'എന്റെ മകൾ നിരവധി ആൺമക്കളേക്കാൾ മികച്ചവളാണ്, കഴിവിന്റെ കാര്യത്തിൽ അവൾ ഇരുപത് പേർക്ക് തുല്യയാണ്.' ഡൽഹിയിലെ സുൽത്താൻ ഇൽതുമിഷ് കൗമാരക്കാരിയായ തന്റെ മകളെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പിൽക്കാലത്ത് ഡൽഹിയുടെ കരുത്തുറ്റ ഭരണാധികാരിയായി സുൽത്താൻ റസിയ മാറുമെന്ന് അന്നുതന്നെ അച്ഛനായ ഇൽതുമിഷിന് ഉറപ്പുണ്ടായിരുന്നു. ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരിയായിരുന്നു സുൽത്താൻ റസിയ. അവർക്ക് മുൻപോ ശേഷമോ മറ്റൊരു വനിത ഡൽഹി സുൽത്താനേറ്റിന്റെ ചരിത്രത്തിൽ ഭരണത്തിലിരുന്നിട്ടില്ല. ലിംഗഭേദത്തെയും അടിമ വംശ പാരമ്പര്യത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ ഉൾപ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് റസിയ സിംഹാസനത്തിൽ എത്തിയത്. 1236-ന്റെ അവസാനം മുതൽ 1240 വരെ ചെറുതെങ്കിലും നാല് വർഷക്കാലം അവർ ഡൽഹി ഭരിക്കുകയും ചെയ്തു.
'സുൽത്താൻ റസിയ മഹത്തായ ഒരു ഭരണാധികാരിയും, വിവേകമതിയും, നീതിനിഷ്ഠയും, ഉദാരമതിയും, പണ്ഡിതരുടെ രക്ഷാധികാരിയും, നീതി നടപ്പാക്കുന്നവളും, പ്രജകളെ പരിപാലിക്കുന്നവളും, യുദ്ധ കാര്യങ്ങളിൽ കഴിവുള്ളവളുമായിരുന്നു. രാജാക്കന്മാർക്ക് ആവശ്യമായ എല്ലാ പ്രശംസനീയമായ ഗുണങ്ങളും യോഗ്യതകളും അവർക്കുണ്ടായിരുന്നു. ഒരു രാജാവിന് ചേർന്ന എല്ലാ ഗുണങ്ങളും അവർക്ക് സിദ്ധിച്ചിരുന്നു, പക്ഷേ അവർ സ്ത്രീയായി ജനിച്ചതിനാൽ പുരുഷന്മാരുടെ കണ്ണിൽ ഈ ഗുണങ്ങളെല്ലാം വിലയില്ലാത്തതായി.' ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ഭരണാധികാരിയായ റസിയ സുൽത്താനെ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനായ മിൻഹാജ്-ഇ-സിറാജ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നിലവിലുണ്ടായിരുന്ന അധികാര ഘടനകളെ പല തലങ്ങളിലും തകിടം മറിക്കാൻ റസിയയ്ക്ക് കഴിഞ്ഞതിനാൽ മധ്യകാല ഇന്ത്യയിലെ കടുത്ത പുരുഷാധിപത്യ സമൂഹത്തിൽ അവരുടെ ഭരണം ഒരു സുപ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു.
1205-ൽ ബദായൂനിൽ റസിയ-അൽ-ദിൻ എന്ന പേരിൽ ജനിച്ച റസിയ, ഷംസുദ്ദീൻ ഇൽതുമിഷിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ ടെർക്കൻ ഖാത്തൂന്റെയും മകളായിരുന്നു. തന്റെ മൂന്ന് ആൺമക്കൾക്കും മകളായ റസിയക്കും മികച്ച സൈനിക പരിശീലനവും ഭരണപരമായ കഴിവുകളും അദ്ദേഹം ഒരുപോലെ പകർന്നുനൽകി. അവരിൽ ഏറ്റവും ആത്മാർഥതയും കഴിവും ഉള്ളവൾ റസിയയാണെന്ന് ഇൽതുമിഷ് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അതിനാൽ റസിയയെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുക എന്ന ചരിത്രപരമായ ഒരു തീരുമാനവുമെടുത്തു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണാധികാരി ഒരു സ്ത്രീയെ തന്റെ സിംഹാസനത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്.
പുരുഷനല്ലാത്തതിന്റെ പേരിൽ മാത്രം അവൾ മാറ്റി നിർത്തപ്പെട്ടു. 1236-ൽ ഇൽതുമിഷിന്റെ മരണശേഷം മുസ്ലീം പ്രഭുക്കന്മാർ റസിയയെ സുൽത്താനായി നിയമിക്കുന്നതിനെ ശക്തമായി എതിർത്തു. ഒരു സ്ത്രീയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിക്കുന്നത് അനുചിതമാണെന്ന് അവർ കരുതിയതുകൊണ്ടാണ് ഈ എതിർപ്പ് ഉണ്ടായത്. റസിയ ഈ കടുത്ത പുരുഷാധിപത്യ മനോഭാവത്തോട് പോരാടുകയും ഡൽഹി ഭരിച്ച ചുരുങ്ങിയ കാലയളവിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.
അർധസഹോദരനായ റുക്‌നുദ്ദീൻ തികച്ചും കഴിവുകെട്ട ഭരണാധികാരിയായി മാറാൻ തുടങ്ങിയപ്പോഴാണ് റസിയ ഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ തീരുമാനിച്ചത്. തന്റെ പിതാവിന്റെ കാലത്തെക്കുറിച്ചും അവരോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തെക്കുറിച്ചും അവൾ ജനങ്ങളെ ഓർമിപ്പിക്കുകയും നീതിക്കായി അഭ്യർത്ഥിക്കുകയും ചെയ്തു. ജനം അവളെ വിശ്വസിക്കുകയും ഡൽഹിയിലെ അഞ്ചാമത്തെ സുൽത്താനായി വാഴിക്കുകയും ചെയ്തു. അതേസമയം അവളുടെ സഹോദരൻ റുക്‌നുദ്ദീനെ അമ്മ ഷാ തുർക്കാനോടൊപ്പം തടവിലാക്കുകയും വധിക്കുകയും ചെയ്തു. സിംഹാസനത്തിൽ ഏറിയപ്പോൾ റസിയ ജലാലത്ത്-ഉദ്-ദീൻ റസിയ എന്ന ഔദ്യോഗിക നാമം സ്വീകരിച്ചു. സാധാരണയായി ഒരു സുൽത്താന്റെ ഭാര്യയെയോ ഉപപത്‌നിയെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'സുൽത്താന' എന്ന് വിളിക്കപ്പെടാൻ അവർ ഇഷ്ടപ്പെട്ടില്ല അതിനാൽ അവർ തന്റെ പേരിന്റെ മുൻഭാഗമായി 'സുൽത്താൻ' എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചു. കൊച്ചുകുട്ടിയായിരുന്ന കാലം മുതൽക്കേ ഇൽതുമിഷ് തന്റെ പുത്രന്മാർക്ക് തുല്യമായി റസിയയ്ക്ക് യുദ്ധമുറകളിലും, കുതിരസവാരിയിലും, നയതന്ത്രത്തിലും, ഭരണത്തിലും പരിശീലനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. അവളുടെ പരിശീലനത്തിന്റെ മേൽനോട്ടത്തിനായി അദ്ദേഹത്തിന്റെ വിശ്വസ്തനും കഴിവുറ്റവനുമായ അബിസീനിയൻ അടിമ മാലിക് യാഖൂത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സമകാലിക മുസ്ലിം സ്ത്രീകൾക്കായി നിർദ്ദേശിച്ചിരുന്ന പരമ്പരാഗത പെരുമാറ്റരീതികൾ അവൾ ഒരിക്കലും ശീലിച്ചില്ല. പല അവസരങ്ങളിലും പിതാവിനെ സഹായിച്ചുകൊണ്ട് അവൾ ഭരണകാര്യങ്ങളിലാണ് സജീവമായി പങ്കെടുത്തത്. അധികാരവും ആദരവും നേടിയപ്പോൾ റസിയ കേവലം ഒരു സ്ത്രീ എന്ന നിലയിൽ നിന്ന് സ്വയം വേർപെടാൻ ബോധപൂർവം ശ്രമിച്ചു. കാരണം അക്കാലത്ത് സ്ത്രീകൾ അധികാര സ്ഥാനങ്ങൾക്ക് യോഗ്യരായി കണക്കാക്കപ്പെട്ടിരുന്നില്ല. താനൊരു സുൽത്താനാണെന്നും ഒരു യഥാർഥ നേതാവും ഭരണാധികാരിയുമാണെന്നും ജനങ്ങൾ കരുതണമെന്ന് അവൾ ആഗ്രഹിച്ചു. കൊട്ടാരത്തിലെ യാഥാസ്ഥിതിക വിഭാഗത്തിന് വലിയ അതൃപ്തിയുണ്ടാക്കിക്കൊണ്ട് അവൾ പർദ ഉപേക്ഷിക്കുകയും പരസ്യമായി മുഖം കാണിക്കുകയും ചെയ്തതായി പറയപ്പെടുന്നു. പിന്നീട് അവർ സ്ത്രീകളുടെ വസ്ത്രധാരണ രീതി ഉപേക്ഷിക്കുകയും പകരം പുരുഷന്മാരുടെ കുപ്പായവും അങ്കിയും തലപ്പാവും ധരിക്കുകയും ചെയ്തു. അവർ തന്റെ സൈന്യത്തിന്റെ മേധാവിയായി ആനപ്പുറത്തേറി പരസ്യമായി യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു ശക്തയായ ഭരണാധികാരിയെപ്പോലെ, അവർ തന്റെ അധികാരം അനായാസം ഉറപ്പിച്ചത് സ്വന്തം പേരിൽ നാണയങ്ങൾ പുറത്തിറക്കിക്കൊണ്ടാണ്. കാരണം അക്കാലത്ത് മുസ്ലിം ലോകത്ത് നാണയങ്ങൾ അച്ചടിക്കുന്നത് പരമാധികാരത്തിന്റെയും ഭരണത്തിന്റെയും അടയാളങ്ങളിലൊന്നായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു ഗ്രന്ഥശാലകൾക്കും അടിത്തറയിട്ടുകൊണ്ട് റസിയ ജനങ്ങളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു. എല്ലാത്തിനോടുമുള്ള അവരുടെ സമീപനം തികച്ചും മതേതരമായിരുന്നു. മാലിക് യാഖൂത്തിനെ കുതിരപ്പടയുടെ തലവൻ ആയി നിയമിച്ചത് തുർക്കി പ്രഭുക്കന്മാർക്ക് ഒരു അപമാനമായി തോന്നി. കാരണം അക്കാലത്ത് വളരെ പ്രധാനപ്പെട്ടതും സാധാരണയായി തുർക്കി പ്രഭുക്കന്മാർക്കായി മാത്രം നീക്കിവെച്ചിരുന്നതുമായ ഒരു സ്ഥാനമായിരുന്നു അത്. യാഖൂത്തിലുള്ള റസിയയുടെ വിശ്വാസം അവർ തമ്മിലുള്ള പ്രണയമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ഇവയ്‌ക്കൊന്നും ചരിത്രപരമായ അടിസ്ഥാനമില്ല. അവർ സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന ഒരു സ്വതന്ത്ര വനിതയായിരുന്നു. തുർക്കി പ്രഭുക്കന്മാർ മാലിക് യാഖൂത്തിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് വലിയ കോലാഹലമുണ്ടാക്കി. ഒരു സ്ത്രീയാൽ ഭരിക്കപ്പെടുന്നത് അവർക്ക് എന്നും നാണക്കേടായിരുന്നതിനാൽ അവളെ താഴെയിറക്കാനുള്ള അവസരമായി അവരതിനെ മുതലെടുത്തു.
ഭട്ടിൻഡയിലെ ഗവർണറായിരുന്ന മാലിക് അൽത്തൂനിയയാണ് റസിയയ്‌ക്കെതിരെ ആദ്യമായി കലാപമുയർത്തിയത്. അവർ അൽത്തൂനിയക്കെതിരെ യുദ്ധത്തിന് പുറപ്പെട്ടപ്പോൾ മറ്റ് തുർക്കി പ്രഭുക്കന്മാർ കലാപം തുടങ്ങി. അവർ മാലിക് യാഖൂത്തിനെ വധിക്കുകയും റസിയയെ പിടികൂടി തടവിലാക്കുകയും ചെയ്തു. കലാപകാരികളായ പ്രഭുക്കന്മാർ എ.ഡി. 1240 ഏപ്രിലിൽ അവരുടെ സഹോദരൻ ബഹ്‌റാം ഷായെ സിംഹാസനത്തിലേറ്റു. അതേസമയം, റസിയ തന്നെ തടവിലാക്കിയ അൽത്തൂനിയയുടെ മനസ്സ് കീഴടക്കിയെന്നും അയാൾ അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും അവർ അത് സ്വീകരിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. തുടർന്ന് റസിയയുടെ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാൻ അവർ ഒരുമിച്ച് നീങ്ങുകയും 1240 സെപ്റ്റംബറിൽ ബഹ്‌റാം ഷായെ ആക്രമിക്കുകയും ചെയ്തു. എന്നാൽ അവരുടെ സൈന്യം പരാജയപ്പെടുകയും 35-ാം വയസ്സിൽ റസിയ കൊല്ലപ്പെടുകയും ചെയ്തു. ചിലർ അവരുടെ ശവകുടീരം കൈതാലിൽ (ഇന്നത്തെ ഹരിയാന) ആണെന്ന് വാദിക്കുകയും മറ്റുചിലർ അത് തുർക്ക്മാൻ ഗേറ്റിനടുത്തുള്ള പഴയ ഡൽഹിയിലെ ഇടുങ്ങിയ പാതകളിലാണെന്ന് പറയുകയും ചെയ്യുന്നു. രണ്ടാമത്തെ കാഴ്ചപ്പാടാണ് ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന പുരാവസ്തുപരമായ തെളിവുകളോ രേഖകളോ ലഭ്യമല്ല.
ഡൽഹിയിലെ ആദ്യത്തെ വനിതാ ഭരണാധികാരി എന്ന നിലയിൽ റസിയയ്ക്ക് ഇന്നും വലിയ പ്രശസ്തിയുണ്ട്. അവരുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ വർഷങ്ങളായി നിരവധി ബോളിവുഡ് സിനിമകളുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രമേയമായും അവർ മാറിയിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ ഒറ്റയ്ക്ക് നിന്നു പൊരുതിയ ഇവരുടെ ജീവിതം ധീരചരിത്രമാണ്. ചരിത്രത്തിലെ വളരെ ശക്തയായ സ്ത്രീകളിൽ ഒരുവൾ-സുൽത്താൻ റസിയ. ഒരു സ്ത്രീ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും സുൽത്താൻ റസിയ വരും തലമുറകളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ എന്നും പ്രചോദനമായിരിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the inspiring story of Sultan Razia, the first and only female ruler of the Delhi Sultanate. Learn about her reign, challenges, and legacy.
Published: 18 Jul 2025, 04:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented