'ധുരന്ധർ 2' (Dhurandhar 2) എന്ന ചിത്രത്തിലൂടെ, ‘റാസ്‌പുടിൻ’ പാട്ട് വീണ്ടും റീൽസുകളിലും പ്ലേലിസ്റ്റുകളിലും തരംഗമായി മാറി. ഇതോടെ, ഇന്റർനെറ്റ് ലോകം ഈ മനുഷ്യനെക്കുറിച്ച് വീണ്ടും അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ്. ആരായിരുന്നു റാസ്‌പുടിൻ? ഇതിനിടയിലാണ് റാസ്‌പുടിന്റെ വീടിനെക്കുറിച്ചുള്ള പുതിയൊരു കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഏകദേശം 45 ഡോളറിന് (ഏകദേശം 608 രൂപ) റാസ്‌പുടിന്റെ വീട്ടിൽ താമസിക്കാം എന്നൊരു അവകാശവാദം ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 'ഡാർക്ക് ടൂറിസം' (Dark-tourism) ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അവസരമായി തോന്നാമെങ്കിലും, ഇത് പൂർണ്ണമായും സത്യമില്ല.

ഗ്രിഗോറി റാസ്‌പുടിന്റെ വീട് വാടകയ്ക്ക് ലഭ്യമാണെന്നും അവിടെ രാത്രി താമസിക്കാമെന്നുമാണ് പ്രചരിക്കുന്ന പോസ്റ്റുകൾ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ വീടുകളിലൊന്നിലും ഇപ്പോൾ താമസിക്കാൻ അനുവാദമില്ല.

സന്ദർശകർക്ക് കൂടുതൽ താല്പര്യം തോന്നുന്ന മറ്റൊരു കാര്യമുണ്ട്. റാസ്‌പുടിൻ ജനിച്ച വീടും, മരിക്കുന്നതിന് മുമ്പ് അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്ട്മെന്റും നിങ്ങൾക്ക് സന്ദർശിക്കാം. കൂടാതെ അദ്ദേഹം കൊല്ലപ്പെട്ട കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാനും സാധിക്കും.

ആരായിരുന്നു റാസ്‌പുടിൻ?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ റോമനോവ് രാജകുടുംബത്തിന്റെ, ഉപദേശകനായി മാറിയ സൈബീരിയൻ കർഷകനായിരുന്നു ഗ്രിഗോറി റാസ്‌പുടിൻ. സാർ നിക്കോളാസ് രണ്ടാമന്റെ മകനും ഹീമോഫീലിയ രോഗിയുമായിരുന്ന അലക്സി രാജകുമാരനെ സുഖപ്പെടുത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

ചിലർക്ക് അദ്ദേഹം ഒരു വിശുദ്ധനായിരുന്നുവെങ്കിൽ, മറ്റുചിലർക്ക് അദ്ദേഹം ചതിയും അഴിമതിയും നിറഞ്ഞ ഒരു നിഗൂഢ വ്യക്തിത്വമായിരുന്നു. 1916-ലെ അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകം ആ മിത്തിനെ കൂടുതൽ ശക്തിപ്പെടുത്തി.

റാസ്‌പുടിന്റെ തറവാട് (Pokrovskoye)

റഷ്യയിലെ ട്യൂമെൻ ഒബ്ലാസ്റ്റിലുള്ള പൊക്രോവ്സ്കോയ് ഗ്രാമത്തിലാണ് റാസ്‌പുടിന്റെ ജന്മഗൃഹം. നിലവിൽ ഇത് സ്മിർനോവ് കുടുംബം നടത്തുന്ന ഒരു സ്വകാര്യ മ്യൂസിയമാണ്. റാസ്‌പുടിന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും അദ്ദേഹത്തിന്റെ പഴയകാല ജീവിതത്തിന്റെ പുനരാവിഷ്കാരവും ഇവിടെ കാണാം.

ഇതൊരു ഹോട്ടലല്ല, മറിച്ച് നിയന്ത്രണങ്ങളുള്ള ഒരു മ്യൂസിയമാണ്. വാരാന്ത്യങ്ങളിൽ മാത്രമേ സന്ദർശനം അനുവദിക്കൂ. 2 മുതൽ 2.5 മണിക്കൂർ വരെ നീളുന്ന ഗൈഡഡ് ടൂറുകൾക്ക് ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ടിക്കറ്റ് നിരക്ക് 200 മുതൽ 500 റുബിൾസ് വരെ (ഏകദേശം 180 മുതൽ 450 രൂപ വരെ). സന്ദർശന വേളയിൽ ഫോണുകൾ അനുവദിക്കില്ല. 16 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനവുമില്ല.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ അപ്പാർട്ട്മെന്റ്

സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗോറോഖോവയ സ്ട്രീറ്റിലുള്ള 64-ാം നമ്പർ അപ്പാർട്ട്മെന്റിലായിരുന്നു റാസ്‌പുടിൻ അവസാനമായി താമസിച്ചിരുന്നത്. 1914 മുതൽ കൊല്ലപ്പെടുന്ന രാത്രി വരെ അദ്ദേഹം ഇവിടെയായിരുന്നു. ഇതൊരു സ്വകാര്യ അപ്പാർട്ട്മെന്റ്-മ്യൂസിയമാണ്. അദ്ദേഹത്തിന്റെ പഠനമുറി, അടുക്കള എന്നിവ സന്ദർശകർക്ക് കാണാം. ഗ്രൂപ്പ് വിസിറ്റുകൾക്ക് ഏകദേശം 1,350 രൂപയും പ്രൈവറ്റ് ടൂറുകൾക്ക് ഏകദേശം 13,500 രൂപ വരെയുമാണ് നിരക്ക്. ഇവിടെയും രാത്രി താമസിക്കാൻ സൗകര്യമില്ല. അതുണ്ടെന്ന തരത്തിൽ ഓൺലൈനിൽ കാണുന്ന ചില ബുക്കിംഗ് പരസ്യങ്ങൾ തെറ്റാണ്.

റാസ്‌പുടിൻ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള യൂസപ്പോവ് കൊട്ടാരത്തിൽ (Yusupov Palace) വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

കൊട്ടാരത്തിന്റെ ഭൂഗർഭ നിലയിൽ വെച്ച് അദ്ദേഹത്തിന് വിഷം നൽകുകയും, വെടിവെക്കുകയും, മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ മൃതദേഹം നെവ നദിയിൽ തള്ളുകയായിരുന്നു. ഇന്ന് ഈ കൊട്ടാരവും ഒരു മ്യൂസിയമാണ്. 400 മുതൽ 900 രൂപ വരെയുള്ള ടിക്കറ്റുകൾ എടുത്ത് സന്ദർശകർക്ക് ആ കൊലപാതകം നടന്ന ഇടം നേരിൽ കാണാൻ സാധിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi