ലോകം മാതൃകാദമ്പതികളെന്നാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും ഭാര്യ അന്റോനെല്ലയേയും വിളിക്കാറ്. ബാല്യകാലത്തു തന്നെ (childhood sweetheart) മെസ്സിക്ക് അന്റോനെല്ലയോട് ഒരു ക്രഷ് ഉണ്ടായിരുന്നുവത്രേ. ആദ്യമായി കാണുമ്പോൾ മെസ്സിയുടെ പ്രായം ഒമ്പത്, അന്റോനെല്ലക്ക് എട്ടും. മെസ്സിയുടെ സുഹൃത്ത് ലൂക്കാസ് സ്കാഗ്ലിയയുടെ വീട്ടിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. വീഡിയോ ഗെയിം കളിക്കുന്ന മെസ്സിയോട് ഇടയ്ക്ക് അന്റോനെല്ല കയറിവന്ന് എന്തോ ഒരു കാര്യം ചോദിച്ചു. നാണംവന്ന മെസ്സി ഒന്നും മിണ്ടിയില്ല. ഉടനെ ഇതാരാണെന്ന് സുഹൃത്തിനോട് ചോദിക്കുകയും ചെയ്തു. അന്റോനെല്ല, തന്റെ കസിനാണെന്ന് സുഹൃത്തിന്റെ മറുപടി. രണ്ടുദിവസം മെസ്സി ആ വീട്ടിൽ തങ്ങി, അന്റോനെല്ലയോട് വല്ലാത്തൊരു അടുപ്പം തോന്നി. അവരെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. ആ സംഭവത്തിനുശേഷം ലൂക്കാസിന്റെ കസിനെ കാണാൻ ഇടയ്ക്കിടെ മെസ്സി അവിടെപ്പോയി. അങ്ങനെ ഇരുവരും നല്ല കൂട്ടുകാരുമായി. മെസ്സിയുടെ നാടായ അർജന്റീനയിലെ റൊസാരിയോയിൽ തന്നെയാണ് അന്റോനെല്ലയും ജനിച്ചുവളർന്നത്. 

To advertise here,

മെസ്സിയുടെ പരിശീലകനായ എൻറിക് ഡൊമിൻഗസ് ലൂക്കാസിന്റെ വീട്ടിൽ ചുറ്റിപ്പറ്റി നടക്കുന്ന മെസ്സിയെ ശ്രദ്ധിച്ചിരുന്നു. ലൂക്കാസിന്റെ അച്ഛനോട് ഒരിക്കൽ ഇക്കാര്യം തിരക്കി, എന്തിനാണ് ഇടക്കിടെ മെസ്സിയിവിടെ വരുന്നതെന്നും എന്താണ് അവനിത്രയും ആകാംക്ഷയെന്നുമാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. വാരാന്ത്യത്തിൽ വരുന്ന അന്റോനെല്ലയെ കാണാനാണ് ആ വരവെന്നും മെസ്സിക്ക് അവളെ ഇഷ്ടമാണെന്നും അദ്ദേഹം മറുപടി നൽകി. അങ്ങനെ സൗഹൃദം കൂടുതൽ ശക്തമായി. മെസ്സി ഇടയ്ക്കിടെ കത്തയക്കുമായിരുന്നു. വളർന്നുകഴിഞ്ഞാൽ അവൾ തന്റെ കാമുകിയാകുമെന്ന് മെസ്സി അന്റോനെല്ലയോട് പറയുമായിരുന്നത്രേ.

ഇരുവരും ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. അങ്ങനെയിരിക്കെ 2000-ൽ മെസ്സിയുടെ അച്ഛൻ ജോർജ് മെസ്സി കുടുംബത്തോടൊപ്പം ബാഴ്സലോണയിലേക്ക് പോവാൻ തീരുമാനിച്ചു. മെസ്സിയുടെ ഫുട്ബോൾ ഭാവി മുമ്പിൽ കണ്ടായിരുന്നു ഈ പറിച്ചുനടൽ. അങ്ങനെ തമ്മിൽ കാണാതായതോടെ, മെസ്സിയുടെയും അന്റോനെല്ലയുടെയും ബന്ധത്തിൽ കുറച്ചുകാലം ബ്രേക്ക് വന്നു. ആശയവിനിമയം അത്രകണ്ട് സാധ്യമായിരുന്നില്ല.

2005-ലെ ആ സംഭവമാണ് ഇരുവരെയും പ്രണയിതാക്കളാക്കുന്നത്. ഒരു ട്രാഫിക് അപകടത്തിൽ അന്റോനെല്ലയുടെ സുഹൃത്ത് മരിച്ചു. 17 വയസ്സുള്ള അന്റോനെല്ലയെ ഈ സംഭവം മാനസികമായി വളരെയധികം ബാധിച്ചു. കുറച്ച് ദിവസത്തേക്ക് സ്കൂളിലൊന്നും പോയില്ല. മെസ്സി എങ്ങനെയോ ഈ വാർത്തയറിഞ്ഞു, ഉടൻ തന്നെ അർജന്റീനയിലേക്ക് പറന്ന് അവൾക്കരികിലെത്തി. അന്റോനെല്ലയെ ആശ്വസിപ്പിക്കാൻ കൂടെനിന്നു. അങ്ങനെ ഇരുവരും വീണ്ടും അടുത്തു. മെസ്സിക്കും അന്റോനെല്ലക്കും പരസ്പരം ആഴത്തിൽ അടുപ്പം തോന്നിത്തുടങ്ങി. മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയശേഷം, അന്റോനെല്ല റൊസാരിയോ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡെൻ്റിസ്ട്രിക്ക് ചേർന്നു. അടുപ്പം അവർ രഹസ്യമാക്കി സൂക്ഷിച്ചു. 2007-ലാണ് മെസ്സിയുമായുള്ള ബന്ധം അന്റോനെല്ല സുഹൃത്തുക്കളോട് വെളിപ്പെടുത്തുന്നത്. 2009-ലെ ഒരു അഭിമുഖത്തിൽ, മെസ്സിയോട് വ്യക്തിജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പുഞ്ചിരിച്ചുകൊണ്ട് അർജന്റീനയിൽ ഒരു പെൺകുട്ടിയുണ്ടെന്നായിരുന്നു മെസ്സിയുടെ മറുപടി. പിന്നീട് ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ദീർഘകാലം ഒന്നിച്ചു ജീവിച്ചശേഷം 2017-ലാണ് മെസ്സിയും അന്റോനെല്ലയും വിവാഹിതരായത്. അപ്പോഴേക്കും രണ്ടു കുട്ടികളും പിറന്നിരുന്നു. 

വിവാഹത്തിന് തങ്ങളുടെ ജന്മനഗരം തന്നെ ഇരുവരും തിരഞ്ഞെടുത്തു. ഇപ്പോൾ മൂന്നു കുട്ടികളുടെ മാതാപിതാക്കളാണ് ദമ്പതികൾ.

അന്റോനെല്ലയ്ക്ക് ഫുട്ബോൾ വളരെ വിരസമായിത്തോന്നിയിരുന്നെന്ന് പല അഭിമുഖങ്ങളിലും മെസ്സി പറഞ്ഞിട്ടുണ്ട്. "അവൾ ഫുട്ബോളിൽ മടുത്തിരുന്നു. വീട്ടിൽ വന്ന് 'ഞാൻ രണ്ട് ഗോളടിച്ചു അല്ലെങ്കിൽ ഞാൻ ഹാട്രിക് നേടി' എന്ന് പറയുമ്പോൾ അവൾക്ക് താൽപ്പര്യമേ ഇല്ലായിരുന്നു."- എന്നാണ് മെസ്സി പറഞ്ഞത്. അതേസമയം, മെസ്സിയുടെ കളികൾ കാണാനും പ്രോത്സാഹിപ്പിക്കാനുമായി അന്റോനെല്ല എപ്പോഴുമെത്താറുണ്ട്. 

അർജന്റീനിയൻ മോഡലും, ബിസിനസ്സുകാരിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അന്റോനെല്ല റൊക്കുസോ ഇന്ന്. മെസ്സിയുടെ ഭാര്യയെന്നതിലപ്പുറം, സ്വന്തം നിലയിൽ ശ്രദ്ധേയയാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 4 കോടിയിലധികം ഫോളോവേഴ്സുണ്ട്, കൂടാതെ പ്രധാന ആഗോള ബ്രാൻഡുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. യുണിസെഫ്, സ്പെഷ്യൽ ഒളിമ്പിക്സ് പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi