'ദൃശ്യം' സിനിമയിലെ മോഹൻലാലിന്റെ ഇളയ മകളെ പരിചയമില്ലാത്ത മലയാളികളുണ്ടാവില്ല. ഒരിക്കൽ കൗതുകത്തോടെ തിരശ്ശീലയിലേക്ക് നോക്കിനിന്ന ആ പെൺകുട്ടി ഇന്ന് സ്വന്തം സ്വപ്നങ്ങളെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള യുവതിയായാണ് ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. ആ ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് എസ്തർ അനിൽ.

അഭിനേത്രി എന്ന നിലയിലെ വളർച്ചയെയും യാത്രയെയും എങ്ങനെ കാണുന്നു?
സത്യം പറഞ്ഞാൽ ഇതൊരു നാച്ചുറൽ പ്രോസസ്സ് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, മലയാളികൾ എന്നെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നു എന്നതാണ്. ഞാൻ വളരുന്നത് കാണികളുടെ ഇടയിലാണ്. അവർ നമ്മുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നു, അഭിനന്ദിക്കുന്നു, ചിലപ്പോൾ വിമർശിക്കുന്നു. ഒരു 25 വയസ്സുകാരി എന്ന നിലയിൽ എവിടെനിന്ന് തുടങ്ങി, എവിടെയെത്തി എന്ന് ആലോചിക്കുമ്പോൾ സന്തോഷമുണ്ട്.

'ദൃശ്യ'ത്തിലെ 'അനു' എന്ന കഥാപാത്രം കരിയറിലെ നാഴികക്കല്ലാണല്ലോ?
ലാലേട്ടന്റെ മകളായി ഞാൻ അഭിനയിക്കുന്ന ആദ്യ ചിത്രം 'ഒരു നാൾ വരും' ആയിരുന്നു. അതിനുശേഷമാണ് 'ദൃശ്യ'ത്തിലേക്കെത്തുന്നത്. ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ആ സിനിമയും കഥാപാത്രവും. 'ദൃശ്യം 1' ചെയ്യുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. ജിത്തു അങ്കിൾ (ജിത്തു ജോസഫ്) പറഞ്ഞുതരുന്ന നിർദേശങ്ങൾ അനുസരിച്ചാണ് അഭിനയിച്ചത്. 'ദൃശ്യം 2' വിലേക്ക് എത്തിയപ്പോഴേക്കും അനു ടീനേജറായി. അവിടെ കുറച്ചൊക്കെ എന്റെ ഇൻപുട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും വ്യക്തിപരമായി അനുവുമായി എനിക്ക് സാമ്യമില്ല. 'ദൃശ്യം 3' യിലേക്ക് എത്തുമ്പോൾ കുറച്ചുകൂടി കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.

എസ്തർ എന്ന വ്യക്തിയുമായി ഏതെങ്കിലും രീതിയിൽ കണക്ട് ചെയ്യാൻ കഴിഞ്ഞ കഥാപാത്രങ്ങൾ ഉണ്ടോ?

കഥാപാത്രങ്ങളും ഞാനും തമ്മിൽ ഒരു 'ഗിവ് ആൻഡ് ടേക്ക്' ബന്ധമാണ്. എല്ലാ കഥാപാത്രങ്ങളിൽ നിന്നും എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ഞാനെടുക്കാറുണ്ട്. ഷാജി എൻ. കരുൺ സാറിന്റെ 'ഓള്' എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് പ്ലേറ്റോണിക് സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ നവീകരിക്കുന്നതിൽ അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ 'മിൻമിനി' എന്ന തമിഴ് ചിത്രത്തിലെ 'പ്രവീണ' എന്ന കഥാപാത്രം. വേറൊരാളുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഒരു പെൺകുട്ടിയാണത്. അതും സ്വാധീനിച്ചു.

ഭാവിയിലേക്കുള്ള കഥാപാത്ര സങ്കൽപ്പങ്ങൾ ?
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. അതുപോലെ വില്ലൻ കഥാപാത്രങ്ങളും. 'ഗോൺ ഗേൾ' സിനിമയിലെ പോലെയുള്ള ഒരു സൈക്കിക്/ലീഡ് കഥാപാത്രം. അതുപോലെ എ.ഡി.എച്ച്.ഡി., ഒ.സി.ഡി. പോലുള്ള ന്യൂറോ ഡൈവേർജന്റ് അവസ്ഥകളെ യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന രീതിയിൽ കാണിക്കുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ കുറവാണ്. അത്തരം വേഷങ്ങൾ ചെയ്യാൻ താത്പര്യമുണ്ട്.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പെങ്ങനെയാണ്?
മികച്ച അവസരങ്ങൾ എപ്പോഴും തേടിവരണമെന്നില്ല, വരുന്നതിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. നല്ലൊരു കഥയോ, ഡയറക്ടറുടെ ആത്മവിശ്വാസമോ കണ്ടാൽ തീർച്ചയായും ആ സിനിമ ചെയ്യാറുണ്ട്. ശക്തയായ സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളെ അതിജീവിച്ച ശേഷം മാത്രം എംപവേർഡ് ആകുന്ന സ്റ്റീരിയോടൈപ്പ് കഥകളായിരിക്കും കൂടുതലും. അത് നല്ലതാണെങ്കിലും പലപ്പോഴും സ്ത്രീ ശാക്തീകരണം ഇവിടെ കഴിഞ്ഞോ എന്ന് തോന്നാറുണ്ട്.

