
അക്കാദമിക് രംഗത്തും ഗവേഷണത്തിലും മികവ് തെളിയിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ വലിയൊരു ലോകമുണ്ട്. സൗരോർജ ഗവേഷണ രംഗത്ത് കൈവരിച്ച മികച്ച നേട്ടത്തിന് ജർമനിയിലെ 2.5 കോടിയുടെ 'വാൾട്ടർ ബെഞ്ചമിൻ' ഫെലോഷിപ്പ് നേടിയിരിക്കുകയാണ് മലയാളി ഗവേഷകയായ ഡോ. വിദ്യ എസ്. മേനോൻ. രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ഫിസിക്‌സും ടെക്‌നോളജിയും സമന്വയിക്കുന്ന ഇന്റർഡിസിപ്ലിനറി ഗവേഷണത്തിലൂടെയാണ് വിദ്യ ഈ നേട്ടത്തിലേക്ക് എത്തിയത്. ജർമനിയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകയായ മലപ്പുറം കോട്ടക്കൽ സ്വദേശി വിദ്യ സംസാരിക്കുന്നു.
പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം വരെയെത്തിയ അക്കാദമിക് യാത്രയെക്കുറിച്ച് പറയാമോ?
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അധ്യാപനത്തോടായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെ എഞ്ചിനീയറിങ് അല്ലെങ്കിൽ മെഡിക്കൽ വഴികളിലേക്ക് പോകാതെ ബി.എസ്.സി. കെമിസ്ട്രി തിരഞ്ഞെടുത്തു. ബിരുദ പഠനകാലത്താണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രൊഫസർഷിപ്പിലേക്ക് എത്തണമെങ്കിൽ പി.എച്ച്.ഡി വേണമെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ബി.എസ്.സി., എം.എസ്.സി. തലങ്ങളിൽ കൂടുതൽ ഗവേഷണവുമായി ബന്ധപ്പെട്ട രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോയി. ചെന്നൈയിലെ എസ്.ആർ.എം. സർവ്വകലാശാലയിലാണ് പി.എച്ച്.ഡി ചെയ്തത്. സോളാർ സെല്ലുകളുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണം. അധ്യാപനത്തോടും ഗവേഷണത്തോടും താല്പര്യം ഉണ്ടായപ്പോൾ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണത്തിന് അപേക്ഷിച്ചു.
വാൾട്ടർ ബെഞ്ചമിൻ ഫെലോഷിപ്പിലേക്ക് എങ്ങനെയെത്തി?
ജർമനിയിലെ പോസ്റ്റ്‌ഡോക്ക് ഫെലോഷിപ്പുകളിൽ അത്ര അറിയപ്പെടുന്ന ഒന്നല്ല വാൾട്ടർ ബെഞ്ചമിൻ ഫെലോഷിപ്. ഈ ഫെലോഷിപ്പിന്റെ ഒരു പ്രത്യേകത വർഷം മുഴുവൻ അപേക്ഷ സമർപ്പിക്കാമെന്നതാണ്. പ്രൊപ്പോസൽ തയ്യാറായാൽ എപ്പോൾ വേണമെങ്കിലും സമർപ്പിക്കാം. പി.എച്ച്.ഡി. അവസാനവർഷം ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോഴാണ് ഞാൻ ജർമനിയിലെ ഒരു പ്രൊഫസറുമായി സംസാരിക്കുന്നതും പരിചയപ്പെടുന്നതും. അദ്ദേഹമാണ് ഫെലോഷിപ്പിനെക്കുറിച്ച് പറഞ്ഞുതന്നത്. ഞങ്ങളുടെ ഗവേഷണ മേഖലകൾ തമ്മിൽ സാമ്യമുണ്ടായിരുന്നു. പി.എച്ച്.ഡിയുടെ അവസാന വർഷം ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ടു. ആദ്യം അദ്ദേഹത്തിന്റെ കൈയിൽ ഫണ്ടിങ് ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് വിവിധ ഫണ്ടിങ് ഏജൻസികൾക്കായി പ്രൊപ്പോസലുകൾ തയ്യാറാക്കാൻ തുടങ്ങി. ഇതിനിടെ അദ്ദേഹത്തിന്റെ യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷത്തെ ഫെലോഷിപ്പ് എനിക്ക് ലഭിച്ചു. അതിന്റെ ഭാഗമായി ജർമനിയിൽ എത്തി. ഇവിടെ എത്തിയശേഷമാണ് പ്രൊപ്പോസലിൽ കൂടുതൽ വർക്ക് ചെയ്തത്. രണ്ട് വർഷത്തേക്കുള്ള നല്ല ഫണ്ടിങ്ങാണ് ഇപ്പോൾ ലഭിച്ചത്. ഗവേഷണത്തിനുള്ള ചെലവ്, കോൺഫറൻസ് അറ്റൻഡൻസ്, പബ്ലിക്കേഷൻ തുടങ്ങിയവയ്ക്കുള്ള അലവൻസുകളും ലഭിക്കും. കുടുംബത്തെ കൂടെ കൊണ്ടുവരാനുള്ള അവസരവുമുണ്ട്. ഈ ഫെലോഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയിൽനിന്ന് എനിക്ക് വളരെ പരിചിതമായിരുന്നില്ല. അതുകൊണ്ട് നെറ്റ്വർക്കിങ്ങിനും വലിയ പങ്കുണ്ട്.
പി.എച്ച്.ഡി. വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നെറ്റ്വർക്കിങ് എങ്ങനെ സാധ്യമാക്കാം?
കോൺഫറൻസുകളാണ് പ്രധാന വഴി. ഇപ്പോൾ ഇന്ത്യയിലെ പല സർവകലാശാലകളും കോൺഫറൻസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ വിവിധ ഫണ്ടിങ് സംവിധാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാനും സാധിക്കും. വിദേശത്തുള്ള കോൺഫറൻസുകളിൽ പങ്കെടുക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലത്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസുകളിലും വിദേശ സർവകലാശാലകളിലെ പ്രൊഫസർമാർ പങ്കെടുക്കാറുണ്ട്. നമ്മുടെ ഗവേഷണം അവതരിപ്പിക്കുകയും പോസ്റ്റർ പ്രസന്റേഷൻ നടത്തുകയും ചെയ്താൽ അവരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിക്കും. അവ പോസ്റ്റ്ഡോക്ടറൽ അവസരങ്ങളിലേക്കും മറ്റും വഴിതുറക്കും.
കെമിസ്ട്രി പഠിച്ച ഒരാൾ ഫിസിക്‌സും മെറ്റീരിയൽ സയൻസും ചേർന്ന വിഷയത്തിലേക്ക് കടന്നപ്പോൾ നേരിട്ട വെല്ലുവിളികൾ?
ബി.എസ്.സി. ഓണേഴ്‌സ് പഠിച്ചതുകൊണ്ട് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾ ഒരേപോലെ പഠിക്കാൻ സാധിച്ചിരുന്നു. അതുകൊണ്ട് ഫിസിക്‌സ് അധിഷ്ഠിത വിഷയങ്ങൾ പഠിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഇന്നത്തെ കാലത്ത് ഒരു പ്രത്യേക സ്ട്രീമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ വിവിധ മേഖലകൾ ഒരുമിച്ചുള്ള ഇന്റർഡിസിപ്ലിനറി ഗവേഷണങ്ങൾക്കാണ് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രാധാന്യമുള്ളത്.
താങ്കളുടെ ഗവേഷണവും അതിന്റെ പ്രായോഗിക സാധ്യതകളും വിശദീകരിക്കാമോ?
നമ്മൾ സാധാരണ കാണുന്ന സിലിക്കൺ സോളാർ സെല്ലുകൾ മാർക്കറ്റിൽ എത്തിയ സാങ്കേതികവിദ്യയാണ്. എന്നാൽ അതിലും മികച്ച ഫലം തരാൻ സാധിക്കുന്ന പല മെറ്റീരിയലുകളും നിലവിൽ ലാബ് സ്‌കെയിലിൽ മാത്രമാണുള്ളത്. ആന്റിമണി ചാൽക്കോജനൈഡ് (Antimony Chalcogenide) അടിസ്ഥാനമാക്കിയുള്ള സോളാർ സെല്ലുകളിലാണ് ഞാൻ ഇപ്പോൾ പോസ്റ്റ്‌ഡോക്ക് ചെയ്യുന്നത്. ഇത്തരം സോളാർ സെല്ലുകൾക്ക് അഞ്ചോ ആറോ നാനോമീറ്റർ വലിപ്പമുള്ള ലെയറുകൾ ഉണ്ടാകും. ഇവയുടെ ഇന്റർഫേസസിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പഠിക്കുകയും, അവ പരിഹരിച്ച് ഈ സാങ്കേതികവിദ്യയെ മാർക്കറ്റിലേക്ക് എത്തിക്കുകയുമാണ് ഈ ഫെലോഷിപ്പ് പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യം.
ഗവേഷണം തിരഞ്ഞെടുക്കുമ്പോൾ സർവ്വകലാശാല, വിഷയം, ഗൈഡ് എന്നിവയിൽ എന്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്?
അത് നമ്മുടെ ഭാവി കരിയർ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും. അക്കാദമിക് മേഖലയിലാണ് തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട ഗവേഷണവിഷയവും മികച്ച ലാബും പ്രധാനമാണ്. പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പിന് ശേഷം സ്വന്തം ജൂനിയർ ഗ്രൂപ്പ് രൂപീകരിക്കാനും പിന്നീട് പ്രൊഫസർഷിപ്പിലേക്ക് പോകാനും കഴിയുന്ന രീതിയിലുള്ള സ്ഥാപനമാണ് തിരഞ്ഞെടുക്കേണ്ടത്. ഇൻഡസ്ട്രിയിലാണ് പോകാൻ ആഗ്രഹമെങ്കിൽ ഇൻഡസ്ട്രിയുമായി കൂടുതൽ ബന്ധപ്പെട്ട ഫെലോഷിപ്പുകളും ഗവേഷണ മേഖലകളും പരിഗണിക്കാം. അതിനാൽ ഏറ്റവും മികച്ച സർവകലാശാല ഏതാണ് എന്നതിലുപരി എന്റെ ഭാവി കരിയർ എന്താണ്, അതിന് ഈ പോസ്റ്റ്ഡോക്ടറൽ എത്രത്തോളം സഹായിക്കും എന്നതാണ് ചിന്തിക്കേണ്ടത്.
വിദേശത്ത് ഉന്നത പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഇന്റർഡിസിപ്ലിനറി ഗവേഷണം ചെയ്യാൻ ശ്രമിക്കുക. ഒന്നോ രണ്ടോ വിഷയങ്ങളുടെ അതിരുകൾക്കുള്ളിൽ മാത്രം നിൽക്കാതെ രണ്ടോ മൂന്നോ മേഖലകൾ കൂട്ടിച്ചേർക്കുന്ന ഗവേഷണത്തിന് ഇപ്പോൾ കൂടുതൽ സാധ്യതയുണ്ട്. പബ്ലിക്കേഷന്റെ ക്വാളിറ്റി ശ്രദ്ധിക്കണം. ഇന്ത്യയിൽ ചിലപ്പോൾ കൂടുതൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നതിലാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വിദേശത്ത് എണ്ണം മാത്രമല്ല, ഏത് ജേണലിലാണ് പ്രസിദ്ധീകരിച്ചതെന്നതും പ്രധാനമാണ്. 20 സാധാരണ നിലവാരത്തിലുള്ള പേപ്പറുകളേക്കാൾ രണ്ടോ മൂന്നോ മികച്ച നിലവാരത്തിലുള്ള പേപ്പറുകൾക്ക് കൂടുതൽ മൂല്യമുണ്ടാകാം.
പി.എച്ച്.ഡിയുടെ അവസാന വർഷങ്ങളിൽ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാനും നെറ്റ്വർക്ക് വികസിപ്പിക്കാനും ശ്രമിക്കണം. ഇന്ത്യയിലെ ഏത് സ്ഥാപനത്തിൽനിന്നാണ് വരുന്നതെന്നതിനേക്കാൾ പി.എച്ച്.ഡി കാലത്തെ ഗവേഷണം, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും അവർ നോക്കുന്നത്. പി.എച്ച്.ഡിക്ക് അപേക്ഷിക്കുകയാണെങ്കിൽ എം.എസ്സി തലത്തിൽ ചെയ്ത പ്രോജക്റ്റും അതിൽനിന്ന് പ്രസിദ്ധീകരണമുണ്ടോ എന്നതും പ്രധാനമാണ്.
ഗവേഷണ രംഗത്ത് പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
ഗവേഷണം എന്നത് ഒരുപാട് സമയമെടുക്കുന്ന ഒന്നാണ്. പ്രതീക്ഷിച്ച സമയത്ത് തീരണമെന്നില്ല. പ്രത്യേകിച്ച് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം, കുടുംബം തുടങ്ങിയ കാര്യങ്ങൾ കടന്നുവരുമ്പോൾ പലരും അത് പാതിവഴിയിൽ ഉപേക്ഷിച്ച് കാണാറുണ്ട്. കുടുംബത്തിൽ നിന്നുള്ള പിന്തുണയും വളരെ പ്രധാനമാണ്.
മറ്റു വെല്ലുവിളികളോ?
ഗവേഷണ മേഖല എന്ന് പറഞ്ഞാൽ തന്നെ പരാജയങ്ങളും തിരസ്‌കാരങ്ങളും നിറഞ്ഞതാണ്. പേപ്പറുകൾ അയക്കുമ്പോഴും പ്രൊപ്പോസലുകൾ കൊടുക്കുമ്പോഴും ആദ്യമൊക്കെ റിജക്ഷൻ വരുമ്പോൾ വിഷമം തോന്നും. എന്നാൽ റിവ്യൂവേഴ്‌സ് തരുന്ന കമന്റുകൾ അനുസരിച്ച് നമ്മൾ പ്രൊപ്പോസൽ മെച്ചപ്പെടുത്തണം. മൂന്നാമത്തെ ശ്രമത്തിലാണ് എനിക്ക് ഈ ഫെലോഷിപ്പ് ലഭിച്ചത്. പരാജയങ്ങളെ പോസിറ്റീവായി കണ്ടുകൊണ്ട് നിരന്തരം ശ്രമിക്കുക എന്നതാണ് പ്രധാനം.
വിദേശ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പിന് ഫണ്ടിങ് നേടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്?
ജർമനിയിൽ പോലും ഗവേഷണ ഫണ്ടിങ് കുറഞ്ഞിട്ടുണ്ട്. ഹംബോൾട്ട്, മേരി ക്യൂറി പോലുള്ള പ്രശസ്ത ഫെലോഷിപ്പുകൾക്ക് വലിയ മത്സരമാണ്. ഫണ്ടിങ് എല്ലാ രാജ്യങ്ങളിലും കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലും ജർമനിയിലും അതിന്റെ പ്രതിഫലനം കാണാം. അതോടൊപ്പം അപേക്ഷകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ഫെലോഷിപ്പിലേക്ക് അപേക്ഷിച്ചാൽ കിട്ടുമെന്ന് പ്രതീക്ഷിച്ച് മാത്രം മുന്നോട്ടുപോകാൻ കഴിയില്ല. ഒന്നിലധികം അവസരങ്ങൾക്കായി ശ്രമിക്കണം.
ഫണ്ടിങ് ഏജൻസികൾ ഏത് തരത്തിലുള്ള ഗവേഷണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്?
ലാബിൽ മാത്രം ഒതുങ്ങുന്ന ഫണ്ടമെന്റൽ റിസർച്ചിനേക്കാൾ സാങ്കേതികവിദ്യയെ മാർക്കറ്റിലേക്ക് എത്തിക്കാൻ കഴിയുമോ എന്നതാണ് പ്രധാനമായി നോക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ ടെക്‌നോളജിയെ ലാബ് സ്‌കെയിലിൽ നിന്ന് വലിയ സ്‌കെയിലിലേക്ക് എങ്ങനെ മാറ്റാം എന്നതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്ന പ്രൊപ്പോസലുകൾക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് ഗവേഷണത്തിന്റെ സ്വഭാവവും ഫണ്ടിങ് ഓർഗനൈസേഷനും രണ്ടും പ്രധാനമാണ്.
എം.എസ്സി പഠിക്കുന്ന സമയത്തുതന്നെ ഗവേഷണ കരിയർ തീരുമാനിക്കണമോ?
എം.എസ്സിക്ക് പഠിക്കുമ്പോൾ ഗവേഷണം എന്താണെന്നതിനെക്കുറിച്ച് പലർക്കും വലിയ ധാരണയുണ്ടാകണമെന്നില്ല. റിസർച്ചിലേക്ക് പോകുന്നത് നല്ലതാണ് എന്ന് അധ്യാപകർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പലരും പി.എച്ച്.ഡിയിലേക്ക് പോകാറുണ്ട്. പക്ഷേ ഗവേഷണം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പി.എച്ച്.ഡി പൂർത്തിയാക്കാൻ ഇന്ത്യയിൽ അഞ്ചോ ആറോ വർഷം വരെ എടുക്കാം. അത്രയും വർഷം ഒരു മേഖലയോട് താൽപര്യമില്ലാതെ തുടരുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് എം.എസ്സി പ്രോജക്റ്റ് വളരെ പ്രധാനമാണ്. പി.എച്ച്.ഡി വിദ്യാർഥികളോടൊപ്പം ലാബിൽ പ്രവർത്തിക്കുമ്പോൾ ഗവേഷണം തനിക്ക് ചെയ്യാൻ കഴിയുമോ, ഏത് മേഖലയോടാണ് താൽപര്യം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
പി.എച്ച്.ഡിക്കും പോസ്റ്റ്ഡോക്ടറലിനും ശേഷം കരിയർ സാധ്യതകൾ എങ്ങനെയാണ്?
ഇതാണ് ഈ മേഖലയിലെ ഒരു പ്രധാന വെല്ലുവിളി. പോസ്റ്റ്ഡോക്ടറൽ കഴിഞ്ഞാൽ അക്കാദമിക് മേഖലയിൽ തന്നെ തുടരുന്നവർക്ക് കൂടുതൽ സാധ്യതയുണ്ട്. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ സർവകലാശാലകളിലോ പ്രൊഫസർഷിപ്പിലോ ഒക്കെയായി. പക്ഷേ പി.എച്ച്.ഡിയും പോസ്റ്റ്ഡോക്ടറലും കഴിഞ്ഞവർ ചിലപ്പോൾ ഇൻഡസ്ട്രിക്ക് ഓവർക്വാളിഫൈഡ് ആയി കണക്കാക്കപ്പെടുന്നു. അതിനാൽ കമ്പനികൾ അവരെ നിയമിക്കാൻ താൽപര്യപ്പെടാത്ത സാഹചര്യവും ഉണ്ടാകാം. മറ്റൊരു പ്രശ്‌നം ഗവേഷണത്തിന്റെ സ്വഭാവമാണ്. ഇൻഡസ്ട്രിക്ക് വേണ്ടത് ആപ്ലിക്കേഷൻ, പെർഫോമൻസ് തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ്. പെട്ടെന്ന് ഫലം കാണിക്കണമെന്ന് ഇൻഡസ്ട്രി പ്രതീക്ഷിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malayali researcher Dr. Vidya S. Menon secured Germany's Walter Benjamin Fellowship for solar energy research., The interdisciplinary research focuses on Antimony Chalcogenide-based solar cells to bridge lab scale to market., International networking through academic conferences is vital for securing global post-doctoral positions., Persistence is crucial, as funding is competitive and initial proposal rejections are common before success
Published: 09 Sept 2026, 12:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented