ആദിമവര്‍ഗക്കാരുടെ ജീവിതവും കാര്‍ഷിക സംസ്‌കാരവും ആചാരങ്ങളുമെല്ലാം പശ്ചാത്തലമാക്കി പി.വത്സല ഒരുക്കിയ നോവലാണ് നെല്ല്. 1972-ല്‍ എഴുതിയ നോവല്‍, അക്കാലത്തെ ബെസ്റ്റ് സെല്ലറുകളിലൊന്നായി. നോവലിനെ അടിസ്ഥാനമാക്കി 1974 ഓഗസ്റ്റ് 23-ന് അതേ പേരില്‍ സിനിമയുമിറങ്ങി.

വയനാടന്‍ കാട്ടിലെ അടിയസമുദായത്തിന്റെ ജീവിതം പുറത്തുള്ളൊരാളുടെ കണ്ണിലൂടെ കാണുന്നതാണ് നെല്ലിന്റെ പ്രമേയം. വയനാട്ടിലെ തിരുനെല്ലിയും ചുറ്റുമുള്ള പ്രദേശങ്ങളുമാണ് സിനിമയ്ക്ക് ലൊക്കേഷനായത്.
രാമു കാര്യാട്ടാണ് സംവിധാനം ചെയ്തത്. ബാലു മഹേന്ദ്രയാണ് വയനാടന്‍ ഭംഗി മുഴുവന്‍ ക്യാമറയിലൂടെ ഒപ്പിയെടുത്തത്. ഛായാഗ്രാഹകന്‍ എന്ന പേരില്‍ ബാലു മഹേന്ദ്ര പേരെടുത്തതും ഈ സിനിമയോടെയാണ്. ഇതിലെ ക്യാമറയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരവും ലഭിച്ചു.രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ പോവുന്നത്. മല്ലന്റെയും മാരയുടെയും പ്രണയവും ആ സമുദായത്തിന്റെ ജീവിതവുമെല്ലാം ഹൃദയസ്പര്‍ശിയായി തന്നെ ഇതിലുണ്ട്. 

രാഘവന്‍ നായരും മാരയുമായെത്തിയത് നസീറും ജയഭാരതിയുമാണ്. ആ റോളിന് ജയഭാരതിക്ക് പകരം ആദ്യം ശാരദയെ ആയിരുന്നുവത്രെ സമീപിച്ചത്. ആ സമുദായത്തിലെ സ്ത്രീകളുടേതുപോലെ വസ്ത്രം ധരിക്കേണ്ടിവരുമെന്ന് അറിഞ്ഞപ്പോള്‍ ശാരദ പിന്‍മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു. മല്ലനായെത്തിയത് നടന്‍ മോഹന്‍. പിന്നീട് കുറേ സിനിമകളിലഭിനയിച്ച മോഹന്റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. എന്തായാലും സിനിമ ഹിറ്റായി. നൂറുദിവസത്തില്‍ കൂടുതല്‍ ഓടുകയും ചെയ്തു. 

ലതാ മങ്കേഷ്‌കറുടെ പാട്ട്
സലില്‍ ചൗധരിയാണ് സംഗീതസംവിധാനം ചെയ്തത്. വരികളെഴുതിയത് വയലാറും. ലതാ മങ്കേഷ്‌കര്‍ പാടിയ ഏക മലയാളംപാട്ടും ഈ സിനിമയിലേതാണ്. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ എന്ന പാട്ടിന് ഇന്നും ആരാധകരേറെയാണ്. ലത ഈ പാട്ടിലേക്കെത്തിയതിനുപിന്നിലൊരു കഥയുണ്ട്. ചെമ്മീന്‍ എന്ന സിനിമയില്‍ പാടുന്നതിനായി സലില്‍ ചൗധരി ലതാ മങ്കേഷ്‌കറിനെ സമീപിച്ചു. കടലിനക്കരെ പോണോരെ എന്ന പാട്ടുപാടുന്നതിനായി. മലയാളം ഉച്ചാരണം ശരിയാവില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ, സലില്‍ ചൗധരിയുടെ ആവശ്യത്തിനുമുന്നില്‍ അവര്‍ ഓക്കെ പറഞ്ഞു. അങ്ങനെ അവരെ മലയാളം ഉച്ചാരണം പഠിപ്പിക്കുന്നതിനായുള്ള ശ്രമം തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉച്ചാരണം ശരിയാവുന്നില്ല. അതോടെ അവര്‍ പിന്‍മാറുകയും ചെയ്തു. അപ്പോഴും ലതാ മങ്കേഷ്‌കറിനെ മലയാളത്തില്‍ പാടിക്കണമെന്ന സലില്‍ ചൗധരിയുടെ ആഗ്രഹം ബാക്കിയായി.

placeholder
ജയഭാരതി (ഫയല്‍ചിത്രം)


അങ്ങനെ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം സലില്‍ ചൗധരി-വയലാര്‍ കൂട്ടുകെട്ടിന്റെ സിനിമയില്‍ പാടാന്‍ അവര്‍ തയ്യാറാവുകയായിരുന്നു. നാലുപാട്ടുകളാണ് സിനിമയിലുള്ളത്. മന്നാഡേ, യേശുദാസ്, പി.സുശീല, പി.ജയചന്ദ്രന്‍, മാധുരി എന്നിവരാണ് ബാക്കിയുള്ളവ പാടിയത്. നീലപ്പൊന്‍മാനേ എന്റെ നീലപ്പൊന്‍മാനേ, കാടു കുളിരണ്, ഏഹേ കയ്യോടു കൈ മെയ്യോടു മെയ്... എല്ലാം മനോഹരമായ പാട്ടുകള്‍. സൂക്ഷ്മമായാണ് ഓരോ പാട്ടുകളും തയ്യാറാക്കിയതും ചിത്രീകരിച്ചതും. കയ്യോടു കൈ എന്ന പാട്ടിന്റെ തുടക്കത്തില്‍ ഡ്രം മുട്ടുന്ന പോലൊരു ശബ്ദമുണ്ട്. ആ സമുദായക്കാരുപയോഗിക്കുന്ന പ്രത്യേകതരം ഉപകരണമാണത്. പാട്ടില്‍ അത് ഭംഗിയായി ഉള്‍പ്പെടുത്താനായി സലില്‍ ചൗധരി കാടിനുള്ളില്‍ പോയി, അവരത് എങ്ങനെയാണ് അടിക്കുന്നതെന്ന് കേള്‍ക്കുകയും ചെയ്തു.   

ചെമ്മീനും നെല്ലും തമ്മില്‍
അതിനുമുമ്പ് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനും നെല്ലും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചെമ്മീന്‍ കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണെങ്കില്‍, നെല്ലില്‍ കാടാണ് പശ്ചാത്തലമാണെന്നുമാത്രം. ഇരുകൂട്ടരുടെയും ആചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം ഇതില്‍ കാണാം. ഒപ്പം നൂറ്റാണ്ടുകളായുള്ള പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടവും.