
മനു ജോസ് / ഫോട്ടോ: അരുൺ ഇടപ്പള്ളി
അരുൺ ഇടപ്പള്ളി
ഇരുട്ടിന്റെ നിഴൽപ്പാടുകൾ പടർന്നുവീഴുന്നൊരിടം. മുഴങ്ങുന്ന തപ്പുകൊട്ടുകളുടെ താളത്തിനൊത്ത് കൊമ്പുകുലുക്കി താളംപിടിച്ചെത്തുന്ന വലിയ പാവകൾ... അവയ്ക്ക് കൂട്ടായി മനു ജോസ് എന്ന കലാകാരനും. എറണാകുളം മുളന്തുരുത്തിയിൽ കിളിയൊച്ചകളും പച്ചപ്പും നിറഞ്ഞ കഥകളുടെ താളം മുഴങ്ങുന്ന ആലയെന്ന തുരുത്തിലിരുന്ന് കഥയുടെ അദ്ഭുതവാതിലുകൾ തുറന്ന് മനു ജോസ് പറഞ്ഞുതുടങ്ങി. ''കഥ കേൾക്കാനും പറയാനുമൊക്കെയായി ആർക്കും ഒത്തുകൂടാനൊരിടമാണ് ആല. സിനിമാ തിയേറ്റർ പോലെ, ഷോപ്പിങ് മാളുകൾപോലെ കലതേടി 365 ദിവസവും ആളുകൾക്ക് വരാൻ ഒരു ഇടം.''
കഥ പറഞ്ഞ്...
കഥ പറഞ്ഞ് നാടുചുറ്റാൻ കൊതിച്ചൊരാളുടെ സ്വപ്‌നത്തിൽ നിന്നാണ് ആലയുടെ പിറവി. ആ സ്വപ്‌നത്തിൽ നിന്നുതന്നെ മനു ജോസ് തന്റെയും ആലയുടെയും കഥയ്ക്ക് തുടക്കമിട്ടു. ''സാമൂഹിക ഉത്തരവാദിത്വം മനസ്സിൽ പതിപ്പിക്കുന്ന കുടുംബാന്തരീക്ഷത്തിലായിരുന്നു കുട്ടിക്കാലം.
തൃശ്ശൂർ ഡ്രാമാസ്‌കൂളിലും പോണ്ടിച്ചേരിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സമൂഹവുമായി ചേർന്നുനിൽക്കുന്ന എന്തെങ്കിലുമൊന്നു കൂടി ചെയ്യണമെന്ന് തോന്നിയത് ഇക്കാലത്താണ്. ഒരു എൻജിഒയുടെ ഭാഗമായി ഗൂഡല്ലൂരിലെ ആദിവാസിമേഖലയിൽ ഏഴ് വർഷം പ്രവർത്തിച്ചു. മറ്റൊരു തരത്തിലുള്ള ജീവിതം പഠിച്ചത് അവിടെനിന്നാണ്.
അതിനിടെ 'ഗദ്ദാമ', 'ഋതു', 'തൊട്ടപ്പൻ'... എന്നിങ്ങനെ പതിനൊന്ന് സിനിമകളിലും അഭിനയിച്ചു. ഇക്കാലത്തൊക്കെ കഥപറച്ചിൽ കൂടെയുണ്ടായിരുന്നു. 1994-ൽ ഏഷ്യാനെറ്റിൽ 'ചിറകുകൾ' എന്ന പ്രോഗ്രാമിന്റെ അവതാരകനായി. കുട്ടികൾക്കായി കഥപറയുന്ന പരിപാടിയായിരുന്നു അത്.''
'ചിറകുകളി'ലെ 'ഡുംഡും മാമ'നായി മനു 90-കളിലെ കുട്ടികൾക്ക് പരിചിതനായി. ചങ്ങാതിക്കൂട്ടം, കളിചിരിനേരം, ഒരിടത്തൊരിടത്ത്, മിഠായിവണ്ടി... അങ്ങനെ പല ചാനലുകളിലൂടെ മനു കഥപറച്ചിൽ തുടർന്നു.
സമൂഹത്തിലെ ഏത് നിരയിൽപ്പെട്ടവർക്കും ആസ്വദിക്കാൻ കഴിയുന്നവയാണ് കഥകൾ എന്നിരിക്കെ അവയെ തിയേറ്ററിന്റെ സാധ്യതയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി മനു ആലോചിച്ചതും അക്കാലത്താണ്. ആലയെന്ന ബദൽ വിദ്യാഭ്യാസകേന്ദ്രത്തിന്റെ പിറവി ആ ചിന്തയിൽനിന്നാണ്.

കലയിലൂടെ ജീവിതമൂല്യങ്ങൾ
''എല്ലാവരും വന്നെത്തുന്ന ഒരിടമല്ല ആർട് സ്പെയ്സുകൾ. എന്നാൽ, വർഷത്തിലൊരിക്കലെങ്കിലും എല്ലാ ആളുകൾക്കും വരാനും കലയെ അറിയാനുമുള്ള ഒരു കമ്യൂണിറ്റി തിയേറ്ററാക്കി ആലയെ രൂപപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം.'' ആലയുടെ ലക്ഷ്യത്തെപ്പറ്റി മനു പറഞ്ഞുതുടങ്ങി.
''കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലല്ലാതെ, കലാകാരന്മാർ നേരിട്ടുനടത്തുന്ന ഒരു ആർട്ട് സ്പെയ്സാണ് ആല. 900 സ്‌ക്വയർ ഫീറ്റിൽ സൗണ്ട്പ്രൂഫിങ് ചെയ്ത, ലൈറ്റുകളും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ള, തിയേറ്റർ വർക്ഷോപ്പുകൾക്ക് പറ്റിയ ഇടം. നാടകാവതരണങ്ങൾ, വർക്ഷോപ്പുകൾ, മ്യൂസിക്കൽ ഇവന്റ്സ്, സിനിമാ പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിങ്ങനെ ആറു വർഷത്തിനിടെ 150-ലേറെ പരിപാടികൾ ഇവിടെ സംഘടിപ്പിച്ചു. ഏത് പ്രായത്തിലുമുള്ള, ഏത് സാമൂഹികസാഹചര്യത്തിലും ഉൾപ്പെട്ട ആർക്കും വരാനും കലയോട് അടുത്തുനിൽക്കാനുമുള്ള സ്ഥലം. 'ആല ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം' എന്ന പേരുപോലും അത്തരം സാമൂഹിക മാറ്റത്തെ ഉൾക്കൊണ്ട് സ്വീകരിച്ചതാണ്.''
ട്രാൻസാക്ഷണൽ അനാലിസിസ് എന്ന മനശ്ശാസ്ത്രതത്ത്വം ആലയിലെ രീതികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മനു. ''ഞാനും എന്റെ പങ്കാളി ഡോ. സനിതയും ഇതിനെപ്പറ്റി ഒരുപാട് പഠിച്ചു. മൂന്ന് നെടുംതൂണുകളാണ് ഈ തിയറിയിലുള്ളത്. ആദ്യത്തേത്, People are ok. എല്ലാ മനുഷ്യരെയും ഒരു മുൻവിധിയുമില്ലാതെ അംഗീകരിക്കുക എന്നതാണ് അതിൽ വരുന്നത്. രണ്ടാമത്തെ ചിന്ത People can think എന്നതാണ്. എല്ലാ മനുഷ്യരും ചിന്തിക്കുന്നവരാണ്. People can change എന്ന കാര്യമാണ് ഏറ്റവും മനോഹരം. എത്ര മോശപ്പെട്ട മനുഷ്യർക്കും ചില സാഹചര്യങ്ങളിൽ മാറ്റം വരും. ഇങ്ങനെ ചിന്തിച്ചാൽ നമുക്കെല്ലാവരോടും സഹാനുഭൂതിയുണ്ടാവും.
ചുറ്റുമുള്ള മനുഷ്യരുടെ ക്ഷമയുടെ ഫലമാണ് നമ്മുടെ ജീവിതം. ഈ ആശയത്തെ തിയേറ്ററിന്റെ, കലയുടെ സഹായത്തോടെ വരുംതലമുറയിലേക്ക് എങ്ങനെ എത്തിക്കാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. കുട്ടികളിൽ സഹാനുഭൂതി വളർത്തിയെടുക്കാൻ ഏറ്റവും നല്ലമാർഗമാണ് തിയേറ്റർ. അതിൽ കഥാപാത്രത്തെ സ്വയം മനസ്സിലാക്കണം, അതായി മാറുന്നതായി സ്വയം വിശ്വസിപ്പിക്കണം. മറ്റൊരാളെ മനസ്സിലാക്കുന്നത് നമ്മൾ അയാളുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുമ്പോഴാണല്ലോ. തിയേറ്റർ പഠിക്കുന്ന കുട്ടികൾക്ക് അത് വളരെവേഗം സാധിക്കും.''
കുട്ടികളിൽ പ്രോആക്ടിവിറ്റി വളർത്താനും തിയേറ്റർ നല്ലതാണെന്ന് മനു. ''പരപ്രേരണകൂടാതെ ഒരു സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവാണ് അത്. 30 വർഷമായി കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ തോന്നിയത് അത്തരമൊരു കഴിവ് പുതുതലമുറയിൽ കുറഞ്ഞുവരുന്നതായാണ്. പെട്ടെന്ന് ചാടിയിറങ്ങി പ്രവർത്തിക്കാൻ എന്തോ ഒന്ന് കുട്ടികളെ പിന്നോട്ട് വലിക്കുന്നു. അത് നമ്മുടെ വിദ്യാഭ്യാസരീതിയുടെ പ്രശ്‌നമാണ്.

നാലോ അഞ്ചോ വർഷം തിയേറ്ററുമായി ബന്ധപ്പെട്ടുനിൽക്കുന്ന കുട്ടി വളരെ പ്രോ ആക്ടീവായിരിക്കും. നാടകം ഒരു ടീംവർക്കാണ്. പരസ്പരം സഹായിച്ചാലേ അതിന് പൂർണതയുണ്ടാവൂ.''
കുട്ടിക്കളിയല്ല ഒന്നും
സമൂഹത്തെ ചർച്ചചെയ്യുംവിധമാണ് ഓരോ ക്യാമ്പും ഡിസൈൻ ചെയ്യുന്നതെന്ന് മനു. ''വ്യത്യസ്തമായ ക്യാമ്പുകളാണ് ആല നടത്തുക. ജീവിതപാഠങ്ങളുടെ പഠനക്കളരിയാണ് ക്യാമ്പുകൾ എന്നതാണ് ഞങ്ങളുടെ ആശയം. ഈ വർഷത്തെ ക്യാമ്പിന്റെ പേര് 'വരാന്ത'യെന്നാണ്. ഏതൊരു വീട്ടിലും അപരിചിതരെ വരവേൽക്കുന്ന ഒരിടമാണല്ലോ അത്. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സമൂഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് വരാന്ത.
കഴിഞ്ഞവർഷത്തെ ക്യാമ്പ് 'കലർപ്പ് 'എന്ന പേരിലായിരുന്നു. പലത് കലരുമ്പോഴാണ് നല്ല ഫലം ലഭിക്കുക. 'അടരുകൾ' എന്നായിരുന്നു മറ്റൊരു ക്യാമ്പിന്റെ പേര്. ഏതൊരു കാര്യത്തിനും പലതലങ്ങൾ ഉണ്ടാവുമെന്ന് കുട്ടികളെ ഓർമ്മിപ്പിക്കാനായിരുന്നു ആ പേര്.''
വ്യത്യസ്തതകളെ ഉൾക്കൊള്ളുന്ന ലോകത്ത് ജീവിക്കാൻ പഠിപ്പിക്കുന്ന തരത്തിലാണ് ആലയിലെ ക്യാമ്പുകളെല്ലാമെന്നും മനു. ''വിഷ്വൽ, ഓഡിറ്ററി, കൈനെസ്തെറ്റിക് എന്നീ മൂന്ന് ഘടകങ്ങൾ ഉൾച്ചേരുന്നതാണ് പഠനപ്രക്രിയ. ചിലർ കേട്ട് പഠിക്കുമ്പോൾ ചിലർക്ക് അത് കാണണം, ചിലർക്ക് തൊട്ടും മണത്തും രുചിച്ചുമാവും കാര്യങ്ങൾ മനസ്സിലാകുക. പണ്ടൊക്കെ സ്‌കൂളിൽ ഓഡിറ്ററി അഥവാ കേൾവിയെ അടിസ്ഥാനമാക്കി മാത്രമായിരുന്നു പഠനമെങ്കിൽ ഇന്ന് മുകളിൽപ്പറഞ്ഞ മൂന്നു കാര്യങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ, മൂന്നുതരം വ്യക്തികളെയും ഉൾപ്പെടുത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഓരോ കുട്ടിക്കും ഓരോതരം കഴിവുകളാവും. അത്തരത്തിൽ എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്നതാവണം ക്യാമ്പുകൾ.
ഒരു പ്രശ്‌നം പരിഹരിക്കാൻ ഒന്നിൽക്കൂടുതൽ കഴിവുകൾ വേണമെന്നാണ് ഡവലപ്‌മെന്റൽ സൈക്കോളജിസ്റ്റായ ഹോവാർഡ് ഗാർഡ്നെർ പറയുന്നത്. എട്ട് തലങ്ങളിലുള്ള ബുദ്ധിയുടെ പ്രയോഗത്തിലൂടെയാണ് ആളുകൾ ഓരോ പ്രശ്‌നവും പരിഹരിക്കുക. കുട്ടികളുടെ ക്യാമ്പുകൾ നടത്തുമ്പോൾ ഈ എട്ടുതലങ്ങളും പ്രയോഗിക്കാനുള്ള അവസരം അവർക്കുണ്ടാകണം. ആലയിലെ ക്യാമ്പുകൾ ഇത്തരത്തിലുള്ളവയാണ്. ''
കളികളിലൂടെ പഠിച്ചുവളരുന്നവർക്ക് മാതൃക മനുവിന്റെ മകൻ ഇസാദ് തന്നെയാണ്. റഗുലർ സ്‌കൂളിങ്ങിലൂടെയല്ല ഇസാദിന്റെ പഠനം. മകന് ഏറെയിഷ്ടമുള്ള പാചകകലയിൽ എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിൽക്കുകയാണ് മനു.
അച്ഛന്റെ പാത പിന്തുടർന്ന് മകൾ മേരബ് നീലഗിരിയിലെ കോത്തഗിരിയിൽ കൂട്ടുകാർക്കൊപ്പം ആർട് സ്‌പേസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
തിയേറ്റർ എന്നാൽ നാടകം മാത്രമല്ലെന്നും ഒരു യാത്രയാണെന്നും മനു. ''കളികൾ, പാട്ടുകൾ, പരിശീലനങ്ങൾ, ആലോചനകൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടും. കളികൾ നേരമ്പോക്ക് മാത്രമാണെന്നാണ് സങ്കല്പം. സത്യത്തിൽ കുട്ടികൾ വളരേണ്ടതും ലോകത്തെ അറിയേണ്ടതും കളികളിലൂടെയല്ലേ.
കൗമാരക്കാരായ കുട്ടികൾക്ക് പ്ലേഫുൾ എനർജി തിരിച്ചുപിടിക്കാനുള്ള ഇടങ്ങൾ കേരളത്തിലില്ല. അതിനുള്ള വഴികൂടിയാണ് ആല പോലുള്ള ഇടങ്ങൾ.''
ആല ടീം
''ആല തുടങ്ങിയിട്ട് ഏഴുവർഷമായി. കോവിഡ് കാലത്ത് കുട്ടികളുടെ പരിപാടികളൊക്കെ കുറഞ്ഞു. എങ്കിലും മറ്റൊരു രീതിയിൽ ആല വളർന്നുതുടങ്ങി. പുറത്തുനിന്നുള്ള, പ്രത്യേകിച്ചും സർക്കാർ തലത്തിലുള്ള ചില പരിപാടികൾക്ക് ഫണ്ടിങ് ഉണ്ടായി എന്നതല്ലാതെ ആല ഇപ്പോഴും നടന്നുപോകുന്നത് ഞങ്ങളുടെ കൈയിലുള്ള മുതൽമുടക്കിലൂടെയാണ്.
എന്റെയും സനിതയുടെയും വരുമാനത്തിന്റെ ഭൂരിഭാഗവും ഇവിടെത്തന്നെയാണ് ചെലവഴിക്കുന്നത്. പക്ഷേ, പണം മാത്രം പോരല്ലോ. ഇത്തരത്തിൽ ഒരു സ്ഥാപനം നടത്താൻ വേണ്ടിവരുന്ന ഏറ്റവും വലിയ ചലഞ്ച് അതിന് ചേരുന്ന ആളുകളെ കണ്ടെത്തുന്നതുതന്നെയാണ്. ആലയോട് ചേർന്നുനിൽക്കുന്നവരുടെ അഭിപ്രായങ്ങളും അവരുടെ സഹകരണവുമെല്ലാം ഇതിന്റെ വളർച്ചയ്ക്കു പിന്നിലുണ്ട്.''
ശശിമാഷ്, സതീഷ്, വാഗീശ്വരി, ശരത്, അമൃത, അനീഷ്, ബിജുന... ആലയുടെയൊപ്പം കൈകോർത്ത് ഒരുപിടി മനുഷ്യരുണ്ട്. കുട്ടികളോട് കഥപറയാനുള്ള ഇഷ്ടംകൊണ്ടാണ് താനിവിടെയെത്തിയതെന്ന് സതീഷ് പറയുന്നു. ''ഇവിടത്തെ ഫ്‌ളോർ എന്ന അഭിനയക്കളരിയുടെ രണ്ടാമത്തെ ബാച്ചിൽ ഞാൻ ഉണ്ടായിരുന്നു. പിന്നീട് സ്റ്റോറി ടെല്ലിങ്ങിലേക്ക് മാറി. നാടകത്തിന് 300 കാണികളൊക്കെയേ ഉണ്ടാവൂ. കഥ കേൾക്കാൻ അതിൽകൂടുതൽ ആൾക്കാർവരും. കുട്ടികളെ കൊണ്ടുവരാനും മാതാപിതാക്കൾക്ക് താൽപര്യമാണ്.'' സതീഷിന്റെ പങ്കാളി വാഗീശ്വരിയും മകൾ നമ്മുവുമൊക്കെ ആലയുടെ ഭാഗമാണ്.
ഐ.ടി മേഖലയിലെ ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയയാളാണ് അനീഷ്. ''ജീവിതത്തിന് വേറൊരു ലക്ഷ്യം തേടിവന്നയാളാണ് ഞാൻ. അഭിനയമാണ് എന്റെ മേഖല എന്ന് എപ്പോഴോ തിരിച്ചറിഞ്ഞു. എന്നാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന ആരും ചുറ്റുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ആലയെപ്പറ്റിയറിയുന്നതും ഇവിടെയെത്തുന്നതും.''
എല്ലാവരും വരട്ടെ
ആല എങ്ങനെയാണ് മറ്റ് തിയേറ്റർ സ്‌പെയ്‌സുകളിൽനിന്ന് വ്യത്യസ്തമാകുന്നതെന്നും മനു വിശദീകരിച്ചു. ''പാട്ടും കളികളും ചെസ്പോലുള്ള മൈൻഡ് ഗെയിമുകളും എല്ലാം ഇവിടെ ഒരുക്കാറുണ്ട്. 'അമ്യൂസ് ആല മ്യൂസിക് സെക്ഷൻസ്'എന്ന പരിപാടിയാണ് ഏറ്റവും ജനകീയം. പാട്ടുപാടാൻ ആഗ്രഹമുള്ള ആർക്കും വന്ന് പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പാടാം.
എല്ലാവർക്കും നാടകം താത്പര്യമുണ്ടാവില്ല. എന്നാൽ, പാട്ടുവഴി അവർ നാടകത്തിലേക്ക് വന്നാലോ. ഓഡിയൻസ് ബിൽഡിങ് എന്നാണ് അതിനെ പറയുക. ആളുകൾക്ക് ഇഷ്ടമുള്ളത് നൽകി പിന്നീട് അവരെ നമ്മുടെ ഉദ്ദേശ്യത്തിലേക്ക് ചേർക്കുകയാണ് ലക്ഷ്യം.''
ഒരുവർഷം നീണ്ടുനിൽക്കുന്ന തിയേറ്റർ പ്രോഗ്രാം സംഘടിപ്പിക്കാൻ പ്ലാനിടുന്നുണ്ട് മനുവും സംഘവും. ''ആഴ്ചയിലൊരു ദിവസം ഇവിടെ ചെലവഴിച്ച് തീയേറ്ററുമായി ആളുകൾക്ക് പരിചയിക്കാൻ പറ്റുന്നവിധമായിരിക്കും അത്. അഭിനയം, സംവിധാനം, രചന, കഥപറച്ചിൽ, അരങ്ങൊരുക്കൽ അങ്ങനെയെല്ലാം ഉൾപ്പെടുത്തിയ ഒരു പ്രോഗ്രാം.
കുട്ടികളുടെ തീയേറ്റർ കോവിഡിന് ശേഷം സജീവമായിരുന്നില്ല. അത് വീണ്ടും തുടങ്ങണം. ഏറ്റവും പ്രധാനപ്പെട്ടത് രണ്ട് ജയന്റ് പപ്പറ്റ്‌സ്‌നെ കൊണ്ടുള്ള 'കഥായനം' എന്ന സ്റ്റോറി ടെല്ലിങ് പരിപാടിയാണ്. കേരളത്തിലെ ആദ്യത്തെ ജയന്റ് ലാന്റേൺ പപ്പറ്റസ് ആണിത്. കേരളത്തിൽ പലയിടത്തും അവയുമായി ഞങ്ങൾ യാത്ര തുടങ്ങിക്കഴിഞ്ഞു.''
ആലയുടെ സ്വതന്ത്രമായ നടത്തിപ്പിന് സഹായങ്ങൾ വേണമെന്നും മനു. ''പുതുതലമുറയാണ്. അവർക്ക് ഇഷ്ടപ്പെടുന്നതുപോലെ കഥ പറയണം. കുട്ടികൾക്കുവേണ്ടി എന്തെങ്കിലും സർക്കാർതലത്തിലും മറ്റും ചെയ്യുമ്പോൾ കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ച ആളുകളോട് അഭിപ്രായം ചോദിക്കാറില്ല. പോളിസി മേക്കിങ്ങിൽ അത്തരം ആളുകളെ ഉൾപ്പെടുത്താറില്ല. ഇതൊക്കെ മാറണം.
മൃഗശാലയും മ്യൂസിയവും കാണാൻ പോകുന്നതുപോലെ ആർട്ട് സ്പെയ്സുകളും സന്ദർശിക്കാൻ കുട്ടികൾ എത്തേണ്ടതുണ്ട്. ഇനി പൊതുവിടങ്ങളിൽ കഥകൾ പറയാൻ പറ്റണം. ഇതിനെല്ലാം സൗകര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, സഹായധനം വേണം. താങ്ങുവേണം. പൊതുജനങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്. ആലയ്ക്ക് വേണ്ടി മാത്രമല്ല. ഞങ്ങളെപ്പോലുള്ള സംഘങ്ങൾ വേറെയും വളർന്നു വരുന്നുണ്ട്. അവർക്കെല്ലാം കൈത്താങ്ങ് വേണം. മാനവികതയെ ഉണർത്താനുള്ള കലയുടെ കഴിവിനെ തിരിച്ചറിയുന്നവർ അതുചെയ്യും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.''
Published: 11 Jun 2025, 01:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented