കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ (1965) എന്ന സിനിമയില്‍ നായികയായെത്തിയത് ആന്ധ്രയില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയായിരുന്നു, സരസ്വതീ ദേവി. മലയാളം തീരെ വശമില്ലാത്ത നായിക. ആകെ അറിയുന്നത് മാതൃഭാഷയായ തെലുഗു, പിന്നെ തമിഴിലെ ചില വാക്കുകളും. പക്ഷേ അവളുടെ അസാധ്യ അഭിനയം കുഞ്ചാക്കോയെയും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരെയും ഒരുപാട് സന്തോഷിപ്പിച്ചു. ആ പെണ്‍കുട്ടിക്ക് മലയാളസിനിമയില്‍ നല്ലൊരു ഭാവിയുണ്ടെന്ന് അവര്‍ ഉറപ്പിച്ചു.
പക്ഷേ ആ ചിന്തകളൊന്നും പുതിയ നായികയെ ബാധിച്ചതേയില്ല. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഇഷ്ടഭക്ഷണം കഴിച്ചും, മരത്തിന്റെ മുകളില്‍ വലിഞ്ഞുകയറിയും, കുസൃതികാണിച്ചും പാറിനടന്നു. ഒരുസിനിമ കഴിഞ്ഞ് തിരികെ പോവാന്‍ നിന്ന സരസ്വതിയെ തേടി അവസരങ്ങള്‍ ഏറെയെത്തി. സരസ്വതീ ദേവിയെന്ന പേര് മാറ്റി, മലയാളികളുടെ സ്വന്തം ശാരദയായി. ആദ്യസിനിമയില്‍ ദുഖപുത്രിയായതിനാല്‍, പിന്നീട് വന്നതും ദുഖകഥാപാത്രങ്ങള്‍ തന്നെ. ഇരുട്ടിന്റെ ആത്മാവ്, മൂലധനം, ത്രിവേണി, നദി, അടിമകള്‍...എത്രയോ നല്ല സിനിമകള്‍.

ആന്ധ്രയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക്...
ആന്ധ്രയിലെ തെനാലി എന്ന ഗ്രാമത്തിലാണ് സരസ്വതീ ദേവി ജനിച്ചത്. പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിക്കുന്ന രീതിയായിരുന്നു അവരുടെ കുടുംബത്തിലേത്. അമ്മ പതിമൂന്നാം വയസ്സിലാണ് വിവാഹിതയായത്. ഒരു സിനിമാതാരമാകണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അത് മകളിലൂടെയെങ്കിലും സഫലമാക്കണമെന്നായി അവര്‍ക്ക്. അതുകൊണ്ട് ആദ്യമേ തന്നെ മകളെ നൃത്തം പഠിപ്പിക്കാന്‍ അയച്ചു. അങ്ങനെ അമ്മയുടെ വാശി കാരണം, സരസ്വതിയുടെ ഭാവി തന്നെ മാറ്റിയെഴുതപ്പെട്ടു.
തെലുഗുവില്‍ ചെറിയ ചില കഥാപാത്രങ്ങള്‍ ചെയ്തു, ഒപ്പം നാടകവും. പിന്നീട് തമിഴിലും അവസരങ്ങള്‍ കിട്ടി. രക്തക്കണ്ണീര് എന്ന അവര്‍ അഭിനയിച്ച നാടകം തമിഴ്‌നാട്ടില്‍ നൂറോളം സ്‌റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ടു. പതുക്കെ തമിഴ് സിനിമയിലേക്കും കടന്നു. അതിനിടയിലാണ്, ഉദയാ സ്റ്റുഡിയോ നിര്‍മിച്ച 'ഇണപ്രാവുകളില്‍' അവസരം കിട്ടുന്നത്.
മലയാളത്തിന്റെ ദുഖപുത്രി
മലയാളത്തില്‍ ദുഖകഥാപാത്രങ്ങളായിരുന്നെങ്കിലും, തെലുഗുവില്‍ കുറേ വ്യത്യസ്തകഥാപാത്രങ്ങള്‍ അവര്‍ക്ക് ലഭിച്ചു. ദുഖപുത്രി ഇമേജില്‍ നിന്നുകൊണ്ട്, അസാധ്യമായ അഭിനയമാണ് ശാരദ കാഴ്ചവെച്ചത്. രണ്ടുമൂന്ന് മാസങ്ങള്‍ കൊണ്ട് മലയാളം പഠിച്ചെടുക്കുകയും ചെയ്തു. മലയാളത്തില്‍നിന്ന് രണ്ടു ദേശീയപുരസ്‌കാരങ്ങളും ശാരദയ്ക്ക് സ്വന്തം. തുലാഭാരം (1968), സ്വയംവരം (1972) എന്നീ സിനിമകള്‍ക്കാണവ. അങ്ങനെ ഉര്‍വശി ശാരദയായി.

അവിടുന്നങ്ങോട്ട് തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി എത്രയോ സിനിമകള്‍. തെലുഗുചിത്രമായ 'നിമഞ്ജന'ത്തിലെ (1977) അഭിനയത്തിനും ദേശീയപുരസ്‌കാരം ലഭിച്ചു. നായികയായി മാത്രമല്ല. രണ്ടാം വരവില്‍ അമ്മയായും മുത്തശ്ശിയായും അവര്‍ തിളങ്ങി. കാശ്മീരം, മഴത്തുള്ളിക്കിലുക്കം, രാപ്പകല്‍, നായിക, അമ്മയ്‌ക്കൊരു താരാട്ട്...തുടങ്ങിയ സിനിമകളിലും ശാരദ മികച്ചുനിന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ക്ക് ദുഖപുത്രിയെന്നാല്‍ ശാരദ തന്നെയാണ്.
Content Highlights: sarada, the legendary actor is celebrating her birthday
Published: 25 Jun 2024, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented