാറിയതായി തോന്നുന്നു. വീണ്ടും പ്രേക്ഷകരുടെ മനസ്സിലേക്ക് തിരിച്ചെത്തിയതുപോലെയുണ്ട്. 'ഓ, ഇങ്ങനെയൊരാളുണ്ടല്ലോ' എന്നൊരു ഓർമയിലേക്ക് വീണ്ടും എത്താൻ ഈ സിനിമ സഹായിച്ചെന്ന് തോന്നുന്നു.

അതേസമയം ആ ഗ്യാപ്പ് മനപ്പൂർവം സംഭവിച്ചതല്ല. അങ്ങനെ സംഭവിച്ചുപോയതാണ്. തെലുങ്കിൽ വളരെ ഇൻട്രസ്റ്റിങ്ങായ രണ്ട് സിനിമകളിലും രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ അത് ചെയ്യണമെന്ന് തോന്നി. കരിയറിൽ കുറച്ചുകൂടി മുന്നോട്ടുപോകുമ്പോൾ മാത്രം ലഭിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു അവ. അങ്ങനെയുള്ള അവസരങ്ങൾ വന്നപ്പോൾ വിട്ടുകളയാൻ തോന്നിയില്ല. അതുകൊണ്ടാണ് മലയാളത്തിൽ കുറച്ച് സിനിമകൾ മിസ് ആയത്.
ഇനി അത് കുറച്ചുകൂടി നന്നായി മാനേജ് ചെയ്ത് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. വേറെ ഭാഷകളിൽ സിനിമകൾ വരുമ്പോഴും എപ്പോഴും നമ്മുടെ ഭാഷയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നത് തന്നെയാണ് ആഗ്രഹം. പക്ഷേ, വരുന്ന കഥാപാത്രങ്ങളും അവയുടെ പ്രാധാന്യവും നോക്കി, ഓരോ അവസരവും പരിഗണിച്ചാണ് മുന്നോട്ടുപോകുന്നത്.
ഓർമ്മയിലെ ഓണനാളുകൾ
ഓണത്തെക്കുറിച്ചോർക്കുമ്പോൾ അച്ഛന്റെ നാടായ ചിറയിൻകീഴാണ് മനസ്സിൽ തെളിയുക. കുട്ടിക്കാലത്ത് എല്ലാ ഓണനാളുകളിലും അച്ഛനും അമ്മയും ഞാനും കൂടി അങ്ങോട്ട് പോകുമായിരുന്നു. അവിടെ വളരെ ട്രഡീഷണലായിട്ടുള്ള ഓണാഘോഷങ്ങളൊക്കെ കണ്ടാണ് വളർന്നത്. വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ വലിയ ആഘോഷങ്ങളായിരിക്കും. ഞങ്ങളുടെ കുടുംബത്തിലെ രണ്ടുമൂന്ന് ബന്ധുക്കളുടെ വീടുകൾ ഒരേ കോമ്പൗണ്ടിലാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒരുമിച്ചായിരിക്കും ഓണം ആഘോഷിക്കുക. രാവിലെ പൂക്കളമൊരുക്കുന്നതും ഊഞ്ഞാലാടുന്നതും സദ്യയുണ്ടാക്കുന്നതുമൊക്കെയായി ആകെ ആഘോഷമായിരിക്കും. പിന്നെ ഘോഷയാത്രകളും പുലികളിയുമൊക്കെ കാണാൻ പോകും. അന്ന് അതൊക്കെ കാണാൻ തന്നെ വലിയ ആവേശമായിരുന്നു. എല്ലാ ഓണക്കാലത്തും നാട്ടിലേക്ക് പോകാൻ ആവേശമാണ്.
ഇപ്പോൾ ഞാനും ഭാര്യയും കൂടിയാണ് ഓണം ആഘോഷിക്കുന്നത്. ഞങ്ങളുടെ ലോകത്ത്, ചെറിയ രീതിയിൽ സന്തോഷത്തോടെ ആഘോഷിക്കും. വീട്ടിൽ തന്നെ എന്തെങ്കിലും നല്ല ഭക്ഷണമുണ്ടാക്കി കഴിച്ച്, ടിവിയൊക്കെ കണ്ട് സ്വസ്ഥമായി, സന്തോഷമായി ഇരിക്കും. ഈ ഓണവും കുടുംബത്തിനൊപ്പംതന്നെയാണ്, കുടുംബയൂണിറ്റിനൊപ്പം…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: shyam-mohan-bethlehem-kudumbayunit-interview-2026
Published: 25 Aug 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented