മനസ്സിലെ പറന്നുനടക്കുന്ന സ്വപ്‌നങ്ങളെ അതിനു പിറകെ പോയി കൈപ്പിടിയിലൊതുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു യുവതി. ചാരമായിപ്പോകേണ്ടിയിരുന്ന ജീവിതത്തിനെ ആത്മവിശ്വാസവും ധൈര്യവും സ്‌നേഹവും ചേര്‍ന്ന ശ്വാസം നല്‍കി പുനര്‍ജനിപ്പിച്ചവള്‍. അഞ്ചാംക്ലാസില്‍ വീ്ട്ടുപണിയെടുത്തു തുടങ്ങിയ തിരുവനന്തപുരംകാരി സഫീറ ബീവി ഇന്ന് തിരുവനന്തപുരത്ത് അത്യാവശ്യം ആളുകള്‍ അറിയുന്ന ഹോം ബേക്കറാണ്. സഫീസ് ഹോമിന്റെ അമരക്കാരിയാണ്. ഗൃഹലക്ഷ്മി മിസിസ് കേരള 2023 മത്സരത്തില്‍ മിസിസ് വിവേഷ്യസ് എന്ന പദവി അലങ്കരിച്ച സഫീറയുടെ ജീവിതകഥ നിരാശയുടെ പടുകുഴിയില്‍ വീണുകിടക്കുന്നവര്‍ക്ക് പിടിച്ചുകയറാനുള്ള പിടിവള്ളിയാണ്.
മണ്ണെണ്ണ വിളക്കില്‍ വെളിച്ചം കണ്ടവള്‍
തിരുവനന്തപുരം പാരിപ്പള്ളി എഴുപ്രത്തുള്ള വയല്‍ക്കരയില്‍ ചാണകം മെഴുകി, ഓലമേഞ്ഞ, മണ്ണെണ്ണ വിളക്കില്‍ വെളിച്ചം കാണുന്ന ഒരു കുഞ്ഞുവീട്. അവിടെ കൂലിപ്പണിക്കാരായ സിറാജുദ്ദീനും ഭാര്യ അഫീറയും രണ്ടു പെണ്‍കുഞ്ഞുങ്ങളും ഉള്‍പ്പെട്ട കുടുംബം. ആദ്യം ജനിച്ച മൂന്ന് ആണ്‍കുഞ്ഞുങ്ങളും മരിച്ചുപോയ ശേഷമുണ്ടായ രണ്ടു പെണ്‍തരികള്‍. ഉപ്പയും ഉമ്മയും ജോലിക്കുപോകുമ്പോള്‍ സഫീറയും ചേച്ചിയും വീട്ടില്‍ തനിച്ചാവും. രാത്രി ഏറെ വൈകുംവരെ ജോലി ചെയ്ത് മദ്യപിച്ചെത്തുന്ന സിറാജുദ്ദീന്‍ വന്നുകഴിഞ്ഞാല്‍ ഭാര്യയെ മര്‍ദിക്കുന്നത് സ്ഥിരമായിരുന്നു. വീടും തൊട്ടപ്പുറത്തുള്ള സ്‌കൂളും മദ്രസയും മാത്രം കണ്ടുശീലിച്ച സഫീറയ്ക്കും ഇതാണ് ജീവിതമെന്നായിരുന്നു ആദ്യം ചിന്ത. എന്നാല്‍ അഞ്ചാംക്ലാസിലെത്തിയതോടെ സഫീറയുടെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടായി.
മണ്‍പണിക്കുപോയിരുന്ന ഉമ്മയ്ക്ക് വീടിനടുത്ത് പുതിയ സ്‌കൂള്‍ വന്നപ്പോള്‍ അവിടെ ആയയായി ജോലി കിട്ടി. വരുമാനം തുച്ഛമായിരുന്നു. ആയിടക്കാണ് ഭര്‍ത്താവ് വിദേശത്തുള്ള അടുത്ത വലിയ വീട്ടിലെ സ്ത്രീയ്ക്ക്് കൂട്ടുകിടക്കാനായി ഉമ്മ സഫീറയെ പറഞ്ഞയച്ചത്. ഇതുവരെ കണ്ടതുമാത്രമല്ല ജീവിതമെന്ന് സഫീറ മനസ്സിലാക്കിയത് അവിടെവെച്ചാണ്. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്നു സഫീറ അപ്പോള്‍. കൂട്ടുകിടക്കുക മാത്രമല്ല, ഭാരിച്ച വീട്ടുജോലികള്‍ മുഴുവന്‍ ചെയ്യണമായിരുന്നുവെന്ന് പതിയ അവള്‍ മനസ്സിലാക്കി. രാവിലെ എഴുന്നേറ്റു മുറ്റമടിക്കുന്നതുമുതലുള്ള ജോലികള്‍ തീര്‍ത്തുവെച്ചിട്ടുവേണം സ്‌കൂളിലും മദ്രസയിലും പോവാന്‍. അനുസരിക്കാന്‍ മാത്രമറിയാമായിരുന്ന സഫീറ അതുകൊണ്ട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.
എന്നാല്‍ സ്‌കൂളിലും മദ്രസയിലും പോവുന്നത് പിന്നീട് സഫീറ വേണ്ടെന്നുവെച്ചു. വിദ്യാഭ്യാസത്തിന്റെ വിലയെന്തെന്ന് അവള്‍ക്ക് അറിയാമായിരുന്നില്ല. സ്‌കൂളില്‍ പോയാലും എന്തു പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ സഫീറയ്ക്ക് അറിയില്ലായിരുന്നു. എത്ര അടിയും വഴക്കുമൊക്കെയാണെങ്കിലും സ്വന്തം വീട്ടില്‍ ഉപ്പയുടേയും ഉമ്മയുടേയും സഹോദരിയുടേയുംകൂടെ ജീവിക്കണം എന്നതുമാത്രമായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് സ്‌കൂളില്‍ പോരുന്ന സമയം സഫീറ പതിയെ ആരുമറിയാതെ സ്വന്തംവീട്ടിലേക്ക് പോയിത്തുടങ്ങി. ബാപ്പ ഇരിക്കുന്ന കസേരയില്‍ കുറച്ചുനേരമിരിക്കുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ വരും. മറ്റൊരു വീട്ടിലെ അടുക്കളയിലെ കിടന്നുറങ്ങലും അവിടത്തെ വീട്ടുപണിയുമൊക്കെ കൊടുത്ത വലിയ വേദനകള്‍ ആ പന്ത്രണ്ടുവയസ്സുകാരി ആരെയും അറിയിച്ചതേയില്ല. അറിഞ്ഞിരുന്നാലും വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. വേറൊരു വീട്ടിലെ താമസം സഫീറയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അവരുടെ കട്ടിലില്‍ ഒന്നിരുന്നു പോയാല്‍, വീട്ടുജോലിക്കാരിയുടെ അതിരുകള്‍ നേര്‍ത്തതായിപ്പോലും ലംഘിച്ചാല്‍ കിട്ടുന്ന വഴക്കുകള്‍ മാനസികമായി അവളെ തളര്‍ത്തി. ദേഹോപദ്രവമൊന്നും ഇല്ലയെങ്കിലും വാക്കുകള്‍ക്ക് അതിനേക്കാള്‍ അവളെ മുറിപ്പെടുത്താന്‍ പോന്ന ശക്തിയുണ്ടായിരുന്നു.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍പോലും എ ബി സി ഡി മുഴുവനായും അറിയുമായിരുന്നോ എന്ന കാര്യത്തില്‍ സഫീറയ്ക്കുതന്നെ സംശയമാണ്. അതുകൊണ്ടുതന്നെ പത്താംക്ലാസില്‍ വലിയ പരാജയമായിരുന്നു. നാട്ടില്‍ പതിവുള്ളതുപോലെ പത്താംക്ലാസ് തോറ്റശേഷം ഒരു കശുവണ്ടി ഫാക്ടറിയില്‍ കുറച്ചുനാള്‍ ജോലിക്കുപോയി. ആ ഇടയ്ക്കാണ് ഒരു വീട്ടില്‍ കുഞ്ഞിനെ നോക്കാനായി പോവേണ്ടി വന്നത്. പതിനാറുവയസ്സു മാത്രമായിരുന്നു സഫീറയുടെ പ്രായം. മാസം 2000 രൂപയായിരുന്നു ശമ്പളം. അവിടെനിന്നുള്ള കുത്തുവാക്കുകളും ഏറെ വിഷമിപ്പിച്ചിച്ചു. ചുറ്റുപാടുമുള്ളവരുമായി മിണ്ടാനോ അവരെ കാണാനോ അനുവാദമില്ലായിരുന്നു.
''ആയിടയ്ക്കാണ് തുണിയലക്കാന്‍ നിന്ന സമയത്ത് അപ്പുറത്തെ വീട്ടില്‍നിന്നും ഒരു പാട്ടുകേട്ടത്. എന്നെ കേള്‍പ്പിക്കാന്‍ പാടുന്നതാണെന്ന് എനിക്ക് മനസ്സിലായി. നല്ല പാട്ടാണല്ലോ എന്ന് ഞാന്‍ പറയുകയും ചെയ്തു. അപ്പുറത്തെ വീട്ടില്‍ ജോലിക്കുവന്ന അഭിലാഷ് എന്ന ഒരാളായിരുന്നു അത്. മതിലുകള്‍ സിനിമയിലേതുപോലെ മതിലിനപ്പുറവും ഇപ്പുറവും നിന്നു തമ്മില്‍ കാണാതെ ഞങ്ങള്‍ ഇടയ്ക്ക് സംസാരിച്ചു. ഒരു ദിവസം വീടിനു മുകളില്‍ നിന്ന് എനിക്ക് ആ ചേട്ടന്‍ വായുവില്‍ സ്വന്തം ഫോണ്‍നമ്പര്‍ എഴുതി കാണിച്ചു. ഞാന്‍ അത് ചുമരില്‍ കോറിയിട്ടു. അപ്പോഴും ആ മുഖം ഞാന്‍ വ്യക്തമായി കണ്ടില്ല. പ്രണയമാണോ സൗഹൃദമാണോ എന്നോന്നും അറിയില്ല, ഏകാന്തതയില്‍ മിണ്ടാനൊരാള്‍ എന്നുമാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.'- സഫീറ പറഞ്ഞു നിര്‍ത്തി. എന്നാല്‍ അയാള്‍ അയച്ച ഒരു കത്ത് വീട്ടുടമസ്ഥര്‍ പിടിച്ചതോടെ സഫീറയുടെ അവിടത്തെ ജോലി അവസാനിച്ചു. കേവലം മൂന്നുമാസത്തെ ബന്ധത്തിനും അവിടെ അവസാനമായി.
തിരിച്ചുകിട്ടിയ ജീവിതം
വീട്ടില്‍തിരിച്ചെത്തി അധികമാകുംമുമ്പ് സഫീറയുടെ ഉമ്മ വീട്ടുജോലിക്കായി ഗള്‍ഫിലേക്ക് പോയി. ഉമ്മയുടെ ഉമ്മ താമസിക്കുന്ന കോട്ടയത്തേക്കാണ് പിന്നീട് സഫീറയെ മാറ്റിയത്. അവിടെയും പല വീടുകളില്‍ പണിയെടുക്കാനയച്ചു. പട്ടിക്ക് ചോറുകൊടുക്കുന്നപോലെയാണ് പലരും ഭക്ഷണം തന്നിരുന്നതെന്ന് സഫീറ ഓര്‍ക്കുന്നു. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയായിരുന്നു അത്. എന്നെ കേള്‍ക്കാനും എനിക്ക് സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. ആ സമയത്താണ് അഭിലാഷ് വീണ്ടും സഫീറയെത്തിരക്കി എത്തുന്നത്. വെറും മൂന്നുമാസത്തെ പരിചയത്തില്‍ പേരും സ്ഥലപ്പേരും മാത്രം വെച്ചുള്ള അന്വേഷണം. സഫീറയുടെ പഴയവീടിനു തൊട്ടടുത്ത വീട്ടില്‍ ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം എന്നെങ്കിലും വന്നാല്‍ വിളിക്കാന്‍ പറയണമെന്നും പറഞ്ഞാണ് അഭിലാഷ് പോയത്. രണ്ടു വര്‍ഷത്തിനുശേഷം ഉമ്മ ഗള്‍ഫില്‍നിന്നും തിരിച്ചെത്തിയ സമയത്താണ് നമ്പര്‍ കിട്ടുന്നത്. അതിനിടെ സഫീറയുടെ വാപ്പ ആത്മഹത്യ ചെയ്തു. പല കടമ്പകളും കടന്ന് വീട്ടുകാരുടെ സമ്മതത്തോടെ അഭിലാഷും സഫീറയും വിവാഹം കഴിച്ചു. അവിടുന്നങ്ങോട്ട് അവരുടെ ജീവിതം മാറിത്തുടങ്ങി.
''കൈയില്‍ ഒരു വരുമാനവുമില്ലാതെ തുടങ്ങിയ ജീവിതത്തില്‍ ഒരു ദിവസംപോലും ഞാന്‍ സന്തോഷിക്കാതിരുന്നിട്ടില്ല. ജീവിതത്തില്‍ അതുവരെ ഒരു മറയ്ക്ക് പിറകില്‍ ജീവിച്ചിരുന്ന എന്നെ ചേട്ടന്‍ ജീവിതത്തിന്റെ മുന്നിലേക്ക് നയിച്ചു. ആളുകളെ പരിചയപ്പെടുത്തി, എങ്ങനെ പുറംലോകം കാണണം എന്നു പഠി്പ്പിച്ചു. ചേട്ടന്റെ സേതു അപ്പച്ചിയായിരുന്നു അന്ന് എല്ലാത്തിനും വഴികാട്ടിയായത്.'' സഫീറയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ജീവിതം വഴിതിരിച്ച ലോക് ഡൗണ്‍
ലോക് ഡൗണ്‍ തുടങ്ങിയപ്പോഴാണ് വരുമാനത്തിനായി ബിരിയാണി ഉണ്ടാക്കി നല്‍കാമെന്ന ആശയം സഫീറയ്ക്കുണ്ടായത്. പാചകം സഫീറയുടെ ഇഷ്ടമേഖലകൂടിയായിരുന്നു. ഉണ്ടാക്കി നല്‍കുന്ന ഭക്ഷണം നല്ലതായിരുന്നു എന്നുകേള്‍ക്കുന്നതിനേക്കാള്‍ നല്ലൊരു അവാര്‍ഡ് തനിക്ക് കിട്ടാനില്ലെന്ന് സഫീറ പറയുന്നു. ''അങ്ങനെയിരിക്കുമ്പോഴാണ് ഒരു യു ട്യൂബ് ചാനലില്‍ കണ്ട രീതിയില്‍ കേക്ക് ഉണ്ടാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ സുഹൃത്തുക്കള്‍ക്കായിരുന്നു നല്‍കിയത്. അവര്‍ നല്‍കിയ പ്രോത്സാഹനമാണ് സഫീസ് ഹോമിനു തുടക്കമിടാന്‍ കാരണം. മക്കളുടെ പേരില്‍ തുടങ്ങാമെന്നു പറഞ്ഞെങ്കിലും അതിന് എന്റെ പേരിടണമെന്ന് പറഞ്ഞത് ഭര്‍ത്താവായിരുന്നു. എനിക്ക് എന്റെ ഭര്‍ത്താവ് സ്വാതന്ത്ര്യം തന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, എന്റെ സ്വാതന്ത്ര്യത്തില്‍ അദ്ദേഹം കൈകടത്തിയില്ല എന്നു പറയാനാണ് എനിക്കിഷ്ടം.' സഫീറ പറയുന്നു. ചുറ്റുപാടുമുള്ളവരോട് നേരിട്ട് ചെന്ന് പറഞ്ഞായിരുന്നു കമ്പനിയുടെ പരസ്യം. പിന്നീട് കേട്ടറിഞ്ഞ് ആളുകള്‍ വന്നുതുടങ്ങി. കടകളിലും മറ്റും കേക്ക് നല്‍കിത്തുടങ്ങി. അതിനിടയില്‍ ജീവിതം സഫീറയെ പലതും പഠിപ്പിച്ചു. ആളുകളുടെ വാക്കുകള്‍ക്ക് ചെവി നല്‍കാതെ ജീവിതത്തില്‍ നമുക്ക് നമ്മളെയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞുതുടങ്ങി അവര്‍. സൈക്കിളുപോലും ഓടിക്കാനറിയാത്ത സഫീറ സ്‌കൂട്ടറും ബൈക്കും കാറും ഓടിക്കാനുള്ള ലൈസന്‍സെടുത്തു.
ഉറങ്ങാന്‍ കിടന്നിടത്തുനിന്ന് എണീറ്റുപോയി യൂ ട്യൂബ് ചാനല്‍ തുടങ്ങിയ ആളാണ് സഫീറ. മീന്‍ കറി വെച്ചായിരുന്നു ആദ്യ പരീക്ഷണം. സമ്മാനമുണ്ടെന്ന് പോലും അറിയാതെയാണ് ഗൃഹലക്ഷ്മി മിസിസ് കേരളയിലേക്ക് എന്‍ട്രി അയയ്ക്കുന്നത്. ഫൈനലിസ്റ്റുകളില്‍ ഒരാളായപ്പോള്‍ത്തന്നെ മിസ് വേള്‍ഡ് ആയ പ്രതീതിയായിരുന്നുവെന്ന് സഫീറ പറയുന്നു. തന്റെ ഇഷ്ടങ്ങള്‍ക്കുപുറകെ പോകാനും അത് നേടിയെടുക്കാനും നമ്മള്‍തന്നെ മുന്നിട്ടിറങ്ങണമെന്ന് തന്നെ ജീവിതം പഠിപ്പിച്ചുവെന്ന് സഫീറ.
പത്താംക്ലാസ് വിജയം
കല്യാണം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോഴാണ് പത്താംക്ലാസ് പാസാവണം എന്ന ആഗ്രഹം സഫീറയുടെ മനസ്സിലുദിച്ചത്. മക്കളൊക്കെ സ്‌കൂളില്‍ പോയിത്തുടങ്ങിയിരുന്നു. വീടിനടുത്ത് സമ്പൂര്‍ണ സാക്ഷരതാമിഷന്റെ കീഴില്‍ തുല്യതാ പരീക്ഷയുണ്ടെന്ന് അറിഞ്ഞതും അക്കാലത്താണ്. എല്ലാഞായറാഴ്ചയും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുപോയി പഠിച്ചു. ഒന്നിച്ച് പരീക്ഷയെഴുതി ഒന്നിച്ച് നല്ല മാര്‍ക്കോടെ വിജയിച്ചു.
2010 ജനുവരി 17-നായിരുന്നു വിവാഹമെങ്കിലും അത് രജിസ്റ്റര്‍ ചെയ്തത് 12 വര്‍ഷത്തിനിപ്പുറം 2022-ലാണ്. അന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന കാര്യമൊന്നും അറിയില്ലായിരുന്നു. അഭിലാഷ് എന്നും സഫീറ ബീവിയെന്നും തന്നെ പേരുകളില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. പേരൂര്‍ക്കട കല്ലയത്ത് 12 വയസ്സുള്ള മോളും ഒമ്പതുവയസ്സുള്ള മോനും ഭര്‍ത്താവുമായി സന്തോഷത്തോടെ ജീവിതം നയിക്കുന്നു സഫീറ ഇപ്പോള്‍.
Content Highlights: grihalakshmi mrs kerala, inspiring life story, home baker, safeera beevi
Published: 09 Aug 2023, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented