'അതിലളിതം' എന്നാണ് അറബിയിൽ സുഹൈൽ എന്ന വാക്കിന്റെ അർഥം. ആലപ്പുഴക്കാരൻ സുഹൈൽ കോയ പാട്ടെഴുതാൻ തുടങ്ങിയപ്പോൾ പേരുപോലെ വരികളും ലളിതമായി. കടിച്ചാൽ പൊട്ടാത്ത വാക്കുകളില്ല, മനസ്സിലാകാത്ത പ്രയോഗങ്ങളില്ല. ജെൻസിയുടെ പൾസറിഞ്ഞ പദങ്ങൾ, വരികൾ. അതിൽ നിഷേധിയുടെ സ്വരമുണ്ട്. പ്രണയവും വിരഹവും ജീവിതവുമുണ്ട്.

To advertise here,

പ്രണയിനിയുടെ കണ്ണിനെക്കുറിച്ച് സുഹൈൽ എഴുതി:
കണ്ണ് കറുകറെ കരിമേഘക്കൂമ്പു
കരിങ്കടൽക്കര മണ്ണ്, തുരുതുരെ കൊള്ളിമീൻ എയ്യണ പൊളിതീ
പെയ്യണ കണ്ണ്…
യാത്ര ചെയ്യാൻ മടിക്കുന്നവരോട് പറഞ്ഞു: പോകേണ്ടേ ദൂരൊരാളും കൂട്ടിനില്ലാതെ…
സന്തോഷവും വിരഹവും ഒരുമിച്ച് മാറിമറയുന്ന മുഖത്തുനോക്കി പാടി:
അമ്പിളി രാവും മങ്ങണ വാവും
മാറി മാറി മാറി മറിയണ തുട്ട്…
മാനത്തുയരണ് മലരണ് ഇടയിടവിട്ട്
നീറണ നോവും പുഞ്ചിരിയാവും...

ഇങ്ങനെ 'അഞ്ച് രൂപാ മഞ്ച് പോലെ' സന്തോഷം തരുന്ന പാട്ടുകളാണ് സുഹൈൽ കോയയുടേത്. 'ജാതിക്കാ തോട്ടവും' 'ബ്രൈഡാത്തിയും' 'ദുപ്പട്ടാവാലി'യും 'ചിറാപ്പുഞ്ചി മഴയത്തും' 'നെഞ്ചിൽ പണ്ടേ നോവാ'യുമെല്ലാം അതിൽ ചിലത്. എഴുത്തിൽ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത സുഹൈൽ വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പാട്ടെഴുത്തിലേക്ക് തിരിഞ്ഞത്. അതിനിടെ ചില പാട്ടുകൾ പാടി. ഒരു സിനിമയുടെ തിരക്കഥയിൽ പങ്കാളിയുമായി.

ജീവിതം പോലെ സുഹൈൽ എഴുതുന്ന വരികളും സിമ്പിളാണല്ലോ?
ഓരോ പാട്ടിന്റെയും കേൾവിക്കാർ ആരാണെന്ന ബോധ്യത്തിലാണ് എഴുതുക. എന്റെ പാട്ടുകളുടെ കേൾവിക്കാരധികവും ജെൻസിയാണ്. അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വാക്കുകൾ കൂടുതൽ ഉപയോഗിക്കും. പലപ്പോഴും, സാഹിത്യം വേണ്ട എന്ന് സംവിധായകനും മറ്റുള്ളവരും ആദ്യമേ നിബന്ധനയും വെക്കും. വരി ഇത്തിരി കട്ടിയായാൽ ഇഷ്ടമാവില്ല എന്ന് പറയും.

സാഹിത്യഭംഗിയുള്ള വരികളെഴുതാൻ ഇഷ്ടമാണ്. നല്ല ആഴമുള്ള വരികൾ ഹിറ്റാകും എന്നാണ് എന്റെ തോന്നൽ. പഴയ പാട്ടുകളുടെ റീമിക്സുകൾ ഇപ്പോഴത്തെ തലമുറ ഏറ്റെടുക്കുന്നുണ്ടല്ലോ. അങ്ങനെയുള്ള പാട്ടുകൾ എഴുതാൻ അപൂർവമായേ പറ്റാറുള്ളൂ. മാർക്കറ്റ് നോക്കിയാണ് ഇന്നത്തെ എഴുത്ത്.

ചെറിയ പാട്ടുകളാണ് സുഹൈൽ എഴുതുന്നത്. ആറോ ഏഴോ വരിയിൽ പാട്ട് പൂർത്തിയാക്കുന്ന രീതി. മനഃപൂർവം കുറയ്ക്കുന്നതാണോ?
ഒരുപാട് വരികൾ പുതിയ തലമുറക്ക് ഡീകോഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ട്. പിന്നെ അറ്റൻഷൻ സ്പാൻ കുറഞ്ഞ കാലം കൂടിയാണല്ലോ. 30, 40 സെക്കൻഡിനുള്ളിൽ ഹിറ്റ് അടിക്കണം എന്നാണ് പുതിയ കാലത്തെ ചിന്ത. അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നെഴുതി ഒരു മാത്ര വെറുതെ നിനച്ചുപോയി എന്നു പറയാനുള്ള സ്പേസ് ഇപ്പോഴില്ല. വളരെ വേഗത്തിൽ കാര്യങ്ങൾ പറയണം.
 

30- 40 സെക്കൻഡിൽ ഹിറ്റാക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം നടത്താറുണ്ടോ ?
ഉണ്ട്. ഇന്നത്തെക്കാലത്ത് ആളുകളെ കൊളുത്താനുള്ള വാക്കുകൾക്കും വരികൾക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാ പാട്ടുകൾക്കും ചെയ്യാറില്ല. പ്രൊമോ പാട്ടുകളിലാണ് ഇങ്ങനെയുള്ള കൊളുത്തുകൊണ്ടുള്ള ഉപയോഗം. ഈ വാക്കുകൾക്കോ വരികൾക്കോ സിനിമയുമായി വലിയ ബന്ധമുണ്ടാകില്ല. ഹിറ്റാകണം എന്നതു മാത്രമാണ് ലക്ഷ്യം. 'അശുഭമംഗളകാരി', 'ബ്രൈഡാത്തി', 'പഞ്ചാരപ്പഞ്ച്' എന്നിവയെല്ലാം ആളുകളെ കൊളുത്താൻ വേണ്ടി ഉപയോഗിച്ച വാക്കുകളാണ്. മെലഡികളിലും അങ്ങനെ വെച്ചിട്ടുണ്ട്. 'ഹോനാ ഹിജാബിയെ കിനാവ് കണ്ട്' എന്ന പാട്ടിലെ 'ഹിജാബി' കേൾവിയിൽ വളരെ ആകർഷകത്വം ഉള്ള വാക്കാണ്. ചില പാട്ടുകളിൽ പ്രധാനം വാക്കല്ല ആശയമായിരിക്കും. ചിറാപ്പുഞ്ചി മഴയിൽ എന്നെഴുതുമ്പോൾ അത് ആ സ്ഥലത്തെയും നമ്മുടെ ഓർമ്മകളെയും മനസിലേക്ക് കൊണ്ടുവരും.

വരികൾ ആദ്യം എഴുതുന്നതോ ട്യൂണിന് അനുസരിച്ച് എഴുതുന്നതോ പതിവ് ?
ട്യൂൺ ഇട്ടതിന് ശേഷമാണ് പലപ്പോഴും സംഗീത സംവിധായകർ എഴുതാൻ പറയുക. ചില പാട്ടുകൾ കൂടുതൽ സമയം എടുത്ത് എഴുതേണ്ടി വരും. 'ജോ & ജോ'യിലെ പാട്ടുകൾ വളരെ വേഗത്തിൽ എഴുതിയതാണ്. ചില ട്യൂണുകൾ പെട്ടെന്ന് നമ്മളെ വരിയിലേക്ക് വലിച്ചിടും. 'ബബിൾപൂമൊട്ടു'കൾ എന്നൊരു പാട്ട് എഴുതിയിരുന്നു. വളരെ എളുപ്പത്തിൽ എഴുതിയ പാട്ടാണത്. ആശയം പെട്ടെന്ന് കിട്ടുമ്പോൾ എഴുത്തും വേഗത്തിലാകും. 'ആലപ്പുഴ ജിംഖാന'യിലെ 'കല്ലെറിയട്ടെ' എന്ന പാട്ട് എഴുതാൻ ഒരുപാട് സമയമെടുത്തു.

ഒരു സിനിമയിലെ മുഴുവൻ പാട്ടും എഴുതുന്നതാണോ അതോ ഒരു പാട്ട് മാത്രം എഴുതുന്നതാണോ നല്ലത്?

ഒരു സിനിമയിലെ എല്ലാ പാട്ടും ഒരാൾ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതാകുമ്പോൾ വാക്കുകളുടെ ടോൺ നമുക്ക് തന്നെ സെറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടും. കഥാപാത്രങ്ങളുടെ സ്വഭാവവും സാഹചര്യവും മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണത്തിന് 'പൊൻമാനി'ലെ മുഴുവൻ പാട്ടും എഴുതിയത് ഞാനാണ്. അതിൽ 'നെഞ്ചിൽ പണ്ടേ നോവായി' എന്ന പാട്ട് എഴുതാൻ മൺറോതുരുത്തിൽ പോയിട്ടുണ്ട്. അങ്ങനെ പോകുമ്പോൾ പ്രത്യേക ഫീൽ കിട്ടും.

ആ സ്ഥലത്തിരുന്ന് കഥ കേൾക്കുന്നു, ചുറ്റുപാടിനെ നിരീക്ഷിക്കുന്നു, അവിടുത്തെ ആളുകളുടെ ജീവിതരീതി കാണുന്നു. മൊത്തത്തിൽ എഴുതാനുള്ളത് കൊണ്ടാണ് അങ്ങനെ പോകുന്നത്. ഒരു പാട്ട് മാത്രമാണെങ്കിൽ അങ്ങനെയൊന്നിന് മുതിരില്ല. അതുപോലെ ആ സിനിമയിലെ 'ബ്രൈഡാത്തി' എന്ന പാട്ടും അവിടെനിന്ന് കിട്ടിയതാണ്. മൺറോതുരുത്തിലുള്ളവർ ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലാക്കുന്നത് കേട്ടിട്ടുണ്ട്. സെറ്റേഷ്, മൂഡേഷ് തുടങ്ങിയ വാക്കുകൾ... അതിനെ കോംപ്ലിമെന്റ് ചെയ്യാൻ പറ്റുന്ന വാക്കിൽ തുടങ്ങിയാലോ എന്ന് ആലോചിച്ചു. പെണ്ണാത്തി, ചങ്കത്തി എന്നെല്ലാം പറയുന്നപോലെ ബ്രൈഡാത്തി എന്ന വാക്കിലേക്കെത്തി.

മറ്റുള്ളവരുടെ വരികൾ സ്വാധീനിച്ചിട്ടുണ്ടോ ?
സ്വാധീനത്തേക്കാൾ ഇഷ്ടമാണ് തോന്നിയിട്ടുള്ളത്. അൻവർ അലി, റഫീഖ് അഹമ്മദ്... അതുപോലെ പഴയ ആളുകളിൽ പി. ഭാസ്‌കരൻ, ഒഎൻവി എന്നിവരെയും ഇഷ്ടമാണ്. വരികളിലൂടെ അസാധ്യമായി അദ്ഭുതപ്പെടുത്തിയവരാണ് ഇവർ.

പുതിയ പാട്ടുകളിൽ എപ്പോഴും പുതിയ ഇമേജറികൾ കൊണ്ടുവരാനാണ് ശ്രമം. താമരയും ആമ്പൽക്കുളവും ആയിരുന്നു പണ്ടത്തെ വർണ്ണനകൾ. ഇന്ന് അത് അഞ്ച് രൂപാ മഞ്ച് പോലെ എന്നാക്കി. ഉപമകൾ ശുഷ്‌കിച്ചുപോയ കാലമാണ്. കോൺക്രീറ്റ് കെട്ടിടവും മെട്രോയും പൊടിയുമെല്ലാം ചേർന്ന ജീവിതത്തിൽ ശാന്തതയും താമരയും പ്രണയവും എവിടെയാണ്. എന്നാലും നമുക്ക് അതെല്ലാം കണ്ടെത്തിയേ പറ്റൂ. വാട്സ്ആപ്പിൽ ബ്ലൂടിക്ക് കാണാത്തപ്പോൾ, ഡിപി കാണാത്തപ്പോൾ വിരഹം അനുഭവപ്പെടുന്ന തലമുറയാണ്.
 

'തെലങ്കാന ബൊമ്മലു' എന്ന പാട്ടിൽ കണ്ടൊരിക്കൽ സുന്ദരിയേ പുഞ്ചിരിയേ, കാശ് പത്തെടുക്കാൻ എ.ടി.എമ്മിൽ നിന്നളിയേ... അങ്ങ് പൊത്തിവെച്ചേ പിൻ അവള് മൊഞ്ചവള്... എന്ന വരിയിൽ പിൻ നമ്പറും മൊഞ്ചും അവൾ പൊത്തിവെച്ചു എന്ന് എഴുതിയിട്ടുണ്ട്. 'ഓടും കുതിര ചാടും' എന്ന സിനിമയിലെ 'ദുപ്പട്ടവാലി' എന്ന പാട്ടിൽ കാറിൽ പാടും പാട്ടിൻ വരിയാകെ, ഞാനോ തേടും നമ്മെ അതിലാകെ എന്ന് എഴുതിയിട്ടുണ്ട്. കാറിലെ പാട്ടിൽ എന്റെ പ്രണയം കൂടി ചേരുന്നുണ്ടോ എന്ന ചോദ്യമാണത്. പണ്ടുള്ളവർക്ക് പാട്ടിൽ കാർ എന്ന വാക്ക് ഉപയോഗിക്കാൻതന്നെ മടിയാണ്. ഇപ്പോൾ ബോധപൂർവം പുതിയ കാലത്തെ ഇമേജറികൾ വെക്കാൻ തുടങ്ങി.

പാട്ടെഴുത്തിനു മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നു?
ആലപ്പുഴ നഗരത്തിലാണ് വീട്. അവിടെ ഓൾഡ് ബോയ്സ് ഹൈസ്‌കൂളിലായിരുന്നു പഠനം. ബാപ്പ കോയയ്ക്ക് കുടയുടെയും തുണിയുടെയും ബിസിനസായിരുന്നു. ഉമ്മ ഷാഹിദ വീട്ടമ്മ. ഞങ്ങൾ മൂന്ന് മക്കൾ. ഡിഗ്രി വരെ നാട്ടിലായിരുന്നു പഠനം. അതിനുശേഷം എംബിഎ ചെയ്യാൻ ഇംഗ്ലണ്ടിലെ കോവൻട്രിയിൽ പോയി. പഠനത്തിന് ശേഷം നാല് വർഷത്തോളം അവിടെ ജോലി ചെയ്തു. ഇവന്റ് മാനേജ്മെന്റ് പരിപാടികളായിരുന്നു. 2009-ൽ ബാപ്പ മരണപ്പെട്ടു. അതോടെ നാട്ടിലേക്ക് തിരിച്ചെത്തി.

എപ്പോഴാണ് എഴുത്തിലേക്ക് തിരിയുന്നത്?
2010 ലായിരുന്നു വിവാഹം. ഭാര്യ നിഖില. ഡിഗ്രിക്കും പിജിക്കും ഒന്നിച്ച് പഠിച്ചതാ ഞങ്ങൾ. ആ സൗഹൃദം പ്രണയമായി. വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലത്തോളം ഒരുമിച്ച് ഡൽഹിയിൽ താമസിച്ചു. അതിനിടയിൽ കുഞ്ഞുണ്ടായി. അക്കാലത്ത് പാട്ടുകളോട് കൂടുതൽ താല്പര്യം വന്നു. ഖവാലി, ഗസൽ എന്നിവയെ കൂടുതൽ മനസ്സിലാക്കാനും ആസ്വദിക്കാനും തുടങ്ങി. എപ്പോഴോ ഉറുദു പഠിക്കാനുള്ള ആഗ്രഹവും വന്നു. അങ്ങനെ അവിടുത്തെ ഒരു പ്രാദേശിക ഗുരുവിന്റെ കീഴിൽ ഉറുദു പഠിച്ചു. ജോലിയിൽനിന്ന് ബ്രേക്ക് എടുത്താണ് ഇതിനെല്ലാം പോയത്. ഉണ്ടായിരുന്ന സൂക്ഷിപ്പെല്ലാം വെച്ചായിരുന്നു ഡൽഹി ജീവിതം. ഭാര്യക്ക് അവിടെ ജോലിയുണ്ടായിരുന്നതുകൊണ്ട് മറ്റു ചിലവുകളെല്ലാം അങ്ങനെ പോയ്ക്കോളും.

കുറച്ചുനാൾ കഴിഞ്ഞ് സുഹൃത്ത് അജിത്ത് പിള്ള ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. 'മോസയിലെ കുതിരമീനുകൾ'. അജിത്ത് കോളേജിൽ എന്റെ സീനിയറാണ്. എനിക്ക് ഉറുദു ഇഷ്ടമാണ്, എഴുതുന്നുണ്ട് എന്നെല്ലാം അവനറിയാം. ഈ സിനിമയുടെ കഥ നടക്കുന്നത് ലക്ഷദ്വീപിലാണ്. ഉറുദുവും മലയാളവും മിക്സ് ചെയ്ത് എഴുതി നോക്കാൻ അവൻ പറഞ്ഞു. ഇലാഹി എന്ന് തുടങ്ങുന്ന പ്രാർഥന പോലെയുള്ള പാട്ട് എഴുതി. പ്രശാന്ത് പിള്ളയായിരുന്നു സംഗീതം. അതായിരുന്നു ആദ്യത്തെ പാട്ട്. അപ്പോഴേക്കും കൈയിലെ പണമൊക്കെ തീർന്നു. വീണ്ടും ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് പോയി.

പിന്നീട് എപ്പോഴാണ് സജീവമാകുന്നത്?
2018- ൽ അവധിക്ക് നാട്ടിലെത്തി. ആലപ്പുഴ ബീച്ച് സൈഡിൽ ഒരു കഫേ ഉണ്ട്. വൈകുന്നേരങ്ങളിൽ അവിടെയിരുന്ന് ഞങ്ങൾ സുഹൃത്തുക്കൾ പാട്ട് കമ്പോസ് ചെയ്യും. വരികൾ ഞാനെഴുതും. അതിനനുസരിച്ച് ട്യൂൺ ഉണ്ടാക്കും.

ഒരിക്കൽ സംവിധായകൻ സാജിദ് യഹ്യയെ അതിലൊരു പാട്ട് കേൾപ്പിച്ചു. അവന് ഇഷ്ടമായി. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ഇത് അതിന് പറ്റിയതാണെന്നും പറഞ്ഞു. എന്നോട് ഒന്നുകൂടി ആ വരികൾ പാടാൻ പറഞ്ഞ് അവൻ അത് ഫോണിൽ റെക്കോഡ് ചെയ്തു.
 

സാജിദ് ആ പാട്ട് സുഹൃത്തായ എഡിറ്റർ ഷെമീർ മുഹമ്മദിനെ കേൾപ്പിച്ചു. അവനും നല്ല അഭിപ്രായം പറഞ്ഞു. ഒരു പടം നിർമ്മിക്കുന്നുണ്ടെന്നും അതിലേക്ക് എഴുതാൻ പറ്റുമോ എന്നും ചോദിച്ചു. എഴുതാം എന്ന് ഞാനേറ്റു. അതായിരുന്നു 'തണ്ണീർമത്തൻ ദിനങ്ങളി'ലെ 'ജാതിക്കാത്തോട്ടം' പാട്ട്.

രണ്ട് മാസത്തെ അവധിക്കാലത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. പാട്ട് എഴുതി ഞാൻ വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. പാട്ട് പുറത്തുവന്നപ്പോൾ വൻ ഹിറ്റായി. അതിനുശേഷം പാട്ടെഴുതാൻ പറ്റുമോ എന്ന് ചോദിച്ച് വിളികൾ വരാൻ തുടങ്ങി. ഇത് കൊള്ളാല്ലോ എന്ന് തോന്നി. കുടുംബത്തെ അവിടെത്തന്നെ നിർത്തി ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തി. ഭാര്യ ഹോളണ്ടിൽ എൻജീനിയറാണ്. മകൻ അയാൻ അവിടെ ആറാംക്ലാസിൽ പഠിക്കുന്നു.

പാടാനും തിരക്കഥ എഴുതാനും സമയം കണ്ടെത്തിയല്ലോ?
പാടുന്നത് ഇതിന്റെ സൈഡിലൂടെ നടക്കുന്ന പരിപാടി മാത്രമാണ്. നാലഞ്ച് പാട്ടുകളേ പാടിയിട്ടുള്ളൂ. വേറെ ഒരു ടോണിൽ പാടാനാണ് ഇഷ്ടം. റാപ്പാണെങ്കിൽ അതിലെ ഇംഗ്ലീഷ് വരികൾ പാടാൻ ഇഷ്ടമാണ്. 'ഖൽബ്' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിൽ പങ്കാളിയായി. ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നു.

'ചിറാപ്പുഞ്ചി മഴയത്ത്' ആളുകൾ ഏറ്റെടുത്തല്ലോ?
അതിന്റെ വരികൾ നേരത്തെ എഴുതിവെച്ചതാണ്. സുഹൃത്തായ മ്യൂസിക് ഡയറക്ടർ നിഹാലുമായി അത് പങ്കുവച്ചു. അവൻ വരികൾ മൂന്ന് തരത്തിൽ ട്യൂൺ ചെയ്ത് കേൾപ്പിച്ചു. അതിലൊന്ന് എനിക്കിഷ്ടമായി. അവന്റെ സുഹൃത്താണ് ഹനാൻ ഷാ. അങ്ങനെ ഹനാനുമായി ചേർന്ന് ആ പാട്ട് ചെയ്തു. ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. റീൽസിലും മറ്റുമെല്ലാം വൻ ട്രെൻഡായിരുന്നു.

ഈ ജാതിക്കാ തോട്ടം (തണ്ണീർമത്തൻ ദിനങ്ങൾ)
സംവിധായകൻ ഗിരീഷ് എ.ഡി.യോട് സംസാരിച്ചപ്പോൾ കിട്ടിയതാണ് വരികൾ. ഇവർ രണ്ടുപേരും സ്‌കൂളിന്റെ പുറകിലെ ജാതിമരത്തോട്ടത്തിലാണ് ഇരിക്കുക എന്നായിരുന്നു ഗിരീഷ് പറഞ്ഞത്.
 

'ഈ ജാതിക്കാ തോട്ടം എജ്ജാതി നിന്റെ നോട്ടം' എന്ന് ഞാൻ മാപ്പിളപ്പാട്ട് രീതിയിൽ പാടി അയച്ചു. 'എജ്ജാതി' എന്ന വാക്ക് ആദ്യം ആർക്കും അത്ര ഇഷ്ടമായില്ല. അന്ന് ഈ ടൈപ്പ് പാട്ടുകൾ അത്ര വന്നിട്ടില്ല. മൊത്തത്തിൽ ജെൻസി ആയിപ്പോകുമോ എന്നായിരുന്നു സംശയം. പിന്നീട് എല്ലാവരും കേട്ട് ഓക്കെയായി.

എന്തുവിധിയിത് (തണ്ണീർമത്തൻ ദിനങ്ങൾ)
പ്രണയം തകർന്നിരിക്കുമ്പോഴുള്ള പാട്ടാണ്. ദുരന്തമാണല്ലോ. എഴുതാൻ അത്ര എളുപ്പമല്ല. തമാശ രൂപത്തിൽ എഴുതാം അല്ലെങ്കിൽ മനസ്സിലാകില്ല എന്ന് ഞാൻ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസിനോട് പറഞ്ഞു. ഒരു പ്രാർഥനാ ഗീതം പോലെയാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിനും പറഞ്ഞു. എന്നാൽ അങ്ങനെ പിടിക്കാം എന്ന് ഞാനും. 'ദൈവമേ' എന്ന വിളിയിൽ തുടങ്ങി. അതിനുശേഷമുള്ള വരി കിട്ടുന്നില്ല. ജസ്റ്റിൻ വിളിച്ചപ്പോൾ വരി കിട്ടാതെ അവനോട് ഞാൻ 'എന്ത് വിധിയിത്' എന്ന് വെറുതെ പറഞ്ഞു. പെട്ടെന്ന് ഈ ഐറ്റം തലയിൽ കത്തി. അങ്ങനെയാണ് എന്ത് വിധിയിത്, വല്ലാത്ത ചതിയിത് എന്ന വരി വന്നത്. വിദ്യാധരൻ മാഷാണ് പാടിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi