2010-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ 'ബാൻഡ് ബാജ ബാരാത്ത്' മുതൽ തന്നെ രൺവീർ സിങ് എന്ന നടനെ സിനിമാലോകം അംഗീകരിച്ചിരുന്നു. 2011-ലെ സ്റ്റാർ സ്ക്രീൻ അവാർഡിൽ മികച്ച നവാഗത നടനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുമുണ്ട്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ 'ധുരന്ധർ', ഇപ്പോൾ പ്രദർശനം തുടരുന്ന അതിന്റെ രണ്ടാം ഭാഗം 'ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങളുടെ വിജയത്തേരോട്ടത്തിലാണ് താരമിപ്പോൾ. 2011-ലെ മികച്ച നവാഗത നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വികാരാധീനനായി രൺവീർ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ ആ വേദിയിൽ ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

To advertise here,

പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് രൺവീർ പറഞ്ഞു, "ക്ഷമിക്കണം, ഞാൻ അല്പം വികാരാധീനനാണ്. കുട്ടിക്കാലം മുതലേ എനിക്ക് ഒരു നടനാകണമെന്നായിരുന്നു ആഗ്രഹം. ഇന്ന് ഞാൻ ഇവിടെ ഈ പ്രമുഖർക്കൊപ്പം (കരൺ ജോഹർ, ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ) വേദി പങ്കിടുന്നു. ഇത് 'ബാൻഡ് ബാജ ബാരാത്ത്' ടീമിനുള്ളതാണ്; നിങ്ങൾ എനിക്ക് വളരെ പ്രത്യേകതയുള്ളവരാണ്."

അമ്മയ്ക്കും അച്ഛനും സഹോദരി റിതികയ്ക്കും നന്ദി എന്നും, അവരെ അഭിമാനഭരിതരാക്കാൻ വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രൺവീർ വേദി വിടാൻ ഒരുങ്ങവെ ഷാരൂഖ് ഖാൻ തടഞ്ഞുനിർത്തി തമാശയായി പറഞ്ഞു, "നീ എന്തിനാണ് കരയുന്നത്? കരയേണ്ടത് ഞങ്ങളാണ്, കാരണം നീ ഇപ്പോൾ ഇൻഡസ്ട്രിയിലേക്ക് വന്നിരിക്കുകയാണ്. ഞങ്ങളെ കെട്ടിപ്പിടിക്കൂ. ഞങ്ങൾക്ക് നിന്നോട് അല്പം സ്നേഹം പ്രകടിപ്പിക്കണം,നീ എത്ര മനോഹരമായ നടനാണെന്ന് പറയണം. ലേഡീസ് ആൻഡ് ജെന്റിൽമാൻ, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ."

ധുരന്ധർ 2 തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ചിത്രം ഇന്ത്യയിൽ 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ കളക്ഷൻ 520 കോടി രൂപയായും, ആഗോളതലത്തിൽ 830 കോടി രൂപയായും ഉയർന്നതായി സാക്നിൽക് (Sacnilk) റിപ്പോർട്ട് ചെയ്യുന്നു.

മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും ചിത്രത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ നിരോധനം വകവെക്കാതെ വിദേശ രാജ്യങ്ങളിൽ 3,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi