ഇന്ന് കാണുന്ന പല താരങ്ങളുടെയും സിനിമായാത്രയുടെ തുടക്കം അത്ര തെളിച്ചമുള്ളതായിരുന്നില്ല. പണത്തിന് അത്രയും ബുദ്ധിമുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാറിന്. ഒരിക്കൽ തനിക്ക് പ്രതിഫലം തരാൻ തയ്യാറാകാതിരുന്ന ഒരു നിർമ്മാതാവിനോട് താൻ വിചിത്രമായൊരു കാര്യം ചെയ്തതിനെപ്പറ്റി തുറന്നുപറയുകയാണിപ്പോൾ അക്ഷയ്. കോഫി വിത്ത് കരൺ ഷോയിലായിരുന്നു വെളിപ്പെടുത്തൽ. 

To advertise here,

നിർമ്മാതാവ് തനിക്ക് ഏകദേശം 68,000 രൂപ നൽകാനുണ്ടായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. ആ കാലത്ത് അതൊരു വലിയ തുകയാണ്. പണം കിട്ടാൻ പലതവണ ശ്രമിച്ചു. നടന്നില്ല. ഇതോടെ നേരിട്ട് ചെല്ലാൻ തീരുമാനിച്ചു. മുംബൈയിലെ മാഹിമിലുള്ള നിർമ്മാതാവിന്റെ വീട്ടിലെത്തിയ അക്ഷയ്, അവിടെ കണ്ട ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നെടുത്ത്, തന്റെ കുടിശ്ശിക തുക ഈടാക്കാൻ അത് വിൽക്കുകയായിരുന്നു. 

“എന്റെ നിർമ്മാതാവ് എനിക്ക് പണം തന്നില്ല, പടം പരാജയപ്പെടുകയും ചെയ്തു. പക്ഷേ എനിക്ക് പണം ആവശ്യമായിരുന്നു. 68,000 രൂപയാണ് തരേണ്ടിയിരുന്നത്. അതൊരു വലിയ തുകയായിരുന്നു അന്ന്. ഞാൻ മാഹിമിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കോളിങ്ബെല്ലടിച്ചു. അദ്ദേഹം വാതിൽ തുറന്നു. ചെറിയൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ മുന്നിലെത്തിയപ്പോൾ അദ്ദേഹമെന്നെ നോക്കി. ഞാൻ കുടിശ്ശിക വാങ്ങാൻ വന്നതാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കി. ഞാനകത്തേക്ക് നോക്കി, ലിവിംഗ് റൂമിൽ ഒരു ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്നു. ഞാനതിന്റെ പ്ലഗ് ഊരി, എടുക്കാൻ യോഗ്യമായ വേറെയെന്തെങ്കിലും ഉണ്ടോ എന്ന് ചുറ്റും നോക്കി, പക്ഷേ വിലപിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല. ഞാനിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം വഴിമാറി തന്നു, എന്നെ തടയാൻ പോലും ശ്രമിച്ചില്ല. അങ്ങനെ ഞാൻ ആ ടേപ്പ് റെക്കോർഡർ എടുത്ത് ഹീരാ പന്നയിൽ കൊണ്ടുപോയി 32,000 രൂപയ്ക്ക് വിറ്റു. ബാക്കി തുക ഇന്നും അദ്ദേഹം തരാനുണ്ട്.”-അക്ഷയ് പറഞ്ഞു.

പണത്തിന്റെ കാര്യത്തിൽ ചില നിർമ്മാതാക്കൾ നടന്മാരോട് കാണിക്കുന്ന അനീതി അക്ഷയ് കുമാർ ചൂണ്ടിക്കാണിച്ചു. ഒരു സിനിമ ഹിറ്റായാൽ നടന്മാർക്ക് പ്രത്യേകം പണമൊന്നും ലഭിക്കില്ല. എന്നാൽ ബോക്സോഫീസിൽ പടം പരാജയപ്പെട്ടാൽ പ്രതിഫലം വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയിൽ തനിക്കും സമാനമായ അനുഭവമുണ്ടെന്ന് ഷോയിൽ പങ്കെടുത്ത രവി കിഷനും പറഞ്ഞു. 1.8 ലക്ഷം രൂപ പ്രതിഫലം തരാമെന്നായിരുന്നു നിർമാതാവിന്റെ വാഗ്ദാനം. പക്ഷേ കിട്ടിയത് 8000 രൂപ മാത്രം. വായ്പയ്ക്കായി ഗ്രാമത്തിൽ പണയം വെച്ചിരുന്ന ഭൂമി തിരിച്ചെടുക്കാൻ പണം അത്യാവശ്യമുണ്ടായിരുന്നു. അതയച്ചുതരാമെന്ന് അദ്ദേഹം ഉറപ്പുതന്നതാണ്. ഡബ്ബിംഗ് തീർന്നശേഷം ബാക്കി തുകയ്ക്കായി നിർമ്മാതാവിനെ സമീപിച്ചു. പണം നൽകാനാവില്ലെന്നായി അദ്ദേഹം. ഇനിയും പണം ചോദിച്ചാൽ സിനിമയിലെ വേഷം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് മാർഗങ്ങളില്ലായിരുന്നു. പണം ചോദിക്കുന്നത് നിർത്തി. തന്റെ വേഷം വെട്ടരുതെന്ന് നിർമ്മാതാവിനോട് അഭ്യർത്ഥിക്കേണ്ടി വന്നു. ഒടുവിൽ വിഷമം സഹിക്കാതെ താൻ പൊട്ടിക്കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi