കോൻ ബനേഗ ക്രോർപതിയുടെ വേദിയിൽ അമിതാഭ് ബച്ചൻ അഭിമുഖമായി ഇരിക്കുമ്പോൾ ഭൂഷൺ താക്കറെയുടെ മനസ്സിലൂടെ പലതും കടന്നുപോയിട്ടുണ്ടാവും. കൂലിപ്പണിക്കാരനായ അച്ഛൻ, തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മ, വെറും 24 രൂപ മാത്രമുള്ള തന്റെ ബാങ്ക് അക്കൗണ്ട്, സിവിൽ സർവീസ് സ്വപ്‌നം...അങ്ങനെ പലതും.

To advertise here,

ഒടുവിൽ ഭൂഷണിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് വിരിഞ്ഞു. ബച്ചന്റെ ചോദ്യങ്ങൾക്ക് ഓരോന്നായി ഉത്തരം നൽകി ഭൂഷൺ കോടിപതിയായി. കെ.ബി.സി. 18-ാം സീസണിലെ ആദ്യ കോടിപതി.

28-കാരനായ ഭൂഷൺ മഹാരാഷ്ട്രയിലെ ജൽഗോണിൽനിന്നാണ് കെ.ബി.സി.യിലെത്തിയത്. 2016 മുതൽ ഭൂഷൺ ഈ പരിപാടിയിൽ എത്താൻ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ അഞ്ച് വർഷം ഓഡിഷനിൽ പോലുമെത്തിയില്ല. 2021 മുതൽ തുടർച്ചയായി ഓഡിഷനിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ, അതുകൊണ്ടൊന്നും അദ്ദേഹം പിൻമാറിയില്ല. കെ.ബി.സിയിലേക്കെത്താനുള്ള ശ്രമം തുടരുന്നതിനൊപ്പം യു.പി.എസ്.സി.യിലും ശ്രദ്ധിച്ചു. കഴിഞ്ഞ ഒന്നരവർഷമായി പഠിക്കാനായി വീട്ടിൽനിന്ന് മാറിനിൽക്കുകയാണ്.

ഭൂഷണിന്റെ ഈ നേട്ടത്തിന് പിന്നിൽ അച്ഛനും അമ്മയ്ക്കും വലിയ പങ്കുണ്ട്. കൂലിപ്പണിക്കാരായ ഇരുവരും മകനോട് പഠനത്തിൽ മാത്രം ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടത്. പഠിക്കാൻ ആവശ്യമായ പണം ഇരുവരും നൽകി. തികയാതെ വന്നപ്പോൾ അമ്മ സ്വന്തം സ്വർണം പോലും വിറ്റ് മകനെ പഠിപ്പിച്ചു. കെ.ബി.സി. വിജയിച്ചതിന് ശേഷം ഇരുവരും നൽകിയ പിന്തുണയ്ക്ക് ഭൂഷൺ നന്ദിയും അർപ്പിച്ചു. ഇരുവർക്കും മികച്ച ജീവിതം നൽകുമെന്നും തനിക്കുവേണ്ടി വിറ്റ സ്വർണത്തിന് ഇരട്ടി അമ്മയ്ക്ക് വാങ്ങിനൽകാനാണ് പദ്ധതിയെന്നും ഭൂഷൺ പറഞ്ഞു. കഴിഞ്ഞ 30-35 കൊല്ലത്തിനുള്ളിൽ കുടുംബം മൊത്തം സമ്പാദിച്ച തുകയാണ് കെ.ബി.സി.യിൽ ലഭിച്ചതെന്നും ഭൂഷൺ പറഞ്ഞു.

പരിപാടിയിൽ ഒരു കോടി രൂപ നേടിയശേഷം ഏഴ് കോടിയുടെ ജാക്‌പോട്ട് ചോദ്യം ചോദിച്ചിരുന്നു. എന്നാൽ, ഉത്തരത്തിൽ ഉറപ്പില്ലാത്തതിനാൽ ഭൂഷൺ പിൻമാറി. അതിനുശേഷം ഏഴ് കോടിരൂപയുടെ ചോദ്യത്തിന് ശരിയായ ഉത്തരം പറയുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi