മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'സമ്മർ ഇൻ ബെത്‌ലഹേം'. രഞ്ജിത് തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വെട്ടിമാറ്റിയൊരു സീൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. നീണ്ട 28 വർഷങ്ങൾക്കുശേഷമാണ് ആ സീൻ പുറത്തുവിട്ടതെന്നതാണ് ഏറെ കൗതുകകരം. ഒമ്പതുമിനിറ്റുള്ള സീൻ സിനിമയുടെ നിർമാതാവ് സിയാദ് കോക്കറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അതോടെ സിനിമാപ്രേമികൾക്കിടയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണിത്.

മോഹൻലാൽ അവതരിപ്പിക്കുന്ന നിരഞ്ജനെ ആമിയും (മഞ്ജു വാര്യർ), ഡെന്നീസും (സുരേഷ് ഗോപി) ജയിലിൽ സന്ദർശിക്കുന്നതും അവിടെവെച്ച് ആമിയുടെ കഴുത്തിൽ താലികെട്ടാൻ നിരഞ്ജൻ ഡെന്നീസിനെ നിർബന്ധിക്കുന്നതുമാണ് സിനിമയിലുള്ളത്. ക്ലൈമാക്‌സ് സീനിൽ രവിശങ്കറിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചുപോകുന്നതും അവരെ യാത്രയാക്കാനായി ആമിയും ഡെന്നീസും രവിശങ്കറും റെയിൽവേ സ്‌റ്റേഷനിലെത്തുന്നതുമാണ്. ഒടുവിൽ തീവണ്ടിയിൽനിന്ന് പുറത്തേക്ക് കാണുന്ന ഒരു പെൺകുട്ടിയുടെ കൈകളും ഒരു കുഞ്ഞ് പൂച്ചക്കുട്ടിയും.

ഇതിനിടയിലുള്ള ഏറെ വൈകാരികമായൊരു ഭാഗമാണ് വെട്ടിമാറ്റിയ സീനിലുള്ളത്. മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ ജയിലിൽ സന്ദർശിച്ചശേഷം ആമിയും (മഞ്ജു വാര്യർ), ഡെന്നീസും (സുരേഷ് ഗോപി) തിരികെ വീട്ടിലെത്തുകയാണ്. ആമി നിരഞ്ജനെയാണ് സ്‌നേഹിക്കുന്നതെന്ന് ഡെന്നീസ് കുടുംബത്തെ അറിയിക്കുകയാണ്. അതിനൊപ്പം താൻ കെട്ടിയ താലി അഴിച്ചുമാറ്റാൻ തയ്യാറാണെന്നും. എന്നാൽ താലിയുടെ മാഹാത്മത്യത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഡെന്നീസുമായുള്ള വിവാഹബന്ധത്തിൽ തുടരാൻ കുടുംബം ഒന്നടങ്കം ആമിയെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇത്രയും ഭാഗമാണ് ഡിലീറ്റ് ചെയ്തിരുന്നത്.
 

ഈ സീൻ കണ്ടതോടെ, ഇത് സിനിമയിൽ ഉൾപ്പെടുത്താതിരുന്നത് വളരെ ബുദ്ധിപരമായൊരു തീരുമാനമായെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ സീൻ ഉൾപ്പെടുത്താതിരുന്നത് എഡിറ്ററുടെ 'ബ്രില്യൻസ്' ആണെന്നും പ്രേക്ഷകർ പറയുന്നു. വെട്ടിമാറ്റിയ ഭാഗത്തെ ഡയലോഗുകൾ ഇന്നത്തെ കാലഘട്ടത്തിൽ അരോചകമായി തോന്നിയേക്കാമെന്നും അത് സിനിമയെ തന്നെ ബാധിച്ചേക്കാമായിരുന്നുവെന്നുമാണ് അവരുടെ അഭിപ്രായം. സൂപ്പർഹിറ്റായിരുന്ന സിനിമ കഴിഞ്ഞവർഷം ഡിസംബർ 12-ന് റീ-റിലീസ് ചെയ്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi