ഒരു ഓൺലൈൻ വീഡിയോയിലെ പരാമർശത്തിന്റെ പേരിൽ വീണ്ടും വിമർശനങ്ങൾ നേരിടുകയാണ് യൂട്യൂബറും ബിഗ്‌ബോസ് ഒടിടി താരവുമായ അർമാൻ മാലിക്. ഭാര്യ പായൽ മാലിക് ധരിച്ച വസ്ത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു വ്ളോഗ് വീഡിയോയിൽ അർമാനും അദ്ദേഹത്തിന്റെ ഭാര്യമാരായ പായൽ മാലിക്കും കൃതിക മാലിക്കും ഒരുമിച്ചാണെത്തിയത്. രാവിലെ പായൽ ടി-ഷർട്ടും ഹാഫ് പാന്റ്‌സും ധരിച്ചതിൽ അർമാൻ നീരസം പ്രകടിപ്പിക്കുകയായിരുന്നു. താൻ വാങ്ങിക്കൊടുത്ത പുതിയ നൈറ്റി ധരിക്കാത്തതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തു.

To advertise here,

കുഞ്ഞിനെ നോക്കുന്നതിനായിരുന്നു മുൻഗണന നൽകിയതെന്ന് പായൽ വിശദീകരിച്ചെങ്കിലും അർമാൻ തന്റെ നിലപാട് ആവർത്തിച്ചു. “സ്ത്രീകൾ പലപ്പോഴും ഭർത്താക്കന്മാർ തങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ ടി-ഷർട്ടും ലോവറും ധരിച്ച് നടക്കുകയാണെങ്കിൽ ഭർത്താവ് എങ്ങനെ സ്‌നേഹിക്കും? രണ്ട് മാസത്തിനകം വിവാഹമോചനം വരെ സംഭവിച്ചേക്കാം. എപ്പോഴും നന്നായി ഒരുങ്ങി നടക്കണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് വഴിവെക്കുകയായിരുന്നു. ഭാര്യയുടെ വസ്ത്രധാരണത്തെയും രൂപത്തെയും അടിസ്ഥാനമാക്കി സ്‌നേഹത്തെ വിലയിരുത്തുന്നത് തെറ്റാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ‘അദ്ദേഹം എപ്പോഴും പായലിനെ വിമർശിക്കുകയും കൃതികയെ പിന്തുണയ്ക്കുകയും ചെയ്യുന്നു’, ‘സ്‌നേഹം വസ്ത്രധാരണത്തെ ആശ്രയിച്ചാണോ?’, ‘ഭർത്താവെന്ന നിലയിൽ ഇത്തരമൊരു ചിന്താഗതി അംഗീകരിക്കാനാവില്ല’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്.

അർമാൻ സാധാരണ ടി-ഷർട്ട് ധരിച്ചിരിക്കെ ഭാര്യയുടെ വസ്ത്രധാരണത്തെ വിമർശിക്കുന്നതിലെ വൈരുധ്യവും ചിലർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വസ്ത്രധാരണത്തെ വിവാഹജീവിതത്തിന്റെ വിജയപരാജയങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ സാധാരണമാക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

അർമാൻ മാലിക് എന്ന പേരിലറിയപ്പെടുന്ന സന്ദീപ് ഹിസാർ സ്വദേശിയാണ്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ച് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായി ശ്രദ്ധനേടുകയായിരുന്നു. ആദ്യ ഭാര്യയായ പായലിനെ വിവാഹം ചെയ്തശേഷം, അവരുടെ അടുത്ത സുഹൃത്തായിരുന്ന കൃതികയെയും വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. രണ്ട് ഭാര്യമാരോടൊപ്പമുള്ള കുടുംബജീവിതം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചു. 2024-ൽ ബിഗ് ബോസ് ഒടിടി 3 യിൽ ഭാര്യമാരുമൊത്ത് പങ്കെടുത്തതോടെയാണ് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള അർമാൻ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിലൂടെ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi