
കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ മുമ്പ് മമ്മൂട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്താണ് കുഞ്ചന്റെ വീട്. വീട്ടില്‍ ചെല്ലുന്നവരോടൊക്കെ അഭിമാനത്തോടെ കുഞ്ചന്‍ എപ്പോഴും അതുപറയും. കാരണം അയല്‍വാസിയായിരുന്ന മമ്മൂട്ടിയോട് അത്രയ്ക്ക് ഇഷ്ടവും ആദരവുമുണ്ട് കുഞ്ചന്. ആ ഇഷ്ടം കൊണ്ടു കൂടിയാവാം, മമ്മൂട്ടിയെ പോലെ തന്നെ പ്രായം മടിച്ചുനില്‍ക്കുന്ന ആകാരവും ഭാവവുമാണ് കുഞ്ചനും. 74 വയസ്സായെന്ന് അദ്ദേഹം പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാണ്. സംസാരത്തിലും ചേഷ്ടകളിലും നാല്‍പതുകാരനാണ്. സിനിമയില്‍ കോമഡിയില്‍ നിന്ന് സീരിയസ് റോളുകളിലേക്ക് കൂറുമാറിയെങ്കിലും ജീവിതത്തില്‍ നര്‍മം ഉപേക്ഷിച്ചിട്ടേയില്ല. അയല്‍വാസിതന്നെ നട്ടുവളര്‍ത്തിയ പൂമരങ്ങള്‍ക്കും ചെടികള്‍കള്‍ക്കുമിടയിലാണ് 'നെസ്റ്റ്' എന്നു പേരിട്ടിരിക്കുന്ന വീട്. വീട്ടിനകത്തേക്ക് കയറിയപ്പോള്‍ കുഞ്ചന്‍ പറഞ്ഞു. 'വാതിലടച്ചേക്ക്. മമ്മൂട്ടി ഫാന്‍സ് അകത്തുകയറും.'
പൊരുള്‍ പിടികിട്ടാതെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉടനെത്തി വിശദീകരണം. 'നിറയെ കൊതുകുകളാണ്. മുഴുവന്‍ സമയം പാട്ടുപാടി പിന്നാലെ നടക്കും. വലിയതാരമായതുകൊണ്ട് മമ്മൂട്ടിയുടെ ചോരയായിരുന്നു അവര്‍ക്ക് കൂടുതലിഷ്ടം. അദ്ദേഹം ഇവിടെ നിന്ന് താമസം മാറിയതോടെ എന്റെ ചോരയ്ക്കാണ് ഡിമാന്റ്.'
വെള്ളച്ചായമടിച്ച വീടിന്റെ മുറ്റത്തും അകത്തുമെല്ലാം നിറയെ ശില്‍പ്പങ്ങളും പ്രതിമകളും പാവകളുമാണ്. എല്ലാം ഏറെ ശ്രദ്ധയോടെ മനോഹരമായി ക്രമീകരിച്ചുവെച്ചിരിക്കുന്നു. ചാര്‍ലി ചാപ്ലിന്റെയും ബുദ്ധന്റേയും ശില്‍പ്പങ്ങള്‍ ഏറെയുണ്ട്. കോലായിലും മുറിക്കകത്ത് നിലത്തും ചുവരിലും മേശപ്പുറത്തും കസേരകളിലുമെല്ലാം നായയും പൂച്ചയും ആമയും മുയലും ഒട്ടകവുമെല്ലാം ഇരിക്കുന്നു. പലതും ജീവനുള്ള പോലെ തോന്നിക്കുന്നു. ഇതെല്ലാം ഇങ്ങനെ വൃത്തിയാക്കി ഒരുക്കിവെക്കാന്‍ ചേട്ടന്റെ ഭാര്യ ഏറെ ബുദ്ധിമുട്ടുമല്ലോയെന്ന് ചോദിച്ചപ്പോള്‍ കുഞ്ചന്‍ ചിരിക്കുന്നു. ആ ചിരി ഭാര്യ ശോഭയിലേക്കും പടര്‍ന്നു. 'എല്ലാം ചേട്ടന്‍ തന്നെ ചെയ്യുന്നതാണ്. എന്നെ കല്യാണം കഴിക്കും മുമ്പേ തന്നെ വലിയ കളക്ഷനുണ്ടായിരുന്നു. ലോകത്തെവിടെ പോയി തിരിച്ചു വരുമ്പോഴും പെട്ടിക്കകത്തും കൈകളിലും നിറയെ പാവകളും ശില്‍പ്പങ്ങളുമായിരിക്കും. എല്ലാം ദിവസവും തുടച്ച് വൃത്തിയാക്കി വെക്കും. കേടുപറ്റുമെന്ന ഭയം കാരണം മറ്റാരേയും തൊടീക്കില്ല.'
ഏറെ തിരക്കുള്ള സ്‌റ്റൈലിസ്റ്റാണ് ഭാര്യ ശോഭാകുഞ്ചന്‍. കൊച്ചിയിലെ ലിവ് ഇന്‍ സ്റ്റൈല്‍ എന്ന ബ്യൂട്ടി ക്ലിനിക്കിന്റെ അമരക്കാരിയാണ്. ഇളയ മകള്‍ ശ്വേതാകുഞ്ചനും പ്രൊഫഷണല്‍ സ്‌റ്റൈലിസ്റ്റാണ്. മുകേഷ് അംബാനിയുടെ ഭാര്യ നീതാ അംബാനിയുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് ശ്വേതയാണ്. അങ്ങനെ നിറയെ ചിരിയും ഭംഗിയുമുള്ള വീട്ടിന്റെ സ്വീകരണ മുറിയില്‍ നിറയെ പൂക്കളുള്ള ഷര്‍ട്ടുമിട്ട് കുഞ്ചന്‍ സംസാരിച്ചു, തുടക്കത്തില്‍ അത്രയ്ക്ക് ചിരിക്കാനൊന്നുമില്ലാതിരുന്ന കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെ കുറിച്ച്. പക്ഷെ ദുരിതങ്ങളെ കുറിച്ച് പറയുമ്പോളും അദ്ദേഹം സഹജമായ നര്‍മം കൊണ്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു.
1969-ല്‍ മനൈവി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു കുഞ്ചന്‍ചേട്ടന്റെ തുടക്കം. എങ്ങനെയാണ് ഇരുപതാം വയസ്സില്‍ അങ്ങനെയൊരു അവസരം ലഭിച്ചത്, ഗോഡ്ഫാദറായി ആരെങ്കിലും ഉണ്ടായിരുന്നോ?
ഒരിക്കലുമില്ല. സിനിമയില്‍ അഭിനയിക്കാനാവുമെന്ന പ്രതീക്ഷയുമില്ലായിരുന്നു. എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന വാശിയില്‍ വീട് വിട്ടിറങ്ങിയതായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരുപാട് കലാകാരന്മാരുണ്ടായിരുന്നു ഫോര്‍ട്ട് കൊച്ചിയിലാണ്. പക്ഷെ എന്റെ കുടുംബത്തില്‍ അതിന് അനുകൂലമായ സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ കൃഷ്ണന്‍, അമ്മയ ഓലമ്മ. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മലഞ്ചരക്ക് വ്യവസായ മേഖലയിലായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു അതില്‍ ഏറ്റവും ഇളയവനാണ് ഞാന്‍. കൂട്ടത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രമാണ്. പത്താം ക്ലാസ് വരെയുള്ള പഠനം ഫോര്‍ട്ട് കൊച്ചിയിലെ ടി.ഡി സ്‌കൂളിലായിരുന്നു. പ്രീഡിഗ്രിക്ക് പോകണം എന്നാഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അതിനനുവദിച്ചില്ല. പഠിക്കുന്ന സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അത് വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായി. ചേട്ടത്തിയമ്മ നല്ല വഴക്കുപറഞ്ഞു. ആ വാശിയാലായിരിക്കണം തൃശ്ശൂര്‍ ഒല്ലൂരില്‍ അത് വെച്ച് ഒരുജോലി കിട്ടി എന്ന് കള്ളം പറഞ്ഞു. തെളിവായി ഞാന്‍ തന്നെ തയ്യാറാക്കിപ്പിച്ച ഒരുകത്തും കാണിച്ചുകൊടുത്തു. വീട്ടില്‍ നിന്നിറങ്ങി. വാല്‍പ്പാറയ്ക്കടുത്ത് ആനമല എസ്റ്റേറ്റില്‍ എന്റെ ആന്റിയുടെ വീടുണ്ട്. അവിടെ നഴ്‌സായിരുന്നു. അവിടെ ചെന്ന് അവര്‍ക്കൊപ്പം താമസമാക്കി. ഞാന്‍ അവിടെയാണെന്ന വിവരം വീട്ടില്‍ അറിയിക്കരുതെന്ന് ആന്റിയോട് ചട്ടംകെട്ടി. അന്ന് അവിടത്തെ എസ്‌റ്റേറ്റുകള്‍ യൂറോപ്യന്‍ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. അവിടുത്തെ റിപ്ലബിക് ഡേ ആഘോഷത്തിന് ഞാന്‍ ഡാന്‍സും ടാബ്ലേയുമൊക്കെ അവതരിപ്പിച്ചു. എനിക്ക് അന്നവര്‍ 101 രൂപ സമ്മാനമായി തന്നു. അങ്ങനെയാണ് കാലാരംഗത്ത് ഒരു കൈനോക്കാമെന്ന് തോന്നിത്തുടങ്ങിയത്. ആന്റിക്കൊരു മോനുണ്ട്. അവന്‍ പഠനസംബന്ധമായി കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ ഞാനും ഒപ്പം കൂടി. അവിടെയും മലയാള സമാജവും മറ്റും ഉണ്ടായിരുന്നു. കിട്ടിയ അവസരങ്ങളില്‍ എന്റെ കലാപ്രകടനങ്ങള്‍ ഞാന്‍ പുറത്തെടുത്തു.
അങ്ങനത്തെ ഒരു പരിപാടിക്കിടെ പ്രായം തോന്നിക്കുന്ന ഒരാള്‍ എന്നെ അടുത്തേക്ക് വിളിച്ചു. 'ഉങ്കളെ പാത്ത് ആക്ടറേ പോലെ ഇരിക്കേ, സിനിമയില്‍ ആക്ടറാകാന്‍ മുടിയുമാ..?'. 'അയ്യോ, സിനിമയിലോ..?'. 'ആമ, തമ്പി, 250 രൂപ തറേന്‍'. നാളേക്ക് വണ്ടി വറുവേന്‍, റെഡിയായി നില്ലിങ്കെ' എന്നയാള്‍ പറഞ്ഞു. അന്ന് 250 രൂപ എന്ന് പറഞ്ഞാല്‍ വലിയ സംഖ്യയാണ്. ആ ഒരു പ്രലോഭനത്തില്‍ ഞാനതിന് ഇറങ്ങിപുറപ്പെട്ടു. പിറ്റേന്ന് രാവിലെ എന്നെ കൊണ്ടുപോകാനായി വാഹനമെത്തി. കോയമ്പത്തൂരില്‍ വലിയൊരു കാളിക്ഷേത്രമുണ്ട്. അവിടെയായിരുന്നു ഷൂട്ടിങ്. ചെന്നയുടന്‍ എന്നോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. ഒരു കോണകമുടുപ്പിച്ചു. പിന്നാലെ എന്റെ കൈകാലുകള്‍ നിലത്തു തറച്ച കൂറ്റികളില്‍ കെട്ടിയിട്ടു. അവിടെ ഒരുപാമ്പാട്ടിയുണ്ടായിരുന്നു. അയാള്‍ കുറേ പാമ്പുകളെ എന്റെ ശരീരത്തിലേക്ക് ഇറക്കിവിട്ടു. നിമിഷങ്ങള്‍ക്കകം കുറേ പാമ്പുകള്‍ വന്ന് എന്റെ ദേഹത്തൂടെ ഇഴയാന്‍ തുടങ്ങി. അതവര്‍ ഷൂട്ടുചെയ്തു. ഞാന്‍ പേടിച്ചലറി. 'എനിക്ക് പണം വേണ്ട, എന്നെ വിട്ട്ടുങ്കാ സാര്‍' അവരത് കേട്ടില്ല. ഷൂട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് 250 രൂപയും വയറുനിറയെ ബിരിയാണിയുമൊക്കെ തന്ന് തിരിച്ചയച്ചു. അങ്ങനെയാണ് ഞാനാദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര തലവേദന. ചിക്കന്‍ പോക്‌സിന്റെ തുടക്കമായിരുന്നു. 250 രൂപയ്ക്ക് അഭിനയിക്കാന്‍ പോയി ചിക്കന്‍ പോക്‌സും പിടിച്ചാണ് തിരിച്ചുവന്നത്. (അന്നത്തെ രോഗത്തിന്റെ പാടുകള്‍ മായാതെ കിടക്കുന്നത് അദ്ദേഹം ശരീരത്തില്‍ കാണിച്ചുതന്നു.)
അപ്പോള്‍ ആദ്യ സിനിമയോ?
അന്നത്തെ സംഭവത്തിന് ശേഷമാണ് മദ്രാസിലേക്ക് പോകുന്നതും 75 രൂപ പ്രതിഫലത്തില്‍ മനൈവിയില്‍ അഭിനയിക്കുന്നതും. ജെമിനി ഗണേശനടക്കമുള്ള വലിയൊരു താരനിര ആ ചിത്രത്തിലുണ്ടായിരുന്നു. പക്ഷേ ആ സിനിമ പുറത്തുവന്നില്ല. അന്നുതൊട്ട് മദ്രാസില്‍ താമസമാക്കി. കാര്യമായ അവസരമൊന്നും കിട്ടിയിരുന്നില്ല. വാടക കൊടുക്കാനുള്ള പൈസ മാത്രമേ പലപ്പോഴും കൈയിലുണ്ടാകൂ. പക്ഷേ അതൊരു രസമായിരുന്നു. പിന്നെ എന്നെ അവിടെ നിലനിര്‍ത്തിയത് വിദ്യാധരനുമായുള്ള സൗഹൃദമാണ്. എന്റെ ദാരിദ്യം തിരിച്ചറിഞ്ഞ അദ്ദേഹം എനിക്ക് താമസിക്കാനുള്ള സ്ഥലം തന്നു. എന്നെ ഇന്നത്തെ കുഞ്ചനാക്കിയത് അദ്ദേഹമാണ്. അന്നത്തെ സിനിമക്കാരുമായെല്ലാം അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. എല്ലാവരെയും കാണാനും ചാന്‍സ് ചോദിക്കാനുമൊക്കെ പറഞ്ഞു. അങ്ങനെയാണ് എന്റെ ആദ്യ മലയാളസിനിമയായ റെസ്റ്റ് ഹൗസില്‍ (1970) അഭിനയിക്കുന്നത്. കെ.പി.കൊട്ടാരക്കയുടെ അടുത്തുചെന്ന് ചാന്‍സ് ചോദിച്ചാണ് ആ സിനിമയില്‍ അവസരം കിട്ടിയത്. കാശില്ലാത്തതു കൊണ്ട് മുടിവെട്ടാതെ നീട്ടിവളര്‍ത്തിയാണ് ഞാനന്ന് അവസരം ചോദിക്കാന്‍ ചെന്നത്്. അമ്പത് രൂപ അഡ്വാന്‍സ്് കിട്ടി. ആദ്യ പ്രതിഫലം കൊണ്ട് ഒരു ചെരുപ്പ് വാങ്ങി. കാരണം അവസരങ്ങള്‍ കിട്ടാന്‍ പിന്നെയും ഒരുപാട് നടക്കേണ്ടതുണ്ടല്ലോ? ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ താമസിക്കാന്‍ മുറിയൊന്നുമില്ല. എല്ലാവര്‍ക്കും കൂടി കിടന്നുറങ്ങാന്‍ ഒരു ഹാളാണ്. കിടക്കയെല്ലാം നമ്മള്‍ തന്നെ കൊണ്ടുപോവണം. വിരിച്ചുകിടക്കാം.

പ്രേംനസീര്‍ ആയിരുന്നല്ലോ ആ സിനിമയിലെ നായകന്‍?
അതെ. അതായിരുന്നു വലിയ ത്രില്‍. അദ്ദേഹത്തെ തൊടാന്‍ പോലും കഴിയുമെന്ന് പ്രതീക്ഷിക്കാത്ത സമയത്ത് ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് നസീര്‍സാര്‍. എത്ര തിരിക്കുണ്ടെങ്കിലും നമ്മളെ പരിഗണിക്കാനും നല്ല രീതിയില്‍ പെരുമാറാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരേസമയം നാലുസിനിമകളില്‍ അദ്ദേഹമന്ന് അഭിനയിക്കാറുണ്ട്. ഒരനുഭവം പറയാം, ശശികുമാര്‍ സാര്‍ സംവിധാനം ചെയ്ത തിരുവാഭരണം എന്ന സിനിമയുടെ ഷൂട്ടിങാണ്. ഞാന്‍ ഒരു അരുവിയില്‍ മീന്‍ പിടിക്കുന്നതും മീനിനു പകരം പാമ്പ് കയറിവരുന്നതുമാണ് സീന്‍. ആദ്യം റിഹേഴ്‌സല്‍ ചെയ്യണം. റിഹേഴ്‌സല്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാമ്പ് എന്റെ കൈയില്‍നിന്ന് വഴുതി നിലത്തേക്ക് വീഴുകയും അടുത്തുള്ള പുല്‍ക്കൂട്ടത്തിനുള്ളില്‍ മറയുകയും ചെയ്തു. ശശികുമാര്‍ സാര്‍ ചൂടായി. കാരണം വാടകയ്ക്ക് എടുത്ത പാമ്പാണ്. മറ്റൊന്നിനെ പെട്ടെന്ന് കിട്ടില്ല. ഞാന്‍ എങ്ങനെയോ ഓടിച്ചെന്ന് രണ്ടുംകല്‍പ്പിച്ച് പാമ്പിനെ പിടിച്ചു. പക്ഷെ പേടി കാരണം ബലമായി പിടിച്ചതുകൊണ്ട് പാമ്പുചത്തുപോയി. അതോടെ ശശികുമാര്‍ സാര്‍ എന്നോട് പൊട്ടിത്തെറിച്ചു 'എന്ത് പണിയാടോ താന്‍ ഈ കാണിക്കുന്നത്, ഇനി നസീറിന്റെ കോള്‍ഷീറ്റിന് വേണ്ടി ഞാന്‍ എവിടെപ്പോകും?'. ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ട് നസീര്‍ സാര്‍ അവിടെയിരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, 'ശശി, ആ കുട്ടിയെ ചീത്തയൊന്നും പറയരുത്. ഈ സീന്‍ ഞാന്‍ നാളെ വന്ന് ഷൂട്ട് ചെയ്യാം.' ആ സ്‌നേഹത്തിന്റെ പേരായിരുന്നു നസീര്‍. ഓടിനടന്ന് നാലും അഞ്ചും സിനിമയില്‍ ഒരേ ദിവസം അഭിനയിക്കുന്നതിനിടയിലാണ് ഞാന്‍ കാരണം റീഷൂട്ട് ചെയ്യേണ്ടി വന്ന സീനിന് സമയമുണ്ടാക്കി വരാം എന്ന് പറഞ്ഞത്.
റെസ്റ്റ് ഹൗസ് പുറത്തിറങ്ങിയതോടെ അവസരങ്ങള്‍ തേടിവന്നുവോ?
ഇല്ല. എനിക്കൊപ്പമുണ്ടായിരുന്ന രാഘവനും വിന്‍സന്റിനുമൊക്കെ ഒരുപാട് അവസരങ്ങള്‍ വന്നു. രണ്ടുപേര്‍ക്കും തിരക്കായി. അവര്‍ക്കൊക്കെ യാത്ര ചെയ്യാന്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടിത്തുടങ്ങി. അന്നൊക്കെ ഞാന്‍ സുഹൃത്തുക്കളോട് ചോദിച്ചിരുന്നു, 'നമ്മളൊക്കെ ഇനി എപ്പോഴാണ് ഒരു ഫസ്റ്റ് ക്ലാസ്സില്‍ കയറുക..?'. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കും ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടാന്‍തുടങ്ങി. അപ്പോഴേക്കും ഒപ്പമുള്ളവര്‍ വിമാനത്തില്‍ യാത്ര ആരംഭിച്ചിരുന്നു. പിന്നെ കാലം കഴിഞ്ഞപ്പോള്‍ എന്റെ യാത്രകളും വിമാനത്തിലായി. അങ്ങനെയാണ് സിനിമയും ജീവിതവുമെല്ലാം. ക്ഷമയോടെ കാത്തിരിക്കുക, നിങ്ങളുടെ ദിവസവും വരും.
അക്കാലത്ത് അവസരം തന്ന സംവിധായകര്‍ ആരൊക്കെയാണ്?
ജോഷി, ശശികുമാര്‍ സാര്‍, ഐ.വി.ശശി എന്നിവരെല്ലാം എല്ലാ പ്രധാനസിനിമകളിലും എനിക്ക് റോള്‍ തന്നിരുന്നു. അവരെല്ലാം എന്റെ വളര്‍ച്ചയില്‍ സഹായിച്ചവരാണ്. അക്കാലത്ത് പി.എന്‍.മേനോന്റെ ഒരുസെറ്റില്‍ വച്ചാണ് ഞാന്‍ സംവിധായകന്‍ ഭരതനെ പരിചയപ്പെടുന്നത്. അന്ന് ഭരതന്‍ മേനോന്റെ അസിസ്റ്റന്റാണ്. ഭരതന്‍ സെറ്റിലെ ആര്‍ട്ട് വര്‍ക്കൊക്കെ വളരെ മനോഹരമായി ചെയ്യും. വൈകാതെ ഞാനും ഭരതനും സുധീറും കൂടി മദ്രാസില്‍ 250 രൂപയ്ക്ക് ഒരുമുറി വാടകയ്‌ക്കെടുത്തു. തൊട്ടടുത്ത വീട്ടില്‍ ബഹദൂറിക്കയായിരുന്നു താമസം. അന്നത്തെ ജസ്റ്റിസിന്റെ മകനാണ് സുധീര്‍. മാസത്തില്‍ വീട്ടില്‍ നിന്ന് അവന് 600 രൂപ പോക്കറ്റ് മണി കിട്ടും. ആ പൈസ കിട്ടുന്ന ദിവസം മുറിയില്‍ ആഘോഷമായിരുന്നു.
മോഹന്‍ദാസ് എങ്ങിനെയാണ് കുഞ്ചനായത്?
മോഹന്‍ എന്നായിരുന്നു എന്റെ ആദ്യകാല സിനിമകളിലെ പേര്. അന്ന് മോഹന്‍ എന്ന പേരില്‍ മറ്റൊരുനടന്‍ കൂടി വന്നു. ചട്ടക്കാരിയിലൊക്കെ നായകനായ മോഹന്‍. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വച്ച് കണ്‍ഫ്യൂഷന്‍ മാറ്റാനായി തിക്കുറിശ്ശി മാമനാണ് എനിക്ക് കുഞ്ചന്‍ എന്ന പേര് സമ്മാനിച്ചത്. പ്രിയദര്‍ശന്‍, ബഹദൂര്‍, പ്രേംനസീര്‍, ജയഭാരതി, ജോസ് പ്രകാശ് തുടങ്ങി ഒരുപാട് പേര്‍ക്ക് പേരിട്ടത് തിക്കുറിശ്ശി മാമനാണ്. അപ്പോ പിന്നെ എന്റെ പേരും മോശമാകില്ലല്ലോ?
പ്രസിദ്ധനായശേഷവും കുറേ സിനിമകളില്‍ ചെറിയ റോളുകളിലും കുഞ്ചന്‍ അഭിനയിച്ചിരുന്നു?
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഇന്നുവരെ പാലിക്കുന്ന തത്വം അതാണ്. ചെറിയ സിനിമയാണെങ്കിലും ഒരു സീനേ ഉള്ളെങ്കിലും ഞാന്‍ പോകും. കാരണം സിനിമ എന്റെ ചോറാണ്, അതിനെ എപ്പോഴും ആത്മാര്‍ഥതയോടെ സമീപിക്കണം.
സിനിമയിലെ സഹതാരങ്ങളുമായി നല്ല സൗഹൃദമുള്ള വ്യക്തിയാണെന്ന് കേട്ടിട്ടുണ്ട്
ആ കാലത്ത് സോമേട്ടനായിരുന്നു എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയന്‍ ഒറ്റയാനായിരുന്നു പക്ഷേ എന്നോട് നല്ല സൗഹൃദമുണ്ടായിരുന്നു. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നു. അവരുമായും നല്ലെ ബന്ധം സൂക്ഷിക്കാനായി. മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിര്‍ത്തുന്നുണ്ട്. അയല്‍ക്കാരനായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വീട്ടിലേക്ക് വരികയും ഞങ്ങള്‍ കൂട്ടുകൂടുകയും ചെയ്യുമായിരുന്നു. സിനിമയിലല്ലാതെ സാമ്പത്തികമായി തന്നെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയില്‍ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ല ഒരു സംഖ്യ കൈയില്‍ വച്ചുതന്നു. എനിക്ക് മാത്രമല്ല പലര്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ മമ്മൂട്ടി സഹായവുമായി എത്തിയിട്ടുണ്ട്. കാണുമ്പോള്‍ പരുക്കനാണെങ്കില്‍ ശുദ്ധപാവവും സ്‌നേഹ സമ്പന്നന്നുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി. അടുത്തിടെയാണ് അദ്ദേഹം ഇവിടെ നിന്ന് പുതിയ വീട്ടിലേക്ക് മാറിയത്. ശങ്കരാടി ചേട്ടന്‍, ജഗതി, പപ്പുവേട്ടന്‍, മുരളി, തിലകന്‍ എന്നിവരെയെല്ലാം ഞാന്‍ ഇന്ന് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവരെപ്പോലുള്ള അഭിനേതാക്കള്‍ ഇനി മലയാളത്തില്‍ ഉണ്ടാവാന്‍ പോകുന്നില്ല. അതുപോലെ ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയന്‍പിള്ളരാജു. രാജു കൊച്ചിയില്‍ ഉണ്ടെങ്കില്‍ ഏത് സമയത്തായാലും വീട്ടിലേക്ക് വരും. ഒരേവയറ്റില്‍ പിറക്കാതെ പോയ സഹോദരനായിട്ടാണ് രാജുവിനെ എനിക്ക് തോന്നാറ്.
മലയാളത്തിന് പുറത്ത് സൗഹൃദം പുലര്‍ത്തിയ നടന്‍മാരില്ലേ?
പ്രധാനമായും കമലഹാസന്‍. മന്‍മഥന്‍ അമ്പ് എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതു തൊട്ട് അടുത്ത ബന്ധമാണ്. ഒരുപാട് കാര്യങ്ങള്‍ സിനിമയേയും അഭിനയത്തേയും കുറിച്ച് അദ്ദേഹം പറഞ്ഞുതരും. വളരെ താഴ്മയോടെ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ്. എന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. തിരക്കുകള്‍ കാരണം വരാന്‍ കഴിയാത്തതിനാല്‍ ഒരുകാര്‍ഡ് സമ്മാനമായി കൊടുത്തുവിട്ടു. 'സ്റ്റില്‍ ബാച്ച്‌ലര്‍, ഗുഡ് ബൈ' എന്നായിരുന്നു അദ്ദേഹം അതില്‍ എഴുതിയിരുന്നത്. അതിന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട്. മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയപ്പോള്‍ ആ കാര്‍ഡ് കൈയ്യില്‍ വെച്ച് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അതുകണ്ട് അദ്ദേഹം ശരിക്കും ഞെട്ടി.
ഏയ് ഓട്ടോയില്‍ മോപ്പഡില്‍ വന്ന് അതില്‍ എസ്.ഐ ആയിരുന്ന ശ്രീനിവാസനെ കളിയാക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു?
അതെ. അത് പലരും ഓര്‍ത്തുവെക്കുന്ന കഥാപാത്രമാണ്. സത്യത്തില്‍ അതില്‍ കാണുന്ന പോലൊരു മോപ്പഡ് ആയിരുന്നു ഞാന്‍ വാങ്ങിയ ആദ്യത്തെ വാഹനം. 1973-ല്‍ മദ്രാസിലായിരുന്നപ്പോഴാണ് ടി.വി.എസ് മോപ്പഡ് വാങ്ങുന്നത്. അതില്‍ പെയിന്റടിച്ച് ടി.വി.എസ് എന്ന പേര് മായ്ച്ച് രണ്ടുസൈഡിലും ഞാന്‍ 'കുഞ്ചഹ' എന്ന് എഴുതി വച്ചു. സെറ്റിലെത്തുമ്പോള്‍ പലരും പറയും 'സാര്‍, യമഹ ബൈക്ക് പാത്തിറുക്ക്, ഇത് ഏത് കമ്പനി സാര്‍ കുഞ്ചഹ'. അത് കഴിഞ്ഞാണ് ഒരു ഫിയറ്റ് കാര്‍ മേടിക്കുന്നത്.
ശോഭയെ ജീവിതസഖിയാക്കിയത് എങ്ങനെയാണ്?
1985-ലായിരുന്നു വിവാഹം. ആ കാലത്ത് സിനിമക്കാരന് ഒരുപെണ്ണ് കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സിനിമ എന്നത് എന്തോ മോശപ്പെട്ട സംഗതിയാണെന്ന് പലരും ധരിച്ചിരുന്നു. നമ്മളൊരു സിനിമയില്‍ പിച്ചക്കാരന്റെ റോള്‍ ചെയ്താല്‍ ചിലര്‍ പറയും അയ്യേ, പിച്ചക്കാരനായി അഭിനയിച്ചയാളാണ്. അയാളെ പെണ്ണ് ആലോചിക്കേണ്ട എന്ന്. എന്റെയൊരു കസിനാണ് ശോഭയുടെ കാര്യം ആദ്യം പറയുന്നത്. 'ഒരുപെണ്‍കുട്ടിയുണ്ട്. ബ്യൂട്ടീഷനാണ്. നമുക്കൊന്ന് പോയിനോക്കാം എന്ന് പറഞ്ഞു'. അങ്ങനെയാണ് ശോഭയെ കാണാന്‍ ചെല്ലുന്നത്. മൈ ഫെയര്‍ ലേഡി എന്ന സ്ഥാപനത്തിലാണ് അന്ന് ശോഭ ജോലിചെയ്യുന്നത്. എന്റെ ജോലിയെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം കൃത്യമായി ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഞാന്‍ പറഞ്ഞു. 'പലപ്പോഴും വിമാനത്തില്‍ സഞ്ചരിക്കുന്നതും വലിയ ഹോട്ടലില്‍ താമസിക്കുന്നതും മികച്ച ഭക്ഷണം കഴിക്കുന്നതുമെല്ലാം നിര്‍മാതാവിന്റെ കാശുകൊണ്ടാണെന്നും അതൊന്നും വിചാരിച്ച് കൂടെ വരരുതെന്നും അവളോട് പറഞ്ഞു. അതായത് ഒരുസാധാരണ നടനാണ് അതിനനുസരിച്ചുള്ള ജീവിതമേ പ്രതീക്ഷിക്കാവൂ എന്നര്‍ത്ഥം. എല്ലാക്കാര്യങ്ങളും തുറന്നുപറഞ്ഞു. എന്നിട്ടും അവളെന്നെ കെട്ടി രണ്ടു പെണ്‍കുട്ടികളുമുണ്ടായി, ശ്വേതയും സ്വാതിയും. ശ്വേത വിവാഹം കഴിഞ്ഞ് കുട്ടികളുമൊക്കെയായി താമസിക്കുന്നു. സ്വാതി സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയാണ്.
ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളേതൊക്കെയാണ് ?
കുറേയേറെയുണ്ട്. 53 വര്‍ഷം കൊണ്ട് 750-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുംബൈ പൊലീസ്, പത്രം, ഹൗ ഓള്‍ഡ് ആര്‍ യു, ഏയ് ഓട്ടോ, കോട്ടയം കുഞ്ഞച്ചന്‍ അങ്ങനെ എത്രയോ മികച്ച സിനിമകള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തും. ജോഷി സാറിന്റെ പത്രം, ലേലം എന്നീ സിനിമകളിലൂടെയൊക്കെയാണ് കൊമേഡിയന്‍ എന്ന ഇമേജ് പൊളിച്ച് ക്യാരക്ടര്‍ ആക്ടര്‍ എന്ന നിലയിലേക്ക് മാറുന്നത്. ആയൊരു മാറ്റം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നാരദയിലും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.
ദീര്‍ഘകാലത്തെ അഭിനയജീവിതത്തിനിടെ താരങ്ങളോട് ആളുകള്‍ക്കുള്ള സമീപനത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
വലിയ താരങ്ങളെയും നന്നായി അഭിനയിക്കുന്നവരേയും പ്രേക്ഷകര്‍ എന്നും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചുള്ള ചില അനുഭവങ്ങളുമുണ്ടാവാം. അതെല്ലാം ലാഘവത്തോടെ കാണാന്‍ കഴിയണം. ഒരിക്കല്‍ ഞാനും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്ന ഒരുലൊക്കേഷന്‍. ഒരുത്തന്‍ പരിചയപ്പെടാന്‍ എന്നുപറഞ്ഞ് വന്നു. എന്നിട്ട് എന്നോട് ചോദിച്ചു 'മഞ്ജു ചേച്ചിയെ മനസ്സിലായി, ചേട്ടനാരാ...?' 'സോറി, എന്താ പറഞ്ഞത് എനിക്ക് മനസ്സിലായില്ല' ഞാന്‍ മറുപടിപറഞ്ഞു. 'അല്ല, മഞ്ജു ചേച്ചിയെ മനസ്സിലായി, ചേട്ടനാരാണെന്ന് മനസ്സിലായില്ല എന്ന്'. 'ഓ, ഇത് മഞ്ജുവാര്യര്‍, ഞാന്‍ സഹോദരന്‍ കുഞ്ചു വാര്യര്‍' ഞാന്‍ മറുപടി നല്‍കി.
Content Highlights: actor kunchan talking about his life and experiences
Published: 18 Aug 2023, 03:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented