
നാട് പുരോഗമിക്കുമ്പോഴും പല സ്ത്രീകളും അവരുടെ ആഗ്രഹങ്ങളും കഴിവുകളും മോഹങ്ങളും കുടുംബത്തിനായി കുഴിച്ചുമൂടുന്നു. പിന്നീട് സിനിമാഗാനം പോലെ 'വെറുതേ ഈ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം' എന്നു മനസിൽ കരുതിയിരിക്കുന്നവരും ഒട്ടേറെയാണ്. കോഴിക്കോട് നഗരത്തിലെ ചേവരമ്പലത്ത് ഇത്തരം ചിലരുടെ ആഗ്രഹസാഫല്യമായി നീലാംബരിയെന്നൊരു കൂട്ടായ്മ പിറന്നു. പാട്ട് പഠിക്കണമെന്ന് ആഗ്രഹിച്ചവരോ ഇടയ്ക്ക് വെച്ച് സംഗീത പഠനം നിർത്തിയവരോ ആയ 28 സ്ത്രീകളാണ് നിലവിൽ ഇതിന്റെ ഭാഗമായുള്ളത്. ഇവർക്ക് നേതൃത്വം കൊടുക്കുന്ന പാട്ട് ടീച്ചർ സലീനയ്ക്ക് ഇത് അതിജീവനത്തിന്റെ മറ്റൊരു പേരാണ്.
ബേപ്പൂരിലാണ് സലീനയുടെ നാട്. ശശിധരനും സതിയുമാണ് മാതാപിതാക്കൾ. 2002-ലാണ് സലീന സംഗീതപഠനം ആരംഭിക്കുന്നത്. നാട്യകലാരഞ്ജിനി കലാക്ഷേത്രയിലെ അധ്യാപകനായ പി.കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ കീഴിൽ എട്ടുവർഷത്തോളം സംഗീതം പഠിച്ചു. 94 വയസ്സുള്ള അദ്ദേഹം ഇപ്പോഴും വിദ്യാർഥികൾക്ക് സംഗീതപാഠങ്ങൾ പകർന്നു നൽകുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമായിരുന്നു സലീനക്ക് ക്ലാസ്. അതും ഒരു മണിക്കൂർ മാത്രം. സലീനയോടുള്ള വാത്സല്യത്താൽ മാസ്റ്റർ ശനിയും ഞായറും തുടർച്ചയായി രാവിലെ ഏഴുമുതൽ 12 മണി വരെയുള്ള ക്ലാസുകളിൽ ഇരിക്കാൻ അനുവദിക്കുമായിരുന്നു. അച്ഛനോടുള്ള പോലെ സ്‌നേഹവും ബഹുമാനവും മാസ്റ്ററോടുണ്ടെന്ന് സലീന പറയുന്നു. ഗുരുവിനെ പറ്റി സംസാരിക്കുമ്പോൾ ഇപ്പോഴും ആ ശിഷ്യയുടെ കണ്ണുകൾ ഈറനണിയും.
2010-ൽ വിവാഹിതയാകുന്നത് വരെ സംഗീതാഭ്യാസം തുടർന്നു. ഭർത്താവ് ചേവരമ്പലം സ്വദേശി സനൽകുമാർ പോലീസ് ഉദ്യോഗസ്ഥനാണ്. കണക്കിൽ ബിരുദാനന്തരബിരുദവും പിന്നീട് എച്ച്.ഡി.സി.യും പഠിച്ച സലീന കോപ്പറേറ്റീവ് ബാങ്കിൽ ജോലിക്ക് ശ്രമിക്കവേയാണ് ആദ്യത്തെ കൺമണി പിറന്നത്. 2011-ലാണ് മകൻ സൗരവ് ജനിക്കുന്നത്. കുഞ്ഞിന്
ശാരീരികപ്രശ്‌നങ്ങളുണ്ടായിരുന്നു. അധികം വൈകാതെ മറ്റൊരു വേദനിപ്പിക്കുന്ന സത്യം കൂടി അറിഞ്ഞു. കുഞ്ഞ് ഭിന്നശേഷിക്കാരൻ ആണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടുള്ള, അവനു വേണ്ടി മാത്രമുള്ള ജീവിതമായിരുന്നു പിന്നെ.
ഏതാനും ശസ്ത്രക്രിയകൾ വേണ്ടി വന്നു സൗരവിന്. നടക്കാനും ഇരിക്കാനുമൊക്കെ പ്രയാസം നേരിട്ടു. ചികിത്സയുടെയും തെറാപ്പിയുടെയും നാളുകളായി പിന്നീട്. ആശയവിനിമയവും സമൂഹവുമായുള്ള ഇടപെടലുമെല്ലാം സൗരവിന് പ്രയാസമുള്ളതായി. 11 വർഷം സലീന മകന്റെ പരിമിതികൾക്ക് കൈത്താങ്ങായി കഴിഞ്ഞു. മകനൊപ്പം മാത്രം ചലിച്ച ദിനങ്ങളായിരുന്നു അത്. ഇതിനിടയിൽ സലീന ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മകൾ ശിവാനി. ഇപ്പോൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
സൗരവിന്റെ കാര്യങ്ങൾ തനിക്ക് മാനേജ് ചെയ്യാൻ കഴിയുമെന്ന അവസ്ഥ വന്നപ്പോൾ താൻ പഠിച്ച സംഗീതം കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലുണ്ടായി. സമപ്രായക്കാരായ സ്ത്രീകൾക്ക് പാട്ട് പഠിപ്പിച്ച് കൊടുക്കണമെന്ന ആശയമാണ് ആദ്യം മനസിൽ വന്നത്. ഈ പദ്ധതി പറഞ്ഞപ്പോൾ പലരും നിരുത്സാഹപ്പെടുത്തി, പരിഹസിച്ചു. എന്നാൽ ചേവരമ്പലത്തെ സലീന താമസിക്കുന്ന ഇടത്തെ അനശ്വര റെസിഡൻസ് അസോസിയേഷനിലെ നിഷ ദിനേശ് പൊതുയോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചു. വളരെ അനുകൂലമായി റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പ്രതികരിച്ചു. വനിതാവേദി, കുടുംബശ്രീ പ്രവർത്തകർ എന്നിവരും സഹായത്തിനെത്തി. അങ്ങനെ 2022 ഏപ്രിൽ 17-ന് വീടിന് മുകളിലെ ഹാളിൽ നീലാംബരി വനിതാസംഗീത കൂട്ടായ്മ പിറന്നു. താരാട്ടിന്റെ രാഗമാണ് നീലാംബരി. പെൺമനസിലെ മാതൃത്വത്തിനുള്ള ആദരവെന്ന നിലയിൽ കൂടിയാണ് ഈ പേര് തിരഞ്ഞെടുത്തത്. തുടക്കത്തിൽ പത്തിൽ താഴെയായിരുന്നു കൂട്ടായ്മയിലെ അംഗങ്ങൾ. പിന്നീട് എണ്ണം വർധിച്ചു. ഏറ്റവും മുതിർന്ന അംഗത്തിന് 75 വയസ്സാണ് പ്രായം.
ക്ലാസ് തുടങ്ങിയ നാളുകളിൽ ലളിതഗാനവും സംഘഗാനവുമാണ് പഠിപ്പിച്ചത്. പിന്നീട് ശാസ്ത്രീയ സംഗീതം, ഭജന, സിനിമാ ഗാനങ്ങൾ തുടങ്ങിയവ അഭ്യസിക്കാനും ആവശ്യക്കാരുണ്ടായി. ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഇവിടെയെത്തി പാടാൻ തുടങ്ങുമ്പോൾ അംഗങ്ങളെല്ലാം അവരവരുടെ ഉത്തരവാദിത്തങ്ങൾക്കും ജോലികൾക്കും ബ്രേക്ക് കൊടുക്കും. നീലാംബരിയിൽ അംഗമായതോടെ പാടാനുള്ള ആത്മവിശ്വാസവും താത്പര്യവും കൂടിയെന്ന് പ്രദേശത്തെ ടെക്‌സ്‌റ്റൈൽസ് ഉടമ റോഷ്‌ന സുജിത് പറയുന്നു. ക്ലാസിന് പുറമേ മൂന്ന് മാസത്തിലൊരിക്കൽ ഇവരെല്ലാം ഒത്തുകൂടി പാടും. വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസും ഉണ്ടാകാറുണ്ട്.
സെലിബ്രിറ്റി ചാറ്റ് എന്ന പരിപാടിയും സംഘടിപ്പിക്കാറുണ്ട്. കീബോർഡിസിസ്റ്റ് സുശാന്ത്, പിന്നണി ഗായിക സിന്ധു പ്രേംകുമാർ, ആർ.ജെ. മനു എന്നിവർ സെലിബ്രിറ്റി ചാറ്റിൽ പങ്കെടുത്തിട്ടുണ്ട്. കെ.എസ്. ചിത്രയ്‌ക്കൊപ്പം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണം എന്നാണ് സലീനയുടെ ആഗ്രഹം.
കഴിഞ്ഞ വർഷം സമീപപ്രദേശത്തെ അമ്പലങ്ങളിൽ കൂട്ടായ്മ പരിപാടി അവതരിപ്പിച്ചു. ഈ വർഷവും അമ്പലങ്ങൾ പരിപാടിക്കായി സമീപിക്കുന്നുണ്ട്. നീലാംബരിയെന്ന കൂട്ടായ്മ സലീനയുടെ മകനിലും സംഗീതത്തോട് അഭിനിവേശമുണ്ടാക്കി. അത്‌കൊണ്ട് തന്നെ തുടർപ്രവർത്തനമെന്ന രീതിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ അമ്മമാർക്കും ഒന്നിച്ചിരുന്നു പാട്ട് പഠിക്കാൻ ഒരു ക്ലാസ് തുടങ്ങാൻ പദ്ധതിയുണ്ട്. ''സാധാരണ കുഞ്ഞുങ്ങൾക്ക് പാട്ട് പഠിക്കാൻ ധാരാളം അവസരമുണ്ട്, പഠിപ്പിക്കാനും ഒട്ടേറെ പേരുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഇത്തരം സാധ്യതകളുണ്ടെങ്കിലും വളരെ കുറവാണ്'' - സലീന വിശദീകരിക്കുന്നു.
വീടിന്റെ മുകളിലെ ഹാളിൽനിന്ന് മുറ്റത്ത് സൗകര്യപ്രദമായ ഒരു കെട്ടിടമുണ്ടാക്കി ക്ലാസ് തുടരണമെന്നും നീലാംബരിയെ രജിസ്‌ട്രേഷൻ ഉള്ള കൂട്ടായ്മയാക്കണമെന്നുമൊക്കെ സ്വപ്നങ്ങളുണ്ട് സലീനയ്ക്ക്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neelambari is a music collective founded in 2022 in Chevarambalam, Kozhikode., Led by Salena, the group provides a space for 28+ women to pursue music., The initiative supports personal growth, mental well-being, and artistic expression., Future plans include dedicated music therapy classes for children with special needs., The collective hosts celebrity chats and community performances.
Published: 21 Jun 2026, 04:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented