ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ബുദ്ധിമുട്ടിയിരുന്ന ബാല്യമായിരുന്നു കലാഭവന്‍ മണിയുടേത്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. പാടത്തും പറമ്പിലും അന്തിമയങ്ങുവോളം പണിയെടുത്ത് അച്ഛന്‍ രാമന് കിട്ടുന്ന തുച്ഛമായ കൂലി, ആ വലിയ കുടുംബത്തെ പോറ്റാന്‍ പലപ്പോഴും മതിയാകുമായിരുന്നില്ല. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവരെ സഹായിക്കാന്‍ മണിയും ഇറങ്ങിത്തിരിച്ചു. വയറുനിറയെ ഭക്ഷണമോ താമസിക്കാന്‍ നല്ലൊരു കൂരയോ ഉടുക്കാന്‍ വസ്ത്രമോ ഇല്ലാത്ത നാളുകള്‍. ഓലപ്പുരയിലാണ് അച്ഛനും അമ്മയും മക്കളും താമസിക്കുന്നത്. നന്നായിട്ടൊന്ന് മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍, കിടക്കാനുള്ളത് ഒരു മുറിപ്പായയും. ബാല്യകാലത്തെക്കുറിച്ച് മണി പിന്നീട് പറഞ്ഞിട്ടുണ്ട്.

''അച്ഛന്‍ കൂലിപ്പണിക്കുപോവും, അമ്മ അടുത്ത വീടുകളില്‍ അടുക്കളപ്പണിക്കും. പുതിയ കുപ്പായം വാങ്ങിത്തരാനുള്ള കഴിവ് അച്ഛനും അമ്മയ്ക്കുമില്ലായിരുന്നു. അതുകൊണ്ട് അമ്മ ജോലിക്ക് പോവുന്ന വീടുകളിലെ കുട്ടികളുടെ പഴയ നിക്കറും ഷര്‍ട്ടുമാണ് ഞാനിട്ടിരുന്നത്. സ്‌കൂളില്‍നിന്ന് എത്തിയാലുടന്‍ ആ നിക്കറും ഷര്‍ട്ടും കഴുകി അടുപ്പിന്റെ മുകളില്‍ തൂക്കും. അടുപ്പിലെ ചൂടില്‍ പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും അതുണങ്ങും''.

To advertise here,



ചാലക്കുടി ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിലാണ് മണി പഠിച്ചത്. ഒരിക്കല്‍ പഠിക്കാനുള്ള പുസ്തകം വാങ്ങാന്‍ അഞ്ച് രൂപയ്ക്കുവേണ്ടി അച്ഛന്‍ പണിയെടുക്കുന്ന സ്ഥലത്തുപോയി. അന്ന് അവിടെയുള്ളവര്‍ അച്ഛനെ കാണാന്‍ സമ്മതിച്ചില്ല. 'അഞ്ച് മണിയാവുമ്പോള്‍ നിന്റെ അച്ഛന് കൂലി കിട്ടും. അപ്പോള്‍ വന്ന് വാങ്ങിച്ചോ' എന്നാണവര്‍ പറഞ്ഞത്. മണിയുടെ ഉള്ളില്‍ അതൊരു വാശിയായി കിടന്നു. സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടായപ്പോള്‍ മണി, അച്ഛന്‍ പണിയെടുത്ത പറമ്പൊക്കെ വാങ്ങിക്കൂട്ടി. തന്നെയും കുടുംബത്തെയും അവഗണിച്ചവരോടുള്ള മധുരപ്രതികാരം. 

പഠനകാലത്തുതന്നെ മിമിക്രിയും മോണോ ആക്ടുമായിരുന്നു ജീവശ്വാസം. ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും ഓട്ടോ ഓടിക്കാന്‍ പഠിച്ചു. അതിനൊപ്പം മണലുവാരിയും തെങ്ങുകയറിയും ജീവിതം കരുപ്പിടിപ്പിക്കാന്‍ മണി ശ്രമിച്ചു. ആ കാലത്തെക്കുറിച്ച് മണി പറഞ്ഞു, ''ചാലക്കുടിപ്പുഴ എത്ര വട്ടം മണിയെ കണ്ടിരിക്കുന്നു, അറിഞ്ഞിരിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നേരം വെളുക്കും മുമ്പേ ഞാന്‍ മണലുവാരാനെത്തും ഇവിടെ. സൂര്യനുദിക്കുമ്പോഴേക്കും ഒരു തോണി നിറയെ മണലുണ്ടാവും. അതുകഴിഞ്ഞാണ് സ്‌കൂളില്‍ പോവുന്നത്. പിന്നീട് 25 പൈസയ്ക്ക് തോണി തുഴഞ്ഞതും ഈ പുഴയില്‍ തന്നെ''. 
 


ചെറുപ്പത്തില്‍ ചാലക്കുടിപ്പുഴയില്‍ കഴുത്തൊപ്പം വെളളത്തില്‍ മുങ്ങിക്കിടന്ന് സാധകം ചെയ്യലാണ് മണിയുടെ പരിപാടി. അച്ഛന്‍ പാടുന്ന, പഠിപ്പിച്ച നാടന്‍പാട്ടുകള്‍. വെള്ളത്തില്‍ മുങ്ങിക്കിടന്ന് പാടുമ്പോള്‍ അക്കരെനിന്ന് തുണിയലക്കുന്ന സ്ത്രീകള്‍ കളിയാക്കും, ''എടാ മണീ...നീയിങ്ങനെ തല മാത്രം കാണിച്ച് വെള്ളത്തില്‍ കിടക്കുമ്പോള്‍ എരുമയാണോ പോത്താണോ അതോ മനുഷ്യനാണോ എന്നൊന്നും മനസ്സിലാവില്ലല്ലോ...''നിറത്തിനെ കളിയാക്കുന്നതാണ്. അപ്പോള്‍ ചിരിച്ചുകൊണ്ട് പറയും, ''പോട്ടെ ചേച്ചി, ഈ കറുമ്പനും ഒരു കാലം വരും...''

അങ്ങനെയൊരു നല്ല കാലം വന്നപ്പോള്‍ ഓണത്തിനും വിഷുവിനും ക്രിസ്മസിനും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് മണി അരിയും പൈസയുമൊക്കെ എത്തിക്കാന്‍തുടങ്ങി. അങ്ങനെ ഒരു വിഷുവിന് വീട്ടില്‍ വരുന്നവര്‍ക്കെല്ലാം കൈനീട്ടം കൊടുക്കാന്‍ തീരുമാനിച്ചു, 150 രൂപ. അതൊരു കവറിലിട്ട് കൊടുത്തു. കുറച്ചുകഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് വിളിക്കുന്നത്, ''ഒന്ന് ചാലക്കുടി അങ്ങാടി വരെ വരാമോ...''മണിയെ ഒരു ബാറിനുമുന്നിലേക്ക് സുഹൃത്ത് കൂട്ടിക്കൊണ്ടുപോയത്. അവിടെ കണ്ട കാഴ്ച മണിയെ ഞെട്ടിച്ചു, നേരത്തെ കൈനീട്ടം കൊടുത്ത കവറുകളില്‍ ഭൂരിഭാഗവും ആ ബാറിനുമുന്നില്‍ കൂടിയിട്ടിരിക്കുന്നു. അതോടെ മണി ഒരു കാര്യം തീരുമാനിച്ചു, ഇനി മുതല്‍ വീട്ടമ്മമാരുടെ കൈയിലേ സഹായം ഏല്പിക്കൂ. എല്ലാവരോടുമുള്ള സ്‌നേഹം തന്നെയാണ് ചാലക്കുടിക്കാരുമായി കലാഭവന്‍ മണിയെ ഇത്ര അടുപ്പിച്ചുനിര്‍ത്തിയതും.