അന്യഭാഷാ സിനിമകളിലേക്ക് എത്തുമ്പോൾ ഭാഷയും മറ്റും തടസ്സമാവാറുണ്ടോ?
ഭാഷ ഇത്തിരി ബുദ്ധിമുട്ടിക്കാറുണ്ട്. ഭാഗ്യവശാൽ ഇതുവരെ ചെയ്ത സിനിമകളിലൊക്കെ ക്രൂ നല്ല പിന്തുണയായിരുന്നു. 'മിൻമിനി' തമിഴിലും മലയാളത്തിലുമായി ചെയ്ത സിനിമയാണ്. മലയാളത്തിലും വലിയ ഡയലോഗുകൾ ഉള്ള സീനുകളേക്കാൾ ഡയലോഗുകൾ ഇല്ലാത്തവയിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടം! നീളമുള്ള ഡയലോഗുകൾ ഓർത്തുവെക്കേണ്ടി വരുമ്പോൾ ടെൻഷനടിച്ച് അഭിനയത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാതെ പോകും. തെലുഗുവിലെ ആദ്യ എൻട്രി 'ദൃശ്യം' റീമേക്കിലൂടെയായിരുന്നു. മലയാളം എന്റെ ഹോം ഗ്രൗണ്ട് ആണ്. അഭിനയത്തിൽ കൂടുതൽ വെല്ലുവിളികളും ഇവിടെയാണ്.

സൈബർ ബുള്ളിയിങ്, സോഷ്യൽ മീഡിയ ജഡ്ജ്മെന്റ്സ് എന്നിവയെ എങ്ങനെയാണ് നേരിടുന്നത്?
വലിയ ഫോളോവേഴ്സും പ്രശസ്തിയും പണവും തരുന്ന സോഷ്യൽ മീഡിയയുടെ കൂടെത്തന്നെ വരുന്ന കാര്യങ്ങളാണ് ജഡ്ജ്മെന്റ്സും ബുള്ളിയിങ്ങും. പോസിറ്റീവുകളെപ്പോലെ നെഗറ്റീവുകളെയും സ്വീകരിക്കാൻ തയ്യാറായിരിക്കണം. അതെല്ലാവർക്കും കഴിയണമെന്നില്ല. ഭാഗ്യവശാൽ എനിക്ക് നല്ല പിന്തുണയുള്ള കൂട്ടുകാരും കുടുംബവുമാണുള്ളത്. സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് എനിക്കൊരു ലോകമുണ്ട്. അതുതന്നെയാണ് എന്റെ ബലം. ആളുകളെ പ്ലീസ് ചെയ്യാനോ, അവരുടെ കമന്റുകൾക്ക് അനുസരിച്ച് ജീവിതം മാറ്റാനോ ഞാൻ നിൽക്കാറില്ല. അങ്ങനെ ചെയ്താൽ ജീവിതത്തിന്റെ നിയന്ത്രണം മറ്റുള്ളവരുടെ കൈയിലാകും. നമ്മളെ സ്നേഹിക്കുന്ന, നമുക്ക് ചുറ്റുമുള്ള മനുഷ്യർക്ക് മുന്നിൽ നമ്മൾ സത്യസന്ധരായിരുന്നാൽ മതി. എന്നെയോ കുടുംബത്തെയോ വല്ലാതെ ബാധിക്കുന്നു എന്നു തോന്നുമ്പോഴേ പല മോശം കമന്റുകളോടും പ്രതികരിക്കാറുള്ളൂ.

അടുത്തിടെ പാപ്പരാസികളോട് 'ഫോണിന്റെ ആംഗിൾ ഒന്ന് താഴ്ത്തിപ്പിടിക്കാമോ' എന്ന് ചോദിക്കേണ്ടി വന്നല്ലോ…
ആ നിമിഷം എനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് പറഞ്ഞത്. സ്വകാര്യതയിലേക്ക് ക്യാമറ വെക്കുന്നത് അസ്വസ്ഥതയാണ്. അന്നങ്ങനെ പ്രതികരിച്ചതിന് ഒരുപാടുപേർ നല്ലതു പറഞ്ഞു. ഇന്ന് നല്ലതു പറഞ്ഞവർ തന്നെ നാളെ ചീത്തയും പറയും. എന്നെ ചുറ്റിപ്പറ്റി ഇത്രയും ക്യാമറകൾ ഉണ്ടാവുന്നത് പലപ്പോഴും ആശങ്കയാണ്. ഇവന്റുകൾക്കൊക്കെ പോകുമ്പോൾ വസ്ത്രധാരണത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ കോൺഷ്യസ് ആകാറുണ്ട്.

അഭിപ്രായം പറയുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ടോ?
ചില കാര്യങ്ങൾ കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുള്ളത്. ചെറുതും വലുതുമായ വിഷയങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാറുണ്ട്. അത് മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ സഹായിക്കും. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞാൻ മാറിനിൽക്കാൻ ശ്രമിക്കാറുണ്ട്. അതിന് എന്റേതായ വ്യക്തിപരമായ കാരണങ്ങളുണ്ട്. രാഷ്ട്രീയത്തിൽ ചിലപ്പോൾ നിലപാടുകൾ എടുക്കാറുണ്ട്. പക്ഷേ, ചില സന്ദർഭങ്ങളിൽ അത് വളരെ ആലോചിച്ചാണ് ചെയ്യുന്നത്.

കുടുംബത്തെക്കുറിച്ച്
എനിക്ക് രണ്ട് സഹോദരന്മാരാണ്. മൂത്ത സഹോദരൻ ഇവാൻ അനിൽ കാനഡയിലാണ്. അനിയൻ എറിക് സക്കറിയ ഓസ്ട്രേലിയയിൽ പഠിക്കുന്നു. അച്ഛൻ അനിലിനും അമ്മ മഞ്ജുവിനും കൃഷിയാണ്. മുമ്പ് ഹോംസ്റ്റേ ഉണ്ടായിരുന്നു. ഇപ്പോൾ അത് വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ്.

അഭിനയവും പഠനവും ഒന്നിച്ചു കൊണ്ടുപോകുന്നത് എങ്ങനെയാണ്?
പത്താം ക്ലാസ് വരെ പഠിത്തം എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ, പിന്നീട് നല്ല മാർക്ക് കിട്ടുമ്പോൾ ആളുകൾ തരുന്ന ബഹുമാനം കണ്ട്, അതിനു വേണ്ടിയാണ് നന്നായി പഠിക്കാൻ തുടങ്ങിയത്! ഡിഗ്രിക്ക് സോഷ്യോളജിയും ഇക്കണോമിക്സും എടുത്തു. ലോകത്തെ പല കോണുകളിൽ നിന്ന് കാണാൻ അത് സഹായിച്ചു. മാസ്റ്റേഴ്സിന് ലണ്ടനിൽ പഠിക്കാൻ പോയതും അതുകൊണ്ടാണ്. ആ സമയത്ത് സിനിമയിൽ അത്ര സജീവമായിരുന്നില്ല. ഒഴിവുസമയങ്ങളിൽ പുതിയൊരു ഭാഷ പഠിച്ചാലോ, പുതിയൊരു കോഴ്സിന് ചേർന്നാലോ എന്നൊക്കെ ചിന്തിക്കുന്ന ആളാണ് ഞാൻ. പുസ്തകം വായിക്കുക, അതിൽനിന്ന് പുതിയ വാക്കുകൾ പഠിക്കുക, ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ഇതൊക്കെ എന്നെ ഞാനായി നിലനിർത്തുന്ന കാര്യങ്ങളാണ്.

എന്തുതരം പുസ്തകങ്ങളാണ് വായിക്കാൻ ഇഷ്ടം?
എല്ലാത്തരം പുസ്തകങ്ങളും വായിക്കും. പക്ഷേ പെട്ടെന്ന് വായിച്ചുതീർക്കാൻ കഴിയുന്നത് റൊമാന്റിക് ഫിക്ഷനുകളാണ്. അതിനൊപ്പം കൂടുതൽ ആഴമുള്ള പുസ്തകങ്ങളും വായിക്കും. അവസാനം വായിച്ചത് 'ദി വെജിറ്റേറിയൻ' ആണ്. ചരിത്രവും ശാസ്ത്രവും ഒക്കെ കൂട്ടിച്ചേർത്തുള്ള എഴുത്ത് എനിക്ക് ഇഷ്ടമാണ്.

യാത്രകൾ ഇഷ്ടമാണോ?
അതെ. ഓരോ യാത്രയിലും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കും, പുതിയ ആളുകളെ കാണും, പുതിയ ഓർമ്മകൾ ഉണ്ടാക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi