ജീവിതം അവസാനിച്ചെന്ന് കരുതിയ നാളുകള്‍, അച്ഛന്റെ വിയോഗവും കടബാധ്യതയും വിഷാദരോഗത്തിലേക്ക് വീഴ്ത്തി, എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്ത് നിന്ന് സുജിത്ര മേനോനെ തിരികെ ജീവിതത്തിന്റെ വര്‍ണങ്ങളിലേക്ക് കൈപിടിച്ച് നടത്തിയത് യോഗ പഠനമാണ്. കടം വാങ്ങിച്ച കാശ് കൊണ്ട് യോഗ കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ സുജിത്രയുടെ ബാങ്ക് ബാലന്‍സ് 300 രൂപയായിരുന്നു. അവിടെ നിന്ന് തന്റെ യോഗ ട്രെയിനര്‍ ജീവിതം ആരംഭിച്ച സുജിത്ര ഇന്ന് ഓണ്‍ലൈന്‍ യോഗ ക്ലാസുകളിലൂടെ സമ്പാദിക്കുന്നത് ആറക്ക ശമ്പളമാണ്. കേരളത്തിലെ ഏറ്റവും തിരക്കുപിടിച്ച ഇന്റര്‍നാഷണല്‍ യോഗ ട്രെയിനര്‍മാരിലൊരാളായി സുജിത്ര മേനോന്‍ ഇന്ന് വളര്‍ന്നുകഴിഞ്ഞു. 'യോഗ വിത്ത് സുജിത്ര മേനോന്‍' എന്ന ഓണ്‍ലൈന്‍ കോഴ്സിലൂടെ ദിവസവും ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് നിരവധി പേര്‍ യോഗയുടെ വഴിയെ നടക്കുന്നു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും യോഗ നല്‍കിയ പുതുജീവിതത്തെ കുറിച്ച് സുജിത്ര മേനോന്‍ സംസാരിക്കുന്നു.

ചിരി മാഞ്ഞ ഇന്നലെകള്‍...

എന്റെ സ്വദേശം പാലക്കാട് മലമ്പുഴയാണ്. അച്ഛനും അമ്മയ്ക്കും ഞാനും രണ്ടു സഹോദരങ്ങളുമടക്കം മൂന്ന് മക്കളാണ്. അച്ഛന്  മുംബൈയില്‍ ഹോട്ടല്‍ ബിസിനസായിരുന്നു. അച്ഛനും അമ്മയും എന്റെ രണ്ടുചേട്ടന്മാരും മുംബൈയിലും ഞാന്‍ ചെറുപ്പത്തില്‍ പാലക്കാട് മുത്തശ്ശിയുടെ കൂടെയുമായിരുന്നു താമസിച്ചിരുന്നത്. അന്ന് നല്ല രീതിയിലാണ് ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. എന്നെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്തുന്നതില്‍ അവര്‍ക്ക് സങ്കടമുണ്ടായിരുന്നു, അതുപോലെ അച്ഛനും അമ്മയ്ക്കും മുംബൈ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം അച്ഛന്‍ മുംബൈയിലെ ഹോട്ടല്‍ ബിസിനസെല്ലാം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുവന്നു. ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അത്. തിരികെ നാട്ടിലെത്തിയ അച്ഛന്‍ മുംബൈയില്‍ നിന്ന് കിട്ടിയ സമ്പാദ്യവുമായി പുതിയൊരു ബിസിനസ് ആരംഭിച്ചു. ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് കൊണ്ട് ആ ബിസിനസ് വലിയൊരു പരാജയമായി. വലിയ സാമ്പത്തിക നഷ്ടമുണ്ടായി. അതുവരെ ഞങ്ങള്‍ സമ്പാദിച്ചതെല്ലാം വച്ചാണ് ആ ബിസിനസ് മൂലമുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ത്തത്. ഇനി എങ്ങനെ മുന്നോട്ട് പോകും എന്നൊരു ചോദ്യം ഞങ്ങളുടെ മുന്നില്‍ ഉയര്‍ന്നുവന്നു. അപ്പോഴാണ് അച്ഛന്‍ ഒരുതട്ടുകട ആരംഭിച്ചത്. 
മോശമല്ലാത്ത രീതിയില്‍ തട്ടുകട മുന്നോട്ട് പോയെങ്കിലും പെട്ടെന്നുണ്ടായ ആ പതനം അച്ഛനെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ആ നിരാശ ഞാന്‍ പലപ്പോഴും ആ കാലത്ത് അച്ഛനില്‍ കണ്ടിട്ടുണ്ട്. അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പെട്ടെന്നൊരു ദിവസം അച്ഛന് ഹൃദയാഘാതമുണ്ടാകുന്നത്. അന്ന് ഞാന്‍ ഒരു ഐ.ടി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പതിനായിരം രൂപയാണ് അന്നെനിക്ക് കിട്ടുന്ന വരുമാനം. 


ഹൃദയാഘാതം ഉണ്ടായ അച്ഛനെ ഉടനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ബ്ലോക്കുകള്‍ ഉണ്ടെന്നും ഉടന്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. രണ്ടുലക്ഷം രൂപ കെട്ടിവച്ചാല്‍ ഉടന്‍ സര്‍ജറി നടത്താമെന്നവര്‍ പറഞ്ഞു. എവിടെ നിന്ന് അത്രയും പണം ഉണ്ടാക്കും എന്നറിയാതെ ഞങ്ങള്‍ നിന്നുവിയര്‍ത്തു. അത്രയും വലിയ തുക തന്ന് സഹായിക്കുന്ന ബന്ധുക്കളാരും അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചു. എന്റെ അടുത്ത സുഹൃത്ത് അമ്പത്തിനായിരം രൂപ തന്ന് സഹായിച്ചു. ആ പൈസ കെട്ടിവച്ച് സര്‍ജറി നടത്തി. ബാക്കി പണം കൊള്ളപ്പലിശയ്ക്ക് കടമെടുത്ത് ഡിസ്ചാര്‍ജിന് ചെയ്യുന്നതിന് മുമ്പേ അടച്ചു. 
സര്‍ജറി കഴിഞ്ഞ ശേഷം അച്ഛന്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറി. അതോടെ തട്ടുകടയുടെ നടത്തിപ്പ് അമ്മ ഏറ്റെടുത്തു. എന്റെ ശമ്പളവും തട്ടുകടയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും എല്ലാം കൊണ്ട് ജീവിതം മുന്നോട്ട് പോയി. വീണ്ടും അച്ഛന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. ഇടയ്ക്കിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. സാമ്പത്തിക ഞെരുക്കം വളരെ കഠിനമായി. അറിയാവുന്നവരില്‍ നിന്നെല്ലാം പണം കടം വാങ്ങി. വലിയ സാമ്പത്തികബാധ്യതയിലേക്ക് ഞങ്ങള്‍ വീണു. കടം തലയ്ക്കു മീതെ വന്നു നിന്നു. അച്ഛന്റെ രോഗം മൂര്‍ച്ഛിച്ചു, പരമാവധി ചികിത്സ നല്‍കിയിയെങ്കിലും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചില്ല. അധികകാലം കഴിയുംമുമ്പേ അച്ഛന്‍ ഞങ്ങളെ വിട്ടുപോയി.

അച്ഛന്റെ വിയോഗം എനിക്കും അമ്മയ്ക്കും വലിയ ഷോക്കായിരുന്നു. മരണ ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം തിരികെ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ആ നാളുകളില്‍ ഞാന്‍ വിഷാദാവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. അതിനാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ ജോലി ഞാന്‍ രാജിവച്ചു. പിന്നീട് ഒരു വര്‍ഷം വിഷാദരോഗം ബാധിച്ച് വീട്ടില്‍ തന്നെയിരിപ്പായിരുന്ന. 2014 ലായിരുന്നു അത്. അച്ഛന്റെ മരണം, പ്രണയത്തകര്‍ച്ച, കടം തന്നവരുടെ അന്വേഷണങ്ങള്‍ ഇങ്ങനെ എല്ലാം കൂടിയായപ്പോള്‍ ഞാനങ്ങ് തളര്‍ന്നുപോയി. ഇനി മുന്നോട്ട് ജീവിതം എന്ത് എന്ന ചോദ്യം മുന്നില്‍ വന്നുനിന്നു. മെല്ലെ ഞാന്‍ വീണ്ടും മറ്റൊരു ജോലിക്ക് പോയി തുടങ്ങി. അപ്പോഴും എനിക്ക് യാതൊരു വിധ സന്തോഷവും ഉണ്ടായിരുന്നില്ല. യാന്ത്രികമായാണ് കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരുന്നത്.

യോഗ അഥവാ  സന്തോഷം...

2014 അവസാനമാണ് ലാണ് യോഗ എന്നിലേക്ക് എത്തുന്നത്. മാനസികമായി ഞാനാകെ തകര്‍ന്നിരിക്കുന്ന ഒരുസമയമായിരുന്നു അത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ  മൂന്ന് ദിവസത്തെ ക്ലാസായിരുന്നു. അതിലൂടെ തന്നെ വലിയൊരു മാറ്റം എന്നിലുണ്ടായി. ഒരുപ്രതീക്ഷയുമില്ലാതെ നിരാശയായി ജീവിക്കുന്ന എന്നെ ജീവിതത്തിലേക്ക് മടങ്ങികൊണ്ടുവരാനും സന്തോഷങ്ങള്‍ തിരികെ തരാനും ആ യോഗ ക്ലാസിന് സാധിച്ചു.  ഇത്രമേല്‍ സന്തോഷം യോഗ പകര്‍ന്നുതരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതില്‍ നിന്ന് കിട്ടിയ ഊര്‍ജത്തില്‍ നിന്ന് യോഗ മുന്നോട്ടുള്ള വഴിതെളിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു. അങ്ങനെ 2015 ല്‍ ഞാന്‍ ബാംഗലൂരുവില്‍ ചെന്ന് എസ്.വ്യാസ (സ്വാമി വിവേകാനന്ദ യോഗ അനുസന്ധന സമസ്ഥന) സര്‍വകലാശാലയില്‍ യോഗ കോഴ്സിന് ചേര്‍ന്നു. സുഹൃത്തുക്കളില്‍ നിന്നെല്ലാം കടം വാങ്ങിയാണ് ബാംഗലൂരുവില്‍ ചെന്ന് ആ യോഗ കോഴ്സ് ചെയ്തത്. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം തിരിച്ച് നാട്ടിലെത്തി കുറച്ചുകാലം കൂടി വീണ്ടും അക്കൗണ്ടന്റായി ജോലി ചെയ്തു.

നോട്ടീസുമായി വീടുകളില്‍....

2016 ലാണ് ഞാനൊരു യോഗ ട്രെയിനറായി ജോലി ആരംഭിച്ചത്. അന്ന് പാലക്കാട് ഹൗസിങ് കോളനിയിലെ ഒരുവീടിന്റെ മുകളിലായിരുന്നു ക്ലാസ് നടത്തിയത്. 2016 ല്‍ അന്താരാഷ്ട്ര യോഗ ദിനമൊന്നും ആചരിച്ച് തുടങ്ങിയിട്ടില്ല. അതിനാല്‍ യോഗയ്ക്ക് ഇന്നുള്ള ജനപ്രീതി ഒന്നും അന്നില്ല. ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി കുറേ നോട്ടീസടിച്ച് ഞാനും എന്റെയൊരു സുഹൃത്തും കൂടി ഓരോ വീടുകളിലും ചെന്ന് വിതരണം ചെയ്യുകയും കവലകളില്‍ ഒട്ടിക്കുകയും ചെയ്തു. പത്ത് പേരാണ് ആദ്യം എന്റെ യോഗ ക്ലാസില്‍ ഉണ്ടായിരുന്നത്. പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു ആദ്യ മാസങ്ങളില്‍ എന്റെ സമ്പാദ്യം. എന്നാല്‍ പോലും ഞാന്‍ അതിന്റെ സന്തോഷം ആസ്വദിച്ച് തുടങ്ങി.  നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും എന്തോ കാര്യമായി ചെയ്തു എന്നൊരു സന്തോഷത്തോടെ അന്ന് തൊട്ട് ഞാന്‍ ഉറങ്ങി തുടങ്ങി. അതിന് മുമ്പ് ചെയ്ത ഒരുജോലിയില്‍ നിന്നും അത്തരമൊരു സന്തോഷം എനിക്ക് ലഭിച്ചിരുന്നില്ല. മെല്ലെ ക്ലാസിലേക്ക് കൂടുതല്‍ ആള്‍ക്കാര്‍ എത്തി തുടങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടില്‍ ചെന്ന് യോഗ തെറാപ്പികള്‍ ചെയ്തു കൊടുക്കാന്‍ ആരംഭിച്ചു. നല്ല റിസള്‍ട്ട് അത്തരം തൊറാപ്പികളില്‍ ഉണ്ടായതോടെ നിരവധി ഡോക്ടര്‍മാര്‍ രോഗികളോട് എന്റെ പേര് സജസ്റ്റ് ചെയ്യാന്‍ തുടങ്ങി. അങ്ങനെ മെല്ലെ ജീവിതം ട്രാക്കിലേക്ക് കയറി. അതിനിടയ്ക്ക് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ യോഗ ഇന്‍സ്ട്രക്ടറായി കുറച്ചുകാലം ജോലി ചെയ്തു.

മരുഭൂമിയിലെ പൊള്ളിച്ച അനുഭവം...

അതിനിടയില്‍ ഗള്‍ഫിലേക്ക് നല്ലൊരു ജോലി ഓഫര്‍ വന്നു. യോഗ ഇന്‍സ്ട്രക്ടറായി തന്നെയായിരുന്നു ജോലി. കടം തലയ്ക്ക് മീതെ വാളുപോലെ തൂങ്ങി കിടക്കുന്നതിനാല്‍ ആ ഓഫര്‍ സ്വീകരിച്ചു. സാമ്പത്തിക ബാധ്യകള്‍ അല്‍പമെങ്കിലും തീര്‍ക്കാം എന്നൊരു പ്രതീക്ഷയിലായിരുന്നു വിമാനം കയറിയത്. 
എന്നാല്‍ അവിടെ ചെന്നപ്പോള്‍ നമ്മളെ ചൂഷണം ചെയ്യുന്ന ഒരു സ്ഥാപനമായിരുന്നു അത്. കൃത്യമായ ശമ്പളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഖത്തറിലായിരുന്നു കുറേനാള്‍. പരമാവധി സഹിച്ചു, അവസാനം സഹിക്കെട്ട് ഞാന്‍ ശമ്പളം ചോദിച്ചു. അതിന്റെ പേരില്‍ അന്ന് രാത്രി തന്നെ എനിക്ക് അവര്‍ റിട്ടേണ്‍ ടിക്കറ്റ് തന്ന് നാട്ടിലേക്ക് തിരികെ പോകുവാന്‍ പറഞ്ഞു. ശമ്പളം അപ്പോഴും തന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ആ രാത്രി ഞാന്‍ കുറേ സമയം ഒറ്റയ്ക്കിരുന്നു. ജോലി ചെയ്തതിന്റെ ശമ്പളം ലഭിക്കാതെ തിരിച്ച് പോകില്ലെന്ന് ഞാനുറപ്പിച്ചു. അവസാനം അവരെനിക്ക് ശമ്പളം തന്നു. ഞാന്‍ നാട്ടിലേക്ക് തിരികെ വന്നു. വീണ്ടും യോഗ ക്ലാസുകള്‍ ആരംഭിക്കാം എന്നൊക്കെയായിരുന്നു പദ്ധതി. എന്നാല്‍ പെട്ടെന്നാണ് എല്ലാ  പ്രതീക്ഷകളും തകര്‍ത്ത് കൊവിഡ് രംഗപ്രവേശം ചെയ്യുന്നത്.

ഓണ്‍ലൈനായപ്പോള്‍ എല്ലാം ഓക്കെയായി...

കൊവിഡ് കാലത്ത് ഓഫ്ലൈന്‍ ക്ലാസുകള്‍ നടത്താന്‍ പറ്റാതെ വന്നതോടെ വലിയ പ്രതിസന്ധി രൂപപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ബാങ്ക് ബാലന്‍സ് നോക്കുമ്പോള്‍ വെറും 300 രൂപ. ആ കാലത്ത് ഞാന്‍ ഫെയ്സ്ബുക്കില്‍ വളരെ ആക്ടീവായിരുന്നു. യോഗയുടെ ചെറിയ വീഡിയോകള്‍ ഓരോ ദിവസും ഇടും. 21 ദിവസം തുടര്‍ച്ചയായി ഞാന്‍ വീഡിയോ ഇട്ടിരുന്നു. അന്നെനിക്ക് വീട്ടില്‍ വൈഫൈ സൗകര്യം പോലും ഇല്ല. മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് വളരെ സമയമെടുത്താണ് ഓരോ വീഡിയോയും അപ്ലോഡ് ചെയ്തത്. ആ വീഡിയോകള്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി കാഴ്ചക്കാരുണ്ടായി.
പലരും കൊവിഡ് കാലത്തെ ഡിപ്രഷന്‍ മറികടക്കാന്‍ യോഗ എങ്ങനെ ഉപകാരപ്പെടുത്താം എന്ന് ചോദിച്ചു തുടങ്ങി. ചിലര്‍ യോഗ ക്ലാസ് ഓണ്‍ലൈനായി എടുത്തുതരുമോ എന്ന് ചോദിച്ചു. എനിക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അറിയില്ല എന്നവരോട് പറയാന്‍ മടിയായിരുന്നു. തുടങ്ങാന്‍ പ്ലാനുണ്ട് എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ ഞാനും അതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചു. അങ്ങനെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ പരീക്ഷണാര്‍ഥം ചെയ്ത് നോക്കിയത്. അതിന് മുമ്പ് ഓണ്‍ലൈന്‍ യോഗ ക്ലാസ് എടുത്തതിന്റെ ഒരുപരിചയവും എനിക്കില്ല. ഓണ്‍ലൈനിലൂടെ യോഗ പഠിപ്പിക്കല്‍ സാധ്യമാകുമോ എന്നൊരു ആശങ്ക ഉള്ളിലുണ്ടായിരുന്നു. പിന്നെ വേറൊരു വഴിയുമില്ലാത്തതിനാല്‍ പരീക്ഷിച്ച് നോക്കിയതാണ്.
മൊബൈല്‍ വഴിയാണ് ആദ്യം ക്ലാസെടുത്തത്. മൂന്നുപേരാണ് വന്നത്, അവര്‍ക്ക് മൂന്നു സമയത്തായി ക്ലാസ് നല്‍കി. അതിന് നല്ല റിസള്‍ട്ട് വന്നതോടെ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. അഞ്ചു ദിവസത്തെ കോഴ്സുകളാണ് അന്ന് ചെയ്തത്. 500 രൂപയായിരുന്നു ഫീസ്. വളരെ തുച്ഛമായ തുകയായതിനാല്‍ ആദ്യഘട്ടത്തില്‍ മോശമല്ലാത്ത രജിസ്ട്രേഷന്‍ വന്നു. ആദ്യ ബാച്ചിന്റെ മികച്ച റിവ്യൂസ് വന്നതോടെ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ക്ലാസിനായി സമീപിച്ചു തുടങ്ങി. അമ്പതുപേരുള്ള ബാച്ചുകളായി ക്ലാസുകള്‍ വളര്‍ന്നു. യോഗ വിത്ത് സുജിത്ര മേനോന്‍ എന്ന ആ ഓണ്‍ലൈന്‍ യോഗ ക്ലാസ് മെല്ലെ ട്രാക്കിലായി. ഓരോ ദിവസവും കഴിയുംതോറും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ യോഗ പഠിക്കാനെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ എന്റെ ക്ലാസില്‍ ജോയിന്‍ ചെയ്തു. 300 രൂപ ബാങ്ക് ബാലന്‍സുണ്ടായിരുന്ന ഞാന്‍ മെല്ലെ രണ്ടക്കവും മൂന്നക്കവും കടന്ന് ആറക്ക ശമ്പളംവരെ മാസം യോഗയിലൂടെ സമ്പാദിച്ചു തുടങ്ങി. ഇപ്പോള്‍ മൂന്ന് വര്‍ഷത്തിലധികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഞാന്‍ വിവിധ സമയങ്ങളിലായി ഒരുപാട് പേര്‍ക്ക് ദിവസവും യോഗ ക്ലാസ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാരുണ്ട്. യോഗ ദിനാചാരണത്തോടെ യോഗയുടെ പ്രധാന്യം മനസ്സിലാക്കി തന്നെ ഒരുപാട് പേര്‍ കോഴ്സ് ചെയ്യാനെത്തുന്നുണ്ട്.

യോഗ എന്ന നിറവ്

പൂര്‍ണ സന്തോഷവതിയാണ് ഞാന്‍. ഒരിക്കലും ഇങ്ങനെയൊരു ജീവിതം എന്റെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. ഒരു വൈറ്റ് കോളര്‍ ജോലിയെ കുറിച്ച് മാത്രം പഠനക്കാലത്ത് സ്വപ്നം കണ്ടിരുന്ന ആളാണ് ഞാന്‍. ആ ജോലി ചെയ്യുകയും ചെയ്തു. അവിടെ നിന്നൊന്നും എനിക്ക് ജീവിതത്തിന്റെ സന്തോഷം ലഭിച്ചിട്ടില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ ജീവിതം കടന്നുപോയി. എല്ലാം നഷ്ടപ്പെട്ട് എന്ന് കരുതിയിടത്ത് നിന്ന് എന്നെ ജീവിതത്തിന്റെ വര്‍ണലോകത്തേക്ക് തിരിച്ചെത്തിച്ചത് യോഗയാണ്. ഓരോ ദിവസവും കഴിയുമ്പോഴും മനസ്സിനൊരു നിറവാണ് യോഗ സമ്മാനിക്കുന്നത്. ഒരുപാട് പേരുടെ സന്തോഷത്തിന് ഞാന്‍ കാരണക്കാരിയാകുന്നു. ജീവിതത്തെ ഏറ്റവും നല്ല രീതിയില്‍ ആസ്വദിച്ച്, ആഘോഷിച്ച് ജീവിക്കാന്‍ എനിക്ക് ഇപ്പോള്‍ സാധിക്കുന്നു. ഞാന്‍ ട്രെയിനിങ് നല്‍കുന്ന ആളുകളും സമാന അനുഭവം പങ്കുവയ്ക്കുന്നുണ്ട്.