അഭിനയമികവുകൊണ്ട് മലയാള സിനിമാലോകത്ത് തന്റേതായൊരിടം സൃഷ്ടിച്ചിട്ടുള്ള പ്രതിഭയാണ് ഫഹദ് ഫാസിൽ. സമൂഹമാധ്യമങ്ങളിൽ അധികം ഇടപെടാറില്ലാത്ത നടന്റെ ഫോൺ കഴിഞ്ഞദിവസം ചർച്ചയായിരുന്നു. തന്റെ കീപാഡ് ഫേണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഫഹദിന്റെ വീഡിയോ ആണ് വൈറലായത്. ആളുകൾ സ്മാർട്‌ഫോണിന്റെ തന്നെ വിവിധ വെറൈറ്റികൾ പരീക്ഷിക്കുന്ന ഇന്നത്തെ കാലത്ത് താരം, വെറും കീപാഡ് ഫോൺ ഉപയോഗിക്കുന്നതാണ് ആരാധകർക്ക് കൗതുകമായത്. ഇതിന്റെ അലയൊലികൾ ഒതുങ്ങുന്നതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഫഫ നടത്തിയ പരാമർശവും ചർച്ചയാവുകയാണ്. രണ്ട് വർഷത്തിനുള്ളിൽ തന്നെ ബന്ധപ്പെടാനുള്ള ഏകമാർഗ്ഗം ഇ-മെയിൽ ആകുമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

To advertise here,

'കഴിഞ്ഞ ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. രണ്ട് വർഷത്തിനുള്ളിൽ ഇ-മെയിലിൽ മാത്രമേ ആർക്കെങ്കിലും എന്നെ ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്സ് ആപ്പുമില്ല. എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് പ്രയോജനമില്ലെന്നല്ല. ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്.  എന്നാൽ അതില്ലാതെ എങ്ങനെ കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്.' ഫഹദ് പറയുന്നു.

അതേസമയം സോഷ്യൽ മീഡിയയിലും ഫെയ്‌സ്ബുക്കിലുമുണ്ടായിരുന്ന കാലമുണ്ടായിരുന്നെന്നും പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും ഫഹദ് പറയുന്നു. ‘കമന്റിന് മറുപടി നൽകാനൊന്നും അറിയില്ലായിരുന്നു. അതുപോലെ തന്റെ വീടിന്റെ ചിത്രങ്ങളും വ്യക്തിജീവിതത്തിലെ ചിത്രങ്ങളുമൊന്നും പുറത്ത് പോകാതെ നോക്കാറുമുണ്ട്‌’, അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാണോ മോശം സിനിമകൾ ചെയ്തുതുടങ്ങുന്നത്‌ അന്നുമുതൽ മാത്രമാവും പുതിയ തലമുറയ്ക്ക് അന്യനാകുകയെന്നും നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം അവർക്ക് അന്യനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുമ്പോൾ പുതിയ തലമുറയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ ഇത്തരത്തിലുള്ള മറുപടി.

‘മാരീശൻ’ ആണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം. വടിവേലുവും ഫഹദും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധാനം സുധീർ ശങ്കർ ആണ്. ‘മാമന്ന’ന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന സിനിമയാണ് ‘മാരീശൻ’. ജൂലൈ 25-നാണ് സിനിമ ബോക്സ് ഓഫീസിലേക്ക് എത്തുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi