1989-ല്‍ പുറത്തിറങ്ങിയ 'പരിന്ത' അപ്രതീക്ഷിതവിജയമാണ് ബോക്‌സോഫീസില്‍ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ വഴിത്തിരിവായി മാറിയ 'പരിന്ത'. സിനിമ റിലീസായി 35 വര്‍ഷം തികയുമ്പോള്‍ അനില്‍ കപൂര്‍ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുന്നതിങ്ങനെ, ''ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കരുത്തുള്ള സിനിമയെന്ന് 'പരിന്ത'യെ പറയാമെന്ന് തോന്നുന്നു''.
ആ വര്‍ഷം നവംബര്‍ 3-ന് പുറത്തിറങ്ങിയ സിനിമയില്‍ അനില്‍ കപൂറിനൊപ്പം ജാക്കി ഷ്‌റോഫ്, നാനാ പടേക്കര്‍, മാധുരി ദീക്ഷിത് എന്നിവരും മുഖ്യതാരങ്ങളായി. വിധു വിനോദ് ചോപ്രയാണ് സിനിമ സംവിധാനം ചെയ്തതും നിര്‍മിച്ചതും. സിനിമ വെറും പന്ത്രണ്ട് ലക്ഷത്തിനാണ് നിര്‍മിച്ചത്. രണ്ടുമിനിറ്റ് നീളുന്ന ടിവി പരസ്യങ്ങള്‍ വരെ ഒരുകോടിക്ക് നിര്‍മിക്കപ്പെടുന്ന സമയത്താണ് ഒരു സിനിമ ഇത്രയും ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയത്.
Also Read
''അത്രയേ അന്ന് ബജറ്റ് ഉണ്ടായിരുന്നുള്ളൂ. അതിനുമുകളിലേക്ക് പോവാന്‍ പറ്റില്ല. പക്ഷേ കഥയുടെ കാര്യത്തിലോ ഷൂട്ടിങ്ങിന്റെ കാര്യത്തിലോ കോമ്പ്രമൈസ് ചെയ്യാനും സാധ്യമല്ല. സെറ്റിടാനോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കാനോ പണം തികയില്ല. അതുകൊണ്ട് ലൊക്കേഷനൊക്കെ ഒറിജിനലായിരുന്നു. ആളുകള്‍ ഒരുപാടുള്ള സീനുകളിലെല്ലാം സാധാരണ ആളുകളെ തന്നെയാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് കുറേക്കൂടി റിയല്‍ ആയെന്ന് തോന്നുന്നു. അങ്ങനെ ഞങ്ങളുടെ ബലഹീനത കരുത്തായി മാറുകയായിരുന്നു'', സംവിധായകന്‍ വിധു വിനോദ് ചോപ്ര പറയുന്നു.
ക്ലൈമാക്‌സ് സീന്‍ ഒരു പുതുവര്‍ഷത്തലേന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വെച്ചാണ് ചിത്രീകരിച്ചത്. അവിടെ പുതുവര്‍ഷം ആഘോഷിക്കാന്‍ ഒത്തുകൂടിയ ആളുകള്‍ക്കിടയില്‍വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ കൃത്രിമമായുണ്ടാക്കിയ തീ പടര്‍ന്നുപിടിച്ച്, നാനാ പടേക്കറിന് ഗുരുതരപൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. രണ്ടുമാസത്തോളം അദ്ദേഹം ചികിത്സയിലായിരുന്നു. അതുകഴിഞ്ഞ് തിരിച്ചുവന്ന് വീണ്ടും അഭിനയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമായി, അക്കൊല്ലം മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.
ഈ സിനിമയ്ക്ക് പിന്നില്‍ ചില കഥകളുണ്ട്. അതിനുമുമ്പ് വിധു വിനോദ് ചോപ്ര ഒരു സിനിമ സംവിധാനം ചെയ്ത്, നിര്‍മിച്ചിരുന്നു, 'ഖാമോഷ്'. എന്നാല്‍ ഇതിന് വിതരണക്കാരെ കിട്ടിയില്ല. ഒരുവര്‍ഷത്തോളം ആ സിനിമ പെട്ടിയില്‍ കിടന്നു. സംവിധായകന് ആകെ നിരാശയും ദേഷ്യവുമായി. ഒടുവില്‍ മുംബൈ കൊളാബയിലുള്ള റീഗല്‍ സിനിമ ഹാള്‍ അദ്ദേഹം വാടകയ്‌ക്കെടുത്തു. എന്നിട്ട് ഈ സിനിമ അവിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. സിനിമ ആഴ്ചകളോളം ആ തിയേറ്ററില്‍ ഓടുകയും ചെയ്തു. ഈ അനുഭവത്തില്‍നിന്നാണ് നല്ലൊരു കൊമേഷ്‌സ്യല്‍ സിനിമ നിര്‍മിക്കണമെന്ന തീരുമാനത്തിലേക്ക് വിധു വിനോദ് ചോപ്ര എത്തുന്നത്.
താരതമ്യേന പുതുമുഖമായിരുന്നു മാധുരി. നാനാ പടേക്കറിന്റെയും ആദ്യത്തെ പ്രധാനസിനിമയാണ് 'പരിന്ത'. അക്കാലത്ത് മിക്ക സിനിമകളിലും ജാക്കി ഷ്‌റോഫ് സഹോദരന്റെ റോളിലാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം ആദ്യം തന്നെ ഈ സിനിമയോട് നോ പറഞ്ഞു. എന്നാല്‍, ജാക്കി ഷ്‌റോഫ് തന്നെ വേണമെന്ന് അനില്‍ കപൂറിന് നിര്‍ബന്ധം. ഒടുവില്‍ അനില്‍ തന്നെ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചത്. എന്തായാലും സിനിമ ഹിറ്റായി. ഒമ്പത് കോടി രൂപയാണ് തിയേറ്ററില്‍നിന്ന് വാരിക്കൂട്ടിയത്. 1990-ലെ ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയും 'പരിന്ത' തന്നെയായിരുന്നു.
Content Highlights: parinda movie completing 35 years
Published: 04 Nov 2024, 12:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented