സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ, ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖം ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. തനിക്ക് കുറച്ചുനാളായി ബോളിവുഡിൽ അവസരങ്ങൾ കുറയാൻ കാരണം സമുദായപരമായ കാരണങ്ങളായിരിക്കാമെന്ന പ്രസ്താവന വിവാദമാവുകയും ചെയ്തു. ഇതിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഒടുവിൽ ആ പ്രസ്താവനയിൽ വിശദീകരണവുമായി റഹ്മാൻ രംഗത്തെത്തുകയും ചെയ്തു.

അതിനിടെ ഓസ്‌കാറിനെക്കുറിച്ചുള്ള റഹ്മാന്റെ അഭിപ്രായങ്ങളും ശ്രദ്ധനേടുകയാണ്. തന്റെ മുൻകാലസൃഷ്ടികളെക്കുറിച്ചുള്ള നൊസ്റ്റാൾജിയ സ്വന്തം സർഗാത്മകതയെ സംശയിക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം സമ്മതിക്കുന്നു. രണ്ട് ഓസ്‌കാറുകൾ നേടിയത് ഒരു ഭാരമായി ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ടെന്നും റഹ്മാൻ പറയുന്നു.

''കഴിഞ്ഞ ആറുവർഷമായി, ആളുകൾ നിങ്ങളുടെ അടുത്തുവരുമ്പോൾ, 90-കളിലെ തലമുറയ്ക്ക് എന്റെ സംഗീതത്തോട് ഒരു പ്രത്യേക നൊസ്റ്റാൾജിയയും അടുപ്പവും ഉണ്ടാകും. 2000-കളിൽ ജനിച്ചവർക്കും, അടുത്ത ദശകത്തിലുള്ളവർക്കും ഇങ്ങനെയൊക്കെ തന്നെ. അവർ വന്ന് നമ്മളെ വിശ്വസിപ്പിക്കും. അവർ പറയും, '90-കളിൽ, നിങ്ങൾ റോജ (1992) ചെയ്തു. അതിലെ സംഗീതം എന്ത് മനോഹരമാണ്, സർ!' അതുകേൾക്കുമ്പോൾ ഇപ്പോൾ ഞാൻ ചെയ്യുന്ന സംഗീതം നല്ലതല്ലെന്ന് തോന്നും. നല്ല മാനസികാവസ്ഥയിൽ അല്ലെങ്കിൽ ഇത് നമ്മുടെ ചിന്തയെ മോശമായി ബാധിക്കും'', അദ്ദേഹം പറയുന്നു.

മുൻകാല അംഗീകാരങ്ങളെക്കാൾ വ്യക്തിപരമായ പ്രചോദനമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം പറയുന്നു. ''അംഗീകാരങ്ങൾ കിട്ടുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ എന്റെ ഉള്ളിൽ, എനിക്ക് എന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും തിരികെ ലഭിക്കുകയും എന്നെത്തന്നെ തെളിയിക്കുകയും വേണം. അടുത്തതായി ഞാൻ ചെയ്യുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും എന്ന ചിന്ത വേണം. 'ഓ, ഞാൻ 2 ഓസ്‌കാറുകൾ നേടി' എന്ന് ഭൂതകാലത്തെ ആശ്രയിക്കരുത്. ആ ചിന്ത നിങ്ങളെ തളർത്തുകയേ ഉള്ളൂ. നിങ്ങൾക്ക് ഒന്നും ചെയ്യാൻ അത് പ്രേരണ നൽകില്ല, പകരം അതൊരു ഭാരമായി മാറുകയാണ് ചെയ്യുന്നത്,'' അദ്ദേഹത്തിന്റെ വാക്കുകൾ.

'സ്ലംഡോഗ് മില്യണയർ' എന്ന സിനിമയിലെ മികച്ച ഗാനം, സിനിമയുടെ സംഗീതം എന്നിവയ്ക്കാണ് റഹ്മാന് ഓസ്‌കർ പുരസ്‌കാരങ്ങൾ ലഭിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi