
നൃത്തവേദികള്‍ ജയിച്ചുകയറിയാണ് വിനീത് വെള്ളിത്തിരയിലെത്തുന്നത്. അതും പതിനാറാം വയസ്സില്‍. രണ്ടാമത്തെ സിനിമയില്‍ നായക വേഷം. കലയുടെ കാമ്പുകൊണ്ട് ആസ്വാദക ഹൃദയങ്ങളില്‍ അനശ്വരസ്മൃതിയായ നഖക്ഷതങ്ങള്‍. അവിടുന്നിങ്ങോട്ട് നര്‍ത്തകനായും നായകനായും സഹനടനായും വില്ലനായും വിനീത് അരങ്ങുവാണു. പൊടിമീശക്കാരനായ പതിനാറുകാരനില്‍ നിന്ന് മലയാളി നോക്കിനില്‍ക്കെയായിരുന്നു വിനീതിന്റെ വളര്‍ച്ച. എണ്‍പതിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍. അതില്‍ പലതും എണ്ണം പറഞ്ഞ പ്രതിനായക ഭാവങ്ങള്‍. ആ ഭാവപരിണാമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

സിബി മലയില്‍, ലോഹിതദാസ് കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തുവന്ന 'കമലദള'ത്തില്‍ സോമശേഖരനുണ്ണി എന്ന കലാമണ്ഡലം വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു വിനീതിന്. മാളവികയോടുള്ള(മോനിഷ) പ്രണയം തുറന്നുപറയാനാകാതെ സോമന്‍ എരിയുന്നതിനിടെയാണ് നന്ദഗോപന്‍ (മോഹന്‍ലാല്‍) അവരുടെ ജീവിതത്തിലേക്കെത്തുന്നത്. നന്ദഗോപന്റെ പ്രതിഭ മാളവികയെ അയാളിലേക്കടുപ്പിക്കുന്നു. അതോടെ സോമന്റെയുള്ളില്‍ അസൂയ പുകഞ്ഞുതുടങ്ങുകയായി. ആദ്യപടിയായി അവന്‍ നന്ദഗോപനെ ഗുണ്ടകളെ വിട്ട് തല്ലിക്കും. സോമന്റെ എതിര്‍പ്പും ഇടപെടലുകളും കൊണ്ട് പൊറുതിമുട്ടിയ മാളവിക അവനുമായി കയര്‍ക്കും. നന്ദനോടുള്ള അടുപ്പം അവളെ തന്നില്‍ നിന്നും പറിച്ചുമാറ്റുകയാണെന്ന് സോമന് തോന്നുന്നു. വൈരാഗ്യവും വെറുപ്പും മനസ്സില്‍ കറ വീഴ്ത്തിയ ഒരു നിമിഷത്തില്‍ അവന്‍ നന്ദഗോപന് വിഷം നല്‍കുന്നു. മനസ്സില്‍ തോന്നിയതെല്ലാം അബദ്ധമായിരുന്നു എന്ന തിരിച്ചറിവിലേക്ക് സോമന്‍ നടന്നടുക്കുമ്പോഴേക്കും നന്ദഗോപന്‍ മൃത്യുവുമായി കൈകോര്‍ത്തു കഴിഞ്ഞിരുന്നു. സമസ്താപരാധങ്ങളും ഏറ്റുപറയുന്ന സോമനുമേല്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിച്ച് നന്ദന്‍ നിത്യാനന്ദ നടനത്തിലേക്ക് കടക്കുന്നിടത്ത് കമലദളം കൊഴിയുന്നു. സോമനെ പൂര്‍ണമായി വെറുക്കാന്‍ പ്രേക്ഷകര്‍ക്കാവില്ല, അവനോട് പൊറുക്കാനും.
1994-ല്‍ പുറത്തുവന്ന ഫാസില്‍ ചിത്രമാണ് 'മാനത്തെ വെള്ളിത്തേര്'. മലയാളസിനിമയില്‍ തനിക്കൊപ്പം മറ്റാരും എത്തില്ലെന്ന് ശോഭന അസന്നിഗ്ദ്ധമായി തെളിയിച്ച സിനിമ. മെര്‍ലിന്‍ ഫെര്‍ണാണ്ടസ് എന്ന പോപ്പ് ഗായികയുടെ വേഷം ശോഭന അവിസ്മരണീയമാക്കിയപ്പോള്‍ രമേഷ് എന്ന കഥാപാത്രമായി വിനീത് ഞെട്ടിച്ചു. അസാധാരണമായ തിടുക്കവും വെപ്രാളവും, വിചിത്രമായ ശാന്തതയും. കണ്ണില്‍ തീയെരിയുമ്പോഴും പ്രസന്ന ഭാവം. രമേഷിനെ വിനീത് പിടിതരാത്ത കഥാപാത്രമാക്കി.

രമേഷിന്റെ മനസ്സിടറുന്നത് വിനീത് കണ്ണുകളിലൂടെ കാണിച്ചു. ഇവന്‍ എന്തും ചെയ്യാന്‍ മടിക്കില്ലല്ലോ എന്ന് കാണുന്നവര്‍ ആശങ്ക പൂണ്ടു. ഗായികയായ മെര്‍ലിന്റെ കിറുക്കന്‍ ആരാധകന്‍ എന്നേ ആദ്യം തോന്നൂ. എന്നാല്‍ പിന്നീടങ്ങോട്ട് ഭ്രാന്തമായ അഭിനിവേശത്തോടെ, പേടിപ്പെടുത്തുന്ന നിഴലായി അയാള്‍ മെര്‍ലിനെ വിടാതെ പിന്തുടരുന്നു. അയാളെ പേടിച്ച് അവളുടെ ജീവിതം തന്നെ താളം തെറ്റിത്തുടങ്ങും. അമ്മയില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട കുട്ടിക്കാലം. ഒറ്റപ്പെടലിന്റെ എരിവ്. ജീവിതം അയാളോട് കാണിച്ച ക്രൂരതകളുടെ ആകെത്തുകയാണ് ആ താളം തെറ്റിയ മനസ്സ്. പില്‍ക്കാല കഥകള്‍ ഒന്നൊന്നായി അറിയുമ്പോള്‍ അതുവരെ പേടിപ്പിച്ച രമേഷിനോട് ആര്‍ദ്രമായൊരു സഹാനുഭൂതിയോ വാത്സല്യമോ നമുക്ക് തോന്നും.
പൊന്നോണത്തുമ്പി, രാവിന്‍ നിലാക്കായല്‍, ശിവദം ശിവനാദം.. എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സിനിമയാണ് 1999-ല്‍ റിലീസായ 'മഴവില്ല്'. ജര്‍മനി പശ്ചാത്തലമായ സിനിമ ദൃശ്യഭംഗി കൊണ്ടും മലയാളിക്ക് പ്രിയപ്പെട്ടതായി. മഹേഷിന്റേയും വീണയുടെയും സന്തോഷങ്ങള്‍ക്കിടയിലേക്ക് ജീവിത വ്യഥകളില്‍ നിന്ന് ഒളിച്ചോടിയെത്തുന്ന വിജയ് കൃഷ്ണനായി വിനീത് തകര്‍ത്തു. പ്രിയപ്പെട്ടവള്‍ നഷ്ടമായതിന്റെ വേദന മറക്കാനാണ് അയാള്‍ സുഹൃത്തിനടുത്തേക്ക് പുറപ്പെടുന്നത്. പതിയെ അയാള്‍ വീണയെ പ്രണയിക്കുന്നു. മഹേഷിന്റെ കണ്ണുകള്‍ ആ പ്രണയം കാണുന്നുണ്ട്. മഹേഷ് സുഹൃത്തിനെ അതിരുകള്‍ ഓര്‍മപ്പെടുത്തുകയും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ, വിധി മഹേഷിന് എതിരായിരുന്നു. അയാള്‍ക്ക് മലമുകളില്‍ നിന്നും കാല്‍തെന്നുന്നു. ഒന്ന് കൈ നീട്ടിയാല്‍ വിജയ്ക്ക് അവനെ രക്ഷിക്കാം. അവനത് ചെയ്യുന്നില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് മഹേഷ് വീഴുന്നതും നോക്കി സ്വാര്‍ത്ഥനായി വിജയ് നില്‍ക്കുന്നു.

എല്ലാ സത്യങ്ങളും മനസ്സിലാക്കുന്ന വീണ അതേ മലമുകളില്‍, അയാളുടെ കണ്മുന്നില്‍ വെച്ച് ജീവത്യാഗം നടത്തുന്നു. ആത്മഹത്യയാണ് അവളുടെ പ്രതികാരം. അവസാനമില്ലാത്ത കുറ്റബോധമാണ് അവള്‍ അവന് വിധിച്ച ശിക്ഷ. ആദ്യ കാമുകിയുടെ മരണത്തിലുണ്ടാകുന്ന വിജയ കൃഷ്ണന്റെ ഹൃദയത്തകര്‍ച്ചയും, ആത്മാര്‍ത്ഥ സുഹൃത്തിനെ മരണത്തിന് വിട്ടുകൊടുക്കുന്ന നിമിഷത്തിലെ ഹൃദയമില്ലായ്മയും വിനീത് ഗംഭീരമാക്കി. നോവ് നിറഞ്ഞ ആ കണ്ണുകള്‍ എത്ര പെട്ടെന്നാണ് അത്യാഗ്രഹത്തിലേക്കും വെറുപ്പിലേക്കും ഭയത്തിലേക്കും കുറ്റബോധത്തിലേക്കും പാഞ്ഞത് !

അതേ വര്‍ഷമാണ് ഹരിഹരന്റെ 'പ്രേം പൂജാരി'യും തിയേറ്ററുകളിലെത്തിയത്. ശാലിനി - കുഞ്ചാക്കോ ബോബന്‍ ജോഡിയുടെ നടുവിലേക്ക് ഇടിച്ചുകയറുന്ന വിനീതിന്റെ മുരളി ആദ്യം നമ്മെ അലോസരപ്പെടുത്തും. മദ്യപിച്ച് നായികയോട് അപമര്യാദയായി പെരുമാറുന്നതോടെ അയാളെ നമ്മള്‍ വെറുത്തുപോകും. നായികാനായകന്മാര്‍ ഒരുമിച്ചില്ലെങ്കിലും ശരി, മുരളി തോറ്റുകണ്ടാല്‍ മതിയെന്നാകും. പ്രണയിക്കുന്നവര്‍ ഒന്നിക്കാന്‍ മുരളി നാടകം കളിച്ചതാണെന്ന സത്യം അവസാനമാണ് മനസ്സിലാകുക. അപ്പോഴേക്കും നറുചിരിയോടെ അയാള്‍ എയര്‍പോട്ടിനുള്ളിലേക്ക് കയറിയിട്ടുണ്ടാകും. ഇഷ്ടമാണയാള്‍ക്ക് ഹേമയെ. പക്ഷേ, അവളുടെ സന്തോഷം കാണാനാണ് കൂടുതലിഷ്ടം. വില്ലനെന്ന് എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട, അറിഞ്ഞുകൊണ്ട് എല്ലാവരുടെയും വെറുപ്പ് ഏറ്റുവാങ്ങിയ മുരളിയെ ആരും മറക്കില്ല.

രണ്ടു നഴ്സുമാരുടെ മരണത്തിന് വഴിവെക്കുന്ന നിര്‍ദയനായ വില്ലനായി വിനീത് കസറിയ സിനിമയായിരുന്നു വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2006-ല്‍ തിയേറ്ററുകളിലെത്തിയ 'മൂന്നാമതൊരാള്‍'. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ വിനീത് വീണ്ടും വില്ലനായി. വിജി തമ്പിയുടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഹൊറര്‍ സിനിമ 'കെമിസ്ട്രി'യിലെ നൃത്താധ്യാപകനായ അലോഷിയുടെ വേഷത്തില്‍. ഗൗരി, അലീന, കല്യാണി എന്നീ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണം ചൂഴ്ന്നുനില്‍ക്കുന്ന മൗണ്ട് അക്കാദമി സ്‌കൂളിലാണ് കഥ പുരോഗമിക്കുന്നത്. ഗൗരിയുടെ ആത്മാവ് പാര്‍വതി എന്ന വിദ്യാര്‍ത്ഥിയിലൂടെ അലോഷിയിലേക്ക് വിരല്‍ ചൂണ്ടുന്നു. വിദ്യാര്‍ത്ഥികളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അവരെ ബ്ലാക്മെയ്ല്‍ ചെയ്യുകയായിരുന്നു അയാള്‍. ഒടുവില്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി മുന്നോട്ടുപോകുകയാണെന്ന് മനസ്സിലാക്കുമ്പോള്‍ അവരെ കൊന്നൊടുക്കുന്നു. അലോഷിയെ വകവരുത്തി ഗൗരിയുടെ ആത്മാവ് ലക്ഷ്യപ്രാപ്തിയുടെ സന്തോഷത്തോടെ മോക്ഷം പ്രാപിക്കുന്നതാണ് കഥാന്ത്യം.
സ്‌ക്രീനില്‍ മുഖം കാട്ടാതെയും വിനീത് വില്ലത്തരം കാട്ടി. ഡബ്ബിങ് ആര്‍ട്ടിസ്റ്റായി, പ്രതിനായക സങ്കല്‍പ്പത്തിന് പുതുവര്‍ണങ്ങള്‍ ചേര്‍ത്തു. 2019-ല്‍ 'ലൂസിഫര്‍' എന്ന സിനിമയിലൂടെ പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞപ്പോള്‍ നായകന്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായത് മോഹന്‍ലാല്‍. വില്ലന്‍ വിവേക് ഒബ്‌റോയ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറിയ ചിത്രത്തിന് അന്യഭാഷാ പതിപ്പുകളും വന്നു. മോഹന്‍ലാലിന്റെ താരസിംഹാസനത്തെ സിനിമ വാനോളമുയര്‍ത്തി. വില്ലന്റെ തട്ട് താഴുന്നതിലാണല്ലോ നായകന്റെ വലിപ്പം. ബോളിവുഡില്‍ നിന്ന് മലയാളസിനിമയിലേക്ക് വിവേക് ചുവടുവെച്ചപ്പോള്‍ പിറന്നത് ഒന്നൊന്നര വില്ലനാണ്.

ഒന്നിലും കൂസാത്ത, ധാര്‍മികത തൊട്ടുതീണ്ടാത്ത ബോബി സ്റ്റീഫനൊപ്പം തലപ്പൊക്കം കാട്ടി അക്കൊല്ലത്തെ മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ നേടി. വിവേകിന്റെ അഭിനയത്തിന് പൂര്‍ണത നല്‍കിയത് വിനീതിന്റെ ശബ്ദമായിരുന്നു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാനപുരസ്‌കാരം വിനീതിനെ തേടിയെത്തി. ഒരിടവേളയ്ക്കു ശേഷം വന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യില്‍ വിവേക് പൃഥ്വിരാജിന്റെ വില്ലനായി. ഇത്തവണയും ശബ്ദമായത് വിനീത്. ബോക്‌സ് ഓഫീസില്‍ കടുവ വമ്പന്‍ കളക്ഷന്‍ കൊയ്തു. വിവേകിന്റെ കൂള്‍ വില്ലന്‍ ലുക്കിന് രണ്ടു സിനിമകളിലും ജീവന്‍ പകര്‍ന്നത് വിനീതിന്റെ ശബ്ദമാണ്.
നായകന്റെ കണ്ണില്‍ നോക്കി പഞ്ച് ഡയലോഗുകള്‍ വീശുകയും നായകനെ വീഴ്ത്താന്‍ കുടിലപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നയാള്‍ മാത്രമല്ല പ്രതി നായകന്‍. കഥാഗതി കീഴ്‌മേല്‍ മറിക്കുന്ന, കഥാപാത്രങ്ങളുടെ സുഖ-സന്തോഷങ്ങളുടെ വേരറുക്കുന്ന, ആസ്വാദകനില്‍ ഭയം വിതയ്ക്കുന്ന ചക്രവാതത്തിന്റെ ഈട് കൂടിയാണ്. മലയാള സിനിമ കണ്ട ലക്ഷണമൊത്ത വില്ലന്മാരുടെ പട്ടികയില്‍ വിനീതിന് സ്ഥാനമുണ്ട്. മുഖമായും ശബ്ദമായും വിനീത് എന്നും അവിടെയുണ്ടാകും.
Content Highlights: a write up on the anti-hero characters portrayed by actor vineeth
Published: 23 Aug 2023, 02:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented