1996-ൽ ഒരു ഹിന്ദിചിത്രത്തിലൂടെയാണ് നടൻ മാധവൻ സിനിമയിലേക്ക് കടക്കുന്നത്. വളരെ ചെറിയ റോളായിരുന്നുവത്. അതിനുശേഷമാണ് തമിഴിലെത്തുന്നതും അദ്ദേഹത്തിന്റെ ഭാവി തന്നെ മാറിമറിയുന്നതും. ഒരിക്കൽ റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അലൈ പായുതേ, മിന്നലെ തുടങ്ങിയ ചിത്രങ്ങൾ ആ ഇമേജ് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. പിന്നീട് റൺ എന്ന സിനിമയിലൂടെയാണ് ആക്ഷൻഹീറോയാവുന്നത്. ആപ് ജൈസാ കോയി, ദേ ദേ പ്യാർ ദേ 2, ധുരന്ധർ എന്നീ ചിത്രങ്ങളിലൂടെ തന്റെ കരിയർ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് മാധവൻ.

സിനിമയിലെത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഫ്‌ളോപ്പുകൾ തന്നെ ബാധിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു സിനിമ ഹിറ്റായാലും ഫ്‌ളോപ്പായാലും ഒരു അഭിനേതാവ് എല്ലാ ദിവസവും നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും മാധവൻ സംസാരിച്ചു. ഒരു പരാജയം നേരിടുമ്പോൾ താൻ ഒരു ദിവസം മുഴുവൻ 'തീവ്രമായ വേദന'യിലൂടെയാണ് താൻ കടന്നുപോകാറുള്ളതെന്നും അദ്ദേഹം പറയുന്നു. ''ഹൃദയം തകർക്കുന്ന അനുഭവമാണ്. ഒരു കുഞ്ഞ് മരിച്ചതുപോലെ അത്രയ്ക്ക് വേദനാജനകമാണത്. അത്തരം സാഹചര്യങ്ങളിൽ ഗർഭസ്ഥ ശിശുവിനെപ്പോലെ ചുരുണ്ടുകൂടി അവിടെത്തന്നെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

പണത്തിനുവേണ്ടി മാത്രം ഒരു സിനിമ ചെയ്യുന്നതിനേക്കാൾ, അതിൽ പൂർണ്ണമനസ്സോടെയും ആത്മാർത്ഥമായും മുഴുകി പ്രവർത്തിക്കുമ്പോഴാണ് ആ വേദന കൂടുതലാവുന്നതെന്നും മാധവൻ പറഞ്ഞു. ''പണത്തിനുവേണ്ടിയാണ് ചെയ്തതെങ്കിൽ, എനിക്ക് അതിനോട് വൈകാരികമായ അടുപ്പമൊന്നും ഉണ്ടാകില്ല. 'എനിക്കത് നേരത്തെ അറിയാമായിരുന്നു, എനിക്ക് പണം ലഭിച്ചു' എന്ന് നമുക്ക് പറയാം. എന്നാൽ, സ്വന്തം ആത്മാവും ഹൃദയവും എല്ലാം നൽകി ചെയ്ത ഒരു കാര്യത്തിന്റെ കാര്യം അങ്ങനെയല്ല... അടിസ്ഥാനപരമായി, നിങ്ങൾ നിങ്ങളുടെ ആത്മാവിനെയോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെയോ ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്; അവർക്ക് അതിനുനേരെ കല്ലെറിയുകയോ പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയോ ചെയ്യാം. ഏത് സാഹചര്യമായാലും, ആ വികാരം അനുഭവിക്കാൻ ഞാൻ സ്വയം അനുവദിക്കുന്നത് ഒരു ദിവസം മാത്രമാണെന്നും എനിക്ക് മനസ്സിലായിട്ടുണ്ട്'', മാധവൻ കൂട്ടിച്ചേർത്തു. എന്നാൽ തൊട്ടടുത്ത ദിവസം 'ജീവിതത്തിൽ എന്നത്തേക്കാളും വലിയ അരക്ഷിതാവസ്ഥയാണ്' അനുഭവപ്പെടാറുള്ളതെന്നും അദ്ദേഹം പറയുന്നു. 'ഇനി എന്തുചെയ്യും' എന്ന ചോദ്യമാണ് ആ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും താരം വെളിപ്പെടുത്തി. ജി.ഡി.എൻ, ആദിർഷ്ടശാലി, സർക്കിൾ എന്നീ ചിത്രങ്ങളിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi