കോളിങ് ബെല്‍ അടിക്കുമ്പോഴണ് പൂമുഖത്തെ ചെറിയ മരബോര്‍ഡില്‍ എഴുതിയ പേരുകള്‍ കണ്ടത്... ഹൈബി ഈഡന്‍, അന്ന ഈഡന്‍, ക്ലാര. ഞങ്ങളെല്ലാം ഈഡന്‍ ഗാര്‍ഡനി'ന്റെ അവകാശികളാണെന്ന പ്രഖ്യാപനം പോലൊരു ബോര്‍ഡ്. വാതില്‍ തുറന്നു. നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരണമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അന്ന അകത്തേക്കു നോക്കി ഈഡന്‍ ഗാര്‍ഡനിലെ മറ്റംഗങ്ങളെ നീട്ടി വിളിച്ചു. അല്പ സമയത്തിനകം എല്ലാവരും ഹാജരാകുമ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ ഫാമിലി സഭ ഫുള്‍കോറമായി. പിന്നെ കാതോരമെത്തിയതെല്ലാം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിലപാടുകളുടെയുമെല്ലാം രസകരമായ കുറേ കഥകള്‍.

ഇവിടെ മുഖംമൂടിയില്ല

അന്ന തന്ന ചൂടുചായ ഈതിക്കൂടിക്കുമ്പോള്‍ ആദ്യം ചോദിച്ചത് ഈഡന്‍ ഗാര്‍ഡന്‍ എന്നു പേരിട്ട വീട്ടിലെ ചുമരിലെ ബോര്‍ഡിനെക്കുറിച്ചായിരുന്നു. എല്ലാ വീടുകളുടെയും മുന്നില്‍ മിക്കവാറും ഗൃഹനാഥന്റെ പേര്‍ മാത്രമേ കാണാറുള്ളൂ. കുറച്ചു വീടുകളില്‍ ഭര്‍ത്താവിനൊപ്പം ഭാര്യയുടെയും പേര്‍ കണ്ടേക്കാം. എന്നാല്‍ ഇവിടെ ഞങ്ങള്‍ മൂന്നു പേരാണ് താമസിക്കുന്നത്. എല്ലാവര്‍ക്കും തുല്യമായി അവകാശമുള്ളതുകൊണ്ടു തന്നെയാണ് ഞങ്ങളുടെ പേരിനൊപ്പം മോളുടെ പേരു കൂടി എഴുതിവെച്ചത്. ആണിന്റെ പേരു മാത്രം എഴുതിവെക്കുന്ന പഴയ ശീലമൊക്കെ ന്യൂജെന്‍ കാലത്തു മാറേണ്ടതല്ലേ.''' ഹൈബി ചോദിക്കുമ്പോള്‍ അന്ന ഇടയ്ക്കു കയറി. വീടാണ് സത്യത്തില്‍ എല്ലാ മനുഷ്യരെയും അവരവരായി നിലനിര്‍ത്തുന്ന ഇടം. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നമ്മളൊക്കെ ഒരു മുഖംമൂടി അണിഞ്ഞല്ലേ പോകുന്നത്. നമ്മുടെ ഉള്ളില്‍ സങ്കടവും ദേഷ്യവും നിരാശയുമൊക്കെ വന്നാലും അതൊന്നും ആരെയും കാണിക്കാതെ ഒളിപ്പിക്കുന്ന മുഖംമൂടി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഹൈബി പുറത്തേക്കു പോകുമ്പോള്‍ഒരുപാട് ആളുകളുമായി ഇടപഴകേണ്ടി വരും. അഭിഭാഷക എന്ന നിലയില്‍ ഞാനും ഒരുപാട് തിരക്കുള്ള ജോലി ചെയ്യുന്നയാളാണ്. വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ് ഞങ്ങള്‍ ഞങ്ങളായി മാറി റിലാക്‌സ് ചെയ്യുന്നത്. മോളുടെ കാര്യവും അങ്ങനെ തന്നെയാണ്. അവളുടെ സ്‌പേസ് അംഗീകരിച്ചു കൊടുത്തുകൊണ്ടു തന്നെയാണ് ഈ വീട്ടില്‍ ഞങ്ങള്‍ മൂന്നു പേരുടെയും പേര്‍ എഴുതിവെച്ചിരിക്കുന്നത്.'''' അന്ന പറയുമ്പോള്‍ ഹൈബി പുഞ്ചിരിച്ചു.

ക്ലാരയുടെ അച്ഛന്‍
 

placeholder
ഹെെബി മകൾ ക്ലാരക്കൊപ്പം

സമൂഹമാധ്യമങ്ങളില്‍ ഹൈബിയും മോളും സജീവമാണല്ലോ എന്ന കുശലാന്വേഷണത്തിന് മറുപടി പറഞ്ഞത് അന്നയായിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് പെണ്‍കുട്ടി വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഹൈബി വാങ്ങിക്കൊണ്ടു വന്നതെല്ലാം പിങ്; നിറത്തിലുള്ള വസ്ത്രങ്ങളും സാധനങ്ങളുമായിരുന്നു. മോളായിരിക്കും പിറക്കുന്നതെന്ന് ഉറപ്പിച്ചതു പോലെയായിരുന്നു ഹൈബി. ഒരു മകള്‍ക്കു വേണ്ടിയുള്ള ഹൈബിയുടെ ഒരുക്കങ്ങള്‍ കണ്ട് എന്റെ അമ്മ പേടിച്ചിട്ടുണ്ട്. ഇനിയെങ്ങാനും നിങ്ങള്‍ക്കുണ്ടാകുന്നത് മകനാണെങ്കില്‍ അവനെ ഹൈബി നോക്കാതിരിക്കുമോയെന്നായിരുന്നു അമ്മയുടെ പേടി. തമാശയായി അമ്മ പലപ്പോഴും ഇക്കാര്യം ഞങ്ങളോടു പറയുമായിരുന്നു.'' തുടര്‍ന്നു സംസാരിച്ചത് ഹൈബിയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന മേല്‍വിലാസം ഏറെ അഭിമാനവും സന്തോഷവും നല്‍കുന്നതാണ്. സമൂഹത്തിലെ പല കാര്യങ്ങളും മനസ്സിലാക്കുന്നതില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന ഘടകം ഏറെ സഹായിച്ചിട്ടുണ്ട്. യാതൊരു വിധത്തിലുള്ള ലിംഗവിവേചനത്തിന്റെയും വേലിക്കെട്ടുകള്‍ തീര്‍ക്കാതെയാണ് അവളെ ഞങ്ങള്‍ വളര്‍ത്തുന്നത്. വീട്ടില്‍ എല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. അതില്‍ ക്ലാരയ്ക്കും കൃത്യമായ സ്ഥാനമുണ്ട്. പത്ത് വയസ്സേയുള്ളൂവെന്ന് വിചാരിച്ച് ഒന്നില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടില്ല. അഭിപ്രായം പറയേണ്ട ഇടങ്ങളില്‍ അവള്‍ പറയുകയും ഞങ്ങള്‍ കേള്‍ക്കുകയും ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കൃത്യമായ സ്വാധീനം ചെലുത്തുന്നതും ക്ലാരയുടെ അഭിപ്രായം തന്നെയായിരിക്കും.'' ഹൈബി പറഞ്ഞു.

പ്രിയപ്പെട്ട സ്വകാര്യങ്ങള്‍

ക്ലാരയ്ക്ക് മുടികെട്ടിക്കൊടുക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ ഹൈബി പോസ്റ്റ് ചെയ്തിരുന്നു. കുടുംബ നിമിഷങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ പുഞ്ചിരിയായിരുന്നു ഹൈബിയുടെ ആദ്യ മറുപടി. കുടുംബ നിമിഷങ്ങള്‍ എന്റെ പ്രിയപ്പെട്ട സ്വകാര്യങ്ങളാണ്. അതെല്ലാം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ നമ്മുടെ കുടുംബത്തിന്റെ പ്രിയപ്പെട്ട നിമിഷങ്ങള്‍ കാണുന്നത് മറ്റുള്ളവര്‍ക്കു സന്തോഷമാകുമെങ്കില്‍ അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല. ഞാന്‍ ക്ലാരയുടെ മുടി കെട്ടിക്കൊടുക്കുമ്പോള്‍ അന്നയാണ് വീഡിയോ എടുത്തത്. അന്ന തന്നെയാണ് ആദ്യം അത് പോസ്റ്റ് ചെയ്തതും. പിന്നീടാണ് ആ ചിത്രം ഒരുപാടുപേര്‍ക്ക് സന്തോഷവും പ്രചോദനവും നല്‍കുന്ന ഒന്നാണെന്ന് കണ്ട് ഞാനും പോസ്റ്റ് ചെയ്തത്.'' ഹൈബി പറയുമ്പോള്‍ അതുവരെ മിണ്ടാതിരുന്ന ക്ലാര ഒരു കാര്യം പറഞ്ഞു: അപ്പ എനിക്കു നല്ല കംഫര്‍ട്ടാണ് തരുന്നത്. എന്റെ കാര്യങ്ങളില്‍ അപ്പ ശ്രദ്ധിക്കുന്നതും സഹായിക്കുന്നതും ഒരുപാടിഷ്ടമാണ്. തിരക്കു മൂലം പലപ്പോഴും അപ്പയെ വീട്ടില്‍ കിട്ടാറില്ല. എന്നാല്‍ വീട്ടില്‍ ഉള്ളപ്പോഴൊക്കെ അപ്പ നല്ലൊരു അപ്പയാണ്.'' ക്ലാര പറഞ്ഞതു കേട്ട് ഹൈബിയും അന്നയും ചിരിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ 'നോ ഫോണ്‍'

ക്ലാര അപ്പയ്ക്ക് ഗുഡ് സര്‍ട്ടി ഫിക്കറ്റ് നല്‍കുന്നതിനിടെ അന്ന മറ്റൊരു കഥയിലേക്ക് കടന്നു. ഇവള്‍ എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ഹൈബിയുടെ തിരക്ക് കണ്ട് അപ്പ എന്തു ജോലിയാണ് ചെയ്യുന്നതെന്നു ചോദിക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ എല്ലാവര്‍ക്കും ശനിയും ഞായറുംഅവധി കിട്ടുന്ന ജോലിയുള്ളപ്പോള്‍ ഒരു ദിവസം പോലും അവധിയില്ലാത്ത ജോലിയാണോ അപ്പയ്ക്ക് എന്നായിരുന്നു അവളുടെ സംശയം. എത്ര തിരക്കുണ്ടായാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുമിച്ച് ഷോപ്പിങ്ങിനു പോകുന്നത് ഹൈബി മുടക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഷോപ്പിങ്ങില്‍ ഓരോ സാധനങ്ങള്‍ അപ്പയോടു ചോദിച്ച് എടുക്കുന്നതിനിടയില്‍ ഫോണ്‍ വന്നാല്‍ അവള്‍ക്ക് ദേഷ്യം വരും. ഇങ്ങനെ ഫോണ്‍ ചെയ്യാനാണെങ്കില്‍ അപ്പയെ കൊണ്ടു വരേണ്ടിയിരുന്നില്ല. ഇതു ഭയങ്കര ബോറാണ് എന്നാകും ക്ലാരയുടെ അടുത്ത ഡയലോഗ്. അതോടെ ഹൈബി പേടിച്ച് ഫോണ്‍ ഒഴിവാക്കി അവള്‍ക്കൊപ്പം സാധനങ്ങള്‍ സെലക്റ്റ് ചെയ്യാന്‍ കൂടും.'' അന്ന പറഞ്ഞു നിര്‍ത്തി.

പി.ടി.എ. മീറ്റിങ്ങിലെ ഹാജര്‍

നിയമസഭയിലും ലോക്‌സഭയിലും കൃത്യമായ ഹാജര്‍ വെക്കുന്ന ഹൈബി അതുപോലെ കൃത്യമായി ഹാജര്‍ വെക്കുന്ന മറ്റൊരു സ്ഥലമുണ്ട്. ആ കഥ പറഞ്ഞത് ക്ലാരയായിരുന്നു. അപ്പയാണ് എപ്പോഴും എന്റെ സ്‌കൂളിലെ പി.ടി.എ. മീറ്റിങ്ങിനു വരാറുള്ളത്. സ്‌കൂളില്‍ വന്നാല്‍ എല്ലാ ടീച്ചേഴ്സിനെയും കണ്ട് എന്റെ പഠനകാര്യങ്ങള്‍ തിരക്കിയിട്ടേ അപ്പ പോകാറുള്ളു. അപ്പ ഡല്‍ഹിയിലായിരുന്ന ഒന്നു രണ്ടു തവണ മാത്രമേ അമ്മ മീറ്റിങ്ങിനു വന്നിട്ടുള്ളൂ.'' ക്ലാര പറഞ്ഞതിനു പിന്നാലെ അന്ന ആ കഥയിലേക്ക് കടന്നു. തിരക്കിന്റെ പേരില്‍ ക്ലാരയുടെ അച്ഛന്‍ എന്ന റോളില്‍ ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കരുതെന്ന് ഹൈബിക്ക് നിര്‍ബന്ധമുണ്ട്.

പൊതുപ്രവര്‍ത്തനം കൃത്യമായി നിര്‍വഹിക്കുന്നതിനൊപ്പം മകളോട് ഒരച്ഛന്‍ പുലര്‍ത്തേണ്ട നീതിയെക്കുറിച്ചും ഹൈബിക്കറിയാം. പി.ടി.എ. മീറ്റിങ്ങുകള്‍ക്ക് പോകാമെന്ന് ഹൈബി തന്നെയാണ് എന്നോട് പറയാറുള്ളത്.'' ക്ലാരയുടെ മുഖത്ത് ചിരി നിറഞ്ഞു.

ഹോം തിയേറ്ററിന്റെ ഉപജ്ഞാതാവ്

പ്രിയപ്പെട്ട ഹോബികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ക്ലാര അപ്പയുടെ മഹത്തായ ഒരു കണ്ടുപിടിത്തത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ വീട്ടില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു ഹോം തിയേറ്ററുണ്ട്. കട്ടിലില്‍ കിടന്നു മുകളിലേക്കു നോക്കിയാല്‍ മുറിയുടെ മുകള്‍ ഭാഗത്ത് സിനിമ കാണുന്ന സംവിധാനമാണത്.'' അന്ന അത് വിശദീകരിച്ചു. നേരത്തെ ലാപ്‌ടോപിലാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കണ്ടിരുന്നത്. പിന്നെ ഹൈബിക്കു കിട്ടിയ ചെറിയൊരു പ്രൊജക്ടറില്‍ സിനിമ കാണാന്‍ തുടങ്ങി. ഒരു ദിവസം പ്രൊജക്ടര്‍ വെക്കുമ്പോള്‍ അറിയാതെ കൈതട്ടി അതിന്റെ ലെന്‍സ് ഭാഗം മുകളിലേക്കായിപ്പോയി. അപ്പോള്‍ മുറിയുടെ മേല്‍ക്കൂരയില്‍ ദൃശ്യങ്ങള്‍ തെളിയാന്‍ തുടങ്ങി. അപ്പോഴാണ് ഇതു കൊള്ളാമല്ലോയെന്നു തോന്നിയത്. കട്ടിലില്‍ കിടന്നു കൊണ്ട് മേലോട്ടു നോക്കിയാല്‍ സുഖമായി ബിഗ്‌സ്‌ക്രീനിലെന്ന പോലെ സിനിമ കാണാം. അങ്ങനെയാണ് ഹൈബി ഹോം തിയേറ്ററിന്റെ ഉപജ്ഞാതാവായത്.'' അന്ന പറഞ്ഞതു കേട്ട ക്ലാര അപ്പയെ കളിയാക്കി ചിരിച്ചു.

ഷാംപൂ തേക്കാത്ത അപ്പ
 

ക്ലാര എന്ന മകള്‍ എം.പി.യായ അച്ഛന്റെ വസ്ത്രധാരണത്തിലും മറ്റും നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഹൈബിയുടെ സംസാരത്തില്‍ വ്യക്തം. അവളാണ് എന്നെ കൃത്യമായി നിരീക്ഷിച്ച് വിമര്‍ശനവും അഭിനന്ദനവും തരാറുള്ളത്. ഞാന്‍ മുടി ചീകുന്നത് ശരിയല്ലെന്നാണ് അവളുടെ ഏറ്റവും വലിയ പരാതി. എല്ലായ്‌പ്പോഴും ഷാംപൂ തേക്കാതെ കുളിക്കാറുള്ള എന്റെ മുടി ബോറാണെന്നാണ് അവളുടെ അഭിപ്രായം. അതുപോലെ എന്റെ വസ്ത്രധാരണത്തിലും അവള്‍ അഭിപ്രായം പറയാറുണ്ട്. ചിലപ്പോഴൊക്കെ പിങ്ക്: കളറിലുള്ള ടീഷര്‍ട്ടുകള്‍ കൊണ്ടുവന്നു തന്നിട്ട അതു ധരിക്കാന്‍ പറയും. ധരിച്ചില്ലെങ്കില്‍ അവള്‍ എന്നെ ഭീഷണിപ്പെടുത്തും. നല്ല ഡ്രസ്സ് സെന്‍സ് വേണം അപ്പാ'' എന്ന് അവള്‍എപ്പോഴും പറയും.'' ക്ലാര അപ്പയുടെ അരികിലേക്ക് ചേര്‍ന്നുനിന്നു.

തട്ടുകടയും ഹോര്‍ലിക്‌സും

രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ ഹൈബി, കുടുംബത്തിനായി സൃഷ്ടിക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങളെപ്പറ്റി അന്ന തുടര്‍ന്നു: ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ടു പേരും പരമാവധി ശ്രമിക്കാറുണ്ട്. രാത്രി ബുള്ളറ്റില്‍ നഗരത്തിലൂടെയുള്ള കറക്കമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ആ സമയത്ത് നഗരത്തിലെ തട്ടുകടകളില്‍ ചെന്നു ഭക്ഷണം കഴിക്കുന്നത് രസമുള്ള അനുഭവമാണ്. ചെറിയ കടകളില്‍ കയറി ഹോര്‍ലിക്‌സ് കുടിക്കുന്നതും ഹൈബിയുടെ പ്രധാന ഹോബിയാണ്.'' ബാക്കി കഥ ഹൈബി പറഞ്ഞു. എന്‍.എസ്.യു. പ്രസിഡന്റായിരുന്ന സമയത്താണ് ഹോര്‍ലിക്‌സ് പ്രേമം തുടങ്ങുന്നത്. അന്ന് ഡല്‍ഹിയിലെ ശരവണഭവന്‍ ഹോട്ടലില്‍ പോകുമ്പോള്‍ ഹോര്‍ലിക്‌സാണ് മിക്കവാറും കുടിക്കാറുള്ളത്. പിന്നെ അതൊരു ശീലമാക്കി. ഇപ്പോള്‍ ക്ലാരയും അന്നയുമായി പുറത്തുപോകുമ്പോഴും ഹോര്‍ലിക്‌സ് തന്നെയാണ്എന്റെ ഇഷ്ടപാനീയം.'

കപ്പ് ഓഫ് ലൈഫ്

വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ സമൂഹത്തിനു വേണ്ടിയുള്ള ഒരു സന്ദേശം ഹൈബി ഓര്‍മിച്ചു... കപ്പ് ഓഫ് ലൈഫ് എന്ന പദ്ധതി നടപ്പാക്കാനായത് സതൃത്തില്‍ എന്റെ വീട്ടിലെ ആളുകളെ എനിക്കു കൃത്യമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഒരു ലക്ഷം പേര്‍ക്ക് മെന്‍്ര്രസുവല്‍ കപ്പുകള്‍ വിതരണം ചെയ്ത പദ്ധതി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരുന്നു. ആര്‍ത്തവ സമയത്തെ വേദന പുരുഷന്‍മാരെ അനുഭവിപ്പിക്കാന്‍ നടത്തിയ പരിപാടിയിലും ഞാന്‍ പങ്കെടുത്തിരുന്നു. സാനിറ്ററി പാഡുകളില്‍ നിന്നും ഡയപ്പറുകളില്‍ നിന്നുമുള്ള മാലിന്യം വളരെ വലുതാണ്. അവ ഉപേക്ഷിക്കാനും സംസ്‌കരിക്കാനും ഇപ്പോഴും നമുക്ക് മാര്‍ഗങ്ങളില്ല. അതൊക്കെ കണക്കിലെടുത്താണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത്.'' ഒരു നിമിഷം മൗനമായിരുന്ന ശേഷം ഹൈബി പറഞ്ഞു, ഇക്കാര്യങ്ങളെല്ലാം ഞാന്‍ അറിഞ്ഞു തുടങ്ങുന്നത് എന്റെ കുടുംബത്തില്‍ നിന്നാണ്. ഇവരാണ് എന്റെ ലോകവും അനുഭവവും