സിനിമയിൽ 30 വർഷം പൂർത്തിയാക്കുകയാണ് ബോളിവുഡ് നടി റാണി മുഖർജി. ഈയവസരത്തിൽ സംവിധായകനും സുഹൃത്തുമായ കരൺ ജോഹറുമായി സംസാരിക്കവേ തന്റെ പഴയൊരു വേദന പങ്കുവെക്കുകയാണ് റാണി. റാണിയും അമിതാഭ് ബച്ചനും ഒന്നിച്ച സഞ്ജയ് ലീല ബൻസാലി ചിത്രമായിരുന്നു 'ബ്ലാക്ക്'. 2005-ലിറങ്ങിയ ചിത്രത്തിൽ ബിഗ്ബിക്കും സഞ്ജയ് ലീല ബൻസാലിക്കും പുരസ്കാരങ്ങൾ ലഭിച്ചു, തനിക്കുമാത്രം പുരസ്കാരമില്ലാതിരുന്നത് വേദനിപ്പിച്ചുവെന്നാണ് റാണി പറഞ്ഞത്. 

"അത് എൻ്റെ അച്ഛൻ്റെ ഹൃദയം തകർത്തു, അമ്മയുടെയും. കൗമാരപ്രായം തൊട്ട് ഞാനെന്റെ കരിയറും ജീവിതവും നയിച്ച രീതി നോക്കുമ്പോൾ, അമ്മയാണ് എന്നെ ഈ രംഗത്തേക്ക് വരാൻ പ്രേരിപ്പിച്ചത്. ജോലിയിലൂടെ അച്ഛനും അമ്മയ്ക്കും മെച്ചപ്പെട്ട ജീവിതം നൽകാനും അവരെ സന്തോഷിപ്പിക്കാനും കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. കുറച്ച് വർഷങ്ങളായി എൻ്റെ സ്വപ്നം അതായിരുന്നു, അതുകൊണ്ടാണ് ഞാൻ സിനിമകൾ ചെയ്തുകൊണ്ടേയിരുന്നത്."

ആരാധകരിൽ നിന്നുള്ള കത്തുകളിലൂടെയാണ് തൻ്റെ അഭിനയം തരക്കേടില്ലെന്നും കൂടുതൽ നല്ല പ്രകടനങ്ങൾ പ്രേക്ഷകർക്ക് തിരികെ നൽകണമെന്നും തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു. അവാർഡുകൾ ഇല്ലെങ്കിലും അത് തുടർന്നും ചെയ്തു. 

ദേശീയ അവാർഡ് ലഭിക്കാത്തത് വേദനിപ്പിച്ചിരുന്നെങ്കിലും  അത് സംഭവിച്ചത് നല്ലതിനായിരുന്നു എന്നവർ തുറന്നുപറഞ്ഞു. "അവാർഡ് നേടുക എന്നതായിരുന്നില്ല ലക്ഷ്യം. ഒരു അവാർഡ് കിട്ടുന്നത് മുഴുവൻ ടീമിനും ലഭിക്കുന്ന അംഗീകാരമാണ്. നിങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ, ടീമും പ്രേക്ഷകരും സന്തോഷിക്കും. അവാർഡ് കിട്ടാത്തതിൽ വിഷമിച്ചു, എന്നാൽ അത് സംഭവിച്ചത് നല്ലതിനാണ്, കാരണം എൻ്റെ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു, നിങ്ങൾ ഏറ്റവും മികച്ചത് നൽകിയാലും അർഹിക്കുന്ന അംഗീകാരം ലഭിച്ചെന്നുവരില്ല, ഒരുപക്ഷേ മറ്റൊരാളുടെ പ്രകടനം നിങ്ങളേക്കാൾ മികച്ചതായിരിക്കാം. നിങ്ങൾ ഏറ്റവും മികച്ചതിനായി പരിശ്രമിച്ചുകൊണ്ടിരിക്കണം."-റാണി പറഞ്ഞു.

53-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള അവാർഡ് 'ബ്ലാക്കി'നായിരുന്നു. ബച്ചന് മികച്ച നടനായി. നിരൂപക പ്രശംസ നേടിയ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം (2025) 'മിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി തൻ്റെ ആദ്യത്തെ ദേശീയ അവാർഡ് നേടിയിരുന്നു.  'മർദാനി 3' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണവർ. ജനുവരി 30 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi