ബോളിവുഡിലെ മിന്നും താരമാണ് ഷാരൂഖ് ഖാന്‍. തന്റെ അഭിനയമികവു കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹന്‍സ്രാജ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും അതേ ആവേശവും താരത്തിളക്കവും അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലഘട്ടം ഓര്‍ത്തെടുക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.

കോളേജിലെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു അനുരാഗ്. 1992-ല്‍ 'ഹന്‍സ്രാജ് കോളേജില്‍' ആയിരുന്ന ഷാരൂഖ് ഖാന്റെ പ്രഭാവം എത്രമാത്രം മാന്ത്രികമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗിന്റെ വെളിപ്പെടുത്തല്‍. 1992-ല്‍ ഷാരൂഖിന്റെ ആദ്യ ചിത്രമായ 'ദീവാന' പുറത്തിറങ്ങിയപ്പോള്‍, കോളേജിലെ എല്ലാവരും ഒരുമിച്ച് സിനിമ കാണാന്‍ തിയേറ്ററില്‍ പോയിരുന്നത് അനുരാഗ് ഓര്‍ത്തെടുത്തു.

'അദ്ദേഹം എന്റെ കോളേജിലെ സീനിയര്‍ ആയിരുന്നതുകൊണ്ട്, ഞങ്ങളുടെ കോളേജ് മുഴുവന്‍ സിനിമ കാണാന്‍ പോയി. ഞങ്ങള്‍ ഡല്‍ഹിയിലെ അംബ തിയേറ്റര്‍ മുഴുവനായി ബുക്ക് ചെയ്താണ് ഷാരൂഖ് ഖാന്റെ 'ദീവാന' കാണാന്‍ പോയത്. ഒരു പാട്ടോടുകൂടിയാണ് ഷാരൂഖ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

ആ പാട്ട് വന്നപ്പോള്‍, ഹന്‍സ്രാജ് കോളേജിലെ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയടിക്കുകയും വിസിലടിക്കുകയും ചെയ്തതുകൊണ്ട് അന്ന് ആരും ആ പാട്ട് കേട്ടിട്ടുണ്ടാവില്ല. കാരണം, ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഞങ്ങളുടെ സീനിയറിനെ, ഞങ്ങളുടെ ഹോക്കി ക്യാപ്റ്റനെ കാണാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്.' അനുരാഗ് പറഞ്ഞു.

'ഹോക്കി ക്യാപ്റ്റന്‍, ബാസ്‌കറ്റ്‌ബോള്‍ താരം, മികച്ച കായികതാരം, ഇക്കണോമിക്‌സ് ടോപ്പര്‍. അദ്ദേഹം വെറുതെ അങ്ങനെയൊരു സൂപ്പര്‍സ്റ്റാര്‍ ആയതല്ലെ'ന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. 'ദീവാന'യാണ്‌ ഷാരൂഖിന്റെ ഉജ്ജ്വലമായ കരിയറിന് തുടക്കം കുറിച്ചത്.

തുടര്‍ന്ന് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ', 'ബാസിഗര്‍' ,'യെസ് ബോസ്’, ‘ചക് ദേ ഇന്ത്യ’, ‘പഠാന്‍’, ‘ജവാന്‍’ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ അദ്ദേഹം നല്‍കി. 'കിങ്' ആണ് അദ്ദേഹത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനുരാഗ് ഇപ്പോള്‍ തന്റെ അടുത്ത ചിത്രമായ 'നിഷാഞ്ചി'യുടെ പ്രൊമോഷന്‍ തിരക്കിലാണ്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi