ഇന്ത്യൻസിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളാണ് പരേഷ് റാവൽ. സഹനടനായി വന്ന അദ്ദേഹം പതുക്കെപ്പതുക്കെ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു. വില്ലനായും കോമഡി താരമായും കാരക്ടർ നടനായും അദ്ദേഹം തിളങ്ങി.

രൂപി കി റാണി ചോരോം കാ രാജാ, രാം ലഖൻ, ബാസി, അന്ദാസ് അപ്‌നാ അപ്‌നാ...തുടങ്ങി അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് നീളും. ബോളിവുഡിലെ കൾട്ട് സിനിമകളിലൊന്നായ 'ഹേരാ ഫേരി'യിലെ കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയത്. ശേഷം ഹൽചൽ, ഗരംമസാല, ഹംഗാമ, ഭാഗം ഭാഗ്, മാലാമാൽ വീക്ക്‌ലി, ഗോൽമാൽ: ഫൺ അൺലിമിറ്റഡ് തുടങ്ങിയ സിനിമകളും അദ്ദേഹത്തിന്റെ നല്ല മൈലേജ് നേടിക്കൊടുത്തു.

'വോ ചോക്രി', 'സർ' എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം 1994-ൽ അദ്ദേഹത്തിന് ലഭിച്ചു. 2014-ൽ പദ്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഇപ്പോൾ ദേശീയപുരസ്‌കാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ചർച്ചയാവുന്നത്. ദേശീയ അവാർഡ് പോലും ലോബിയിങ്ങിൽനിന്ന് പൂർണമായും മുക്തമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഓസ്‌കറിലും ഇതേ ലോബിയിങ് ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ''എനിക്ക് അവാർഡുകളെക്കുറിച്ച് കൂടുതലായൊന്നും അറിയില്ല. ദേശീയ അവാർഡുകളിൽ കുറച്ച് ലോബിയിങ് ഉണ്ടാവാം. പക്ഷേ മറ്റ് അവാർഡുകളിലേതുപോലെ അത്ര കാര്യമായിട്ടില്ല എന്ന് ഞാൻ പറയും. അതുപോലെ മറ്റ് അവാർഡുകൾ അത്ര പ്രധാനമല്ല, ദേശീയ അവാർഡിലാണ് കാര്യം''.

സ്വാധീനവും ബന്ധങ്ങളും നെറ്റ് വർക്കിങ്ങുമൊക്കെയാണ് ഈ പ്രക്രിയയെ പ്രധാനമായും മുന്നോട്ടുനയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലോബിയിങ്ങിന്റെ ഭാഗമായി വലിയ പാർട്ടികളും മറ്റും പലരും സംഘടിപ്പിക്കാറുണ്ടെന്നും പരേഷ് റാവൽ പറയുന്നു. ''ഇത് ഇന്നയാളുടെ സിനിമയാണ്. എല്ലാ അവാർഡ് കമ്മിറ്റി അംഗങ്ങളെയും വിളിച്ചുകൂട്ടി നമുക്ക് സ്വാധീനിക്കാം എന്നാണ് അവർ ചിന്തിക്കുന്നത്''.

ഒടുവിലിറങ്ങിയ 'തമ്മ', 'ദ താജ് സ്റ്റോറി' എന്നിവയിലും പരേഷ് അഭിനയിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങളിലുൾപ്പെട്ട 'ദ താജ് സ്റ്റോറി', പ്രേക്ഷകർ സ്വീകരിച്ചില്ല. 'ഭൂത് ബംഗ്ലാ', 'ബത്തമീസ് ഗിൽ', 'വെൽക്കം ടു ദ ജംഗിൾ', 'ദൃശ്യം 3' എന്നിവയാണ് പരേഷ് റാവലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi