തുടർച്ചയായി മൂന്ന് ഉത്സവങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഈദും ഈസ്റ്ററും വിഷുവും. ഇതിനൊപ്പം വേനൽ അവധിക്കാലത്തിനും മലയാളികൾ തയ്യാറെടുക്കുകയാണ്. ഈ ആഘോഷങ്ങൾക്ക് നിറംപകരാൻ നിരവധി മലയാളചിത്രങ്ങളും റിലീസിനായി കാത്തിരിക്കുന്നു. ഈ കാലയളവിൽ മലയാളത്തിലെ സൂപ്പർതാരങ്ങളുടെയെല്ലാം സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്. ഉത്സവക്കാലത്ത് റിലീസിനെത്തുന്ന സിനിമകളെ പരിചയപ്പെടാം.

വീണ്ടുമെത്തുന്നു ഷാജി പാപ്പനും സംഘവും
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററാണ് ‘ആട്’. സിനിമയുടെ മൂന്നാം ഭാഗം ഈ വാരം റിലീസിനെത്തുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. ജയസൂര്യ നായകനാവുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, വിജയ് ബാബു, ധർമജൻ ബോൾഗാട്ടി, വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. 2015 ഫെബ്രുവരിയിലായിരുന്നു ‘ആടി’ന്റെ ആദ്യ ഭാഗം റിലീസായത്. എന്നാൽ, തിയേറ്ററിൽ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ, വീഡിയോ സിഡി ഇറങ്ങിയതോടെ സിനിമ ട്രെൻഡായി. ഇതോടെ രണ്ടാം ഭാഗത്തിലേക്ക് അണിയറപ്രവർത്തകർ കടന്നു. 2017 ഡിസംബറിലായിരുന്നു രണ്ടാംഭാഗത്തിന്റെ വരവ്. തിയേറ്ററിൽ വൻഹിറ്റായി. ഏകദേശം ഒമ്പത് വർഷത്തിന് ശേഷമാണ് മൂന്നാം ഭാഗത്തിന്റെ വരവ്.

പ്രതിച്ഛായ മാറ്റാൻ നിവിൻ പോളി
ഫാമിലി പൊളിറ്റിക്കൽ ത്രില്ലറുമായാണ് നിവിൻ പോളിയുടെ വരവ്. മാർച്ച് 26-ന് റിലീസ് ചെയ്യുന്ന പ്രതിച്ഛായ സംവിധാനം ചെയ്യുന്നത് ബി. ഉണ്ണികൃഷ്ണനാണ്. ഷറഫുദ്ധീൻ, ബാലചന്ദ്ര മേനോൻ, ആൻ അഗസ്റ്റിൻ അടക്കമുള്ളവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.

ത്രില്ലടിപ്പിക്കാൻ വീണ്ടും ദൃശ്യം
മോഹൻലാൽ നായകനാവുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിനാണ് തിയേറ്ററിലെത്തുക. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമാണ് ഇത്. 2013 ഡിസംബറിലായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസായത്. അത് തിയേറ്ററിൽ വൻഹിറ്റായി. കോവിഡിന്റെ സമയത്തായിരുന്നു രണ്ടാം ഭാഗം. ഒ.ടി.ടി.യിലൂടെ റിലീസായ രണ്ടാംഭാഗവും പ്രേക്ഷകർ ഏറ്റെടുത്തു. സിദ്ധീഖ്, മീന, ആശാ ശരത്, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.

വെറും വാഴയല്ല
തിയേറ്ററിൽ ഹിറ്റടിച്ച ‘വാഴ’യുടെ രണ്ടാം ഭാഗവും ഏപ്രിൽ രണ്ടിന് റിലീസാവും. സാവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക്, അൽ അമീൻ എന്നിവരാണ് പ്രധാന വേഷത്തിൽ.

ടൊവിനോയും എത്തുന്നു
വിഷു പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ടൊവിനോ തോമസ് നായകനാവുന്ന ‘പള്ളിച്ചട്ടമ്പി’യുടെ വരവ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ ഒമ്പതിനാണ് തിയേറ്ററിൽ എത്തുക. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ടി.ജി. രവി അടക്കമുള്ളവരും ചിത്രത്തിലുണ്ട്.

സൂപ്പർതാരങ്ങൾ ഒരുമിച്ച്
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ അടക്കമുള്ളവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഹിന്ദിയിലും വമ്പൻ ചിത്രങ്ങൾ
ഇക്കാലയളവിൽ ഹിന്ദിയിലും മികച്ച ചിത്രങ്ങൾ റിലീസിനെത്തുന്നുണ്ട്. ‘ധുരന്ദർ-2’ ആണ് അതിൽ പ്രധാനം. ആദിത്യ ധർ സംവിധാനം ചെയ്ത സിനിമയുടെ ഒന്നാംഭാഗം തിയേറ്ററിൽ വൻഹിറ്റായിരുന്നു. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, മാധവൻ, സാറ അർജുൻ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ. മാർച്ച് 19-നാണ് റിലീസ്.

പ്രിയദർശൻ- അക്ഷയ് കുമാർ കോമ്പോയുടെ ഭൂത് ബംഗ്ലയും റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ പത്തിനാണ് ചിത്രത്തിന്റെ റിലീസ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi