''എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ അമ്പിളിയുടെ സ്വാധീനമുണ്ടായിരുന്നു. അവള്‍ പോയശേഷം സത്യത്തില്‍ എനിക്ക് സിനിമയോട് തന്നെ താത്പര്യം കുറഞ്ഞിരുന്നു. കാണാനവളില്ലെങ്കില്‍ എന്ത് സിനിമ എന്നു തോന്നി,'' അമ്പിളിയെന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന സുഭദ്രയുമായുള്ള പ്രണയത്തെക്കുറിച്ച് ടി.ജി.രവി സംസാരിച്ചുതുടങ്ങി.
ദീര്‍ഘകാലം പ്രണയിച്ചാണ് വിവാഹം കഴിച്ചത് അല്ലേ?
Also Read
1972-ലായിരുന്നു എന്റെ വിവാഹം. പത്തു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അത്. എന്റെ ചേട്ടന്റെ ഭാര്യയുടെ അനിയത്തിയായിരുന്നു അമ്പിളി. അവരുടെ അച്ഛന്‍ തഹസില്‍ദാരായിരുന്നു. സ്വന്തമായി ഒരു സ്‌കൂളും ഉണ്ടായിരുന്നു. അവരുടെ സ്‌ക്കൂളായിരുന്നതു കൊണ്ടു തന്നെ അഞ്ച് വയസ്സ് തികയുന്നതിനു മുമ്പ് നാലാം ക്ലാസ്സില്‍ കൊണ്ടുപോയി ചേര്‍ത്തിരുന്നു. അന്ന് സ്‌ക്കൂള്‍ അഡ്മിഷന് പ്രായമൊന്നും കാര്യമായി നോക്കിയിരുന്നില്ല. അവളും ഒന്നര വയസ്സിന് മൂത്ത ചേച്ചിയും ഒരേ ക്ലാസ്സിലാണ് ചേര്‍ന്നത്. അമ്പിളിയുടെ ഏറ്റവും മൂത്ത ചേച്ചിയായിരുന്നു എന്റെ ചേട്ടന്റെ ഭാര്യ ഡോക്ടര്‍ ആനന്ദവല്ലി. ചേട്ടന്റെ കല്യാണം കഴിഞ്ഞ് എന്റെ വീട്ടില്‍ സല്‍ക്കാരത്തിന് വന്നപ്പോഴാണ് ഞാന്‍ അമ്പിളിയെ ആദ്യമായി കാണുന്നത്. അന്നെനിക്ക് പതിനേഴ് വയസാണ്. അവളാവട്ടെ ഫ്രോക്കൊക്കെ ഇട്ടുനടക്കുന്ന പ്രായവും. പക്ഷെ, മുതിര്‍ന്നവരെ പോലെയുള്ള പെരുമാറ്റവും മറ്റുമായിരുന്നു.
അന്ന് വീട്ടിനകത്ത് വെച്ച് അവളെ കാണാനില്ലാതായി. ഉറക്കെ വിളിച്ച് എല്ലാവരും തിരയാന്‍ തുടങ്ങി. ഒടുവില്‍ വീടിന്റെ തട്ടിന്‍പുറത്ത് നിന്ന് വിളി കേട്ടു. ഞാന്‍ ചെന്നുനോക്കിയപ്പോള്‍, നിന്നാല്‍ തല മുട്ടുന്ന തട്ടിന്‍പുറത്ത് പഴയ കുറേ പുസ്തകങ്ങളുടെ അടുത്തിരിക്കുകയാണ്. നാട്ടില്‍ നടന്ന ഒരു സമരത്തെ കുറിച്ചുള്ള ലഘുലേഖ വായിക്കുകയായിരുന്നു. അതു കണ്ടപ്പോളേ ഇവള്‍ കൊള്ളാമല്ലോയെന്ന് ഞാന്‍ കരുതി. പിന്നീട് ഞാന്‍ ചേട്ടത്തിയമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്പിളിയെ കാണാനും, സ്‌നേഹം വളരാനും തുടങ്ങി. ചെറിയ പ്രായത്തില്‍ സ്‌കൂളില്‍ ചേര്‍ത്തിയതുകൊണ്ട് എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്രത്യേക അനുമതി നേടിയാണ് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയത്. അതുകഴിഞ്ഞ് മെഡിസിന് പോവാനുള്ള പ്രായമാവാത്തതുകൊണ്ടാണ് ബി.എസ്.സി കെമിസ്ട്രിക്ക് ചേര്‍ന്നു. അതിനുശേഷം മെഡിസിന്‍ പഠിച്ച് ഡോക്ടറായി. നേരത്തെ തന്നെ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. പക്ഷെ എന്തുതരം ഇഷ്ടമാണ് എന്നു പോലും തിരിച്ചറിയാത്ത ഒരവസ്ഥ.
അതെന്താ അങ്ങനെ?
സത്യത്തില്‍ ചോദിക്കാന്‍ എനിക്ക് ഭയമായിരുന്നു, ചോദിച്ചിട്ട് അവള്‍ അങ്ങനെയൊന്നുമില്ല എന്നു പറഞ്ഞാല്‍ ഞാനാകെ തകര്‍ന്നുപോവും. ഒടുവില്‍ അവള്‍ക്ക് പതിനഞ്ച് വയസ്സായപ്പോള്‍ 1963 മെയ് 27-ന്് ഞാന്‍ എന്റെ പ്രണയം അറിയിച്ചു. എന്തേ ഇതുവരെ പറഞ്ഞില്ല എന്നായിരുന്നു അവളുടെ മറുപടി. കല്യാണം കഴിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത് അന്നാണ്. പക്ഷെ, ഇതൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല. ചേട്ടത്തിയമ്മയുടെ അനുജത്തി എന്ന നിലയിലാണ് ഞാന്‍ അവരുടെ വീട്ടില്‍ പോവുകയും കാണുകയും ഒക്കെ ചെയ്യുന്നത് എന്നാണ് എല്ലാവരും ധരിച്ചത്. എന്റെ ചില കൂട്ടുകാര്‍ക്ക് കാര്യം അറിയാമായിരുന്നു. അവള്‍ വിമലാ കോളേജില്‍ പഠിച്ചിരുന്ന സമയത്ത് കാണാന്‍ കന്യാസ്ത്രീമാര്‍ നടത്തിയിരുന്ന ഹോസ്റ്റലില്‍ പോയിരുന്നത് ചേട്ടത്തിയമ്മയുമായുള്ള ബന്ധം പറഞ്ഞായിരുന്നു. ചേട്ടത്തിയമ്മയും അവിടെ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ചേട്ടത്തിയമ്മയ്ക്ക് കാര്യം പിടികിട്ടി. പിന്നെ ഞാന്‍ ചെന്നു വിളിച്ചാല്‍ അമ്പിളിയെ മാത്രം പറഞ്ഞയക്കുമായിരുന്നു, ചേച്ചി വരില്ല.
അതിനുശേഷം അവള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന് ചേര്‍ന്നു. സത്യം പറഞ്ഞാല്‍ ഭയമില്ലാതെ പ്രണയം മുന്നോട്ട് പോയത് അന്നു മുതലാണ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ കൈയില്‍ ബൈക്കില്ല, എനിക്ക് ശരിയായി ഓടിക്കാനും അറിയില്ല. ന്റെ സുഹൃത്തായ ഗിരിജാ തിയേറ്ററിന്റെ ഉടമ പപ്പനോട് ബൈക്ക് ചോദിച്ചുവാങ്ങി. അതൊരു ജാവാ ബൈക്കായിരുന്നു. രാത്രി ബൈക്കെടുത്ത് വളരെ കഷ്ടപ്പെട്ട് ശരിയാക്കി എടുത്തു. അടുത്ത ദിവസം പുലര്‍ച്ചെ കോഴിക്കോടേക്ക് വെച്ചുപിടിച്ചു. അതായിരുന്നു എന്റെ ആദ്യ കോഴിക്കോട് യാത്ര. അവിടെ ചെന്ന് അവള്‍ക്കൊപ്പം ചാമുണ്ഡേശ്വരി ഹോട്ടലില്‍ ചെന്ന് മസാലദോശ കഴിക്കും. പുഷ്പ തിയേറ്ററില്‍ പോയി സിനിമ കാണും. കുറച്ചുനേരം കടപ്പുറത്ത് പോയിരിക്കും. അതുകഴിഞ്ഞ് ഹോസ്റ്റലില്‍ കൊണ്ടാക്കി തിരിച്ചു പോരും.

ഞാന്‍ എന്‍ജിനീയറിങ് കഴിഞ്ഞശേഷം വീട്ടില്‍ ചില കല്യാണാലോചനകളൊക്കെ വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ ചേട്ടത്തിഅമ്മയോടു പറഞ്ഞു, അമ്പിളിയും ഞാനും തമ്മിലൊരു ഇഷ്ടമുണ്ടെന്ന്. ആ സമയത്ത് എന്റെ അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുമ്പ് രവിയുടെ കല്യാണം കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് പെട്ടെന്നു തന്നെ തീരുമാനിച്ച് കല്യാണവും നടത്തി.
സിനിമയില്‍ ഞാന്‍ സജീവമായപ്പോള്‍, അന്നെനിക്കുണ്ടായിരുന്ന വ്യവസായത്തിന്റെ നിയന്ത്രണം അമ്പിളി ഏറ്റെടുത്തു. എന്നെ സിനിമയുടെ വഴിക്ക് സ്വതന്ത്രനായി വിട്ടു. അവള്‍ ഉച്ചവരെ ആശുപത്രിയില്‍ പോയി തിരിച്ചുവന്നാല്‍ വ്യവസായത്തിന്റെ കാര്യങ്ങള്‍ നോക്കും. അത്രയ്ക്ക് കാര്യശേഷി ഉണ്ടായിരുന്നു. നന്നായി വായിക്കും. കവിതയെഴുതാറുണ്ടായിരുന്നു. നടനായശേഷം പല പൊതുപരിപാടികളിലും പ്രസംഗിക്കേണ്ടി വന്നപ്പോള്‍ എന്നെ സഹായിച്ചത് അവളായിരുന്നു. പ്രസംഗത്തിന്റെ വിഷയമെന്താണെന്ന് പറഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ദരണികളൊക്കെ എടുത്തുതരും. പ്രധാനപ്പെട്ട ചടങ്ങുകളില്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുതരും. അവള്‍ ഒരു ചെറിയ സംഗതി പറഞ്ഞുതന്നാല്‍ അത് വികസിപ്പിച്ച് ദീര്‍ഘമായി പ്രസംഗിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു.
ഭാര്യയുടെ അകാലവിയോഗം ഒരു വലിയ ഷോക്കായിരുന്നുവല്ലേ?
2011 സെപ്തംബര്‍ 11-നാണ് അവള്‍ മരിക്കുന്നത്. കരള്‍ രോഗമായിരുന്നു. കരള്‍ മാറ്റിവെക്കാന്‍ പരിശ്രമിച്ചു. പക്ഷെ അന്നത്തെ നിയമത്തിന്റെ നൂലാമാലകള്‍ കാരണം അതു നടക്കാതെ പോയി. അമ്പിളിയുടെ മൂന്നു സഹോദരന്‍മാര്‍ കരള്‍ രോഗം കാരണമാണ് മരിച്ചത്. അതോടെ സംശയമായി. പരിശോധിച്ചു നോക്കിയപ്പോള്‍ അവള്‍ക്കും പ്രശ്‌നമുണ്ടെന്ന് മനസ്സിലായി. മുഖത്ത് കറുത്ത കലകള്‍ വരാന്‍ തുടങ്ങി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം അവള്‍ അമല മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. അവിടെചെല്ലുന്ന പല രോഗികളും ഡോക്ടറുടെ മുഖത്ത് കറുത്തപാടുണ്ടല്ലോ എന്നു ചോദിക്കും. അതിന് ചികില്‍സയില്ല എന്നറിയുകയും ചെയ്യാം. സ്വാഭാവികമായും അവള്‍ക്ക് വലിയ നിരാശ അനുഭവപ്പെടാന്‍ തുടങ്ങി. ആ ഒരു അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഞങ്ങള്‍ ആഫ്രിക്കയിലെ ബോട്‌സ്വാനയിലേക്ക് താമസിക്കാനായി പോയി. മൂത്തമകന്‍ രഞ്ജിത്ത് അവിടെ ഒരു കമ്പനിയുടെ സി.ഒ.ഒ ആണ്.
അവിടെ ചെന്ന സമയത്ത് എനിക്ക് ഒരു പേപ്പര്‍ റീസൈക്ലിങ് ഫാക്ടറി ഉണ്ടാക്കുന്നതിനുള്ള പ്രൊജക്ട് കിട്ടി. ഓഫര്‍ വന്നപ്പോള്‍ ഒരു നിബന്ധന വെച്ചു, ഭാര്യയില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല. അവള്‍ക്കൊപ്പം തന്നെ ജീവിക്കണം. അപ്പോള്‍ അവിടെ അവള്‍ക്കും ജോലി ശരിയാക്കാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവിടെ താമസിക്കാന്‍ തുടങ്ങി. ആ സമയത്താണ് കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍
കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ തുടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചുവന്ന് അതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങി. അന്ന് മുപ്പതിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വേണം കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്യണമെങ്കില്‍. അതെല്ലാം സംഘടിപ്പിച്ചു. കരള്‍ നല്‍കാന്‍ തയ്യാറായി ഒരാള്‍ വന്നു. ഒരു തൊഴിലാളിയായിരുന്നു. പക്ഷെ അയാളെയും ഭാര്യയേയും അതുമായി ബന്ധപ്പെട്ട എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കണം.
അതിലെ ഒരു ഡോക്ടര്‍ പറഞ്ഞു, ഇത് നടക്കില്ല. ഞാന്‍ കാരണം തിരക്കി. ഡോണറുടെ ഭാര്യയ്ക്ക് സമ്മതമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവര്‍ എഴുതി തന്ന സമ്മതപത്രം കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഡോണറുടെ ഭാര്യയോട് എത്തിക്‌സ് കമ്മിറ്റി വിചിത്രമായ ഒരു ചോദ്യമുന്നയിച്ചു. 'സര്‍ജറിക്കിടെ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചുപോയാല്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാവില്ലേ എന്നോ മറ്റോ ആയിരുന്നു ചോദ്യം. സ്വാഭാവികമായും അവര്‍ ഭയന്നുപോയി. ബന്ധുവല്ലാത്ത ഒരാളുടെ കരളാണ് സ്വീകരിക്കുന്നതെങ്കില്‍ അങ്ങനെ ചില നൂലാമാലകള്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വല്ല പരാതിയും വന്നാല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഇരിക്കുന്നവര്‍ വിരമിച്ചാല്‍ പെന്‍ഷന്‍ പോലും കിട്ടാതെ വരാം. ആ ഭയം കാരണം കഴിവതും കരള്‍ മാറ്റ ശസ്ത്രക്രിയക്ക് അനുമതി കൊടുക്കാതിരിക്കുകയാണ് ചെയ്യുക. എന്റെ ഭാര്യയുടെ ശസ്ത്രക്രിയക്കുള്ള അനുമതിയും അവര്‍ തള്ളി. ഞാന്‍ അവരുമായി സംസാരിച്ച് പുറത്തിറങ്ങിയതും ഭാര്യ വിളിച്ചു. ഞാന്‍ പറഞ്ഞു, അവര്‍ ഉടക്കുണ്ടാക്കുകയാണെന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു, എനിക്കറിയാമായിരുന്നു അനുമതി കിട്ടില്ലെന്ന്.
അമ്പിളിക്ക് അസുഖം തുടങ്ങിയിട്ട് അപ്പോള്‍ മൂന്നു വര്‍ഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. സാധാരണ നിലയില്‍ ഈ അസുഖം വന്നാല്‍ ഇരുപത് വര്‍ഷം വരെയൊക്കെ ജീവിക്കാം. പക്ഷെ സര്‍ജറി നടക്കില്ലെന്നറിഞ്ഞപ്പോഴുള്ള ഷോക്കില്‍ ആകെ തളര്‍ന്നുപോയി. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അവളുടെ ഒരു കസിന്‍ വീട്ടിലുണ്ടായിരുന്നു. അവര്‍ പറഞ്ഞു, അമ്പിളി കരയുകയാണ്. ഞാനന്നുവരെ അവള്‍ കരയുന്നത് കണ്ടിട്ടില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ വഴക്കിടും. അപ്പോള്‍ കണ്ണുനിറക്കും. ഞാന്‍ മാപ്പുപറയും. അതോടെ പ്രശ്‌നങ്ങള്‍ തീരും. അതാണ് പതിവ്. അമ്പിളി ഉറക്കെ കരയുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്നോട് സംസാരിച്ച എത്തിക്‌സ് കമ്മിറ്റിയിലെ ഡോക്ടറെ ഒന്നു പോയി കണ്ടാലോയെന്ന് അവള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, നീയയാളെ കാണേണ്ട. അപ്പോള്‍ അവള്‍ പറഞ്ഞു, എങ്കില്‍ ഞാനൊരു കത്തു തരാം, അതയാള്‍ക്ക് കൊടുക്കണം. ഒരു കത്ത് എഴുതി കവറിലൊട്ടിച്ചു തന്നു. അത് പക്ഷെ ആ ഡോക്ടര്‍ക്ക് കോടുക്കാന്‍ കഴിഞ്ഞില്ല.
അതിനു മുമ്പ് തൊട്ടടുത്ത ഞായറാഴ്ച്ച അവള്‍ക്ക് ഒരു പനി വന്നു. അമൃതയിലെ ഡോക്ടറെ വിളിച്ചപ്പോള്‍ അങ്ങോട്ട് കൊണ്ടുചെല്ലാന്‍ പറഞ്ഞു. പരിശോധനകളെല്ലാം നടത്തിയ ശേഷം അവര്‍ പറഞ്ഞു, ഐ സി യുവിലാക്കണമെന്ന്. ചെറിയ പനിയെന്ന ധാരണയില്‍ അവിടെ ചെന്ന എനിക്കത് വലിയ ഷോക്കായിരുന്നു. ഡോക്ടര്‍ ചില മെഡിക്കല്‍ ടേമുകള്‍ പറയുന്നുണ്ട്. എനിക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു, മൂത്ത മകന്‍ ആഫ്രിക്കയിലാണ്. രണ്ടാമന്‍ രവി ഒരു സിനിമയുടെ സെറ്റിലാണ്. അവരോട് വരാന്‍ പറയണോ എന്ന്. ഞാന്‍ പ്രതീക്ഷിച്ചത്, അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറയുമെന്നായിരുന്നു. പക്ഷെ, ഡോക്ടര്‍ പറഞ്ഞു, വരാന്‍ പറയൂ എന്ന്. അതുകേട്ടപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി. കൂടെയുണ്ടായിരുന്ന അനിയന്റെ മകന്റെ തോളില്‍ പിടിച്ചെങ്കിലും ഞാന്‍ താഴെ വീണു. അടുത്ത ദിവസം രാത്രിയില്‍ എന്റെ അമ്പിളി എന്നെന്നേക്കുമായി കണ്ണടച്ചു.
സത്യത്തില്‍ അപ്പോള്‍ മരിക്കേണ്ട ഒരവസ്ഥയും അവള്‍ക്കുണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് എത്തിക്‌സ് കമ്മിറ്റി അനുമതി നിഷേധിച്ചത് ഒരു ഷോക്കായിരുന്നിരിക്കണം. അസുഖമുള്ള ആളുകള്‍ക്ക് അങ്ങനെയൊരു സമര്‍ദ്ദം താങ്ങാനാവില്ല. അതായിരുന്നു മരണകാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയൊരു മോഹം ഇല്ലാതിരുന്നെങ്കില്‍ മോശം സ്ഥിതിയിലാണെങ്കിലും ഇപ്പോഴും എന്റെ അമ്പിളി ജീവിച്ചിരുന്നേനേ.
മകന്‍ ശ്രീജിത്ത് രവിയും തിരക്കുള്ള നടനായി മാറിയല്ലോ?
അതയാളുടെ ഉല്‍സാഹത്തില്‍ തന്നെ സംഭവിച്ചതാണ്. ശ്രീജിത്തിന്റെ സിനിമ കാണാറുണ്ടെന്നല്ലാതെ അവന്‍ സിനിമയില്‍ അഭിനയിക്കുന്നത് കാണാനൊന്നും ഞാന്‍ പോവാറില്ല. പക്ഷെ അവന്റെ ആറു വയസ്സുകാരന്‍ മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രകാശം പരത്തട്ടെ എന്നു പേരിട്ട സിനിമയില്‍ അഭിനയിച്ചു. അവന്‍ അഭിനയിക്കുന്നത് കാണാന്‍ ഞാന്‍ പോയി. അതുകണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അതൊരു മുത്തച്ഛന്റെ ആഹ്ലാദമാണ്.
ഒറ്റയ്ക്ക് ഈ വലിയ വീട്ടില്‍ താമസിക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് ?
കുറേക്കാലമായി ആഫ്രിക്കയില്‍ മൂത്തമകനൊപ്പമാണ് താമസം. ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നാല്‍ ഒറ്റയ്ക്കാണ് താമസിക്കുക. അതില്‍ ഞാന്‍ കംഫര്‍ട്ടബിളാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റും എനിക്കിഷ്ടമാണ്. അത് മക്കള്‍ ശ്രദ്ധിക്കാത്തതുകൊണ്ടൊന്നുമല്ല. എനിക്കങ്ങനെ ജീവിക്കാന്‍ ഇഷ്ടമാണ്. ഈ കാര്യങ്ങള്‍ വെച്ച് ഒരു വിദ്വാന്‍ ഫെയ്‌സ്ബുക്കിലോ മറ്റോ സിനിമാനടന്‍ ടി.ജി.രവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്നമട്ടില്‍ എഴുതിപിടിപ്പിച്ചു. മക്കളും നോക്കാനില്ല, ആരും നോക്കാനില്ല എന്നൊക്കെയായിരുന്നു അതില്‍. ഞാനത് കണ്ടിരുന്നില്ല. എന്റെ മൂത്തമകന്റെ ഭാര്യ ബോട്‌സ്വാനയില്‍ നിന്ന് എനിക്ക് അയച്ചു തന്നു. അവര്‍ക്കൊക്കെ സങ്കടമായി. അതാണ് സോഷ്യല്‍ മീഡിയയുടെ അവസ്ഥ.
ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തൊക്കെ ഉണ്ടായിരുന്നല്ലോ, വിശ്വാസിയാണോ?
എനിക്ക് ഒരിക്കലും ദൈവവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ മാനസികമായി പ്രശ്‌നം ഉണ്ടാവുമ്പോള്‍ ഗുരുവായൂര്‍ വരെ പോകും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയപ്പോള്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ പോവുമായിരുന്നു. അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ദൈവവിശ്വാസമില്ലെങ്കിലും ക്ഷേത്രത്തിലെ അന്തരീക്ഷം ഒരു പോസിറ്റിവിറ്റി ഉണ്ടാക്കുന്നുവെന്ന്. മറിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്റെ കാര്യങ്ങള്‍ നടത്തിത്തരുമെന്ന വിശ്വാസമൊന്നും എനിക്കില്ല.
(ടി.ജി.രവിയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക)https://grihalakshmi.mathrubhumi.com/cinema/tg-ravi-talking-about-his-acting-career-and-life-1.8839980
Content Highlights: tg ravi talking about his acting career and life
Published: 24 Aug 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented