വീട്ടിലെ ഒറ്റയാനായിരുന്നു അവള്‍. ഇങ്ങോട്ട് കുത്താന്‍ വരുന്നവരെ രണ്ടെണ്ണം അധികം കൊടുത്ത് തിരികെ വിടുന്നവള്‍. കാഴ്ചയില്‍ ദുര്‍ബലയെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയെങ്കിലും മനസ്സിന്റെ കരുത്തില്‍, ഉറച്ച ആശയങ്ങളുടെ ബലത്തില്‍, കാരിരുമ്പിന്റെ ശക്തി ഒളിപ്പിച്ചവള്‍. ഡിംപല്‍ ഭാല്‍ എന്ന പെണ്‍കുട്ടി മലയാളിയുടെ മനസ്സിനകത്തെത്തിയത് കരച്ചിലും കണ്ണീരുമൊക്കെ ഒളിപ്പിച്ച് പുഞ്ചിരിയും ആത്മവിശ്വാസവും തുളുമ്പുന്ന മുഖവുമായിട്ടാണ്. ബിഗ് ബോസ് ഷോയിലൂടെ കേരളം അറിഞ്ഞ ഡിംപലിന്റെ കഥ കേട്ട് അന്ന് കണ്ണീരൊഴുക്കാത്തവര്‍ ആരുമുണ്ടായിരുന്നെങ്കിലും തന്നെ അങ്ങനെയൊരു ചതുരക്കൂട്ടില്‍ ഒതുക്കിയിടാന്‍ ഒരുക്കമായിരുന്നില്ല ഡിംപല്‍. 'ദു:ഖങ്ങള്‍ ഒരുപാടുണ്ട്, എനിക്കും. എന്നുകരുതി അതും ഹൃദയത്തിലേറ്റി, നാലാളെ കാണിച്ച് കരയേണ്ടതില്ലല്ലോ. ചിരിച്ചുകൊണ്ട് എല്ലാം നേരിടുക. നമ്മുടെ ആശയങ്ങള്‍ക്ക് വേണ്ടി പോരാടുക...' ഡിംപലിന്റെ നിലപാടുകളില്‍ ഇപ്പോഴുമില്ല ഒരു തരിപോലും മാറ്റം.

To advertise here,

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഡിംപല്‍ ആളുകളുടെ മനസ്സിലേക്ക് കയറുന്നത്. ശക്തയായ മത്സരാര്‍ത്ഥിയായിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ആ ഷോയില്‍നിന്ന് താങ്കള്‍ പുറത്തായത് പ്രേക്ഷകര്‍ക്ക് ഷോക്കായിരുന്നു. എന്താണ് ആ ഷോയില്‍നിന്ന് പഠിച്ചത്?

ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കാന്‍ ആളുകള്‍ക്കറിയാമെന്ന് മനസ്സിലാക്കി. ആത്മാര്‍ഥതയുള്ള ഒരുസുഹൃത്തിനെയും എനിക്കവിടുന്ന് കിട്ടിയില്ല. നാട്ടുകാര്‍ക്ക് ഇഷ്ടമുള്ളത് മാത്രം സംസാരിച്ചും അവരെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്തും മുന്നോട്ടുപോയവരുണ്ടായിരുന്നു. അവിടെ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയ കപ്പിളാണ് ഫിറോസും ഭാര്യയും. എന്നാല്‍, ഏറ്റവും ശാന്തരും ഇപ്പോഴും എല്ലാവരുമായും ബന്ധം പുലര്‍ത്തുന്നതും അവരാണ്.

ബാല്യം തൊട്ടേ ദേശാടനത്തിന്റെ കാലമാണ് ഡിംപലിന്റെ ജീവിതത്തില്‍ എന്ന് കേട്ടിട്ടുണ്ട്. ഒരുപാട് നാടുകള്‍, അനുഭവങ്ങള്‍, അങ്ങനെ...?

കുട്ടിക്കാനത്തു നിന്ന് ഉത്തര്‍പ്രദേശിലേക്ക് ജോലിയന്വേഷിച്ച് പോയ ആളാണ് എന്റെ അമ്മ മിനി. അവിടെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി. അതേ ഹോട്ടലിലെ മാനേജരായിരുന്നു അച്ഛന്‍ സത്യവീര്‍സിങ് ഭാല്‍. അവര്‍ സുഹൃത്തുക്കളായി. പിന്നീട് ജീവിതത്തില്‍ ഒന്നിച്ചു. ഞാന്‍ ജനിച്ചത് ജയ്പൂരിലും വളര്‍ന്നത് ഡല്‍ഹിയിലുമാണ്. മൂന്നുവയസ്സ് കഴിഞ്ഞപ്പോള്‍ കുട്ടിക്കാനത്തേക്ക് പോന്നു. അവിടെ ബോര്‍ഡിങ്ങില്‍ പഠനം. പപ്പയും മമ്മിയും ചേച്ചി തിങ്കളും അനിയത്തി നയനയുമൊക്കെ ഡല്‍ഹിയിലായിരുന്നു. ഞാന്‍ വികൃതിയായിരുന്നു, ഹൈപ്പര്‍ ആക്ടീവ്. അങ്ങനെയാണ് എന്നെ നാട്ടിലാക്കിയത്. നഗരത്തില്‍ ജീവിച്ച കുട്ടിയെ കാട്ടില്‍ കൊണ്ടിട്ട അവസ്ഥയായിരുന്നു. മൂന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ സ്‌കൂളില്‍ ചേര്‍ത്തു. പെണ്‍കുട്ടിയാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നില്ല. ഇത് പെണ്‍കുട്ടികള്‍ ചെയ്യില്ല എന്നുപറഞ്ഞാല്‍ അപ്പോള്‍ ഞാനത് ചെയ്യും. ഗുസ്തിയും ഓട്ടവും തുടങ്ങി എല്ലാത്തിലും പങ്കെടുക്കും. മറ്റുള്ളവര്‍ ചെയ്ത തെറ്റ് എന്റെമേല്‍ ചുമത്താന്‍ ഞാനാരെയും സമ്മതിക്കാറില്ല. എന്നെ തെറിപറഞ്ഞാല്‍ പത്ത് തെറി തിരിച്ചുപറഞ്ഞിട്ടേ പോരൂ. ഞങ്ങള്‍ വികൃതികാണിച്ചാല്‍ പപ്പ തരുന്ന ശിക്ഷ 100 പുഷ് അപ്പ് ആയിരിക്കും. അത്തരം ശിക്ഷകള്‍ കരുത്ത് പകര്‍ന്നു. 

ആരായിരുന്നു ജൂലിയറ്റ്? 

ഏഴാംക്ലാസില്‍ വീണ്ടും എന്നെ കേരളത്തിലേക്ക് പറിച്ചുനട്ടു. അക്കാലത്താണ് ജൂലിയറ്റ് ജീവിതത്തിലേക്ക് വന്നത്. സുഹൃത്തിന്റെ അര്‍ഥം മനസ്സിലാക്കിത്തന്നത് അവളാണ്. ഒരുദിവസം സ്‌കൂള്‍വിട്ട് ഞാനും അവളും സുഹൃത്തായ ലിനിലും ചിരിച്ച് കളിച്ച് ജീപ്പില്‍ പോകുമ്പോള്‍ പെട്ടെന്ന് അവള്‍ക്ക് തലവേദന വന്നു. ഛര്‍ദിക്കുകയും ചെയ്തു. എന്നെ കെട്ടിപ്പിടിച്ചു. അവള്‍ക്കെന്തോ സംഭവിച്ചതുപോലെ തോന്നി. എനിക്ക് കരച്ചിലടക്കാനായില്ല. ജീപ്പ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം അവള്‍ മരിച്ചു. ഈ നാളുകളത്രയും അവളുടെ അവസാനവാക്കുകള്‍ ഞാന്‍ കൊണ്ടുനടക്കുകയായിരുന്നു. എനിക്കുമാത്രം കിട്ടിയത്... പതിമ്മൂന്നുവയസ്സേയുള്ളൂ എനിക്കന്ന്. ഷോയിലൂടെ ഞാന്‍ ഈ കഥ വെളിപ്പെടുത്തിയപ്പോള്‍ ആളുകള്‍ അതിനെ പലതരത്തില്‍ വിമര്‍ശിച്ചു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അവളുടെ വീട്ടിലേക്കുപോയി. അച്ഛനെയും അമ്മയെയും കണ്ടു. വീട്ടില്‍ എന്നും എന്നെക്കുറിച്ച് അവള്‍ പറയുമായിരുന്നത്രേ. അമ്മ അവളുടെ യൂണിഫോം കൊണ്ടുതന്നിട്ട് അണിയാന്‍ പറഞ്ഞു. എന്നിലൂടെ മകളെ കാണണമെന്ന ആഗ്രഹമായിരുന്നു അമ്മയ്ക്ക്. ആ യൂണിഫോം ഇടുമ്പോള്‍ ദേഹം മരവിക്കുന്നതുപോലെ തോന്നി. ഒരുനിമിഷം ഞാന്‍ അവളായിമാറി. ഭാവനയ്ക്കുമപ്പുറത്താണ് നിയോഗംപോലുള്ള ഇത്തരം ആത്മബന്ധങ്ങള്‍.

അതിനുശേഷമാണോ ഡിംപലിന് ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ തുടങ്ങിയത്?

നവംബറിലാണ് ജൂലിയറ്റ് എന്നെ വിട്ടുപോയത്. ഡിസംബറില്‍ എനിക്ക് ശരീരവേദന തുടങ്ങി. ഞാന്‍ അഭിനയിക്കുകയാണെന്നും ജൂലിയറ്റിന്റെ പ്രേതബാധയാണെന്നുമൊക്കെ പലരും പറഞ്ഞു. കുറേനാള്‍ ടി.ബി.യുടെ മരുന്നുകഴിച്ചു. അതുപിന്നീട് അള്‍സറായി. എട്ടാംക്ലാസിലെത്തിയപ്പോഴേക്കും എനിക്ക് പഠിക്കാന്‍ പറ്റാതായി. അതിനിടയില്‍ പള്ളിയില്‍ കൊണ്ടുപോയി പ്രാര്‍ഥന നടത്തി. ഒരു അച്ചന്‍ പറഞ്ഞു, നല്ലൊരു ഹോസ്പിറ്റലില്‍ കൊണ്ടുപോയി കാണിക്കെന്ന്. വേദനകൊണ്ട് ഞാന്‍ ചത്തുപോവുമെന്ന് തോന്നിയപ്പോള്‍ ഡല്‍ഹിയിലേക്ക് പോയി. വിദഗ്ധപരിശോധനയില്‍ നട്ടെല്ലിന് കാന്‍സറാണെന്ന് മനസ്സിലായി. ഓസ്റ്റിയോബ്ലാസ്റ്റോമാ കാന്‍സര്‍ ട്യൂമര്‍. സര്‍ജറിവേണമെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ചിരിയാണ് വന്നത്. ഇനിയെങ്കിലും ഞാന്‍ പറയുന്നതിന് വിലതരുമല്ലോ എന്ന ആശ്വാസമായിരുന്നു. 

എങ്ങനെ കിട്ടി രോഗത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ പറ്റുന്ന ഈ മാനസികാവസ്ഥ?

സ്‌പോര്‍ട്സ് വലിയ ഇഷ്ടമായിരുന്നു. സര്‍ജറിക്ക് രണ്ടുമാസം മുന്‍പായിരുന്നു സ്‌കൂളിലെ സ്‌പോര്‍ട്സ് ഡേ. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പക്ഷേ, ഞാന്‍ ഒരുകാര്യം ഉറപ്പിച്ചു, ചിറകുകള്‍ വെട്ടുന്നതിനുമുന്‍പ് എനിക്കൊന്ന് പറക്കണം. ഞാന്‍ മത്സരിച്ചു. അതുകഴിഞ്ഞയുടനെ ബോധംമറഞ്ഞ് ഞാന്‍ വീണു. പിന്നീട് സര്‍ജറിക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റുചെയ്തു. വീട്ടുകാരും ബന്ധുക്കളുമൊക്കെ ചുറ്റിലുമുണ്ട്. അവരെല്ലാം സംസാരിക്കുന്നത് എനിക്കു കേള്‍ക്കാം: വീട്ടുകാരോട് വിഷമിക്കേണ്ട എന്നൊക്കെ പറയുന്നുണ്ട് പലരും. മുതിര്‍ന്നവര്‍ എന്റെ ദിവസങ്ങളെണ്ണിയപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹങ്ങളെണ്ണി. സര്‍ജറി വിജയിച്ചു. ആറുമാസം സ്‌കൂളില്‍ വിടേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. സ്‌കൂളില്‍ പോകണമെന്ന് ഞാന്‍ വാശിപിടിച്ചു. വിഷമങ്ങളും അസ്വസ്ഥതകളും മറക്കുന്നത് സ്‌കൂളില്‍ പോകുമ്പോഴാണ്. അങ്ങനെ വിഷാദരോഗം വരാതിരിക്കാനായി അടുത്തുള്ള ചെറിയ സ്‌കൂളില്‍ എന്നെ പറഞ്ഞുവിട്ടു. വീണ്ടും ഞാന്‍  ആക്ടീവായി. എല്ലാ പരിപാടികളിലും പങ്കെടുത്തു. വേദന വിടാതെ പിന്തുടര്‍ന്നു. പക്ഷേ, അതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. ആളുകള്‍ എന്നെ സഹതാപക്കണ്ണുകളോടെ നോക്കുന്നത് ഇഷ്ടമായിരുന്നില്ല. പത്താംക്ലാസ് കഷ്ടിച്ച് പാസായി. പിന്നീടങ്ങോട്ട് കിടന്നായിരുന്നു പഠിത്തം. പ്ലസ് ടു കഴിഞ്ഞശേഷം ഓട്ടവും ചാട്ടവും നിര്‍ത്താമെന്നുവെച്ചു. ഇല്ലെങ്കില്‍ ഇനി എഴുന്നേല്‍ക്കില്ലെന്നുറപ്പായിരുന്നു. ചെക്കപ്പുകള്‍ മുടങ്ങാതെ ചെയ്തു. ഭാഗ്യത്തിന് വീണ്ടും കാന്‍സര്‍ വന്നില്ല. പക്ഷേ, എന്റെ ഇടതുകൈയുടെയും കാലിന്റെയും സ്പര്‍ശനശേഷി കുറഞ്ഞു. ഇതുകണ്ടോ, വേദന അറിയാത്തതുകൊണ്ട് കൈയില്‍ ടാറ്റൂ കുത്തിയതാണ്. (ഡിംപല്‍ തന്റെ ടാറ്റു കാണിച്ചു.) 

ജീവിതം ഈ ശാരീരികാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കേണ്ടിവന്നോ?

ഉടനെ അടുത്ത സര്‍ജറി വന്നു. ഇത്തവണയും സര്‍ജറിക്കുശേഷം ഡോക്ടര്‍ കുറെ നിര്‍ദേശങ്ങള്‍ തന്നു. കുനിഞ്ഞ് ഒന്നും എടുക്കരുത്. ഒത്തിരിനേരം ഒരേ പൊസിഷനില്‍ നില്‍ക്കരുത്. ഹൈ ഹീല്‍സ് ഉപയോഗിക്കരുത്. തലയണ വേണ്ട. പലകയില്‍ കിടക്കണം. ശ്രദ്ധിക്കാനേറെയുണ്ടായിരുന്നു. ഇപ്രാവശ്യം കുറച്ചൊക്കെ അനുസരിച്ചു. പിന്നീട് കോളേജില്‍ ചേര്‍ന്നു. അസുഖം കാരണം പഠനത്തില്‍ പിന്നാക്കമായി. പപ്പയായിരുന്നു അപ്പോഴും സപ്പോര്‍ട്ട്. 

എങ്കിലും ഇത്തരം അവസ്ഥയിലും ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല...?

ചിരിക്കാന്‍ മറന്നാല്‍ തീര്‍ന്നു. അസുഖം എനിക്ക് കൂടുതല്‍ ശക്തിയാണ് തന്നത്. ആരോഗ്യമില്ലാതിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ തന്ന മെന്റല്‍ ട്രോമ വളരെ വലുതാണ്. കുഞ്ഞുങ്ങളെയും പട്ടിയെയും പശുക്കളെയും വരെ തല്ലി പഠിപ്പിക്കുന്ന അവരുടെ രീതി മാറണം. അതിന് ഞാന്‍ തുറന്ന് പോരാടി. അതിന്റെ ഭാഗമായാണ് സോഷ്യല്‍മീഡിയയില്‍ ബോഡിഷെയിമിങ്ങിനെതിരെ ഞാന്‍ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്. അപക്വമായ അവരുടെ പെരുമാറ്റം എന്നെ തളര്‍ത്തിയിട്ടുണ്ട്. അപ്പോഴും യൂ ആര്‍ റോങ് എന്ന് അവരോട് ഞാന്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. 

ഈ നയം ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയോ?

എന്റെ സന്തോഷം ഞാന്‍തന്നെ കണ്ടെത്തി. കുടുംബത്തില്‍ സാമ്പത്തികബുദ്ധിമുട്ടുകളുള്ളതുകൊണ്ട് പഠിത്തം കഴിഞ്ഞയുടനെ ജോലിക്കുപോയി. 2011-ല്‍ പി.ജി. ചെയ്യാനായി ബെംഗളൂരുവിലേക്ക്. വെള്ളിയാഴ്ച കോളേജുവിട്ടാല്‍ കൊച്ചിക്ക് വണ്ടികയറും. ശനിയും ഞായറും ഫാഷന്‍ ഷോയോ ഇവന്റോ ചെയ്യും. ഹീല്‍സ് ധരിച്ച് 36 മണിക്കൂറൊക്കെ നിന്നിട്ടുണ്ട്. അവസാനം ബോധംകെട്ടുവീണു. കോളേജില്‍നിന്ന് ലീവ് തരാതിരിക്കുമ്പോള്‍ പ്രിന്‍സിപ്പലിനെ കണ്ട് കാര്യം പറയും. നിങ്ങള്‍ക്ക് ഫീസ് വേണമെങ്കില്‍ ഞാന്‍തന്നെ അധ്വാനിക്കണം. സ്‌കൂള്‍കാലത്ത് ബാക്ക് ബെഞ്ചിലായിരുന്നു ഞാന്‍. എന്നാല്‍ ഡിഗ്രിമുതല്‍ മുന്നിലത്തെ ബെഞ്ചില്‍ സീറ്റുറപ്പിച്ചു. ഞാന്‍ അധ്വാനിച്ച് പൈസയുണ്ടാക്കി പഠിക്കുന്നതാണ്. ഞാനൊരിക്കലും ആഡംബരജീവിതം നയിച്ചിട്ടില്ല. ഇന്നും ഡല്‍ഹി സരോജിനി നഗറില്‍ പോയി മിനിമം പൈസയ്ക്ക് ഷോപ്പിങ് ചെയ്ത വസ്ത്രങ്ങളാണ് ഇടാറ്. 
എംഫില്‍ കഴിഞ്ഞപ്പോള്‍, ലൈംഗിക ചൂഷണത്തിനിരയായ കുട്ടികള്‍ക്ക് കൗണ്‍സലിങ് ആരംഭിച്ചു. ഓണ്‍ലൈനായി തെറാപ്പി സെഷനുകള്‍ ചെയ്തു. കൊച്ചി ചോയ്സ് സ്‌കൂളില്‍ തെറാപ്പിസ്റ്റായി ഒരുവര്‍ഷം ജോലിചെയ്തു. അതിനൊപ്പം പേഴ്സണല്‍ ഗ്രൂമിങ് ട്രെയിനറുമായി. 2011 ല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കി. എനിക്ക് ഈ നാട് ഇഷ്ടമായിരുന്നില്ല. ഇവിടം തന്നത് സങ്കടങ്ങള്‍ മാത്രമാണ്. എങ്കിലും ഞാന്‍ ഇവിടെ മോഡലിങ് ഫീല്‍ഡില്‍ വന്നു. ഒരുപാട് ഇവന്റുകള്‍ കിട്ടി. ഇന്‍ഡസ്ട്രിയില്‍ ബഹുമാനവും ലഭിച്ചു. എത്ര പൈസ തരുന്നു എന്നതല്ല. ആളുകള്‍ നമുക്ക് ബഹുമാനം തരുന്നുണ്ടോ എന്നുള്ളതാണ് കാര്യം. അതില്ലാത്തിടത്ത് പണിയെടുക്കാന്‍ പറ്റില്ല. 

സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ മറികടന്നാണ് എന്നും ഡിംപലിന്റെ ജീവിതം...?
ഞാന്‍ വസ്ത്ര സ്വാതന്ത്ര്യത്തിനെക്കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. ചന്ദ്രനില്‍ വീടുവയ്‌ക്കേണ്ട സമയമായി, അപ്പോഴാണ് വസ്ത്രത്തിന്റെ അളവ് നോക്കി നടക്കുന്നത്! നീ തിന്നുന്നതൊക്കെ മുടിയിലാണ് പോവുന്നത്, കാറ്റത്ത് പറന്നുപോകും എന്നൊക്കെ കളിയാക്കുന്നവരുണ്ട് ഇപ്പോഴും. പക്ഷേ, ആരും എന്റെ ആരോഗ്യസ്ഥിതി ഓര്‍ക്കാറില്ല. എനിക്ക് ശരീരഭാരം 50 കിലോയില്‍ നിലനിര്‍ത്തണം. നട്ടെല്ലിന് സ്‌ക്രൂ ഇട്ടതുകൊണ്ട് ഭാരം കൂടിയാല്‍ ഞാന്‍ വളഞ്ഞുപോകും.  വീട്ടില്‍ അമ്മയുണ്ടാക്കുന്ന ആരോഗ്യമുള്ള ഭക്ഷണമാണ് ഞാന്‍ കഴിക്കാറ്. അതും ഒരുനേരം. ചിക്കനും ബീഫും നിര്‍ത്തി. കാല്‍സ്യം കിട്ടാന്‍ മത്സ്യം കഴിക്കും. ബോഡി ഷെയിമിങ് സമ്മതിച്ചുകൊടുക്കരുത്. എല്ലാസ്ഥലത്തും ഇങ്ങനെയുള്ള ആളുകളുണ്ട്. 

'ബിഗ് ബോസി'ലേക്കുള്ള വരവ് എങ്ങനെയായിരുന്നു? 

രണ്ടാമത്തെ സര്‍ജറി കഴിഞ്ഞ സമയത്താണ് 'ബിഗ് ബോസി'ലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവിടെ എനിക്കുണ്ടായ വേദനകള്‍ ആര്‍ക്കുമറിയില്ല. ചെറിയൊരു തലവേദന വന്നാല്‍ കിടക്കുന്നവരുണ്ടായിരുന്നു. ഞാന്‍ കിടന്നാല്‍പ്പിന്നെ എഴുന്നേല്‍ക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് വേദനസഹിച്ച് നില്‍ക്കുകയായിരുന്നു. ഡോസ് കൂടിയ മരുന്നുകള്‍ കഴിച്ച്, ഇഞ്ചക്ഷന്‍ വെച്ച്, വേദന സഹിച്ച്... മമ്മി ഒരു സംരംഭം തുടങ്ങിയിരുന്നു. അത് പ്രൊമോട്ടുചെയ്യാനും സമൂഹത്തിന്റെ ചില പ്രവൃത്തികളോടുള്ള എന്റെ കാഴ്ചപ്പാട് അറിയിക്കുന്നതിനും വേണ്ടിയായിരുന്നു 'ബിഗ് ബോസി'ല്‍ വന്നത്. പത്തുവര്‍ഷം മുന്‍പ് 'മലയാളി ഹൗസ്' എന്ന ഷോയില്‍ മത്സരിച്ചതിന് തിങ്കളിനെതിരേയുണ്ടായ വിമര്‍ശനങ്ങള്‍ മറക്കാന്‍ പറ്റില്ല. നാട്ടുകാരും ബന്ധുക്കളും തള്ളിപ്പറഞ്ഞു. ആ മനുഷ്യരോട് എനിക്കിപ്പോള്‍ ചോദിക്കാനുള്ളത് ബുദ്ധി വളര്‍ന്നോ എന്നുമാത്രമാണ്. പപ്പയാണ് പറഞ്ഞത്, നമ്മള്‍ ആര്‍ക്കും മറുപടി കൊടുക്കേണ്ട, കാലം കൊടുത്തോളുമെന്ന്. 

'ബിഗ് ബോസി'നിടയിലല്ലേ ഡിംപലിന് അച്ഛനെ നഷ്ടമാവുന്നത്?

പപ്പയായിരുന്നു എന്റെ കരുത്ത്. മറ്റുള്ളവര്‍ എന്നെ മനസ്സിലാക്കില്ലെന്ന് പപ്പയ്ക്കറിയാം. ഞാന്‍ 'ബിഗ് ബോസി'ലിരിക്കുമ്പോഴാണ് പപ്പ മരിച്ചത്. ഷോയ്ക്ക് പോവുന്നതിനുമുന്‍പ് പപ്പയുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പല ഉപദേശങ്ങളും തന്നു. അതൊക്കെ ഷോയ്ക്ക് പോവുന്നതുകൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍, എനിക്ക് മുന്നോട്ടുജീവിക്കാനുള്ള പ്രചോദനം നല്‍കുന്ന സന്ദേശങ്ങളായിരുന്നു അതെല്ലാം. 'ബിഗ് ബോസ്' പപ്പ മുടങ്ങാതെ കാണുമായിരുന്നു. അവിടെ ഞാനായി നിന്ന് കളിക്കുന്നത് പപ്പ കണ്ടു. ''സബാഷ് ബേട്ടാ, ബഹുത്ത് അച്ഛാ'' എന്നു പറയുമായിരുന്നത്രേ. പപ്പ മരിച്ചശേഷം ഞങ്ങള്‍ മൂന്നുമക്കള്‍ക്കും മെന്റല്‍ ട്രോമയുണ്ടായിരുന്നു. പപ്പ ഡല്‍ഹിക്കുപോയതാണെന്നാണ് മമ്മി ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. കൂട്ടത്തിലൊരാള്‍ കരഞ്ഞാല്‍ എല്ലാവരും തളര്‍ന്നുപോവും. അതുകൊണ്ട് പരസ്പരം ചിരിച്ചും കളിച്ചും നടക്കുന്നു. അനിയത്തി നയന ഭാല്‍ സി.ഐ.എസ്.എഫില്‍ സബ് ഇന്‍സ്‌പെക്ടറാണ്. അവളുടെ നേട്ടത്തെക്കുറിച്ച് പപ്പ അഭിമാനത്തോടെ എപ്പോഴും പറയുമായിരുന്നു. ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചത് പപ്പയാണ്. നമ്മുടെ പുതപ്പിന്റെ നീളം നോക്കിയിട്ട് കാലുനീട്ടിയാല്‍ മതിയെന്ന് പറഞ്ഞുതന്നത് അദ്ദേഹമായിരുന്നു. 

ഡിംപലിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റ് വേറിട്ടതാണല്ലോ...?
എനിക്ക് എന്റെതായ സ്‌റ്റൈലുണ്ട്. അതുകൊണ്ടുതന്നെയാണ് ചെറുസംരംഭം എന്നരീതിയില്‍ 'ഭാല്‍ഭൂത്ത്' തുടങ്ങിയത്. വീട്ടിലെ താഴത്തെ മുറിയാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്. 100 രൂപ മുതലുള്ള വസ്ത്രങ്ങള്‍ ഇവിടെ കിട്ടും. ഇഷ്ടമുള്ളത് ധരിക്കുക. തലകുത്തിനില്‍ക്കണോ, നില്‍ക്ക്. ഒരുജീവിതമല്ലേയുള്ളൂ. എല്ലാവര്‍ഷവും ഞാനെന്റെ സ്‌റ്റൈല്‍ മാറ്റിക്കൊണ്ടിരിക്കും. ഇടയ്ക്ക് സ്‌റ്റൈലിങ് കണ്‍സള്‍ട്ടന്റായും പോവാറുണ്ട്. ഈ മുടിവെച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റാത്തതുകൊണ്ടാണ് മിക്കിബണ്‍ സ്‌റ്റൈല്‍ തുടരുന്നത്. മമ്മിയുടെ എണ്ണയാണ് ഉപയോഗിക്കുന്നത്. എരുമേലിയിലെ വീട്ടില്‍ പച്ചമരുന്നുകളിട്ട് ഉണ്ടാക്കിയെടുക്കുന്ന എണ്ണ. 'മിസ്റ്റിക ബൈ മിനി' എന്നാണ് എണ്ണയുടെ പേര്. അറുപതാംവയസ്സിലാണ് ഈ കുഞ്ഞുസംരംഭം അമ്മ തുടങ്ങിയത്. മമ്മിയുടെ പകുതി എനര്‍ജി ഞങ്ങള്‍ക്കാര്‍ക്കുമില്ല. മമ്മി ഡ്രൈവിങ് പഠിച്ചശേഷമാണ് ഞാന്‍ പഠിച്ചത്.  

എന്താണ് ശരിക്കും ഒരു സ്ത്രീയുടെ ജീവിതം മാറ്റുന്നത്...?
സാമ്പത്തികസ്വാതന്ത്ര്യം വേണം. എന്തുചെയ്യുമെന്ന് ചോദിച്ച് ആകാശത്തേക്കു നോക്കരുത്. ചായയുണ്ടാക്കി വിറ്റിട്ടെങ്കിലും ജീവിക്കണം. പൊന്നുമോളേ, നിനക്ക് എന്തുസംഭവിച്ചാലും നീയിങ്ങ് പോരേ, എന്നുപറയണം അച്ഛനമ്മമാര്‍. എനിക്ക് പ്രണയമില്ല. സമാധാനമുണ്ട്. ആളുകള്‍ കരുതുന്നത് എനിക്ക് വിവാഹത്തിന് താത്പര്യമില്ലെന്നാണ്. പക്ഷേ, കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്. എന്നെ ബഹുമാനിക്കുന്ന ഒരു പങ്കാളിയെയാണ് എനിക്കിഷ്ടം. ആര്‍ഭാടങ്ങളിഷ്ടമല്ല. സ്വര്‍ണം ഉപയോഗിക്കാറില്ല. ആരുടെയും കല്യാണം കൂടാന്‍ പോവാറില്ല. വല്ലവന്റെയും കല്യാണത്തിനുപോവാന്‍ ഇല്ലാത്ത പൈസയുണ്ടാക്കി വസ്ത്രങ്ങളും വാങ്ങിയിട്ട് കുറ്റം പറയാറില്ല. അനാവശ്യമായ ഷോ ഓഫുകള്‍ എന്തിനാണ്? 
പതിവുപോലെ ഉറച്ച വാക്കുകള്‍. തൊട്ടപ്പുറത്തിരുന്ന് ഈ കഥകള്‍ക്ക് ചെവിയോര്‍ക്കുന്ന കണ്ണുവും ബ്ലാക്കിയും ജമ്പുവുമെല്ലാം ഡിംപല്‍ സംസാരം നിര്‍ത്തിയപ്പോള്‍ അരികിലേക്കോടിവന്നു. പ്രിയപ്പെട്ട വളര്‍ത്തുജീവികളെ കണ്ടപ്പോള്‍ ഡിംപലിന്റെ കണ്ണിലൊരു തിളക്കം...