നാല്പതിലേറെ വര്‍ഷങ്ങളിലായി എഴുന്നൂറിലേറെ കഥാപാത്രങ്ങള്‍ ഇന്ത്യന്‍സിനിമയ്ക്ക് സമ്മാനിച്ച ഉര്‍വശി. ഏറ്റവുമൊടുവില്‍ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ തോരാമഴയുടെ മറവില്‍ മകനെ നഷ്ടപ്പെട്ട ലീലാമ്മ എന്ന അമ്മയായി അവര്‍ മലയാളികളെ കരയിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം ആറാം തവണയും അവരെ തേടിയെത്തി. ഉര്‍വശി തന്റെ ജീവിതത്തിലൂടെ...

To advertise here,

കല്പനയും കലാരഞ്ജിനിയുമുള്‍പ്പെടെ അഞ്ച് സഹോദരങ്ങള്‍. കൂട്ടത്തില്‍ ആരായിരുന്നു അന്നത്തെ താരം?
അമ്മ നന്നായി ഹാസ്യം എഴുതുമായിരുന്നു. ആ പ്രതിഭ അതുപോലെ മിനിച്ചേച്ചിക്ക് (കല്പന) കിട്ടി. മോണോ ആക്ടിനും മിമിക്രിക്കുമൊക്കെ അവള്‍ ചേരും. കോളേജ് തലത്തിലൊക്കെ ഈ മത്സരയിനങ്ങളില്‍ ചേച്ചിക്ക് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു എതിരാളികള്‍. മിക്കപ്പോഴും അവള്‍ക്കായിരുന്നു സമ്മാനം. കോളേജ് മൈതാനത്തുകൂടി അവളെ തോളിലെടുത്ത് ആഘോഷത്തോടെ പോകുന്ന സഹപാഠികളെ ഞാന്‍ കണ്ടിട്ടുണ്ട്. മിനിച്ചേച്ചിക്ക് വന്ന അവസരങ്ങളിലൂടെയാണ് ഞാനും കലച്ചേച്ചിയും സിനിമയിലേക്ക് എത്തുന്നത്. 

മിനിച്ചേച്ചിക്ക് അവളുടെ കഴിവിനൊത്ത കഥാപാത്രങ്ങള്‍ മലയാളത്തില്‍നിന്ന് ലഭിച്ചിട്ടില്ല. അവസാനംവരെ അവള്‍ ആഗ്രഹിച്ചത് സീരിയസ് കഥാപാത്രങ്ങളെ ആയിരുന്നു. തമിഴില്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും മലയാളത്തില്‍ അതുണ്ടായില്ല. 'പകല്‍ നക്ഷത്രങ്ങളും' 'ചാര്‍ലി'യും പോലെയുള്ള അപൂര്‍വം സിനിമകള്‍ ഒഴിച്ചാല്‍ കോമഡിതാരം എന്ന ഇമേജിന്റെ കൂട്ടില്‍ ചേച്ചി അകപ്പെട്ടുപോയി. അതേ കൂട്ടില്‍ അടഞ്ഞുപോകേണ്ടതായിരുന്നു ഞാനും. പക്ഷേ, എന്തോ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. 'ചാര്‍ലി'യുടെ തമിഴ് പതിപ്പില്‍ കല്പനയുടെ റോള്‍ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അവള്‍ അത്ര മികവോടെ ചെയ്ത കഥാപാത്രമാണ്. എനിക്കത് വഴങ്ങില്ല. 

മരണശേഷം ഒരുപാട് അംഗീകാരങ്ങള്‍ അവളെ തേടിയെത്തി. പക്ഷേ, അത്തരം പരിപാടികളുമായൊന്നും ഞാന്‍ സഹകരിച്ചില്ല. മുന്‍പ് ഞാന്‍ അവാര്‍ഡ് വാങ്ങിയ പല വേദികളിലും അവള്‍ക്ക് കോമഡി സ്‌കിറ്റ് അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. മിനിച്ചേച്ചി അങ്ങനെ ഒതുങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല. ജീവിച്ചിരിക്കുമ്പോഴില്ലാത്ത അംഗീകാരം മരണശേഷം എന്തിനാണ്?

(അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)