മുക്ക് എക്കാലവും ഓര്‍ത്തുചിരിക്കാന്‍ ആവോളം തമാശകള്‍ സമ്മാനിച്ചതുപോലെ ഓര്‍ത്തുപാടാന്‍ ഒത്തിരി നല്ല പാട്ടുകളും നല്‍കി സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. ആദ്യസിനിമയായ റാംജി റാവു സ്പീക്കിങ് മുതല്‍ അവസാന സിനിമയായ ബിഗ് ബ്രദര്‍ വരെ... നൂറ് ദിനത്തിന് മുകളില്‍ ഓടാത്ത സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍ അപൂര്‍വമാണെന്ന് പറയുന്നതുപോലെ ആ സിനിമകളിലെ ഒരു പാട്ടെങ്കിലും ഹിറ്റാവാതിരിക്കില്ല. ഒരായിരം കിനാക്കളാല്‍, ഏകാന്തചന്ദ്രികേ, പാതിരവായി നേരം, പാല്‍നിലാവിനും, നീയുറങ്ങിയോ, കടല്‍ക്കാറ്റിന്‍, സ്വയംവര ചന്ദ്രികേ, പേരില്ലാ രാജ്യത്തെ, ഒരു ദിനം... ഹിറ്റുകളുടെ ഒരു ഗാനമാല തന്നെ കാണാം ആ കൂട്ടുകെട്ടിന്റെ സിനിമകളില്‍. ഒരോ കാലയളവിലും ഓരോ സംഗീതസംവിധായകരെ കൂട്ടുപിടിച്ച് സിനിമയിലെ കോമഡികള്‍ പോലെതന്നെ പാട്ടുകളും ശ്രദ്ധേയമാക്കാന്‍ അവര്‍ ശ്രമിച്ചു. സിനിമയുടെ വിജയത്തിന് പുറകില്‍ ആ പാട്ടുകള്‍ വഹിച്ച പങ്കും ചെറുതല്ല. നല്ല പാട്ടുകളും തങ്ങളുടെ സിനിമകളില്‍ വേണമെന്ന ഒരുതരം വാശി, നിര്‍ബന്ധം സിദ്ദിഖ്-ലാലിന് ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. സ്വതന്ത്രസംവിധായകനായി സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോഴും സിദ്ദിഖ് പാട്ടുകളുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തില്ല. ഹിറ്റ്‌ലറിലെയും ഫ്രണ്ട്‌സിലെയും ക്രോണിക് ബാച്ചിലറിലെയും പാട്ടുകള്‍ അതിന് തെളിവായിരുന്നു. 

To advertise here,

സംഗീതസംവിധായകനായ എസ് ബാലകൃഷ്ണനെ മലയാളസിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. സിദ്ദിഖ്-ലാല്‍മാരാണ്. ആദ്യസിനിമയായ റാംജി റാവുവില്‍ തുടങ്ങി ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി വരെ എത്തിനിന്നു ആ കൂട്ടുകെട്ട്. ആ സിനിമകളിലെ പാട്ടുകളെല്ലാം മലയാളി ഇന്നും ഏറ്റുപാടുന്നു. റാംജി റാവുവിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ഒരായിരം കിനാക്കളാല്‍, കണ്ണീര്‍ കായലിലേതോ, കളിക്കളം ഇത് കളിക്കളം, അവനവന്‍ കുരുക്കുന്ന... സിനിമയിലെ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും അനുയോജ്യമായി നിന്നു ആ പാട്ടുകളെല്ലാം. പ്രത്യേകിച്ചും അവനവന്‍ കുരുക്കുന്ന എന്ന ഗാനം. തുടര്‍ന്ന് വന്ന ഇന്‍ ഹരിഹര്‍ നഗറിലും ബാലകൃഷ്ണനെ കൂട്ടുപിടിച്ച് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് നല്‍കി. ഏകാന്തചന്ദ്രികേ, ഉന്നം മറന്നു... അടിപൊളിക്കൊപ്പം ഒരു മെലഡി ഗാനവും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മറന്നിരുന്നില്ല ഈ കൂട്ടുകെട്ട്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയായ ഗോഡ്ഫാദറിലെ പാട്ടുകളൊരുക്കാനുള്ള അവസരവും ബാലകൃഷണന് നല്‍കി. നീര്‍പളുങ്കുകള്‍, പൂക്കാലം വന്നു, മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ... എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചത്. വിയറ്റ്‌നാം കോളനിയിലും ഹിറ്റുകളുടെ ആവര്‍ത്തനമാണ് മലയാളി കേട്ടത്. പവനരച്ചെഴുതുന്നു, പാതിരാവായി നേരം, ലല്ലലം ചൊല്ലുന്ന... ആദ്യത്തെ നാല് സിനിമകള്‍ക്കൊണ്ട് തന്നെ തമാശകളിലെ പുതുമകൊണ്ടും മികച്ച പാട്ടുകള്‍ക്കൊണ്ടും സിദ്ദിഖ്-ലാല്‍ മാര്‍ക്ക് മലയാളക്കരയില്‍ പതിഞ്ഞിരുന്നു. എസ്. ബാലകൃഷ്ണനെ തിരക്കുള്ള സംഗീതസംവിധായകനിലേക്ക് അഴിച്ചുവിട്ട് കാബൂളിവാലയില്‍ എസ്.പി. വെങ്കിടേഷിനെ കൂട്ടുപിടിച്ചു അവര്‍. ഹിറ്റുപാട്ടുകളുടെ രാജാവ് ആയിരുന്ന എസ്.പി. അവര്‍ക്കുവേണ്ടി ആറ് മണിമുത്തുകളാണ് വിതറിയത്. പാല്‍നിലാവിനും, കാബൂളിവാലാ, പിറന്നൊരീ മണ്ണും... തുടങ്ങിയവ ആ മണിമുത്തുകള്‍ക്കിടയില്‍ വെട്ടിത്തിളങ്ങി. 

ഹിറ്റ്‌ലറിലൂടെ സിദ്ദിഖ് ആദ്യമായി സ്വതന്ത്രസംവിധായകന്റെ വേഷമണിഞ്ഞപ്പോള്‍ എസ്. പി. വെങ്കിടേഷിനെത്തന്നെയാണ് സംഗീതസംവിധായകന്റെ കുപ്പായം നല്‍കിയത്. അഞ്ച് പാട്ടുകളാണ് എസ്.പി. ഒരുക്കിയത്. അടിച്ചുപൊളിയും മെലഡിയും സമ്മിശ്രമായി ഒഴുകിയപ്പോള്‍ സിനിമയ്‌ക്കൊപ്പം പാട്ടും മലയാളിമനസില്‍ കുടിയേറി. മാരിവില്‍ പൂങ്കുയിലേ, നീ ഉറങ്ങിയോ, കിതച്ചെത്തും കാറ്റേ... അതില്‍ കിതച്ചെത്തും കാറ്റേ എന്ന പാട്ട് അക്കാലത്തെ ഫാസ്റ്റ് നമ്പറുകളില്‍ മുന്നിലായിരുന്നു. ആഘോഷങ്ങളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ഇന്നും മലയാളിക്ക് ആ പാട്ട് വേണം. മറ്റൊരു ഹിറ്റായ ഫ്രണ്ട്‌സിന് പാട്ടൊരുക്കാന്‍ സിദ്ദിഖ് വിളിച്ചത് ഇസൈജ്ഞാനി ഇളയരാജയെയാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ഇളയരാജ പതിവുതെറ്റിച്ചില്ല. അടിപൊളിയും മെലഡിയും കൊണ്ട് ആ സിനിമയെ സമ്പുഷ്ടമാക്കി. പുലരിക്കിണ്ണം, കടല്‍ക്കാറ്റിന്‍, തങ്കക്കിനാപ്പൊങ്കല്‍, പഞ്ചമിത്തിങ്കള്‍...ആ പാട്ടുകളെല്ലാം ഇന്നും റിപ്പീറ്റ് അടിച്ച് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു നമ്മള്‍. സിനിമയുടെ എല്ലാ രസങ്ങളും ഉള്‍ക്കൊണ്ട്, പിരിമുറുക്കം നിറഞ്ഞ രംഗങ്ങള്‍ക്ക് സംഗീതംകൊണ്ട് അര്‍ഥവും സാക്ഷാത്കാരവും നല്‍കി ഇളയരാജ. 

എസ് ബാലകൃഷ്ണനെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയതുപോലെ മറ്റൊരാളെക്കൂടി സംഭാവന ചെയ്തു സിദ്ദിഖ്; ദീപക് ദേവ്. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലൂടെ. തഴക്കം വന്ന ഒരു സംഗീതസംവിധായകന്റെ സൃഷ്ടിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദീപക് ദേവിന്റെ ആദ്യഗാനങ്ങള്‍. സിനിമയുടെ സത്ത മുഴുവനായും ഉള്‍ക്കൊണ്ട് അദ്ദേഹം ഈണമിട്ട പാട്ടുകള്‍ ലാളിത്യം തുളുമ്പിനില്‍ക്കുന്നവയായിരുന്നു. സ്വയംവരചന്ദ്രികേ, ശിലയില്‍നിന്നും, ചിരിയോ, പകല്‍പ്പൂവേ... സിദ്ദിഖ് സിനിമകളുടെ രസച്ചേരവുകള്‍ മനസിലാക്കി പാട്ടൊരുക്കാന്‍ ദീപക്‌ദേവിന് കഴിഞ്ഞു. അക്കാലത്തെ സിനിമകളിലെ ഒരു പൊതുസവിശേഷതയായ മെലഡിയും ഫാസ്റ്റ് നമ്പറുകളും ആവര്‍ത്തിച്ചുവന്ന കാഴ്ചയാണ് ക്രോണിക് ബാച്ചിലറിലും കണ്ടത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലും ഭാസ്‌കര്‍ ദി റാസ്‌കലിലും  ദീപക്‌ദേവിനെ ഒപ്പംകൂട്ടി മനോഹരഗാനങ്ങള്‍ ആവര്‍ത്തിച്ചു. ബോഡിഗാര്‍ഡിലൂടെ ഔസേപ്പച്ചനും ഫുക്രിയിലൂടെ ഗോപീസുന്ദറും സിദ്ദിഖ് സിനിമകളെ പാട്ടുകള്‍ക്കൊണ്ട് മനോഹരമാക്കി. അവസാന സിനിമയായ ബിഗ് ബ്രദറിലും ദീപക് ദേവിനെയായിരുന്നു സംഗീതമൊരുക്കാന്‍ അദ്ദേഹം നിയോഗിച്ചത്. സിദ്ദിഖിന്റെ സിനിമകളില്‍ മെലഡികള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കൂടാതെ ഭൂരിപക്ഷം ഗാനങ്ങളിലും കോറസിന്റെ പ്രയോഗവും കാണാം.