
1999 ഡിസംബര്‍ 29. രാത്രി എട്ടുമണിയോടെ കോഴിക്കോട്ട് നിന്ന് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു സാമൂഹിക പ്രവര്‍ത്തകയും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരിയുമായ പി.ഇ. ഉഷ. ആ യാത്രയില്‍ അവര്‍ അതിക്രമത്തിനിരയായി. സംഭവശേഷം ഉഷയെ കാത്തിരുന്നത് കൊടിയ അപമാനവും അപവാദ പ്രചരണങ്ങളുമായിരുന്നു. ജോലി ചെയ്തിരുന്ന കാലിക്കറ്റ് സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ അംഗം ഈ വിഷയത്തില്‍ തനിക്കെതിരെ അപകീര്‍ത്തി പരത്തിയെന്നാരോപിച്ച് മേലുദ്യോഗസ്ഥര്‍ക്ക് ഉഷ പരാതി നല്‍കി. വിഷയം കത്തിപ്പടര്‍ന്നു. വനിതാ കമ്മീഷന്റെ അന്വേഷണത്തില്‍ അപവാദ പ്രചരണം സ്ഥിരീകരിച്ചു. എന്നാല്‍ യൂണിയന്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. നീതി തേടി ഉഷ നിരാഹാര സത്യാഗ്രഹമിരുന്നു. സര്‍ക്കാരിനെതിരെ സമരം നടത്തിയ ഉഷയ്ക്ക് ഉന്നതരുടെ ചരടുവലികള്‍ക്കൊടുവില്‍ സര്‍വകലാശാലയുടെ പടിയിറങ്ങേണ്ടി വന്നു. തുടര്‍ന്ന് അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റി (അഹാഡ്‌സ്) യില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു. അവിടെയും കാത്തിരുന്നു വെല്ലുവിളികള്‍...ആരോപണങ്ങള്‍...
'കലാപകാരി', 'നക്‌സലൈറ്റ്'എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഉഷ അതിനെയൊക്കെയും അതിജീവിച്ചു. ബസ്സിലെ അതിക്രമവുമായി ബന്ധപ്പെട്ട് രഹസ്യ വിചാരണകളും സഹപ്രവര്‍ത്തകരുടെ കുത്തുവാക്കുകളുമൊന്നും ഉഷയെ പിന്നോട്ടടിച്ചില്ല. ധീരമായി പൊരുതി. ഉള്ളില്‍ നീറിപ്പുകയുന്ന അഭിമാനബോധം അവരെ ഒരിക്കലും നിശ്ശബ്ദയാക്കിയില്ല.
Also Read

അതിക്രമ കേസിലെ പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ലജ്ജാകരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണ് പ്രതിയില്‍ നിന്നുണ്ടായതെന്ന് മജിസ്‌ട്രേട്ട് വിധിന്യായത്തില്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നതായി അഭിപ്രായപ്പെട്ട കോടതി സമാന സ്വഭാവക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ശിക്ഷയെന്നും അന്ന് വ്യക്തമാക്കി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഉഷയുടെ പോരാട്ടത്തിന് ഇന്നും മൂര്‍ച്ചയേറെയാണ്. പെണ്‍പോരാട്ടങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ഉഷ വാചാലയാകുന്നു...
പ്രതികരിക്കുന്ന സ്ത്രീ
''അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് വരുമ്പോള്‍ അധികാരത്തിന്റെ ഗര്‍വ് കൊണ്ട് ചവിട്ടിത്താഴ്ത്തും. ആത്മഹത്യാ മുനമ്പുകളിലേക്ക് തള്ളിവിടും. പലപ്പോഴും അപമാനം ഭയന്ന് നാടുകടത്തപ്പെടും. ചിലര്‍ സ്ഥലനാമങ്ങളില്‍ മാത്രമായി ചുരുങ്ങിപ്പോകും. അഭിമാനബോധവും നീതിബോധവുമാണ് പ്രതികരിക്കാനും പോരാടാനും എന്നെ വഴിനടത്തിയത്. പ്രത്യുപകാരത്തിനായി വിത്തിട്ടിതായിരുന്നു അന്ന് പിന്തുണച്ചവരില്‍ ചിലരുടെ ലക്ഷ്യമെന്ന് ഇന്ന് തിരിച്ചറിയുന്നു...'' ഉഷ സംസാരം തുടരുന്നു...
''ഉന്നത പദവികള്‍ അലങ്കരിക്കുന്നതിനായാണ് ഇന്ന് പലരും ആക്റ്റിവിസ്റ്റിന്റെ കുപ്പായമണിയുന്നത്. ഇത്തരക്കാര്‍ ഔദ്യോഗിക പദവിയിലെത്തുമ്പോള്‍ കണ്‍മുന്നില്‍ കാണുന്ന അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കും. അധികാര കേന്ദ്രങ്ങള്‍ക്കെതിരായി പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ ഇത്തരം സമിതികള്‍ക്ക് നാവില്ല. മുന്‍പില്ലാത്ത വിധം സ്ത്രീകള്‍ മെരുക്കപ്പെട്ടതിന്റെയും അടിമപ്പെട്ടതിന്റെയും വര്‍ത്തമാനകാല സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സമഗ്രമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ മൂലകാരണങ്ങള്‍ മനസ്സിലാക്കാനോ ആരും ശ്രമിക്കുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും അവര്‍ക്കായി പ്രവര്‍ത്തിക്കേണ്ട സമിതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജന്‍ഡകള്‍ക്ക് പിന്നാലെയാണ്. നൈസര്‍ഗികമായ സ്ത്രീ പ്രതിരോധം കുറഞ്ഞു. തളച്ചിടപ്പെട്ട പ്രതികരണങ്ങളാണ് ഇന്നേറെയും. പ്രതികരണങ്ങള്‍ക്ക് സ്വാഭാവികത നഷ്ടപ്പെട്ടു. സംഘടനാ താത്പര്യങ്ങളും വ്യക്തി താത്പര്യങ്ങളുമാണ് പലപ്പോഴും ഇന്ന് പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതും പിന്തുണയ്ക്കുന്നതും. വിദ്യാഭ്യാസം കൊണ്ടുണ്ടായ ഉണര്‍വ് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ ഉപയോഗപ്പെടുത്താനാകുന്നില്ല.
ജീവിതവും അതിക്രമങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധവും രണ്ടല്ല, മറിച്ച് ഒന്നാണ്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ല ജീവിതം. പലതും കൂടിച്ചേര്‍ന്നതാണ്. പ്രതികരിച്ചാല്‍ സ്വന്തം ജീവിതം കൈവെള്ളയില്‍ നിന്ന് ഊര്‍ന്ന് പോകുമോയെന്ന് ഭയക്കുന്നവരുണ്ട്. അവരെയും കുറ്റം പറയാനാകില്ല. അതാണ് നമ്മുടെ സാമൂഹ്യസ്ഥിതി. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇതൊക്കെ എനിക്കും അനുഭവിക്കേണ്ടി വന്നു. എന്നോടുള്ള പ്രതികാരം കാത്തുസൂക്ഷിച്ച് പെന്‍ഷന്‍ പോലും നിഷേധിച്ച അവസ്ഥയുണ്ടായി.''
ഇരയെ തേടുന്നവര്‍
''ലക്ഷണമൊത്ത ഇരകളെ തേടുന്ന സമൂഹത്തെയാണ് നാം ഇന്ന് കാണുന്നത്. ഇരയ്ക്ക് സ്വന്തം അഭിപ്രായം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ആര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പന്തുതട്ടാം. ഇരയുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും തുറന്നുപറച്ചിലുകള്‍ക്കും കൂച്ചുവിലങ്ങിടാന്‍ അവര്‍ തിടുക്കപ്പെടും. എന്റെ ആത്മബോധത്തിനും അഭിമാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതിനെതിരെ പ്രതികരിക്കാനും പോരാടാനുമായിരുന്നു എന്റെ തീരുമാനം. പക്ഷേ, പരാതിക്കാരിയോടൊപ്പം നില്‍ക്കുന്നതിനെക്കാള്‍ ഗൂഢതാത്പര്യങ്ങള്‍ക്കു വേണ്ടി പരാതിക്കാരിയെ കൊണ്ട് സമരം ചെയ്യിക്കാനാണ് പലരും താത്പര്യപ്പെടുന്നത്. പരാതിക്കാരിയില്‍ നിന്ന് അതിജീവിതയിലേക്ക് വളരാന്‍ അനുവദിക്കാത്ത സംവിധാനമാണ് നമുക്കുള്ളത്. ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചതും പഠിച്ചതുമായ കാര്യങ്ങളാണ് ഇതൊക്കെ. പരാതിയുമായി പോലീസ് സ്റ്റേഷനിലും കോടതി മുറികളിലും കയറിയിറങ്ങുന്നവരെ സാരോപദേശം നല്‍കി ഒത്തുതീര്‍പ്പിലേക്ക് വഴിതിരിച്ചു വിടാനാണ് പലരും ശ്രമിക്കാറുള്ളത്. സ്വകാര്യ ജീവിതം എക്കാലവും വേട്ടയാടപ്പെടുവാന്‍ എന്തിന് വിട്ടു കൊടുക്കണമെന്ന ചിന്ത പലരുടെയും ഉള്ളില്‍ കൊളുത്തി വലിക്കും. മറ്റൊന്നും ചിന്തിക്കാതെ മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണക്കാന്‍ അവര്‍ പുതുവഴികള്‍ തേടിയിറങ്ങും. പക്ഷേ എന്റെ ആത്മബോധം അതിനനുവദിച്ചില്ല. മനസ്സിനേറ്റ മുറിവിനെ ആത്മധൈര്യം കൊണ്ട് നേരിടാന്‍ ശ്രമിച്ചു. പ്രതികരിച്ചു. പോരാടി.''
മാറണം സാമൂഹ്യസ്ഥിതി
''വിവാഹം പോലും സാമ്പത്തിക തിരിമറികള്‍ക്കുള്ള ലൈസന്‍സായി മാറിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം തെരഞ്ഞെടുപ്പുകളിലും മതത്തിന്റെയും സമ്പത്തിന്റെയും അളവുകോലുകള്‍ ഉയര്‍ത്തിക്കാട്ടുന്ന സമൂഹം. കുട്ടിക്കടത്ത് നടന്നിട്ട് പോലും അതിനെതിരെ ശബ്ദിക്കാത്ത സംഘടനകളുള്ള നാടാണ് കേരളം. സദാചാരം കൊത്തിപ്പെറുക്കി വെട്ടുക്കിളികളെപ്പോലെ ആക്രമിക്കും. നിയമം മൂലമുണ്ടാക്കിയ വിവിധ കമ്മീഷനുകളിലും സമിതികളിലും രാഷ്ട്രീയം തിരുകിക്കയറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സമിതികളില്‍ പോലും രാഷ്ട്രീയ ചരടുവലികള്‍ ഏറെയാണ്. കലര്‍പ്പില്ലാതെ സംസാരിക്കേണ്ട പല വിഷയങ്ങളിലും യഥാര്‍ഥത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും തുടര്‍ക്കഥകളാകുമ്പോള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വിഷയമാറ്റം മാത്രമാണ് ആഘോഷിക്കപ്പെടുന്നത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ലിംഗ സമത്വം, നവോത്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കോളിളക്കം സൃഷ്ടിക്കാനാണ് പലരുടെയും ശ്രദ്ധ. കാലാനുസൃതമായ മാറ്റങ്ങള്‍ സമസ്ത മേഖലകളിലും വേണം. പക്ഷേ അതിന്റെ പേരില്‍ ഗൗരവമേറിയ വിഷയങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല. സ്ത്രീ സാക്ഷരത ഏറെയുണ്ടെങ്കിലും അതിനനുസൃതമായ തൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ക്കാകുന്നില്ല. സ്ഥാനപ്പേരുകള്‍ക്കും പോസ്റ്റര്‍ യുദ്ധങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളിയാണ് ഇന്ന് നടക്കുന്നത്. അവനൊരു ആണ്‍കുട്ടിയാണ്. സ്വന്തം കാര്യം നോക്കിക്കോളും എന്ന അബദ്ധ ധാരണയുടെ പേരില്‍ ആണ്‍കുട്ടികളെ അവഗണിക്കാറാണ് പതിവ്. സ്‌നേഹവും കരുതലും നിഷേധിക്കപ്പെടുന്നതിലൂടെ തെറ്റായ വഴിയിലേക്ക് അവര്‍ എത്തിച്ചേരുന്നു.''
സിനിമയിലെ ചലനങ്ങള്‍
''സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഉള്‍ക്കരുത്തിനെ പ്രശംസിച്ചേ മതിയാകൂ. പിന്തുണ നല്‍കിയവരെ കുറച്ചുകാണുന്നില്ല. എന്നാല്‍ ആക്രമിക്കപ്പെട്ടപ്പോഴും പിന്നീടുമുണ്ടായ കുറ്റപ്പെടുത്തലുകളെയും സൈബര്‍ ആക്രമണങ്ങളെയും മനോധൈര്യം കൊണ്ട് അവര്‍ നേരിട്ടു. അത് എളുപ്പമല്ല.
സ്ത്രീകളെ അപമാനിക്കുന്നതും തരംതാഴ്ത്തുന്നമൊക്കെ സിനിമകളിലെ സ്ഥിരം കാഴ്ചകളാണ്. തൊഴിലില്‍ നിലനില്‍ക്കണമെങ്കില്‍ പലതരം വിട്ടുവീഴ്ചകള്‍ക്ക് വിധേയമാകണമെന്ന അവസ്ഥ. കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പലരും തുറന്ന് സമ്മതിച്ചതാണ്. അത്തരം കാഴ്ചപ്പാടുകളെ തകര്‍ക്കാന്‍തക്ക പെണ്‍ചലനങ്ങള്‍ ഇന്ന് സിനിമയിലുണ്ടായി. മുന്‍കാലങ്ങളില്‍ നേരിട്ട അപമാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്താന്‍ പലരും തയ്യാറായി. ഒരേ സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ഏറെയാണ്. ഇതിനെല്ലാമപ്പുറം നിയമസഹായം ലഭിക്കാനാണ് പ്രയാസം. നീതി തേടി കോടതി കയറുന്നത് ഒരു ബാലികേറാമലയാണ്. നീതി നിഷേധിക്കപ്പെട്ട് അലയുന്നവരാണ് ഭൂരിഭാഗവും.''
പാഴ്‌വാക്ക്
''സ്ത്രീകള്‍ക്ക് വേണ്ടി സംഘടനകളും സമിതികളും രൂപീകരിക്കുമ്പോഴും അതിനുള്ളിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. സ്ത്രീശാക്തീകരണം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. സാംസ്‌കാരിക പരിമിതികള്‍ക്കപ്പുറത്തേക്ക് സ്ത്രീ സുരക്ഷയും സൗഹാര്‍ദവും വളരേണ്ടിയിരിക്കുന്നു. സ്ത്രീസമത്വത്തിനായി വാദിക്കുന്നവരെല്ലാം പുരുഷവിരോധികളാണെന്ന മിഥ്യാധാരണയാണ് പലരെയും മുന്നോട്ട് നയിക്കുന്നത്. ഇത്തരം മിഥ്യാധാരണകളില്‍ നട്ടം തിരിയുന്ന വ്യാജസമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അത് മാറണം. സദാചാരത്തെക്കുറിച്ചുള്ള ഭീതി ഇല്ലാതാകണം. കേരളത്തിലെ രോഗാതുരമായ കാഴ്ചപ്പാടുകളെ മാറ്റിയെടുത്താലേ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാനാകൂ.''
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയിരുന്ന ഉഷ അഹാഡ്‌സില്‍ വനിതാ വികസന ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടറായും ജോലിചെയ്തു. അട്ടപ്പാടിയിലെ ചാരായ മാഫിയയ്‌ക്കെതിരെ അഹാഡ്‌സിനു കീഴില്‍ ഉഷയുടെ നേതൃത്വത്തില്‍ ആദിവാസി വനിതകളുടെ കൂട്ടായ്മയായ 'തായ്കുല സംഘം' രൂപീകരിച്ചു. കേരള മഹിളാ സമഖ്യയില്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി 2019-ല്‍ വിരമിച്ചു. പാലക്കാട് സ്വദേശിനിയാണ്. അതിക്രമങ്ങള്‍ക്ക് ഇരകളായ പെണ്‍കുട്ടികളുടെ അമ്മയായി അവരുടെ ജീവിതം ഇപ്പോഴും തെളിഞ്ഞൊഴുകുന്നു.
Content Highlights: P E Usha talks about her bad experiences in life
Published: 11 Aug 2023, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented