രിക്കലും തിരക്കൊഴിയാത്ത നഴ്‌സുമാരുടെ ജീവിതകഥകള്‍ നമ്മളേറെ കേട്ടിട്ടുണ്ട്. രാവുംപകലും സ്വന്തം ആരോഗ്യംപോലും മറന്ന് വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്നവര്‍. ആതുരസേവനമല്ലാതെ അവര്‍ക്കെന്തെങ്കിലും ഇഷ്ടങ്ങള്‍ വേറെയുണ്ടോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ തന്നെ അതിനൊക്കെ സമയമെവിടെയാണ്... ആ ചോദ്യത്തിന് ഉത്തരമാണ് അബിയ റോയി എന്ന നഴ്‌സിന്റെ ജീവിതം. ഏറെയിഷ്ടപ്പെട്ട നഴ്‌സിങ് ജോലിക്കൊപ്പം അതിനേക്കാളിഷ്ടമുള്ള ഫാഷന്‍ ഡിസൈനിങ്ങിനെ നെഞ്ചോട് ചേര്‍ക്കുകയാണ് അബിയ, തന്റെ നിലാ ഡിസൈന്‍സ് എന്ന ബ്രാന്‍ഡിലൂടെ

To advertise here,

പപ്പയുടെ നാടന്‍ ഡിസൈനിങ് കണ്ട് വളര്‍ന്ന മോഹം   

പപ്പ റോയി മാത്യുവിന് തയ്യല്‍ക്കടയുണ്ടായിരുന്നു. ഇടുക്കിലെ അയ്യപ്പന്‍ കോവില്‍ എന്ന ചെറിയ ഗ്രാമത്തില്‍ പപ്പയുടെ നാടന്‍ ഡിസൈനിങിന് നല്ല പേരായിരുന്നു. ആര് എങ്ങനെ പറയുന്ന ഡിസൈനും നല്ല വഴക്കത്തോടെ പപ്പ തുന്നി നല്‍കുന്നത് ചെറുപ്പം മുതലേ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. പക്ഷേ ഡിസൈനിങ് പ്രൊഫഷനൊന്നും അന്നും മനസ്സിലില്ല. ഇഷ്ടമാണ് അത്രതന്നെ. ഇടുക്കിയിലെ ഏത് പെണ്‍കുട്ടികളെ പോലെയും നഴ്‌സിങ് പഠിക്കുക, കടലുകടക്കുക, വീട് രക്ഷിക്കുക.. അതുതന്നെയായിരുന്നു ആദ്യ സ്വപ്‌നം. അതുകൊണ്ട് പ്ലസ്ടു സയന്‍സ് പഠിച്ചു. പിന്നെ ബി.എസ്.സി നഴ്‌സിങിലെത്തി. പിന്നെ പലസ്ഥലത്ത് ജോലി ചെയ്തു. ഒട്ടും എളുപ്പമുള്ള പണിയല്ല. രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കേണ്ടി വരും. അതുകൊണ്ട കുറച്ച് നാള്‍ ഒരു ബ്രേക്ക് വേണമെന്ന് തോന്നി. വീട്ടിലേക്ക് തിരിച്ചു വന്നു, വെറുതേയിരുന്നു. ആ സമയത്ത് വെറുതേ പപ്പയുടെ ഡിസൈനിങ് പണികളിലേക്കൊക്കെ മനസ്സു കൊടുത്തു. ഈ സമയത്തായിരുന്നു എന്റെ വിവാഹം.

placeholder
പപ്പ റോയി മാത്യുവിനൊപ്പം

എനിക്കും നഴ്‌സിങ്ങല്ലാതെ വേറെ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്ന് ആദ്യം അറിഞ്ഞത് അമ്മായിഅമ്മ (അമ്മി എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്) സാലിക്കുട്ടിയാണ് എങ്കില്‍ വസ്ത്ര ഡിസൈനിങ്ങില്‍ ഒരു കൈ നോക്കു മോളേ എന്ന് പറഞ്ഞ് കൂടെ നിന്നത്. 

ആദ്യം പപ്പയും ഞാനും കൂടിയാണ് വര്‍ക്കുകള്‍ ചെയ്തത്. ചെയ്ത് കൊടുക്കുന്ന വസ്ത്രങ്ങള്‍ക്ക് നല്ല റിവ്യൂ കിട്ടയപ്പോള്‍ ക്‌സ്റ്റമൈസ് ചെയ്ത വസ്ത്രങ്ങളിലേക്ക് മാത്രം ശ്രദ്ധകൊടുത്തു തുടങ്ങി. ആവശ്യക്കാരുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് മെറ്റീരിയല്‍ മുതല്‍ എല്ലാം സെലക്ട് ചെയ്ത് ഡ്രെസ്സുകള്‍ ഡിസൈന്‍ ചെയ്തു തുടങ്ങി. ഞങ്ങള്‍ ചെയ്ത വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടവര്‍ പറഞ്ഞറിഞ്ഞ് വരുന്നവരായിരുന്നു നിളയുടെ വളര്‍ച്ചയ്ക്കു പിന്നില്‍.

വെല്ലുവിളികള്‍

ഓണ്‍ലൈനായി ബിസിനസിനെ വളര്‍ത്താന്‍ തീരുമാനിച്ചപ്പോഴാണ് ഇടുക്കിക്കു പുറത്തുനിന്നും ഓര്‍ഡറുകള്‍ വന്നു തുടങ്ങിയത്. പക്ഷേ മെറ്റീരിയലുകളുടെ കുറവ് വലിയ പ്രശ്‌നമായിരുന്നു. ഹാന്‍ഡ് വര്‍ക്ക് ചെയ്യാനും സഹായത്തിനുമൊക്കെ ഡിസൈനിങ് പഠിച്ച കുറച്ച് പേരെ ഞങ്ങള്‍ കൂടെക്കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ഇടുക്കി എന്നത് വീണ്ടും പ്രശ്‌നമായി. കൊച്ചി പോലുള്ള സ്ഥലങ്ങളായിരുന്നു എല്ലാവര്‍ക്കു പ്രിയം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇടുക്കിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ലിബിയ, ഡെല്‍ന, എമിലിയ, അല്ലു.. ഈ നാലുപേരാണ് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നിള ഡിസൈന്‍സിന് ഒപ്പം നിന്നത്. 

കുടുംബം

ഹസ്ബന്‍ഡ് ഉണ്ണി ഭര്‍ത്താവ് ഉണ്ണി മൈക്കലിനും ബിസിനസാണ്. എമിഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ മേഖലയിലാണ് ഉണ്ണിയുടെ വര്‍ക്കുകള്‍. മാര്‍ക്കറ്റിങ്ങും കസ്റ്റമേഴ്‌സിനെ കൈകാര്യം ചെയ്യുന്ന രീതികളുമൊക്കെ ഞാന്‍ പഠിച്ചത് ഉണ്ണിയെ കണ്ടാണ്. 

മകള്‍, മൂന്നുവയസുകാരി നിലാ. അവള്‍ ജനിച്ച വര്‍ഷമാണ് നിലാ ഡിസൈന്‍സ് തുടങ്ങിയത്. അവളാണ് എന്റെ ലക്കി ചാം. 

placeholder
ഭര്‍ത്താവ് ഉണ്ണി മൈക്കല്‍, മകള്‍ നിലാ

നഴ്‌സാണ് ഡിസൈനറും

യു.കെ.യില്‍ കാര്‍ഡിയാക്ക് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ് ഇപ്പോള്‍. നഴ്‌സിങ്ങും ഡിസൈനിങ്ങും ഒരു പോലെ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചു പോകുമ്പോള്‍ ഡിസൈനിങ് വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമോ എന്നായിരുന്നു സങ്കടം. എന്നാല്‍ രണ്ടിനും നീ സമയം കണ്ടെത്തണം എന്നു പറഞ്ഞത് എന്റെ മമ്മി മോളമ്മയാണ്. മമ്മിയുടെ വലിയ ആഗ്രഹമായിരുന്നു അത്. കഷ്ടപ്പെട്ട് പഠിച്ചതാണ് നഴ്‌സിങ്, അത് വിടരുത്‌. ഡിസൈനിങ് നിന്റെ ഇഷ്ടമാണ്,  അതിനെ ഒപ്പം കൂട്ടണം എന്നു പറഞ്ഞ് മമ്മി കട്ടസപ്പോര്‍ട്ട് തന്നു. 

ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഡ്യൂട്ടിയുണ്ടാവുക. ബാക്കി ദിവസങ്ങള്‍ ഫ്രീയായിരിക്കും. ഈ സമയത്ത് നാട്ടിലെ ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്യും. ഓണ്‍ലൈനായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നതുകൊണ്ട് എല്ലാം എളുപ്പമാണ്. 

ഓണ്‍ലൈനായതിന്റെ സാധ്യതകള്‍

ഇപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമല്ല യു.കെ. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വരാറുണ്ട്. ഓണ്‍ലൈന്‍ സൗകര്യമുള്ളതുകൊണ്ടാണ് എനിക്ക് ഇവിടെയിരുന്ന് നാട്ടിലെ ബിസിനസ് കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്നതും. ഓരോ മാസവും ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന അത്ര ഓഡറുകളേ ഞങ്ങള്‍ സ്വീകരിക്കൂ. ഓണ്‍ ടൈം ഡെലിവറി ഓണ്‍ലൈന്‍ ബിസിനസില്‍ പ്രധാനമാണ്. 

placeholder
നിലാ ഡിസൈന്‍സിലെ വസ്ത്രങ്ങള്‍

രണ്ട് സമയം രണ്ട് പ്രൊഫഷന്‍

രണ്ട് നാട്ടിലെയും രണ്ട് സമയം ആദ്യം വില്ലനായിരുന്നു. എന്നാല്‍ രണ്ടിഷ്ടങ്ങളും ഒന്നിച്ചു കൊണ്ടുപോകാന്‍ കുറേ ആളുകളുടെ സഹായം എനിക്കൊപ്പമുണ്ട്.  ഒന്ന് പപ്പയും മമ്മിയും കുടുംബവും ഒക്കെത്തന്നെയാണ്. പിന്നെ തയ്യലും, ഹാന്‍ഡ് വര്‍ക്കും, വിപണനവും ഒക്കെയായി പതിനഞ്ചു പേരുടെ ടീമാണ് എനിക്കൊപ്പമുള്ളത്. ഏത് വസ്ത്രത്തിന്റെയും ഫൈനല്‍ ഡിസൈന്‍, അതിന്റെ അപ്‌ഡേറ്റുകള്‍, ഓര്‍ഡറുകളുടെ എണ്ണം, ഡെലിവറി ഡേറ്റ് എല്ലാം കൃത്യമായി അതാതാ ദിവസം തന്നെ അവരെനിക്ക് അയക്കും. അതുകൊണ്ട് ടെന്‍ഷനുകളില്ലാതെ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ പറ്റാറുണ്ട്. 

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് നല്ലൊരു വരുമാനം കണ്ടെത്താന്‍ കഴിയുന്ന ബിസിനസാണ് തയ്യല്‍. അതുകൊണ്ടു തന്നെ തന്റെ ഡിസൈനില്‍ വസ്ത്രങ്ങള്‍ തയിച്ചു നല്‍കുന്ന ഒരു കൂട്ടം സ്ത്രീകളെയും അബിയ ഒപ്പം കൂട്ടുന്നുണ്ട്. 

placeholder
നിലാ ഡിസൈന്‍സിലെ വസ്ത്രങ്ങള്‍

വിദേശജീവിതം തന്ന സാധ്യതകള്‍

ചുറ്റുമുള്ള ആളുകളുടെ തുറന്ന ചിന്താഗതി തന്നെ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റും. ഇന്ത്യയ്ക്ക് പുറത്തെ ജീവിതം അങ്ങനെ ഒരവസരമാണ് തന്നത്. ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ ഒക്കെ ഒരുപാട് സാധ്യതയുണ്ട് ഇവിടെ. സ്ഥിരം ഡിസൈനുകളല്ലാതെ വ്യത്യസ്തമായ പലതും ചെയ്യാന്‍ പറ്റുന്നുണ്ട്. ആരുടെയും കൈകടത്തലുകളില്ല. നമ്മുടെ ജീവിത്തില്‍, തീരുമാനങ്ങളില്‍ ഒന്നും വേറാരും വന്ന് അഭിപ്രായം പറയില്ല. ഡിസൈനിങ്ങില്‍ വളരാനും ലാഭം കണ്ടെത്താനും സഹായിച്ചത് യു.കെ ജീവിതം തന്നെയാണ്. 

നിലാ ഡിസൈന്‍സ്

ഓണ്‍ലൈനായുള്ള വില്പനയ്ക്കു പുറമേ ഇനി ഷോപ്പുകള്‍ തുറക്കണമെന്ന ആഗ്രഹത്തിലാണ് അബിയ. ' പ്രീസ്റ്റിച്ചഡ് ആയ വസ്ത്രങ്ങളൊന്നും ഞങ്ങള്‍ വില്‍ക്കുന്നില്ല. എല്ലാം ക്സ്റ്റമേഴ്‌സിന്റെ ആശയങ്ങള്‍ക്കനുസരിച്ച് ചെയ്തു നല്‍കുകയാണ്. വെഡ്ഡിങ് ഗൗണ്‍, പാര്‍ട്ടി വെയര്‍, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍, ബാപ്റ്റിസം സെറ്റ്, ഫാമിലി കോമ്പോ, കാഷ്വല്‍സ്, സാരികള്‍... എന്നിങ്ങനെ എല്ലാം ഞങ്ങള്‍ ചെയ്തു നല്‍കും. ഇടുക്കി കട്ടപ്പനയിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നിലാ ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. 

'ഒരു രഹസ്യമുണ്ട്. നഴ്‌സിങ് പ്രൊഫഷനേക്കാള്‍ വരുമാനമുണ്ട് ഡിസൈനിങ്ങില്‍. അത് ഓരോ മാസവും മാറിക്കൊണ്ടിരിക്കും. കല്യാണം, മാമ്മോദീസ, ഫെസ്റ്റിവെല്‍ സീസണുകളാണ് കൂടുതല്‍ ലാഭകരം. വര്‍ക്കിനനുസരിച്ചും റേറ്റ് മാറും '