മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്ത 'തുടരും' സിനിമ പ്രദർശനത്തിനൊരുങ്ങി. സിനിമയുടെ വിശേഷങ്ങൾ ഓരോന്നായി അണിയറപ്രവർത്തികർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ഭാഗമായി അടുത്തിടെ പുറത്തുവന്ന മെലഡി പാട്ടുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ചിത്രത്തിൽ മെലഡി പാട്ടുകൾ മാത്രമല്ല ആരാധകർക്ക് ആർപ്പുവിളിച്ച് നൃത്തം ചെയ്യാനുള്ള അടിപൊളിപ്പാട്ടുമുണ്ടെന്ന് എം.ജി.ശ്രീകുമാർ പറയുന്നു.
''ജേക്ക്‌സ് ബിജോയാണ് സിനിമയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്. മോഹനരാഗത്തിൽ ഒരുക്കിയ ഗാനങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ പാട്ടിൽ വേറെയും ചില സസ്‌പെൻസുകളുണ്ട്, മെലഡി മാത്രമല്ല, 'നരന്‍' സിനിമയിലെ 'വേൽമുരുകാ...' ടൈപ്പ് ഒരടിപൊളിപ്പാട്ടും സിനിമയുടെ ഭാഗമായി വരുന്നുണ്ട്. മുരുകൻ ഭക്തനായ ഷൺമുഖനെ മുൻനിർത്തിയുള്ള ഒരടിപൊളി പാട്ടാണത്. പാട്ടുകളുടെ കാര്യത്തിൽ സംവിധായകൻ തരുൺമൂർത്തി യാതൊരു വിട്ടുവീഴ്ച്ചക്കും ഒരുക്കമായിരുന്നില്ല, പ്രേക്ഷകർക്കിഷ്ടപ്പെടുന്ന വരികളും സംഗീതവും ആലാപനവുമാണ് തരുൺ ആവശ്യപ്പെട്ടത്. അതിനായി അദ്ദേഹത്തിന്റെ ടീം നിരന്തരം പരിശ്രമിച്ചു. തമിഴ് ചുവയിലുള്ള അടിപൊളിപ്പാട്ട് കേട്ടുകഴിഞ്ഞപ്പോൾ ലാൽ പറഞ്ഞത് അടുത്ത ഒരുവർഷത്തേക്ക് ശ്രീക്കുട്ടൻ ഇനി പാടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണ്.''-എം.ജി.ശ്രീകുമാർ പാട്ടുവിശേഷങ്ങൾ വിവരിച്ചു.
പാട്ടിനെ മികച്ചതാക്കാൻ ആലാപനസമയത്ത് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാമോ അതെല്ലാം റെക്കോഡിങ് വേളയിൽ ശ്രദ്ധിച്ചിട്ടുണ്ടെന്നും, പാട്ടിനേറെ പ്രാധാന്യം നൽകുന്ന, പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലും ശോഭനയും മത്സരിച്ച് നൃത്തം ചെയ്യുന്ന പാട്ട് പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകനൽകുമെന്നാണ് പ്രതീക്ഷ.
പത്തുവർഷമായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ജേക്ക്‌സ് ബിജോയ് ആദ്യമായാണ് ഒരു മോഹൻലാൽ ചിത്രത്തിന് സംഗീതം നൽകുന്നത്. ''ലാലേട്ടന്റെ ഒരു പടത്തിന് സംഗീതം ചെയ്യാൻപറ്റാത്തതിന്റെ വിഷമം ഏറെ കാലമായി മനസ്സിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ ആ ആഗ്രഹം സാധ്യമായി. ലാലേട്ടനും ശോഭനച്ചേച്ചിയും ഒന്നിച്ച സിനിമ, അതിൽ എം.ജി. അണ്ണന്റെ പാട്ട്, ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. ജേക്‌സിൽനിന്ന് ഇത്തരത്തിലുള്ള പാട്ട് പ്രതീക്ഷിച്ചില്ല എന്നാണ് പൊതുവെ ഉയരുന്ന കമന്റ്. ലാലേട്ടൻ അവതരിപ്പിക്കുന്ന ഷൺമുഖന്റെ ഓർമ്മകളിലൂടെയാണ് കഥ പലപ്പോഴും സഞ്ചരിക്കുന്നത് അതിനുകൂട്ടായാണ് പാട്ടുകളെത്തുന്നത്.'' സിനിമയുടെ പ്രചരണാർത്ഥം എം.ജി ശ്രീകുമാർ ആലപിച്ച അടിപൊളിപ്പാട്ട് വൈകാതെ പുറത്തുവിടും.
Content Highlights: songs in thudarum movie
Published: 11 Apr 2025, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented